Saturday, May 31, 2008

നാളെയാവുകിലേറെവൈകീടും

പഴയകാലതികവില്‍നിന്നും പുതിയ നാടുണര്.......

കേരളം ഭ്രാന്തുല്‌പാദനകേന്ദ്രം -യു.കലാനാഥന്‍

കണ്ണൂര്‍: സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്‌ വിളിച്ച കേരളം ഇന്ന്‌ ഭ്രാന്തലയം മാത്രമല്ല, ഭ്രാന്തുല്‌പാദനകേന്ദ്രംകൂടിയാണെന്ന്‌ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്‌ യു.കലാനാഥന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി അന്ധവിശ്വാസികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനജാഗ്രതാ യാത്ര സ്റ്റേഡിയം കോര്‍ണറില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രബോധവും യുക്തിചിന്തയും വളര്‍ത്താതെ അന്ധവിശ്വാസികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും എതിരെ പോരാടാനാവില്ല. ആത്മീയശക്തികള്‍, രാഷ്ട്രീയ ശക്തികള്‍, സാമ്പത്തിക മേധാവിത്വം, ഭരണവര്‍ഗം എന്നിവരുടെ സംഘടിത നീക്കമാണ്‌ ആത്മീയ കച്ചവടത്തിന്‌ പിന്നിലുള്ളത്‌.
മകരജ്യോതിയുമായി ബന്ധപ്പെട്ട സത്യം വെളിവാക്കാന്‍ പലതവണ സര്‍ക്കാരുമായും ദേവസ്വം ബോര്‍ഡ്‌ അധികാരികളുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ മകരജ്യോതി മനുഷ്യന്‍ തെളിയിക്കുന്നതാണെന്ന്‌ ബന്ധപ്പെട്ടവര്‍ സമ്മതിച്ചിരിക്കുന്നു. ഈ സത്യം ഇത്രയും കാലം ജനങ്ങളില്‍നിന്ന്‌ എന്തിനുവേണ്ടി മറച്ചുവെച്ചുവെന്നും കലാനാഥന്‍ ചോദിച്ചു.
പഠിച്ച ആളുകളുടെ വിവരക്കേടാണ്‌ ഇന്ന്‌ കേരളം നേരിടുന്ന പ്രതിസന്ധി. ആള്‍ദൈവങ്ങളുടെ വക്താക്കളായി രംഗത്തുവരുന്നത്‌ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നത്‌ അത്ഭുതകരമാണ്‌-യു.കലാനാഥന്‍ പറഞ്ഞു.
പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ അധ്യക്ഷതവഹിച്ചു. കെ.പി.എ.റഹിം, കെ.സി.വര്‍ഗീസ്‌, ടി.ഗംഗാധരന്‍, ഗംഗന്‍ അഴീക്കോട്‌, പി.സന്തോഷ്‌, അഡ്വ. പി.അജയകുമാര്‍, കെ.ലീല, പ്രേമാനന്ദ്‌ ചമ്പാട്‌ എന്നിവര്‍ സംസാരിച്ചു. ടി.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. ജനജാഗ്രതാ യാത്ര 29, 30 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. വ്യാഴാഴ്‌ച ശ്രീകണുപുരം, തളിപ്പറമ്പ്‌, പിലാത്തറ, മാതമംഗലം, പയ്യന്നൂര്‍, പഴയങ്ങാടി, പുതിയതെരു എന്നിവിടങ്ങളിലാണ്‌ പര്യടനം.

Friday, May 30, 2008

പരിഷത്ത്‌ സെമിനാര്‍

തിരുവനന്തപുരം-വെഞ്ഞാറമൂട്‌: കേരളത്തിലെ 'ജന ജീവിതം പ്രശ്‌നങ്ങളും പരിഹാര സമീപനങ്ങളും' എന്ന വിഷയത്തില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിച്ച ചര്‍ച്ച എം.എസ്‌. രാജു ഉദ്‌ഘാടനം ചെയ്‌തു. എ.എം.റൈസ്‌ ആമുഖ പ്രസംഗം നടത്തി.
സംസ്ഥാന നിര്‍വാഹക സമിതിയംഗം രാജശേഖരന്‍ വിഷയാവതരണം നടത്തി. വിജയകുമാരന്‍നായര്‍ അധ്യക്ഷനായിരുന്നു.
സി. ശശിധരന്‍, വി.എസ്‌. വിനോദ്‌, എം. ബാലകൃഷ്‌ണന്‍നായര്‍, സരസ്വതിയമ്മ, ഇ. ഷംസുദ്ദീന്‍, ആര്‍. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, May 29, 2008

കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌ വിപണിയിലിറക്കാന്‍ പരിഷത്ത്‌

കണ്ണൂര്‍- പഴയങ്ങാടി: കൈപ്പാട്‌ നിലങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന ജൈവ നെല്ലിന്റെ അരി 'കൈപ്പാട്‌ റൈസ്‌' എന്ന പേരില്‍ വിപണിയിലിറക്കാന്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തുന്ന കൃഷിരീതി മാതൃകയാവുന്നു.
പരിഷത്തിന്റെ മാടായി മേഖല കമ്മിറ്റി ഏഴോം പഞ്ചായത്തിലെ കൈപ്പാട്‌ കൃഷി എങ്ങനെ പുനര്‍ജീവിപ്പിക്കാം എന്നതിനെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. ഇത്‌ സംസ്ഥാന പഠന ക്യാമ്പില്‍ അവതരിപ്പിച്ച്‌ അംഗീകാരം തേടിയതിന്റെ വെളിച്ചത്തിലാണ്‌ ഒരുകൂട്ടം യുവാക്കള്‍ മുട്ടുകണ്ടി പ്രദേശത്തെ ഒരു ഏക്കര്‍ തരിശുഭൂമിയില്‍ കൈപ്പാട്‌ കൃഷിയിറക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. ഈ കൃഷിയില്‍ പരിചയം നേടിയ കര്‍ഷകരുടെ കുറവ്‌ മുഖ്യപ്രശ്‌നമായി നിലനി'ുന്നു. കൈപ്പാട്‌ നിലങ്ങള്‍ വ്യാപകമായി തരിശിടുന്നത്‌ കാടുകള്‍ വളര്‍ന്ന്‌ തൊട്ടടുത്തുള്ള കൃഷിയില്‍ എലികള്‍, പക്ഷികള്‍, കീടങ്ങള്‍ എന്നിവയുടെ ആക്രമണം ഉണ്ടാകുന്നു. ഇതാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്തിനെ നെല്‍കൃഷിയിലേക്ക്‌ തിരിച്ചുവിടാന്‍ കാരണം. ആവാസ വ്യവസ്ഥക്ക്‌ കോട്ടം തട്ടാത്തതും വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതും കണ്ടല്‍സസ്യങ്ങളും അനുബന്ധ സസ്യങ്ങളും ദേശാടന പക്ഷികളും ഒത്തുചേര്‍ന്ന ആവാസ വ്യവസ്ഥയുള്ളതും ജലത്തിന്റെ സ്വാഭാവിക ലവണാംശം പ്രതിരോധിക്കാന്‍ ശേഷിയുള്ള നെല്‍വിത്തായ കുതിര്‌ വിത്താണ്‌ ഉപയോഗിക്കുന്നത്‌. പുലര്‍ച്ചെ അഞ്ചു മുതല്‍ സന്നദ്ധ സേവകരായ ചെറുപ്പക്കാരുടെ സേവനമാണ്‌ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്‌. ഉദ്‌ഘാടനം ചെയ്‌തത്‌ പ്രമുഖ കൈപ്പാട്‌ കൃഷി കര്‍ഷകനായ ഉണ്ണിപ്രവന്‍ ഗോവിന്ദനാണ്‌. പി.കെ.വിശ്വനാഥന്‍, പി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി.പി.ബൈജു കണ്‍വീനറും ടി.വി.ജയദേവന്‍ ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌. കെ.വി.അനീഷ്‌, ഗിരീഷ്‌കുമാര്‍, പി.വി.പ്രസാദ്‌, എം.പ്രകാശന്‍, എം.രഞ്‌ജിത്ത്‌കുമാര്‍, പി.രാജീവന്‍ എന്നിവരാണ്‌ പൊറ്റകൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

Wednesday, May 28, 2008

കേരളം സമ്പന്നമാകുമ്പോഴും സര്‍ക്കാര്‍ ദരിദ്രമാവുന്നു-സംവാദം

മലപ്പുറം-എടപ്പാള്‍: കേരളം സമ്പന്നമാകുകയും സര്‍ക്കാര്‍ ദരിദ്രമാകുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നതെന്ന്‌ ശാസ്‌ത്രസാഹിത്യ പരിസരത്ത്‌ പൊന്നാനി മേഖല നടത്തിയ 'മാറുന്ന കേരളം ഭാവി കേരളം' എന്ന സംവാദം അഭിപ്രായപ്പെട്ടു.
സമ്പത്തിന്റെ അളവും വികസനത്തിന്റെ തോതും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അത്‌ സാധാരക്കാരന്റെ കൈകളിലെത്തുന്നില്ലെന്ന്‌ വിഷയമവതരിപ്പ ജില്ലാ സെക്രട്ടറി പി.രമേഷ്‌ കുമാര്‍ പറഞ്ഞു. ഉള്ളവന്‌ സമ്പത്ത്‌ കുമിഞ്ഞുകൂടുകയും മറുവശത്ത്‌ ദരിദ്രരുടെ എണ്ണവും ദാരിദ്ര്യവും അനുദിനം വര്‍ദ്ധിക്കുകയുമാണ്‌. സംവാദം ചൂണ്ടിക്കാട്ടി.
എന്‍.അമല്‍കുമാര്‍ മേഡറേറ്ററായി. ജിജിവര്‍ഗ്ഗീസ്‌, ജയകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, May 27, 2008

പുതിയ പാഠ്യപദ്ധതി കൊണ്ടുവന്നത്‌ ക്രൈസ്‌തവ പുരോഹിതര്‍-കെ.എന്‍. ഗണേഷ്‌

കോഴിക്കോട്‌: ക്രിട്ടിക്കല്‍ പെഡഗോഗി എന്ന പേരിലറിയപ്പെടുന്ന പുതിയ പാഠ്യപദ്ധതി കൊണ്ടുവന്നത്‌ ക്രൈസ്‌തവ പുരോഹിതരാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേന്ദ്ര നിര്‍വാഹകസമിതിയംഗം ഡോ. കെ.എന്‍. ഗണേഷ്‌ പറഞ്ഞു. പരിഷത്ത്‌ സംഘടിപ്പിച്ച 'കേരള പാഠ്യപദ്ധതി-വളര്‍ച്ചയും തുടര്‍ച്ചയും' ശില്‌പശാലയില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പലരും പ്രചരിപ്പിക്കുന്നതുപോലെ ക്ലാസ്‌മുറിയില്‍ നിരീശ്വരവാദവും രാഷ്ട്രീയവും പ്രചരിപ്പിക്കുന്നതല്ല പുതിയ വിദ്യാഭ്യാസ പദ്ധതി. അത്തരം വാദങ്ങള്‍ അറിവില്ലായ്‌മയില്‍ നിന്നുത്ഭവിക്കുന്നതാണ്‌. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കുട്ടികളെ പഠിപ്പിക്കാന്‍ അവിടത്തെ ക്രൈസ്‌തവ പുരോഹിതന്മാര്‍ രൂപം നല്‍കിയ വിദ്യാഭ്യാസപരിപാടിയാണ്‌ പിന്നീട്‌ ക്രിട്ടിക്കല്‍ പെഡഗോഗി എന്ന പേരില്‍ ലോകമെങ്ങും വ്യാപിച്ചത്‌. അതാണ്‌ ഇവിടെ നടപ്പാക്കുന്നതും. കുട്ടികളെ അവരുടെ ചുറ്റുപാടുകളില്‍ തന്നെ നിര്‍ത്തി വിദ്യാഭ്യാസം നല്‍കുകയെന്നതാണ്‌ പദ്ധതിയുടെ കാതലായ ലക്ഷ്യമെന്ന്‌ സംസ്ഥാന കരിക്കുലം പരിഷ്‌കരണ കമ്മിറ്റി അംഗം കൂടിയായ ഗണേഷ്‌ പറഞ്ഞു.പല ജീവിത സാഹചര്യങ്ങളില്‍നിന്ന്‌ വരുന്ന കുട്ടികള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവങ്ങളുണ്ടാകും. സ്വന്തം നിലയില്‍ കിട്ടുന്ന സ്വാഭാവിക ധാരണകളെ ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെടുത്താന്‍ കുട്ടിക്ക്‌ കഴിയുന്നില്ല. ചില കുട്ടികള്‍ ബുദ്ധിമാന്മാരെന്നും മറ്റുചിലര്‍ മണ്ടന്മാരെന്നും സ്ഥാപിക്കുന്ന ഐ.ക്യു. സിദ്ധാന്തത്തെ പുതിയ പാഠ്യപദ്ധതി തള്ളിക്കളയുന്നു. കുട്ടികളുടെ കഴിവ്‌ വളരാനുള്ള സാഹചര്യങ്ങള്‍ ജീവിതപരിസരങ്ങളില്‍ ഇല്ലാത്തതുകൊണ്ടാണ്‌ ചിലര്‍ പഠനത്തില്‍ പിന്നാക്കം പോകുന്നതെന്ന്‌ തിരിച്ചറിയണം. പുതിയ പാഠ്യപദ്ധതിയില്‍ അധ്യാപകന്‍ പഠനക്രിയയിലെ പങ്കാളിയാണ്‌. കുട്ടികളോടൊപ്പം പഠിക്കാന്‍ അധ്യാപകരും തയ്യാറാകണമെന്ന്‌ കെ.എന്‍. ഗണേഷ്‌ ആവശ്യപ്പെട്ടു.ശില്‌പശാല ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ടി. രാധാകൃഷ്‌ണന്‍, വി. രാമന്‍കുട്ടി, സി. മധുസൂദനന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സബ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ശിവദാസന്‍ സ്വാഗതവും കണ്‍വീനര്‍ കെ. രാജീവന്‍ നന്ദിയും പറഞ്ഞു

പരിഷത്ത്‌ ജനജാഗ്രതാ യാത്ര നാളെ

കണ്ണൂര്‍: ആത്മീയ വ്യവസായത്തിന്റെ ഉള്ളറകളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുക, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്‌ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക തുടങ്ങിയ സന്ദേശവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ജനജാഗ്രതാ യാത്ര 28, 29, 30 തീയതികളില്‍ നടക്കും. 28ന്‌ 5 മണിക്ക്‌ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ യു.കലാനാഥന്‍ ഉദ്‌ഘാടനംചെയ്യും. 29ന്‌ ഒമ്പതുമണിക്ക്‌ ശ്രീകണുപുരത്ത്‌ ആരംഭിക്കുന്ന ജാഥ 30ന്‌ ആറുമണിക്ക്‌ കൂത്തുപറമ്പ്‌ മാറോളിഘട്ടില്‍ സമാപിക്കും. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ ക്യാപ്‌റ്റനും ജോയിന്റ്‌ സെക്രട്ടറി പ്രഭാകരന്‍ കോവൂര്‍ മാനേജരുമായിരിക്കും.

Monday, May 26, 2008

കടല്‍ത്തീരസംരക്ഷണം പ്രധാന പ്രശ്‌നം-കളക്ടര്‍

ആലപ്പാട്‌: ജില്ല നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം കടല്‍ത്തീരസംരക്ഷണമാണെന്ന്‌ കളക്ടര്‍ എ.ഷാജഹാന്‍ പറഞ്ഞു.
പരിസ്ഥിതിസൗഹൃദ കടല്‍ഭിത്തിനിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ആലപ്പാട്‌ റോട്ടറി കമ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
ജില്ലയിലെ പ്രധാന വ്യവസായസ്ഥാപനങ്ങള്‍, ധാതുമണല്‍നിക്ഷേപം, ദേശീയപാത, ജനസാന്ദ്രത കൂടിയ പ്രദേശം ഇവയെല്ലാം കടല്‍ത്തീരവുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌.
കടല്‍ഭിത്തി കെട്ടി തീരസംരക്ഷണം തുടങ്ങിയിട്ട്‌ കൊല്ലങ്ങളായെങ്കിലും തീരം കടലെടുക്കുന്ന സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. ശാസ്‌ത്രീയപഠനവും തീരദേശവാസികളുമായി ചര്‍ച്ചയും നടത്തി ജൈവവസ്‌തുക്കള്‍ ഉപയോഗിച്ച്‌ തീരസംരക്ഷണം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ്‌ സര്‍ക്കാര്‍ നടത്തുന്നതെന്ന്‌ കളക്ടര്‍ പറഞ്ഞു. ആലപ്പാട്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.രാജാദാസ്‌ അധ്യക്ഷത വഹിച്ചു. ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ പരിസര സബ്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.കെ.അപ്പുക്കുട്ടന്‍ മോഡറേറ്ററായി. നിലവിലുള്ള കടല്‍ഭിത്തിയുടെ പരിമിതികളെപ്പറ്റി തുറമുഖ എന്‍ജിനിയറിങ്‌ വകുപ്പ്‌ റിട്ട. സൂപ്രണ്ടിങ്‌ എന്‍ജിനിയര്‍ എന്‍.അപ്പുക്കുട്ടന്‍ പിള്ള വിഷയം അവതരിപ്പിച്ചു.
പരിസ്ഥിതിസൗഹൃദ കടല്‍ഭിത്തിയുടെ സാധ്യതകള്‍ എന്ന വിഷയത്തെപ്പറ്റി തിരുവനന്തപുരം ഭൗമശാസ്‌ത്രപഠനകേന്ദ്രം സീനിയര്‍ സയന്റിസ്റ്റ്‌ ഡോ. കെ.വി.തോമസ്‌ സംസാരിച്ചു. പരിഷത്ത്‌ ജില്ലാ പരിസര സബ്‌ കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോര്‍ജ്‌ ഡിക്രൂസ്‌, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു.) ജനറല്‍ സെക്രട്ടറി അഡ്വ. വി.വി.ശശീന്ദ്രന്‍, കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ശിവകുമാര്‍, ധീവരസഭ താലൂക്ക്‌ പ്രസിഡന്റ്‌ ഡി.ചിദംബരന്‍, ലാല്‍ജി, ആര്‍.എസ്‌.പി. ആലപ്പാട്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.രവിരാജ്‌, തീരദേശസംരക്ഷണസമിതി പ്രസിഡന്റ്‌ കെ.സി.ശ്രീകുമാര്‍

Sunday, May 25, 2008

തട്ടിപ്പുകള്‍ തുറന്നുകാട്ടി ദിവ്യാദ്‌ഭുത അനാവരണം

കോഴിക്കോട്‌: ആള്‍ദൈവങ്ങളുടെ തട്ടിപ്പുവിദ്യകള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി രാജീവ്‌ മേമുണ്ട ദിവ്യാദ്‌ഭുത അനാവരണ പരിപാടി നടത്തി. 'ആത്മീയ കച്ചവടക്കാരുടെ പൊള്ളത്തരം തിരിച്ചറിയുക' എന്ന സന്ദേശവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മയിലാണ്‌ രാജീവ്‌ ദിവ്യാദ്‌ഭുതങ്ങളുടെ ചുരുളഴിച്ചത്‌.
താന്‍ തൊടുന്നതെന്തും മധുരമുള്ളതാക്കുന്ന മഹാരാഷ്ട്രയിലെ ബിക്കി ബാബയുടെ വിദ്യ അവതരിപ്പിച്ചു. ശൂന്യതയില്‍ നിന്നു വിഭൂതിയും സ്വര്‍ണ മാലയും സൃഷ്ടിക്കുന്ന രീതിയും കവറിനുള്ളില്‍ ഉള്ള കടലാസിലെ പേരു വായിച്ചുള്ള പ്രവചനവും രാമര്‍പെട്രോള്‍ ഉണ്ടാക്കിയ വിദ്യയുമെല്ലാം രാജീവ്‌ അവതരിപ്പിച്ചു. ഇതിനുപിന്നിലെ രഹസ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
കേരളം യുക്തിരാഹിത്യത്തിലേക്കു കൂപ്പുകുത്തുകയാണെന്നു ചടങ്ങില്‍ സംസാരിച്ച ഡോ. എ. അച്യുതന്‍ പറഞ്ഞു. യുക്തി നശിപ്പിച്ചാല്‍ ആഗോളീകരണത്തിനും നിര്‍ബാധം കടന്നുവരാനാകും. മുതലാളിത്തത്തിനു നിലനില്‍ക്കാനുള്ള സാഹചര്യം വേണം. ചെറിയ നാടിന്റെ സ്വാമിമാരെ പിടികൂടുമ്പോഴും വമ്പന്‍ ആള്‍ദൈവങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്നം അദ്ദേഹം പറഞ്ഞു. ഡോ. എന്‍.വി.പി. ഉണിത്തിരി, കേരള യുക്തിവാദിസംഘം പ്രസിഡന്റ്‌ യു. കലാനാഥന്‍ എന്നിവരും സംസാരിച്ചു. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

Saturday, May 24, 2008

പാഠ്യപദ്ധതി: ശില്‌പശാല നാളെ

ബാലുശ്ശേരി: കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുതുക്കിയ പാഠ്യപദ്ധതി സമീപനത്തെക്കുറിച്ച്‌ ശില്‌പശാല സംഘടിപ്പിക്കുന്നു. 25ന്‌ രാവിലെ പത്തിന്‌ ചാലപ്പുറം പരിഷത്ത്‌ ഭവനില്‍ വെച്ചാണ്‌ ശില്‌പശാല. ഡോ. കെ.എന്‍.ഗണേഷ്‌, വി.രാമന്‍കുട്ടി, സി.മധുസൂദനന്‍ എന്നിവര്‍ ക്ലാസെടുക്കും.

വാക്‌സിന്‍ ഫാക്ടറികള്‍ പൂട്ടരുത്‌

ചീമേനി:പ്രമുഖ പ്രതിരോധമരുന്ന്‌ ഉത്‌പാദന സ്ഥാപനങ്ങളായ ചെന്നൈ ബി.സി.ജി. വാക്‌സിന്‍ ലാബ്‌, കൂനൂര്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഹിമാചല്‍പ്രദേശിലെ സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവ അടച്ചുപൂട്ടാന്‍ ഇന്ത്യന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ പുറപ്പെടുവിച്ച ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കൊടക്കാട്‌ യൂനിറ്റ്‌ ആവശ്യപ്പെട്ടു. പി.വി.പ്രദീപന്‍ അധ്യക്ഷനായി. ടി.വി.ശ്രീധരന്‍, കെ.വിനോദ്‌കുമാര്‍, എം.കെ.വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സെമിനാര്‍ ഇന്ന്‌

മലപ്പുറം: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയാരോഗ്യനയ രേഖ എന്ന വിഷയത്തില്‍ ശനിയാഴ്‌ച കുടുംബശ്രീ ഹാളില്‍ സെമിനാര്‍ നടത്തും. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഡോ. കെ.പി. അരവിന്ദന്‍ വിഷയം അവതരിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നൂറുല്‍ അമീന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിക്കും. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

വികസന കാമ്പയിന്‍

തിരുവനന്തപുരം-കിഴുവിലം: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആറ്റിങ്ങല്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ 25ന്‌ വൈകീട്ട്‌ 5ന്‌ ശിവകൃഷ്‌ണപുരത്ത്‌ നടക്കുന്ന വികസന കാമ്പയിന്‍ കിഴുവിലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എസ്‌. കണ്ണന്‍ ഉദ്‌ഘാടനം ചെയ്യും. 'കേരളത്തിലെ ജനജീവിതം, പ്രശ്‌നങ്ങളും പരിഹാര സമീപനങ്ങളും' എന്ന വിഷയത്തില്‍ ഡി. സുചിത്രന്‍ ക്ലാസ്സെടുക്കും.

ഓടകള്‍ സ്ല്‌ളാബിട്ട്‌ മൂടണം
തിരുവനന്തപുരം-വര്‍ക്കല: മുന്‍സിപ്പാലിറ്റിയിലെ പുത്തന്‍ചന്ത മുതല്‍ മൈതാനം വരെയുള്ള റോഡരുകില്‍ നിര്‍മ്മിച്ചിട്ടുള്ള ഓട പലഭാഗത്തും സ്ല്‌ളാബിട്ട്‌ മൂടാതെ കിടക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പുത്തന്‍ചന്ത യൂണിറ്റ്‌ ആവശ്യപ്പെട്ടു.
ഹോട്ടല്‍, ചന്തകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നൊഴുകി വരുന്ന മാലിന്യങ്ങള്‍ സ്ല്‌ളാബിട്ട്‌ മൂടാതെയുള്ള ഓടകളില്‍ കെട്ടിനില്‍ക്കുന്നത്‌ രൂക്ഷമായ ദുര്‍ഗന്ധത്തിനും കൊതുകുപെരുകുന്നതിനും കാരണമാകുന്നുണ്ട്‌.
മഴക്കാലപൂര്‍വ ശുചീകരണത്തിന്‌ ഫലപ്രദമായ നടപടികള്‍ ഇനിയുമായിട്ടില്ലെന്ന്‌ സെക്രട്ടറി സി. ശിവശങ്കരന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.


രക്തഗ്രൂപ്പ്‌ നിര്‍ണയ ക്യാമ്പ്‌
കണ്ണൂര്‍-ചുഴലി: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ യൂണിറ്റിന്റെയും തളിപ്പറമ്പ്‌ സഹകരണ ആസ്‌പത്രിയുടെയും ആഭിമുഖ്യത്തില്‍ 25ന്‌ 9.30 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയ ക്യാമ്പ്‌ നടത്തും. നിടുവാലൂര്‍ ഇ.എം.എസ്‌. വായനശാല, നവോദയ വായനശാല, കാവിന്‍മൂല, ചുഴലി ഗവ. ഹൈസ്‌കൂള്‍ പരിസരം, എ.കെ.ജി.വായനശാല കിഴക്കേമൂല എന്നിവയാണ്‌ കേന്ദ്രങ്ങള്‍. വൈകീട്ട്‌ അഞ്ചിന്‌ ഹൈസ്‌കൂളില്‍ പൊതുജനാരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിക്കും. ഫോണ്‍: 9961553977, 9946462601.

Friday, May 23, 2008

ദിവ്യാദ്‌ഭുത അനാവരണ പരിപാടിയും ജനകീയ കൂട്ടായ്‌മയും

കോഴിക്കോട്‌: 'ആത്മീയക്കച്ചവടക്കാരുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുക' എന്ന മുദ്രാവാക്യത്തോടെ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജനകീയ കൂട്ടായ്‌മയും ദിവ്യാദ്‌ഭുത അനാവരണ പരിപാടിയും നടത്തുന്നു. 23ന്‌ അഞ്ചിന്‌ മാവൂര്‍ റോഡ്‌ മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്താണ്‌ പരിപാടി. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍, യു. കലാനാഥന്‍, മണലില്‍ മോഹനന്‍, രാജീവ്‌ മേമുണ്ട തുടങ്ങിയവര്‍ സംബന്ധിക്കും.

Thursday, May 22, 2008

എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ കൈയടക്കുന്നു -പരിഷത്ത്‌

കണ്ണൂര്‍: വിദ്യാഭ്യാസരംഗത്ത്‌ കുത്തകവത്‌കരണം വന്നിരിക്കുകയാണെന്നും ജില്ലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പത്തിലധികം എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ചിലര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂര്‍ ജില്ലയില്‍ 10 സ്‌കൂളുകള്‍ കുത്തകവത്‌കരണ വിദ്യാഭ്യാസത്തിന്‌ ഇരയായി. കെട്ടിടം പുതുക്കിപ്പണിതും സ്‌കൂള്‍ ബസ്‌ ഏര്‍പ്പെടുത്തിയും കമ്പ്യൂട്ടര്‍ ലാബ്‌ അനുവദിച്ചും രക്ഷിതാക്കളെ ആകര്‍ഷിക്കുമ്പോള്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ അനാദായകരമെന്ന്‌ മുദ്രകുത്തി മരണശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുകയാണ്‌.
അധ്യാപകനിയമനത്തിന്‌ ഏഴുമുതല്‍ 12 ലക്ഷം രൂപവരെയാണ്‌ മാനേജ്‌മെന്റ്‌ കോഴ വാങ്ങുന്നത്‌. ഈ സ്ഥിതി സാധാരണ സ്‌കൂളുകളെ തകര്‍ക്കുകയും ലാഭകേന്ദ്രങ്ങളായ കച്ചവടസ്ഥാപനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുകയുമാണെന്ന്‌ പരിഷത്ത്‌ നേതാക്കള്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍, സെക്രട്ടറി പി.വി.ദിവാകരന്‍, ടി.ഗംഗാധരന്‍, സി.പി.ഹരീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ഒപ്പുശേഖരണം നടത്തി
മലപ്പുറം-പൂക്കോട്ടുംപാടം: പ്രതിരോധ മരുന്നുകള്‍ ഉത്‌പാദിപ്പിക്കുന്ന മൂന്നു പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരായി പൂക്കോട്ടുംപാടം ടൗണില്‍ ഒപ്പുശേഖരണം നടത്തി. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ഒപ്പുശേഖരണം നടത്തിയത്‌. ടി.വി.ബെന്നി, കെ.രാജേന്ദ്രന്‍, ജോസ്‌മാത്യൂസ്‌ എന്നിവര്‍ ഒപ്പുശേഖരണത്തിന്‌ നേതൃത്വം നല്‍കി.

Wednesday, May 21, 2008

വികസന കാമ്പയിന്‍

തിരുവന്തപുരം- കിഴുവിലം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആറ്റിങ്ങല്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വികസന കാമ്പയിന്‍ 25ന്‌ വൈകീട്ട്‌ അഞ്ചിന്‌ ശിവകൃഷ്‌ണപുരത്ത്‌ നടക്കും. തുടര്‍ന്ന്‌ 'കേരളത്തിലെ ജനജീവിതം: പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ക്ലാസ്‌ നടക്കും.

ശാസ്‌ത്രസാംസ്‌കാരികോത്സവം തുടങ്ങി
എറണാ‍കുളം-പറവൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാസ്‌ത്രസാംസ്‌കാരികോത്സവം തുടങ്ങി.
25 വരെ ചിറ്റാറ്റുകര എല്‍പിഎസ്സില്‍ വച്ചാണ്‌ പരിപാടി. 25ന്‌ വൈകീട്ട്‌ 5ന്‌ സമാപനസമ്മേളനം ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ ഉദ്‌ഘാടനം ചെയ്യും.

പരിഷത്ത്‌ വനിതാസംഗമം

പൊന്നാനി: പരിഷ്‌ത്ത്‌ പൊന്നാനി യൂണിറ്റിന്റെ കീഴില്‍ വനിതാ സംഘഗമവും പഠന ക്ലാസ്സും നടത്തി. 'മാറുന്ന കേരളം നാളത്തെ കേരളം' എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ്‌ കെ.വിജയന്‍, പി. വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണം: ജാഥ നടത്തി

ചെറുവത്തൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ സംഘടിപ്പിച്ചു.
ജാഥ നിടുമ്പ റെഡ്‌സ്റ്റാര്‍ പരിസരത്ത്‌ കെ.എസ്‌.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം വി.ശിവദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ചെറുവത്തൂര്‍ കൊവ്വല്‍, ടൗണ്‍, കരപ്പാത്ത്‌, പടന്ന മൂസ ഹാജി മുക്ക്‌, ഉദിനൂര്‍ സെന്‍ട്രല്‍, തൃക്കരിപ്പൂര്‍, എടാട്ടുമ്മല്‍, ഈയ്യക്കാട്‌ എന്നിവിടങ്ങളില്‍ സ്വീകരണം നല്‌കി. കാലിക്കടവില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ കെ.വിനോദ്‌കുമാര്‍, കൊടക്കാട്‌ നാരായണന്‍, പി.പി.രാജന്‍, അനില്‍മണിയറ, ഒ.പി.ചന്ദ്രന്‍, രമേശന്‍ കുറ്റിപ്പുറം, പി.വി.വിനോദ്‌കുമാര്‍, വിനോദ്‌കുമാര്‍ ഉദിനൂര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, May 20, 2008

ശുചിത്വ പാര്‍ലമെന്റ്‌ സംഘടിപ്പിച്ചു

നാവായിക്കുളം: നാവായിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ശുചിത്വ പാര്‍ലമെന്റ്‌ നടത്തി. പഞ്ചായത്ത്‌ പ്രൈമറി ഹെല്‍ത്ത്‌ സെന്റര്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ ശുചിത്വ പാര്‍ലമെന്റ്‌ സംഘടിപ്പിച്ചത്‌. നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത്‌ അതിര്‍ത്തിയിലെ വിവിധ സ്‌കൂളുകളിലെ അമ്പതോളം വിദ്യാര്‍ഥികള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു.
പാര്‍ലമെന്റില്‍ നാവായിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ഷാജഹാന്‍, സെക്രട്ടറി വി.ശാന്താറാം, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ പി.വി.അജിത്ത്‌ എന്നിവര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന്‌ ഇവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, 28-ാം മൈല്‍ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു.


കടമ്മനിട്ട-കെ.ടി. അനുസ്‌മരണ സമ്മേളനം

നെയ്യാറ്റിന്‍കര: നെല്ലിമൂട്‌ ദേശസ്‌നേഹി ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ കടമ്മനിട്ട രാമകൃഷ്‌ണന്‍-കെ.ടി. മുഹമ്മദ്‌ അനുസ്‌മരണവും കാവ്യാര്‍ച്ചന, യുവസംഗമം, ബാലവേദി ക്യാമ്പ്‌ എന്നിവയും നടന്നു.
സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ.കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ പി.എസ്‌. ശ്രീകല, ദേവന്‍ നെല്ലിമൂട്‌, ആമച്ചല്‍ സുരേന്ദ്രന്‍, സുകാര്‍ണോ എന്നിവരും കാവ്യാര്‍ച്ചനയില്‍ വിനോദ്‌ വൈശാഖി, സതീഷ്‌ കിടാരക്കുഴി, കുറ്റിയാണിക്കാട്‌ ദിലീപ്‌, ബിജു ബാലകൃഷ്‌ണന്‍, ആനന്ദ്‌, സിദ്ദിഖ്‌, അഖിലന്‍, രശ്‌മി ആര്‍. ഊറ്ററ എന്നിവരും പങ്കെടുത്തു. ബാലവേദി ക്യാമ്പ്‌ മുക്കോല രത്‌നാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. യുവസംഗമത്തിലും ബാലവേദി ക്യാമ്പിലും മുല്ലൂര്‍ സുരേന്ദ്രന്‍, രാജാമണി, സുശീലന്‍, ബൈജു, സതീഷ്‌ കിടാരക്കുഴി, ആനന്ദ്‌, സുനില്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
ഗ്രന്ഥശാലാ പ്രസിഡന്റ്‌ നെല്ലിമൂട്‌ കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം എന്‍. രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. കരിച്ചല്‍ ഗോപാലകൃഷ്‌ണന്‍, പുഷ്‌പാകരന്‍, ശിവപ്രസാദ്‌, സുരേഷ്‌കുമാര്‍ എന്നിവര്‍


വാക്‌സിന്‍ ഫാക്ടറികള്‍ പൂട്ടരുത്‌ -ശാസ്‌ത്രസാഹിത്യപരിഷത്ത്‌

വടകര: പ്രതിരോധ മരുന്നുകളും വാക്‌സിനും ഉദ്‌പാദിക്കുന്ന ഫാക്ടറികള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഒഞ്ചിയം മേഖലാ കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ ഒപ്പുശേഖരണം നടത്തി. ജില്ലാ ജോ. സെക്രട്ടറി സി. സുഗതന്‍, എം.കെ. ജ്യോതിഷ്‌കുമാര്‍, കെ.കെ. കമല, ബാലചന്ദ്രന്‍ ഏറാമല, വള്ളില്‍ അശോകന്‍, ഒ. മഹേഷ്‌ കുമാര്‍, രഞ്‌ജിത്ത്‌ കുമാര്‍ ഏറാമല എന്നിവര്‍ നേതൃത്വം നല്‍കി.

Monday, May 19, 2008

പ്ലസ്‌ ടു ഏകജാലകം പ്രചരണോദ്‌ഘാടനം

കൊച്ചി: പ്ലസ്‌ടു പ്രവേശനത്തിന്‌ ഏകജാലക സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭ്യമാകുന്ന നേട്ടങ്ങളെപ്പറ്റി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ആലക്കോട്‌ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഉദ്‌ഘാടനം 17ന്‌ 5ന്‌ ആലുവ പമ്പ്‌ കവലയില്‍ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. പി.ആര്‍. രാഘവന്‍ നിര്‍വഹിച്ചു.

സംവാദം

അങ്കമാലി: പാറക്കടവ്‌ ഇ.എം.എസ്‌. സ്‌മാരക ഗ്രന്ഥശാലയും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കുറുമശ്ശേരി യൂണിറ്റും സംയുക്തമായി പൊതുവിദ്യാഭ്യാസത്തെക്കുറിച്ച്‌ സംവാദം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിഷ ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്‌തു.
പരിഷത്ത്‌ മേഖലാ പ്രസിഡന്റ്‌ കോട്ടൂര്‍ മാധവന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപസമിതി കണ്‍വീനര്‍ മധുസൂദനന്‍ വിഷയം അവതരിപ്പിച്ചു. പി.എന്‍.ആര്‍. പിഷാരടി, എം.കെ. ശിവന്‍, വി.എന്‍. അജയകുമാര്‍, കെ.ജെ. പരമേശ്വരന്‍, പി.ഡി. വിജയകുമാര്‍, എം.ജി. രവീന്ദ്രന്‍, കെ.എ. ജോണി, പി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, May 18, 2008

കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്‌ സമ്പന്നര്‍ക്കുവേണ്ടിയുള്ള വികസനം -ഡോ. ആര്‍.വി.ജി.മേനോന്‍

കണ്ണൂര്‍: കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ സമ്പന്നര്‍ക്കുവേണ്ടിയുള്ള വികസനമാണെന്നും സമ്പന്നവിഭാഗത്തിന്റെ താല്‌പര്യങ്ങളാണ്‌ വികസനഅജണ്ടകളായി പരിഗണിക്കപ്പെടുന്നതെന്നും ഡോ. ആര്‍.വി.ജി. മേനോന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന കാമ്പയിനില്‍ ജില്ലാതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി 'ഭക്ഷ്യസുരക്ഷയും കേരളവികസനവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 15 ശതമാനം വരുന്ന ജനവിഭാഗം ഇപ്പോഴും പരമദരിദ്രരാണ്‌. 35 ശതമാനംപേരെ ദരിദ്രര്‍ എന്നുതന്നെ പറയാം. 10 ശതമാനംവരുന്ന സമ്പന്നര്‍ അതിസമ്പന്നന്മാരായി മാറുന്നു.
ഈ വിഭാഗത്തിന്റെ താല്‌പര്യങ്ങള്‍ വികസന അജണ്ടകളായി വരുമ്പോഴാണ്‌ എക്‌സ്‌പ്രസ്‌ ഹൈവേയും മറ്റും ചര്‍ച്ചചെയ്യപ്പെടുന്നത്‌-അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ്‌ പി.രാമകൃഷ്‌ണന്‍, എം.പ്രകാശന്‍ എം.എല്‍.എ., സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. മുരളി എന്നിവരും സംസാരിച്ചു. ടി.ഗംഗാധരന്‍ മോഡറേറ്ററായി. പി.വി.ദിവാകരന്‍ സ്വാഗതവും കെ. ബാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു


വിദ്യാഭ്യാസത്തിന്റെലക്ഷ്യം കൈകൊണ്ട്‌ പണിയെടുക്കാതിരിക്കലല്ല -ആര്‍.വി.ജി. മേനോന്‍

കണ്ണൂര്‍:വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈകൊണ്ട്‌ പണിയെടുക്കുന്നതില്‍നിന്ന്‌ രക്ഷപ്പെടുന്നതാണ്‌ എന്നബോധം കുട്ടികളിലുണ്ടാക്കരുതെന്ന്‌ ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
കണ്ണൂര്‍ ഐ.ടി.ഐ. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഐ.ടി.ഐ-പാഠ്യപദ്ധതി സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാംതരം പ്ലംബറേക്കാള്‍ മൂന്നാംതരം സിവില്‍ എന്‍ജിനിയര്‍ക്കാണ്‌ ഇവിടെ അംഗീകാരം. അഗ്രിക്കള്‍ച്ചര്‍ വി.എച്ച്‌.എസ്‌.സി. കഴിഞ്ഞയാള്‍ നല്ല കൃഷിക്കാരനാകുന്നതിനെക്കുറിച്ചല്ല; എന്‍ജിനിയറിങ്‌ കോളേജില്‍ ക്വാട്ട കിട്ടുന്നതിനെക്കുറിച്ചാണ്‌ ആലോചിക്കുന്നത്‌ -ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
എല്ലാവരും എസ്‌.എസ്‌.എല്‍.സി. ജയിച്ചാല്‍ ആരാണ്‌ പാടത്ത്‌ പണിയെടുക്കുക എന്നാണ്‌ ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്‌. തോറ്റവരാണോ പാടത്ത്‌ പണിയെടുക്കേണ്ടത്‌. തോല്‍ക്കുന്നവര്‍ക്കും ഓരോ വിഷയങ്ങളില്‍ വൈദഗ്‌ദ്ധ ്യമുണ്ട്‌ - അദ്ദേഹം പറഞ്ഞു.

Saturday, May 17, 2008

പരിഷത്ത്‌ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

മലപ്പുറം: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്‌ പ്രതിരോധ മരുന്നുത്‌പാദന ഫാക്ടറികള്‍ അടച്ചുപൂട്ടിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ ധര്‍ണ നടന്നു.
വി. ശശികുമാര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ കേന്ദ്ര നിര്‍വാഹകസമിതി അംഗം ഡോ. കെ.ജി. രാധാകൃഷ്‌ണന്‍, സന്ദീപ്‌കൃഷ്‌ണന്‍, കെ. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി. രമേഷ്‌കുമാര്‍ സ്വാഗതവും ജോയന്റ്‌ സെക്രട്ടറി വി. വിജിത്‌ നന്ദിയും പറഞ്ഞു.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വികസന കാമ്പയിന്‍

നരിക്കുനി:കേരളത്തിലെ വികസന പ്രശ്‌നങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചേളന്നൂര്‍ മേഖലാ കമ്മിറ്റി വികസന കാമ്പയിന്‍ നടത്തി. മേഖലാ കമ്മിറ്റി അംഗം ഇ.പി. രത്‌നാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. കക്കോടി, ചേളന്നൂര്‍, കാക്കൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന്‌ ശേഷം നന്മണ്ടയില്‍ സമാപിച്ചു. മേഖലാ സെക്രട്ടറി പി. വിജയന്‍ നേതൃത്വം നല്‌കി. കെ. ചന്ദ്രന്‍, ഐ. ശ്രീകുമാര്‍,കെ.എം. ചന്ദ്രന്‍, കെ.കെ. വിജയന്‍, പി. പുരുഷു എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ ജാ ഥ
പടന്ന: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ 17ന്‌ നിടുംബയില്‍ ഉദ്‌ഘാടനംചെയ്യും. 18ന്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ കാലിക്കടവില്‍ സമാപിക്കും.

Wednesday, May 14, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം

പറവൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ചിറ്റാറ്റുകര പഞ്ചായത്തുതല ശാസ്‌ത്രസാംസ്‌കാരികോത്സവം മെയ്‌ 25 വരെയുള്ള തീയതികളില്‍ നടത്തും.
ഇതോടനുബന്ധിച്ച്‌ ചേര്‍ന്ന സ്വാഗതസംഘ രൂപവത്‌കരണയോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എസ്‌.രാജന്‍ അധ്യക്ഷത വഹിച്ചു. പി.എ.തങ്കച്ചന്‍, കെ.പി.സുനില്‍, ടി.പി.സുരേഷ്‌ബാബു എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജന.കണ്‍വീനറായി എന്‍.ബിജുവിനെ തിരഞ്ഞെടുത്തു

Tuesday, May 13, 2008

ഒരുയാത്രയില്‍ വൈതല്‍മല പറഞ്ഞത്‌...

ഇരിട്ടി: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇരിട്ടി മേഖലാകമ്മിറ്റി വൈതല്‍മലയിലേക്ക്‌ നടത്തിയ പഠനയാത്രയ്‌ക്കൊടുവില്‍ വിരിഞ്ഞത്‌ മലയുടെ മര്‍മരങ്ങള്‍ ആവാഹിച്ചെടുത്ത സാഹിത്യസൃഷ്ടി. യാത്രയില്‍ പങ്കെടുത്തവര്‍ വൈതല്‍മലയുടെ സൗന്ദര്യവും പരിസ്ഥിതി പ്രാധാന്യവും യാത്രാനുഭവങ്ങളുമൊക്കെ ലേഖനങ്ങളായും കവിതകളായും ചിത്രങ്ങളുമായൊക്കെ കുറിച്ചു. ഇതെല്ലാം ഒന്നിച്ചുചേര്‍ത്ത്‌ വൈകിട്ടോടെ പുസ്‌തകരൂപത്തിലാക്കി കുടിയാന്മല ടൗണില്‍ പ്രകാശനം ചെയ്‌തു. യാത്രയും എഴുത്തും പ്രകാശനവുമെല്ലാം ഒരുപകല്‍കൊണ്ടാണ്‌ പരിഷത്ത്‌ പ്രവര്‍ത്തകര്‍ നടത്തിയത്‌. 'വൈതല്‍മല പറയുന്നത്‌' എന്നാണ്‌ കൈയെഴുത്ത്‌ പ്രതിയുടെ പേര്‌.
തൊഴിലാളികള്‍, കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി 22 പേരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. രാജേഷ്‌ കുയിലൂരും മികേഷ്‌ വെളിയമ്പ്രയും ചിത്രങ്ങള്‍ വരച്ചു.
പരിഷത്ത്‌ ഇരിട്ടി മേഖലാ പ്രസിഡന്റ്‌ ലക്ഷ്‌മണന്‍ കുയിലൂരിന്‌ കൈയെഴുത്ത്‌ പ്രതി കൈമാറി പഞ്ചായത്തംഗം കെ.എന്‍.ശശി പ്രകാശനകര്‍മം നിര്‍വഹിച്ചു. പി.പി.രാഘവന്‍ അധ്യക്ഷനായി. കെ.ഹരീന്ദ്രന്‍, കെ.ടി.ഗിരീഷ്‌ എന്നിവര്‍ സംസാരിച്ചു.

Monday, May 12, 2008

ഹയര്‍ സെക്കന്‍ഡറിയില്‍ ഭൗതിക സാഹചര്യം ഒരുക്കണം -പരിഷത്ത്‌


കണ്ണൂര്‍:ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക്‌ ആവശ്യത്തിന്‌ ഭൗതിക സാഹചര്യമില്ലാത്തതാണ്‌ ഈ മേഖലയിലെ പ്രധാന വെല്ലുവിളിയെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സെമിനാര്‍. ഹയര്‍ സെക്കന്‍ഡറി മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

ഇടുങ്ങിയ ക്ലാസ്‌മുറികളില്‍ 60ഓളം കൗമാരക്കാരായ കുട്ടികള്‍ തിങ്ങിയിരുന്ന്‌ പഠിക്കുന്ന അവസ്ഥയാണ്‌ ജില്ലയിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും. കൗമാരക്കാലത്ത്‌ കുട്ടികള്‍ക്ക്‌ അവശ്യം വേണ്ടുന്ന കായിക വിദ്യാഭ്യാസത്തിനുള്ള സാധ്യത നിലവിലില്ല. പല സ്‌കൂളുകളിലും അജ്ഞതയും അവ്യക്തതയും കാരണം മാഗസിന്‍ ഫണ്ടടക്കമുള്ള സ്‌പെഷ്യല്‍ ഫീസ്‌ ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഹയര്‍ സെക്കന്‍ഡറി ഭരണരംഗം കുത്തഴിഞ്ഞ രീതിയിലാണെന്നതിന്‌ പ്രത്യക്ഷത്തില്‍ത്തന്നെ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നും സെമിനാറില്‍ പറയുന്നു.

വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാന്‍ സി.പി.ഹരീന്ദ്രന്‍ അധ്യക്ഷനായി. ഇ.ചന്ദ്രന്‍, കെ.സുരേന്ദ്രന്‍, പി.പി.ബാബു, കെ.രമേശ്‌ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.കെ.സുധാകരന്‍ സ്വാഗതം പറഞ്ഞു.

Sunday, May 11, 2008

ഒരേ ഒരു ഭൂമി

ഇത്തിത്താനം: അന്താരാഷ്‌ട്ര ഭൗമഗ്രഹ വര്‍ഷാചരണത്തിന്റെ ഭാഗമായി കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇത്തിത്താനത്ത്‌ കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല വിജ്ഞാനോത്സവത്തിന്‌ വെള്ളിയാഴ്‌ച തുടക്കമായി. ശിബിരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഇത്തിത്താനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത്‌ ഭീമന്‍ ഭൂഗോളമൊരുക്കി, 'ഒരേ ഒരു ഭൂമി' എന്ന ആശയത്തിന്‌ ആവിഷ്‌കാരം നല്‍കി. എട്ടടിയോളം വ്യാസമുള്ള ഭൂഗോളം നിര്‍മ്മിച്ചാണ്‌ ത്രിദിന ക്യാമ്പിന്റെ ഉദ്‌ഘാടനവും നിര്‍വ്വഹിച്ചത്‌. കമ്പിയും ചാക്കും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസും ചേര്‍ത്താണ്‌ ഇതിന്റെ നിര്‍മ്മാണം.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഡി. സുഗതന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഡോ. പി.കെ. പത്മകുമാര്‍, വി.ജി. വിശ്വനാഥന്‍ നായര്‍, ഷൈലജാ സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 500 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ്‌ ഞായറാഴ്‌ച വരെ തുടരും.
ജില്ലാ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. സരളമ്മ, പ്രൊഫ. എസ്‌. ശിവദാസ്‌ എന്നിവര്‍ ശനിയാഴ്‌ച പങ്കെടുക്കും. ഞായറാഴ്‌ച വൈകീട്ട്‌ 3.30ന്‌ ഡോ. ബി. ഇക്‌ബാല്‍ സമാപന സന്ദേശം നല്‍കും.

Saturday, May 10, 2008

കാടിനെ അറിയാം നാടിനേയും

കോളയാട്‌: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കാടിനെ അറിയാം നാടിനേയും പ്രകൃതി സഹവാസക്യാമ്പ്‌ പെരുവ ഗവ. യു.പി.സ്‌കൂളില്‍ 10ന്‌ തുടങ്ങും. മൂന്നുമണിക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.നാരായണന്‍ ഉദ്‌ഘാടനംചെയ്യും.

അവധിക്കാല പഠനക്കളരി

ചാരുംമൂട് =ചുനക്കര തെക്ക്‌ ബിന്ദുഗ്രന്ഥശാലയും താലൂക്ക്‌ ലൈബ്രറി കൗണ്‍സിലും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്കളരിയായ 'സര്‍ഗോത്സവം' ഞായറാഴ്‌ച 9.30ന്‌ നടക്കും. പങ്കെടുക്കുന്നവര്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം.

വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നത്‌ കുത്തകകളെ സഹായിക്കാന്‍

കണ്ണൂര്‍: ഇന്ത്യയിലെ പ്രമുഖ പ്രതിരോധ മരുന്നുല്‌പാദനകേന്ദ്രങ്ങളായ ചെന്നൈ ബി.സി.ജി. വാക്‌സിന്‍ ലാബ്‌, കുനൂള്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഹിമാചല്‍ പ്രദേശിലെ സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത്‌ കുത്തകകളെ സഹായിക്കുവാന്‍വേണ്ടിയാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേന്ദ്ര നിര്‍വാഹക സമിതി അംഗം ടി.ഗംഗാധരന്‍ പറഞ്ഞു. പൊതുമേഖലാ വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വളരെ പെട്ടെന്നായിരുന്നു വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്‌. ഒപ്പം നിലവിലുള്ള സ്റ്റോക്ക്‌ പുറത്തുവിടരുത്‌, മരുന്ന്‌ ഇനി നിര്‍മിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ലോക വ്യാപാര കരാറിനെ തുടര്‍ന്ന്‌ ഇന്ത്യയിലെ മരുന്ന്‌ വിപണി വിദേശ കുത്തകകള്‍ കീഴടക്കിക്കഴിഞ്ഞു. മരുന്നുകള്‍ക്ക്‌ വിലയുംകൂടി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വാക്‌സിനുകള്‍ക്ക്‌ വില കുറവാണ്‌. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ വാക്‌സിന്‍ വില തൊട്ടാല്‍ പൊള്ളുന്ന വിധത്തിലായിരിക്കും. കേരളത്തിലെയടക്കമുള്ള ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളുമായാണ്‌ ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകുന്നത്‌. നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം സംഭവിക്കാന്‍ പോകുകയാണ്‌-അദ്ദേഹം പറഞ്ഞു.

എനിക്ക്‌ ജീവിച്ചാല്‍ മതി

കണ്ണൂര്‍: അക്ഷയ തൃതീയയുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനും കച്ചവടത്തിനുമെതിരെ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തെരുവുനാടകം അവതരിപ്പിച്ചു.
പ്രദീപ്‌ മണ്ടൂര്‍ സംവിധാനംചെയ്‌ത 'എനിക്ക്‌ ജീവിച്ചാല്‍ മതി' എന്ന നാടകമാണ്‌ പ്രസ്‌ക്ലബ്ബ്‌ ജങ്‌ഷനില്‍ അവതരിപ്പിച്ചത്‌. പി.സി.സുരേഷ്‌ബാബു, അനൂപ്‌ലാല്‍, വി.എ.ശ്രീനിവാസന്‍, എം.സുധീര്‍ബാബു, പ്രകാശന്‍ ചെങ്ങല്‍, പ്രകാശന്‍ മട്ടന്നൂര്‍, ശ്രീലജ്‌ ശ്രീനിവാസന്‍, റിനേഷ്‌ വി.പി., നന്ദകുമാര്‍, നീരജ എന്നിവര്‍ അഭിനയിച്ചു. തുടര്‍ന്ന്‌ ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍, പി.വി.ദിവാകരന്‍, ടി.വി.നാരായണന്‍, പ്രഭാകരന്‍ കോവൂര്‍ എന്നിവര്‍ സംസാരിച്ചു.

Thursday, May 8, 2008

ആരോഗ്യവികസന ജാഥ

കല്‌പറ്റ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആരോഗ്യവികസനജാഥ തുടങ്ങി. കേരളവികസനത്തെക്കുറിച്ച്‌ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ജനപക്ഷസംവാദത്തിന്റെ ഭാഗമായാണ്‌ ജാഥ.
മേപ്പാടിയില്‍ സംസ്ഥാന സെക്രട്ടറി സി.പി. സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി.എന്‍.ഷാജി അധ്യക്ഷത വഹിച്ചു. കേന്ദ്രനിര്‍വാഹക സമിതിയംഗം പി.വി.സന്തോഷ്‌, കെ.കെ. അഗസ്റ്റിന്‍, പി.സി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.കെ. മനോജാണ്‌ ജാഥ നയിക്കുന്നത്‌.

സര്‍ഗോത്സവം സമാപിച്ചു

ആലപ്പുഴ: ജില്ലാ ലൈബ്രറി കൗണ്‍സില്‍, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, പറവൂര്‍ പബ്ലിക്‌ ലൈബ്രറി എന്നിവ ചേര്‍ന്ന്‌ പറവൂര്‍ ഗവ. എച്ച്‌എസില്‍ സംഘടിപ്പിച്ച സര്‍ഗോത്സവം സമാപിച്ചു.
പുന്നപ്ര വടക്ക്‌ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ പ്രധാനമന്ത്രിയായി അനസും പ്രതിപക്ഷ നേതാവായി അമല്‍കൃഷ്‌ണയും തിരഞ്ഞെടുക്കപ്പെട്ടു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി വി. വിനോദ്‌ സ്‌പീക്കറായി സഭ നിയന്ത്രിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച കുട്ടികള്‍ വിവിധ പേരുകളില്‍ കൈയെഴുത്ത്‌ മാസികകളും തയ്യാറാക്കി. പറവൂര്‍ പബ്ലിക്‌ ലൈബ്രറി സെക്രട്ടറി ഒ. ഷാജഹാന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി.ടി. വാസു, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പറവൂര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ പി. രാമചന്ദ്രന്‍, സെക്രട്ടറി വി.എസ്‌. റോബിന്‍, പി.സി. സുമേഷ്‌, കെ.സി.അജിത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wednesday, May 7, 2008

വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പൂട്ടുന്നതിനെതിരെ പ്രതിഷേധം

വടകര: ഇന്ത്യയിലെ പ്രമുഖ പ്രതിരോധ മരുന്നുത്‌പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഇന്ത്യന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറലിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണവും ലഘുലേഖാ വിതരണവും തുടങ്ങി.
ചെന്നൈ ബി.സി.ജി.വാക്‌സിന്‍ ലാബോറട്ടറി, കുനൂര്‍ പാസ്‌ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, കസോളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയാണ്‌ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്‌. രോഗപ്രതിരോധരംഗത്ത്‌ ഇത്തരം നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആരോപിച്ചു.
കസോളിയിലെ സ്ഥാപനം 103 വര്‍ഷവും കുനൂരിലേത്‌ 100 വര്‍ഷവും ചെന്നൈയിലേത്‌ 60 വര്‍ഷവും പഴക്കമുള്ളവയാണ്‌. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷുിച്ചിട്ടുണ്ട്‌ ഈ സ്ഥാപനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ആരോഗ്യമന്ത്രിക്ക്‌ നിവേദനം നല്‍കാനാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വടകരയില്‍ നടന്ന പരിപാടി മേഖലാ പ്രസിഡന്റ്‌ പി.ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. വി.ടി. സദാനന്ദന്‍, പി. ലാലു, കെ.കെ. ഉദയന്‍, പി.പി. ശൈലജ, കെ.വി. കൃഷ്‌ണന്‍, എം.കെ. ബാബുരാജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, May 5, 2008

മൂന്നാംകടവ്‌ പദ്ധതി: ഒരുപഠനം' പ്രകാശനംചെയ്‌തു

കാഞ്ഞങ്ങാട്‌: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കാസര്‍കോട്‌ ജില്ലാകമ്മിറ്റി മൂന്നാംകടവ്‌ പദ്ധതിയെ കുറിച്ച്‌ നടത്തിയ 'മൂന്നാംകടവ്‌ പദ്ധതി: ഒരുപഠനം' എന്ന ലഘുലേഖ പ്രകാശനംചെയ്‌തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ്‌ പുസ്‌തകം എ.മാധവന്‍ മാസ്റ്റര്‍ക്ക്‌ നല്‌കിയാണ്‌ പ്രകാശനംചെയ്‌തത്‌.
പദ്ധതി വന്നാല്‍ മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍ ജനവാസ മേഖലകള്‍, കാര്‍ഷിക വിളകള്‍, കെട്ടിട സമുച്ചയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ജലസേചന സാധ്യതകള്‍, ലാഭനഷ്ട അുനപാതം തുടങ്ങിയവയെക്കുറിച്ചും വിശദമായവിവരങ്ങള്‍ ലഘുലേഖയിലുണ്ട്‌. പത്ത്‌ രൂപയാണ്‌ വില. പദ്ധതി പ്രദേശങ്ങളില്‍ ഈ ലഘുലേഖ ഉപയോഗിച്ച്‌ മെയ്‌ 10 മുതല്‍ പ്രചാരണം നടത്താനാണ്‌ പരിപാടി.

Sunday, May 4, 2008

പാഠപുസ്‌തകങ്ങള്‍ ലഭ്യമാക്കണം

ഹൊസ്‌ദുര്‍ഗ്ഗ്‌: പാഠപുസ്‌തകങ്ങള്‍ കൃത്യസമയത്ത്‌തന്നെ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ഡോ.കെ.എം.ശ്രീകുമാര്‍ അധ്യക്ഷനായി. പി.കുഞ്ഞിക്കണ്ണന്‍, എം.ഗോപാലന്‍, എ.കെ.ഹരിദാസ്‌, വി.ടി.കാര്‍ത്യായനി, എം.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

കളിമണ്‍ ഖനനത്തിനെതിരെ പരിഷത്ത്‌

തൃശ്ശൂര്‍: മങ്ങാട്‌, ചെങ്ങാലൂര്‍, വല്ലച്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന അനിയന്ത്രിത കളിമണ്‍ ഖനനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശികമായി നടക്കുന്ന പ്രതിരോധ സമരങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതായും പ്രസിഡന്റ്‌ വി.വി. സുബ്രഹ്മണ്യന്‍, സെക്രട്ടറി എം.എ. മണി എന്നിവര്‍ അറിയിച്ചു. അശാസ്‌ത്രീയ കളിമണ്‍ ഖനനത്തിനെതിരെ ചെങ്ങലൂരില്‍ നടന്ന പൊതുയോഗം അലങ്കോലപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ പരിഷത്ത്‌ കൊടകര മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

സര്‍ഗോത്സവം ഇന്ന്‌ തുടങ്ങും
മാന്നാര്‍: എണ്ണയ്‌ക്കാട്‌ കൈരളി ഗ്രന്ഥശാല കേരളശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കുടുംബശ്രീ മിഷന്‍, എണ്ണയ്‌ക്കാട്‌ ഗവ.യുപിഎസ്‌.,സംയുക്താഭിമുഖ്യത്തില്‍ കുട്ടികളുടെ അവധിക്കാല കളിക്കൂട്ടമായ സര്‍ഗോത്സവം ഞായറാഴ്‌ച എണ്ണയ്‌ക്കാട്‌ ഗവ. യു.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.30 ന്‌ ബുധനൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജമ്മ ബ്രഹ്മദാസ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും.

Saturday, May 3, 2008

വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഒപ്പുശേഖരണം

കാഞ്ഞങ്ങാട്‌: വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഒപ്പ്‌ശേഖരണം തുടങ്ങി. ഒപ്പ്‌ ശേഖരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ്‌ ഡോ.കെ.എം.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍, കെ.സി.ഭാസ്‌കരന്‍, വി.ടി.കാര്‍ത്ത്യായനി, കെ.ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

പരിഷത്തിന്റെ വിദ്യാഭ്യാസ സംരക്ഷണജാഥ സമാപിച്ചു

മലപ്പുറം: ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുക എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്‌ത്രസാഹിത്യപരിഷത്‌ ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ സംരക്ഷണജാഥ സമാപിച്ചു. ഒതായിയില്‍ നടന്ന സമാപനസമ്മേളനം മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. പുരുഷോത്തമന്‍ ഉദ്‌ഘാടനം ചെയ്‌തു. ജാഥാക്യാപ്‌റ്റന്‍ ടി.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ജനാര്‍ദനന്‍, ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍, കമ്മിറ്റി അംഗങ്ങളായ എന്‍. മഖ്‌ബൂല്‍, ഇ. കൃഷ്‌ണന്‍, എ. ശ്രീധരന്‍, സുബ്രഹ്മണ്യന്‍ പാടുകണ്ണി, സി. സുരേന്ദ്രനാഥ്‌, സുബ്രഹ്മണ്യന്‍, സി.പി. സുഭാഷ്‌ എന്നിവര്‍ സംസാരിച്ചു.

Thursday, May 1, 2008

ശാസ്ത്രബോധമുള്ളവര്‍ പ്രശ്നങ്ങള്‍ പഠിക്കുക ഇങ്ങിനെ

ചിത്രത്തില്‍ ഞെക്കിയാല്‍ ചിത്രം വലുതായിക്കാണാം

പരിഷത്ത്‌ വിദ്യാഭ്യാസ ജാഥ മൂന്നിന്‌

ശ്രീകണുപുരം: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ശ്രീകണുപുരം മേഖലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ ജാഥ മൂന്നിന്‌ നടക്കും. കെ.കെ.രവി നയിക്കുന്ന ജാഥ മൂന്നിന്‌ രണ്ടുമണിക്ക്‌ ഇരിക്കൂറില്‍ പി.നാരായണന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട്‌ ഏഴുമണിക്ക്‌ പെരിന്തലേരിയില്‍ കേന്ദ്രകമ്മിറ്റിയംഗം വി.വി.ശ്രീനിവാസന്‍ ഉദ്‌ഘാടനം ചെയ്യും.