Tuesday, June 9, 2009

അഞ്ചാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആമുഖം

കേരള ശാസ്ത്ര സഹിത്യ പരിഷത്തിന്റെ യു.എ.ഇ. ഘടകമായ ഫ്രണ്ട്സ് ഒഫ് കേരള
ശാസ്ത്രസഹിത്യ പരിഷത്തിന്റ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന
മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടനാക്കമ്മിറ്റിക്കുവേണ്ടി അഭിവാദ്യം
ചെയ്യുന്നു.



ജോലി, വരുമാനം, നിയമ പരിമിതികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട ഗള്‍ഫ്
ജീവിതത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പരിമിതമാണെന്ന്
പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ സജീവതകളില്‍ പോലും,
ആയാസകരമായ വഴികള്‍ മാത്രം സാദ്ധ്യമായ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്ക്
വ്യാപാരാധിഷ്ഠിതമായ സമൂഹത്തിലെ ഇടപെടല്‍ സാധ്യതകള്‍ തീര്‍ത്തും
പരിമിതമാണ്. എങ്കിലും പഠന, ബാലവേദി, പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെ
യു.എ.ഇ-യിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യം അടയാളപ്പെടുത്താന്‍
പരിഷത്തിന് കഴിയുന്നുവെന്നത് ആഹ്ലാദകരമാണെന്ന് വിനയപൂര്‍വ്വം
രേഖപ്പെടുത്തട്ടെ.



സഹജീവികളുടെ അദ്ധ്വാനം ചൂഷണം ചെയ്ത്, സമ്പത്തിന്റെ ധാരളിത്തം
നിര്‍മ്മിച്ചെടുത്ത്, ഊഹക്കച്ചവടത്തിലഭിരമിക്കുന്ന സമ്പദ്‌വ്യവസ്ഥ ഇന്ന്
സ്വയം നിര്‍മ്മിച്ച പരിമിതികള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കുന്നു.
അദ്ധ്വാനിക്കുന്നവന്റെ നികുതി പണം കൊണ്ട് ഊഹക്കച്ചവടത്തിന്റെ, കൃത്യമായി
പറഞ്ഞാല്‍ ചൂതാട്ടത്തിന്റെ, നഷ്ടം നികത്തുന്ന വിചിത്രവും മനുഷ്യത്വ
രഹിതവുമായ ചികിത്സകള്‍ പോലും ഫലപ്രദമാകാത്ത വിധത്തില്‍ സമ്പദ്‌വ്യവസ്ഥ
മുതലക്കൂപ്പ്കുത്തുന്ന കാഴ്ച്ച ലോകം അമ്പരപ്പോടെ ദര്‍ശിക്കുന്നു.
പാപ്പരാകുന്ന സമ്പദ്‌വ്യവസ്ഥ തൊഴില്‍ മേഖലകളില്‍ ഏല്പിക്കുന്ന ആഘാതം
ചെറുതല്ല. യു.എ.ഇ-യിലും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രതിദിനം
വര്‍ദ്ധിക്കുകയാണ്. സ്വാഭാവികമായും മലയാളികളും പ്രതിസന്ധി നേരിടുന്നു.
സാമ്പത്തികമാന്ദ്യം സാമൂഹ്യ, സംഘടനാ പ്രവര്‍ത്തന ത്തേയും
നിര്‍ജ്ജീവമാക്കുന്നു. ഫലപ്രദമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന
വിപണികളില്‍ മാന്ദ്യത്തിന്റെ തോത് ഗണനീയമാം വിധം പരിമിതമാണെന്നത് സവിശേഷ
ശ്രദ്ധയര്‍ഹിക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ സജീവസാന്നിദ്ധ്യമായ ഇന്ത്യന്‍
സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത് നില്‍ക്കുന്നുവെന്ന
കാര്യം ഉദാഹരണം. എല്ലാം സ്വതന്ത്രമാക്കുന്ന, എല്ല്ലാത്തിനെയും
തുറന്നുവിടുന്ന വിപണിമൂലധന വ്യവസ്ഥ ശാശ്വതമല്ലെന്ന വീക്ഷണത്തിന്
യാഥാര്‍ത്ഥ്യത്തിന്റെ കൈയൊപ്പ്.



നാളിതുവരെയുള്ള മനുഷ്യചരിത്രം പ്രകൃതിയിലും, സമൂഹത്തിലുമുള്ള
ഇടപെടലുകളുടെയും മാറ്റിതീര്‍ക്കലിന്റെയുമാണ്. ഇടപെടലുകള്‍ക്കും,
നിര്‍മ്മിതികള്‍ക്കും, മാറ്റിത്തീര്‍ക്കലുകള്‍ക്കും ചാലക ശക്തിയാകുന്നത്
അറിവും അറിവിന്റെ കൃത്യമായ പ്രയോഗവു മാണ്. പഠനത്തിലൂടെയും
അനുഭവത്തിലൂടെയും മാത്രമേ അറിവ് സമാഹരിക്കാനാവൂ. ശ്രദ്ധാപൂര്‍വ്വമായ,
പഠനത്തിലൂന്നിയ സജീവ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് സംഘടനയേയും സമൂഹത്തേയും
പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. സാമൂഹീക ഇടപെടലുകള്‍ക്ക് പരിമിത മായ
തലത്തിലെങ്കിലും പ്രചോദനമാകുമെന്ന വിശ്വാസത്തോടെ, സജീവവും പാരിഷത്തീകവുമായ
ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്തുകൊണ്ട് 2008-09 പ്രവര്‍ത്തന
വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.