Showing posts with label പരിഷത്ത്‌. Show all posts
Showing posts with label പരിഷത്ത്‌. Show all posts

Sunday, November 2, 2008

വനിതകള്‍ക്ക്‌ കരുത്തുപകര്‍ന്ന്‌ ശാസ്‌ത്രസാംസ്‌കാരികോത്സവം

മുന്നൂര്‍ക്കോട്‌: സാമൂഹികജീവിതത്തില്‍ സ്‌ത്രീകള്‍നേരിടുന്ന അവഹേളനങ്ങളെ അതിജീവിക്കുന്നതിന്‌ കരുത്തുപകരുന്നതായി മുന്നൂര്‍ക്കോട്ട്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ നടത്തിയ വനിതാ സമതാ വിജ്ഞാനോത്സവം. കുടുംബശ്രീകളിലെ വീട്ടമ്മമാരും കുട്ടികളും പൂക്കോട്ടുകാവ്‌ പഞ്ചായത്തുതല ശാസ്‌ത്രസാംസ്‌കാരികോത്സവത്തില്‍ പങ്കാളികളായി. പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌കമ്മിറ്റി ചെയര്‍മാന്മാരായ ലീലാരാജഗോപാല്‍, അജിത്‌കുമാര്‍, പരിഷത്ത്‌ ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗീത, സുനില, ശ്രീജ, ശ്രീലത, അനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാംസ്‌കാരികോത്സവത്തിന്റെ തുടര്‍ച്ചയായി 'കാരണവക്കൂട്ടം' നവംബര്‍ രണ്ടിന്‌ അടയ്‌ക്കാപ്പുത്തൂര്‍ പൊതിസ്‌കൂളില്‍ ചേരും.

Friday, October 31, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം- പ്രൊഫ. കെ. പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യും

കായംകുളം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കായംകുളം മേഖലാ കമ്മിറ്റി കണ്ടല്ലൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഒരുമാസത്തെ ശാസ്‌ത്ര സാംസ്‌കരികോത്സവം ശനിയാഴ്‌ച തുടങ്ങും.

2.30ന്‌ പുതിയവിള ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. രാചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കുട്ടികള്‍ക്കായി ചന്ദ്രോത്സവം, ഭൗമോത്സവം, രചനോത്സവം, പഠനയാത്ര, ജലപരിശോധനാ ക്യാമ്പ്‌, കഥകളി ആസ്വാദന ക്ലാസ്‌, നാടക പരിശീലനം എന്നിവയുമുണ്ട്‌. വനിതകള്‍ക്കായി സോപ്പ്‌നിര്‍മാണപരിശീലനം, അടുക്കളകൂട്ടം, ഗായകസംഘം രൂപവത്‌കരണം, എല്ലാ വാര്‍ഡിലും യുവജന സംഗമം, കര്‍ഷക സംഗമം, വൃക്ഷോത്സവം, മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരല്‍, സെമിനാറുകള്‍ എന്നിവയും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.

കാരണവ കൂട്ടായ്‌മ നടത്തി

തിരുവനന്തപുരം-വെമ്പായം: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിക്കുന്ന സാംസ്‌കാരികകൂട്ടായ്‌മയുടെ ഭാഗമായി പരിഷത്ത്‌ വെമ്പായം യൂണിറ്റ്‌ കന്യാകുളങ്ങരയില്‍ കാരണവ കൂട്ടായ്‌മ സംഘടിപ്പിച്ചു. 65ന്‌ മേല്‍ പ്രായമുള്ളവരാണ്‌ പങ്കെടുത്തത്‌. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്‌ഘാടനം ചെയ്‌തു. വെമ്പായം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. തുളസീധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജി. ബാലകൃഷ്‌ണന്‍ നായര്‍, പി. മാധവന്‍ നായര്‍, വിഘ്‌നേശ്വരന്‍, പി.സി. സുകുമാരന്‍ നായര്‍, രാഘവന്‍ പിള്ള, ബി. ഗോപാലന്‍, സുഭദ്ര ടീച്ചര്‍, പി. ചന്ദ്രശേഖരപിള്ള, കെ.പി. അപ്പുക്കുട്ടന്‍ നായര്‍, വൈ.എ. റഷീദ്‌, കേശവന്‍കുട്ടി, അംബിക എന്നിവര്‍ സംസാരിച്ചു.

Wednesday, October 29, 2008

കേരളപ്പിറവിദിനത്തില്‍ നെടുമുടിയില്‍ സാംസ്‌കാരികോത്സവം

ആലപ്പുഴ-നെടുമുടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജനകീയക്കൂട്ടായ്‌മ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന്‌ നെടുമുടി പഞ്ചായത്തില്‍ ശാസ്‌ത്രസാംസ്‌കാരികോത്സവം സംഘടിപ്പിക്കും.

പരിപാടിയുടെ ഭാഗമായി നെടുമുടി വേണുവിന്റെയും ജോണ്‍ എബ്രഹാമിന്റെയും ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും കൂട്ടായ്‌മകളും സംഘടിപ്പിക്കാന്‍ പഞ്ചായത്ത്‌ ഹാളില്‍ക്കൂടിയ യോഗം തീരുമാനിച്ചു. ജനവരിയില്‍ ഗ്രാമോത്സവം ഉണ്ടാകും.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.രത്‌നമ്മയുടെ അധ്യക്ഷതയിന്‍ കൂടിയ യോഗത്തില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി പി.വി.വിനോദ്‌ പരിപാടി വിശദീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.അനിരുദ്ധന്‍, കെ.സുബ്രഹ്മണ്യ അയ്യര്‍, വി.എ.ചെറിയന്‍, എന്‍.എസ്‌.ശ്രീകുമാര്‍, ടി.വി.സാംബശിവന്‍, കെ.ബാലകൃഷ്‌ണന്‍, കെ.ബി.ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എം.കെ.അനിരുദ്ധന്‍ (ചെയര്‍.) ബിനു വി. ചന്ദ്രന്‍ (ജന.കണ്‍.) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്‌കരിച്ചു.

വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണം

മലപ്പുറം: ആറ്‌ മാരകരോഗങ്ങള്‍ക്കെതിരെ കുട്ടികള്‍ക്ക്‌ ഒരു വയസ്സിനുമുമ്പ്‌ നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ക്കുള്ള വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റി 29ന്‌ പകല്‍ നാലിന്‌ മഞ്ചേരി പുതിയ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ സായാഹ്നധര്‍ണ നടത്തും. ജനറല്‍ സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനംചെയ്യും.

Saturday, October 25, 2008

ശാസ്‌ത്രസാംസ്‌കാരികോത്സവം കൊടിയേറി

മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്രസാഹിത്യപരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം പരിഷത്ത്‌ ജന. സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനംചെയ്‌തു.

ചുങ്കത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌. ഓമന അധ്യക്ഷയായിരുന്നു. വൈസ്‌പ്രസിഡന്റ്‌ പി. അനില്‍കുമാര്‍, കെ. അരുണ്‍കുമാര്‍, പി.വി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി. മുരളീധരന്‍ സ്വാഗതവും സി. ബാലഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Thursday, October 23, 2008

വയലാര്‍ ഗാനാലാപന മത്സരം

കാസര്‍കോട്‌:-പെരിയ: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അജാനൂര്‍ പഞ്ചായത്ത്‌ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വേലാശ്വരം ഇ.എം.എസ്‌.സ്‌മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ 27ന്‌ മൂന്നുമണിക്ക്‌ വയലാര്‍ ഗാനാലാപന മത്സരം നടത്തുന്നു. പൊതുവിഭാഗത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 0467 2268120 എന്ന നമ്പറില്‍ വിളിക്കണം.

Wednesday, October 22, 2008

ചുങ്കത്തറ പഞ്ചായത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവം

മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെയും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ 23 മുതല്‍ പഞ്ചായത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്ര സാഹിത്യോത്സവം നടത്തും.

ഇതോടനുബന്ധിച്ചുള്ള ശാസ്‌ത്രപ്രഭാഷണ പരമ്പര 'മാറുന്ന കേരളം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനം ചെയ്യും.

കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സോപ്പുനിര്‍മാണ പരിശീലനം 28ന്‌ ചുങ്കത്തറ പഞ്ചായത്ത്‌ ഹാളില്‍ നടക്കും. ഒരു വാര്‍ഡില്‍നിന്ന്‌ മൂന്ന്‌ പേര്‍ക്ക്‌ പങ്കെടുക്കാം.

കളിക്കോപ്പ്‌ നിര്‍മാണ പരിശീലനം നവമ്പര്‍ 15ന്‌ ചുങ്കത്തറ കമ്യൂണിറ്റി ഹാളില്‍ നടക്കും.

പള്ളിക്കുത്ത്‌, പനമണ്ണ വാര്‍ഡുകളിലെ സമ്പൂര്‍ണ പ്രഷര്‍/ഷുഗര്‍ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസും നവമ്പര്‍ 2, 9 തീയതികളില്‍ പള്ളിക്കുത്ത്‌ ഗവ. യു.പി. സ്‌കൂളില്‍ നടക്കും.

ചുങ്കത്തറ പഞ്ചായത്തില്‍ രക്തദാന സേന രൂപവത്‌കരിക്കുന്നതിന്റെ ഭാഗമായി എട്ട്‌ വാര്‍ഡുകളില്‍ സൗജന്യ രക്തഗ്രൂപ്പ്‌ നിര്‍ണയ ക്യാമ്പ്‌ നവമ്പര്‍ ആദ്യവാരം നടക്കും.

27ന്‌ പൂക്കോട്ടുമണ്ണ എ.എല്‍.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിക്കും.

സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ വി.എസ്‌. ഓമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍കുമാര്‍, സുനില്‍ പി., അരുണ്‍കുമാര്‍ കെ., മുരളീധരന്‍ കെ.സി., ബാലഭാസ്‌കരന്‍ സി., വി.എ. സജീം, മുഹമ്മദ്‌ ഇഖ്‌ബാല്‍, രഘുറാം പി.എസ്‌. തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, October 21, 2008

പരിഷത്ത്‌ സാംസ്‌കാരികോത്സവം 22ന്‌

കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മയ്യില്‍മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശാസ്‌ത്ര സാംസ്‌കാരികോത്സവം' 22ന്‌ വൈകിട്ട്‌ 6ന്‌ കരിങ്കല്‍കുഴിയില്‍ നടത്തും. ഐക്യ ദീപമാലയിലെ ആദ്യ തിരി സോപാന സംഗീതജ്ഞന്‍ ഞെരളത്ത്‌ ഹരിഗോവിന്ദന്‍ കൊളുത്തും. പി.പി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന്‌ ഹരിഗോവിന്ദന്‍ സോപാനസംഗീതം അവതരിപ്പിക്കും.

ബാലോത്സവം

കോഴിക്കോട്- കൊടുവള്ളി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കൊടുവള്ളി പഞ്ചായത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വെണ്ണക്കാട്‌ ജി.എം.യു.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.കെ. അബ്ദുറഹിമാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ. വിഘ്‌നേശ്വരന്‍, എം. സുരേഷ്‌ ബാബു, സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ. രാജന്‍, വി.കെ. സുകുമാരന്‍, വി.ടി. രമേഷ്‌, ബോബി ജോസഫ്‌, വിശാഖന്‍, ബിജു ചൂലൂര്‍ എന്നിവര്‍ ക്ലാസെടുത്തു.

Monday, October 20, 2008

മലയാളിക്ക്‌ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു' -എം.എന്‍. കാരശ്ശേരി

തേഞ്ഞിപ്പലം: ജീവിതത്തിന്റെ മൂല്യങ്ങളില്‍നിന്ന്‌ ദിനംപ്രതി അകന്നുകൊണ്ടിരിക്കുന്ന മലയാളിക്ക്‌ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ പ്രൊഫ. എം.എന്‍. കാരശ്ശേരി പറഞ്ഞു.

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിച്ച ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയസംസ്‌കാരത്തിന്‌ ഭീഷണിയാകുന്നത്‌ പൗരോഹിത്യരാഷ്ട്രീയമാണ്‌. മലയാളി മലയാളിയെ സ്‌നേഹിക്കുന്നതുകൊണ്ട്‌ മറ്റുള്ളവരെ വെറുക്കരുത്‌. എല്ലാതരത്തിലുള്ള തീവ്രവാദങ്ങളും ഏത്‌ സമുദായത്തിന്റെ പേരിലാണോ നടക്കുന്നത്‌ അത്‌ ആ സമുദായത്തിനെതിരാണ്‌അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. പങ്കജാക്ഷി അധ്യക്ഷതവഹിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി വി. വിനോദ്‌, കൃഷ്‌ണന്‍ കാരങ്ങാട്‌, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരന്ന ചിത്രരചനയും നടന്നു

Sunday, October 19, 2008

ശാസ്‌ത്രോത്സവം

മാലൂര്‍: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മേഖലാ ശാസ്‌ത്രോത്സവം മുഴക്കുന്നില്‍ കെ.ടി.കുഞ്ഞിക്കണ്ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കണ്ണന്‍ അധ്യക്ഷനായി. പി.വി.ദിവാകരന്‍, കെ.വിനോദ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Friday, October 17, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം

കടന്നപ്പള്ളി: ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത്‌തല ശാസ്‌ത്ര സാംസ്‌കാരികോത്സവം നാടകകലാകാരന്‍ മുഹമ്മദ്‌പേരാമ്പ്ര ചന്തപ്പുരയില്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി.പദ്‌മനാഭന്‍ അധ്യക്ഷനായി. ഇ.പി.ബാലന്‍, കെ.വി.സുനുകുമാര്‍, കെ.വി.കൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.കൃഷ്‌ണന്‍ സ്വാഗതവും എം.ടി.സുരേഷ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

കടമ്പൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ എടക്കാട്‌ മേഖല കടമ്പൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ അംഗം ടി.സതി അധ്യക്ഷയായി. കെ.വി.ജയരാജന്‍, ടി.കെ.ദേവരാജന്‍, സി.നാരായണന്‍, എം.എസ്‌.ആനന്ദ്‌ എന്നിവര്‍ സംസാരിച്ചു.

Thursday, October 16, 2008

പഴമയുടെ കേട്ടറിവിനായി കാരണവര്‍കൂട്ടം

എറണാകുളം-കരുമാല്ലൂര്‍: ആലങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച കാരണവര്‍കൂട്ടം കോട്ടപ്പുറം കെഇഎം ഹൈസ്‌കൂളില്‍ നടന്നു. പ്രദേശത്തുള്ള പ്രായമായവരുടെ ഒത്തുചേരലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.

പണ്ടത്തെ കൃഷി, വിസ്‌തൃതിയാര്‍ന്ന നെല്‍പ്പാടങ്ങള്‍, പേരുകേട്ട ആലങ്ങാടന്‍ ശര്‍ക്കര, അപ്രത്യക്ഷമായ കരിമ്പുകൃഷി, കൈത്തൊഴിലുകള്‍, സ്‌കൂള്‍പഠനം, ആദ്യം സിനിമ കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതം, ഉത്സവങ്ങള്‍, ഓണനാളുകള്‍, മാപ്പിളപ്പാട്ട്‌, മാര്‍ഗംകളി, കാരണവന്മാരുടെ ഒറ്റപ്പെടലുകള്‍, ഇന്നത്തെ സമൂഹം ഏറ്റെടുക്കേണ്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. യോഗം കെഇഎം ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജി. ശശിധരന്‍പിള്ള ഉദ്‌ഘാടനംചെയ്‌തു. വാര്‍ഡ്‌ മെംബര്‍ എം.കെ. ബാബു അധ്യക്ഷനായി. ടി.എ. കുമാരപിള്ള, കൂടല്‍ ശോഭന്‍, പി.ആര്‍. രഘു, സുമ വിജയന്‍, ട്രീസ പൈലി, പി.എസ്‌. ജഗദീശന്‍, എസ്‌. വിജയന്‍, കെ.കെ. ചാത്തുമാഷ്‌, നൂറുദീന്‍, എം.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

അങ്കമാലി-അഴുത പാത ഉപേക്ഷിക്കണം: പരിഷത്ത്‌

തൃശ്ശൂര്‍: അങ്കമാലി-അഴുത റെയില്‍വെ ലൈന്‍ പദ്ധതി ഉപേക്ഷിച്ച്‌ തെക്കുവടക്ക്‌ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിനും പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ച്‌ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനും റെയില്‍വെ മുന്‍ഗണന നല്‍കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെട്ടു.

Wednesday, October 15, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവങ്ങള്‍ തുടരുന്നു.



കാസര്‍കോഡ്- ചെറുവത്തൂര്‍: ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം കുട്ടമത്ത്‌ തുടങ്ങി. യങ്‌മെന്‍സ്‌ ക്ലബ്ബില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനമ്പത്ത്‌ ഗോവിന്ദന്‍ ഉദ്‌ഘാടനംചെയ്‌തു. ടി.ഗംഗാധരന്‍ പ്രസംഗിച്ചു.

കണ്ണൂര്‍- ഇരിക്കൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മേഖലാ കലോത്സവം കുയിലൂരില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. എം.വിനോദ്‌ അധ്യക്ഷനായി. പി.പി.സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി.നാരായണന്‍, എം.വിജയകുമാര്‍, പി.കെ.പ്രസന്ന, ബി.കെ.കോമളവല്ലി, എ.വി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കിഴുവിലം: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കിഴുവിലം ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച്‌ നടത്തുന്ന ശാസ്‌ത്രസാംസ്‌കാരികോത്സവം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌. കണ്ണന്‍ നിര്‍വഹിച്ചു. ഡി. സുചിത്രന്‍, ഗിരിജകുമാരി എന്നിവര്‍ പങ്കെടുത്തു. ചിറയിന്‍കീഴ്‌ സലാം സമ്മാനവിതരണം നിര്‍വഹിച്ചു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

ശാസ്‌ത്ര ബോധം, സാമൂഹിക നീതി, മതേതരത്വം

കുറ്റിയാടി: ശാസ്‌ത്ര ബോധം, സാമൂഹിക നീതി, മതേതരത്വം എന്നിയുടെ പ്രചാരണം ലക്ഷ്യമിട്ട്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജനകീയ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം നടത്തും. കുന്നുമ്മല്‍ മേഖലയിലെ സാംസ്‌കാരികോത്സവം തൊട്ടില്‍പ്പാലത്ത്‌ നടക്കും. ഒക്ടോബര്‍ 21ന്‌ കെ.കെ. ലതിക എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിസിലി കരിമ്പാച്ചേരി ചെയര്‍പേഴ്‌സണും, ഐ.പി. കൃഷ്‌ണന്‍ കണ്‍വീനറുമായിസ്വാഗതസംഘം രൂപവത്‌ക്കരിച്ചു. പരിഷത്ത്‌ ജില്ലാ സെക്രട്ടറി കെ.രാധന്‍, കെ.പി. വാസു, എന്‍.പി. ചന്ദ്രന്‍, എം.എസ്‌. പ്രശാന്ത്‌, പി.ദിവാകരന്‍, കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.

വനിത-യുവ സംഗമങ്ങള്‍, കാരണവക്കൂട്ടങ്ങള്‍, ബാലോത്സവം, സെമിനാറുകള്‍, ചലച്ചിത്രോത്സവം, പുസ്‌തക പ്രചാരണം, വര്‍ണോത്സവം എന്നിവ സംഘടിപ്പിക്കും.

Tuesday, October 14, 2008

ജീര്‍ണതകള്‍ക്കെതിരെ പൊരുതാന്‍

കല്‌പറ്റ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മേഖലാകമ്മിറ്റി ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ഒരുമാസം കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തില്‍ സാംസ്‌കാരികോത്സവം നടത്തും.

ജീര്‍ണതകള്‍ക്കെതിരെ പൊരുതാന്‍ സമൂഹത്തിന്‌ കരുത്തു പകരുന്ന രീതിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളേയും വായനശാലകളേയും തൊഴിലാളി പ്രസ്ഥാനങ്ങളേയും കുടുംബശ്രീ സംവിധാനങ്ങളേയും കണ്ണിചേര്‍ക്കും. ബാലോത്സവം, യുവസംഗമം, വനിതാസംഗമം, കാരണവകൂട്ടം, കര്‍ഷക സംഗമം, കവിയരങ്ങ്‌, സംവാദങ്ങള്‍, ശാസ്‌ത്ര ക്ലാസുകള്‍, പുസ്‌തകോത്സവം, ചലച്ചിത്രോത്സവം, കലാ-സാഹിത്യമത്സരങ്ങള്‍, തൊഴില്‍ മത്സരങ്ങള്‍ എന്നിവ നടത്തും. ഗ്രാമങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും തുണിസഞ്ചി പ്രചരിപ്പിക്കുന്നതിനും ആദിവാസി കോളനികളിലെ കുട്ടികള്‍ക്ക്‌ പഠന സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനും പ്രത്യേക കര്‍മസമിതി രൂപവത്‌കരിച്ചു. കവിയരങ്ങ്‌, സൈക്കിള്‍റാലി എന്നിവയും നടത്തും.

സംഘാടകസമിതി ഭാരവാഹികള്‍: കെ.ജി. സഹദേവന്‍ (ചെയ), പി. സുനില്‍കുമാര്‍, വളപ്പില്‍ മമ്മൂട്ടി, എം. അനില്‍കുമാര്‍ (വൈസ്‌ ചെയ), എം. ദേവകുമാര്‍ (ജന. കണ്‍), എ. ജനാര്‍ദനന്‍, സണ്ണിപോള്‍, പി. ബിജു (ജോ. കണ്‍). പി.സി. ജോണ്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. വി.എന്‍. ഷാജി, വി.കെ. മനോജ്‌, കെ.ടി. ശ്രീവത്സല്‍, സി.കെ. പവിത്രന്‍, വി.വി. ഏലിയാസ്‌, എം, ശിവന്‍പിള്ള, മിഥുന്‍രാജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Sunday, October 12, 2008

പരിഷത്ത്‌ പ്രകൃതിപഠനക്യാമ്പ്‌ ആദ്യഘട്ടം സമാപിച്ചു

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പരിസര ഉപസമിതിയുടെ പ്രകൃതിപഠന പരിപാടി 'കാടു മുതല്‍ കടലുവരെ' യുടെ ഒന്നാം ഘട്ട ക്യാമ്പ്‌ ചോക്കാട്‌, കരുവാരക്കുണ്ട്‌ പ്രദേശങ്ങളില്‍ സമാപിച്ചു. ജില്ലയിലെ വിവിധ പരിസ്ഥിതി മേഖലകളുടെ പ്രത്യേകതകളും അവനേരിടുന്ന വെല്ലുവിളികളും പഠിക്കുന്നതിനാണ്‌ മൂന്നുഘട്ടങ്ങളിലായി ക്യാമ്പ്‌ നടത്തുന്നത്‌.

ചോക്കാട്‌ ജി.എം.യു.പി. സ്‌കൂളില്‍ ഡോ. ടി. സജീവ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ടി.പി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്‌ണന്‍, എം. ഫസീല, ഷീബാ രാമചന്ദ്രന്‍, ഡോ. അന്‍സാര്‍, മേച്ചേരി മൊയ്‌തീന്‍, ടി.വി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. കാളികാവ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍ ഹൈദ്രോസ്‌ കുട്ടി, കെ.കെ. ശശിധരന്‍, കെ. രാജേന്ദ്രന്‍, ടി. അജിത്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. രണ്ടാംഘട്ടം നവംബറില്‍ മങ്കടയില്‍ നടക്കും.

യുവസംഗമം തുടങ്ങി

കടന്നപ്പള്ളി: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന യുവസംഗമം കടന്നപ്പള്ളിയില്‍ തുടങ്ങി. ക്യാമ്പംഗങ്ങളായ എന്‍.ജസ്‌ന, ശ്രീലജ്‌ എന്നിവര്‍ ചേര്‍ന്ന്‌ യുവസംഗമം ഉദ്‌ഘാടനം ചെയ്‌തു. പി.കെ.രജീഷ്‌ അധ്യക്ഷനായി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പദ്‌മനാഭന്‍ മുഖ്യാതിഥിയായി. പ്രൊഫ. കെ.ബാലന്‍, പ്രഭാകരന്‍ കോവൂര്‍ എന്നിവര്‍ ക്ലാസെടുത്തു. എ.ശ്രീകാന്ത്‌ സ്വാഗതവും കെ.സൂരജ്‌ നന്ദിയും പറഞ്ഞു. യുവസംഗമം ഞായറാഴ്‌ച സമാപിക്കും.