Sunday, August 12, 2012

മുണ്ടേരി വനഭൂമി സമരം: മാര്‍ച്ചിന് ആയിരങ്ങള്‍







നിലമ്പൂര്‍: മുണ്ടേരി വനഭൂമി ലേലംചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വനഭൂമി ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നും മുറിക്കുന്ന ഒരുമരംപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ വനസംരക്ഷണ പ്രതിജ്ഞയെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞത്.
മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വന്‍ ജനമുന്നേറ്റം ആവശ്യമാണ്. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുത് - അദ്ദേഹം പറഞ്ഞു.
വനസംരക്ഷണ സമരസമിതി ചെയര്‍മാന്‍ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ വനം- പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഡോ. സി.ടി.എസ്. നായര്‍ എഴുതിയ ലഘുലേഖ പ്രൊഫ. എം.കെ. പ്രസാദ് പോത്തുകല്ല് പഞ്ചായത്തംഗം ഉപേഷിന് നല്‍കി പ്രകാശനംചെയ്തു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി ടി.കെ. ദേവരാജന്‍, വനം-പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സി.ടി.എസ്. നായര്‍, പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. പി.എ. പൗരന്‍, പരിഷത്ത് ജില്ലാസെക്രട്ടറി സജി ജേക്കബ്, പ്രസിഡന്റ് വേണു പാലൂര്‍, ഫാ. മാര്‍ക്കോസ്, യു. കലാനാഥന്‍, കവി എം.എം. സചീന്ദ്രന്‍, അരുണ്‍കുമാര്‍ കെ, ജനപ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു.
പ്രൊഫ. എം.കെ. പ്രസാദ് മാര്‍ച്ച് ഫ്‌ളാഗ്ഓഫ്‌ചെയ്തു. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലൂടെ ഇരുട്ടുകുത്തി-വാണിയംപുഴ ഭാഗത്ത് വനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ നടപ്പാലത്തിനുസമീപം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
മാതൃഭൂമി



























ചിത്രങ്ങള്‍- വേണുപാലൂര്‍