Friday, September 4, 2009

സ്‍നേഹപൂര്‍വ്വം ഭൂമി

ഓര്‍മ്മയുണ്ടെനിക്ക് ആ നാളുകള്‍ …

വ്യവസായ വിപ്ളവത്തിന്റെ നല്ല ദിനങ്ങള്‍ !

പുതിയ യന്ത്രങ്ങളുടെ കണ്ടുപിടുത്തം …

പുതിയ ജീവിത രീതികള്‍ ….

എന്തൊരുണര്‍വ്വായിരുന്നു !

എന്തൊരുത്സാഹമായിരുന്നു !!

എന്റെ ഉള്ളറകളില്‍ നിന്ന് കുഴിച്ചെടുത്ത കല്‍ക്കരിയും എണ്ണയും ഉപയോഗിച്ച് നിങ്ങള്‍ ഇരുമ്പുരുക്കാനും ആവിയന്ത്രം ചലിപ്പിക്കാനും തുടങ്ങി. അറിയാം, ഫോസില്‍ ഇന്ധനങ്ങളെന്നാണ് നിങ്ങളവയെ വിളിക്കുന്നത്.

18 -ാം നൂറ്റാണ്ട് ….

പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ …

പിന്നീട് …..

ജനസംഖ്യ വര്‍ധിച്ചു. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിയന്ത്രണമില്ലാതായി. കൂടുതല്‍ കൂടുതല്‍ വാഹനങ്ങള്‍ … ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം … വികസന പ്രവര്‍ത്തനങ്ങള്‍ …

എല്ലാം എന്നെ മറന്നുള്ളതായിരുന്നു …..

നിങ്ങള്‍ക്കാവശ്യത്തിനുള്ളതെല്ലാം എന്നിലുണ്ടായിരുന്നു. എന്നിട്ടും ചങ്ങാതിമാരേ, നിങ്ങളെന്തേ അത്യാഗ്രഹികളായത് ?

വികിസിത രാജ്യങ്ങള്‍ അമിതമായി പുറത്തു വിട്ട ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ , ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‍സൈഡ്, ഇവയെല്ലാം ചേര്‍ന്ന് എന്നിലെത്തുന്ന സൂര്യകിരണങ്ങളെ തിരിച്ചു പോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ പിടിച്ചു നിര്‍ത്തുന്നു. അതിന്റെ ഫലമോ ? ചൂട് ! അടങ്ങാത്ത ചൂട്! … കാലാവസ്ഥാമാറ്റങ്ങള്‍ !

എന്നാണിതിനൊരവസാനം ?

എന്താണിതിനൊരു പരിഹാരം ?

നിങ്ങള്‍ ചിന്തിക്കണം കൂട്ടുകാരേ.

അഹന്തയും അത്യാഗ്രഹവുമുപേക്ഷിച്ച് ധനിക ദരിദ്രഭേദമന്യേ എല്ലാ രാജ്യങ്ങളും ഇതിനു വേണ്ടി പ്രവര്‍ത്തിക്കണം.

അന്തരീക്ഷ മലിനീകരണത്തിനിടയാക്കാത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനും ഉപയോഗിക്കാനുമാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണം... ഇല്ലെങ്കില്‍ …...

അല്ല, എനിക്കു വിശ്വാസമുണ്ട്. നിങ്ങള്‍ ശാസ്ത്രബോധമുള്ള കുഞ്ഞുങ്ങളാണ്. വളരുമ്പോള്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം നിങ്ങള്‍ പരിഹാരം കാണും. കാരണം നിങ്ങളെന്നെ സ്‍നേഹിക്കുന്നുണ്ട്. ഒരു പാട് ! ഒരുപാടൊരുപാട് !!



സ്‍നേഹപൂര്‍വ്വം ഭൂമി



അനിത സി കെ

യുറീക്ക 2009 ആഗസ്റ്റ് 1 ലക്കം

വായിക്കുക വരിക്കാരാകുക
യുറീക്ക, ശാസ്‍ത്ര കേരളം, ശാസ്‍ത്രഗതി
Reblog this post [with Zemanta]