Tuesday, July 29, 2008

പ്രതിസന്ധി പരിഹരിക്കാന്‍ ആണവോര്‍ജം വേണ്ട -ഡോ. എം.പി. പരമേശ്വരന്‍

തൃശ്ശൂര്‍: ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ആണവോര്‍ജത്തേക്കാള്‍ അഭികാമ്യം പരമ്പരാഗത ഊര്‍ജസ്രോതസ്സുകളാണെന്ന്‌ ആണവശാസ്‌ത്രജ്ഞനും ചിന്തകനുമായ ഡോ. എം.പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ സര്‍ക്കാരിന്റെ പ്ലാനിങ്‌ കമ്മീഷന്റെ ഊര്‍ജനയരൂപവത്‌കരണ കമ്മിറ്റി 2031ല്‍ ഇന്ത്യയ്‌ക്ക്‌ വേണ്ടത്‌ 7,78,000 മെഗാവാട്ട്‌ വൈദ്യുതിയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്രയും വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന്‌ പ്രഥമ പരിഗണനകൊടുത്തത്‌ താപോര്‍ജത്തിനാണ്‌- 6 ലക്ഷം മെഗാവാട്ട്‌. 9 ശതമാനം വൈദ്യുതിമാത്രമാണ്‌ ആണവോര്‍ജത്തില്‍നിന്ന്‌ ലക്ഷ്യമിട്ടത്‌. ഇതാണ്‌ നയമെന്നിരിക്കെ, ആണവോര്‍ജം പരമപ്രധാനമെന്ന്‌ പ്രചരിപ്പിക്കുന്നത്‌ എന്തിനാണ്‌? പ്രകടമായി വിഡ്‌ഢിത്തം പറയുന്നതില്‍ എ.പി.ജെ. അബ്ദുള്‍കലാമിനുപോലും മടിയില്ല. ത്രീമൈല്‍ ഐലന്‍ഡ്‌ ദുരന്തത്തിനുശേഷം അമേരിക്കപോലും ആണവനിലയം സ്ഥാപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുന്നേറിയത്‌ യൂറോപ്യന്‍ രാജ്യങ്ങളാണ്‌. ഇന്ത്യയെക്കൊണ്ട്‌ യുറേനിയം ശേഖരം മുഴുവന്‍ വാങ്ങിപ്പിക്കാനുള്ള താത്‌പര്യം അമേരിക്കയ്‌ക്ക്‌ കരാറിന്‌ പിന്നിലുണ്ട്‌. സ്വന്തമായി യുറേനിയം ഖനനം ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം ഉപേക്ഷിച്ചത്‌ 1992 ല്‍ മന്‍മോഹന്‍സിങ്‌ ധനമന്ത്രിയായപ്പോഴാണ്‌ എന്നതും യാദൃച്ഛികമല്ല. യുറേനിയം ഇറക്കുമതിചെയ്‌താല്‍ത്തന്നെ 10000 മെഗാവാട്ടിന്റെ നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ആറുവര്‍ഷം പിടിക്കും. എന്‍‌ ടി പി സി ക്ക്‌ നാലുകൊല്ലം കൊണ്ട്‌ കല്‍ക്കരി ഉപയോഗിച്ച്‌ ഇത്രയും വൈദ്യുതിയുണ്ടാക്കാം. ഊര്‍ജകമ്മിക്ക്‌ പരിഹാരം കല്‍ക്കരിയാണ്‌.

ഇന്ത്യ എണ്ണവിപണിയില്‍ ശക്തമായി പ്രത്യക്ഷപ്പെടുന്നത്‌ അമേരിക്കയ്‌ക്ക്‌ ആശങ്കയുളവാക്കുന്നു. ആണവോര്‍ജത്തിലേക്ക്‌ നമ്മെ തിരിച്ചുവിടേണ്ടത്‌ അവരുടെ മാത്രം ആവശ്യമാണ്‌. അമേരിക്കയുമായി ബന്ധപ്പെട്ട ആര്‍ക്കും നഷ്ടമല്ലാതെ ഒന്നുമുണ്ടായിട്ടില്ലെന്നത്‌ ചരിത്രപാഠമാണ്‌- പരമേശ്വരന്‍ പറഞ്ഞു.

Monday, July 28, 2008

ആഗോളതാപനം: സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: മഴ കുറയാനുള്ള കാരണം ആഗോളതാപനം മൂലമാണെന്ന്‌ കരുതാനാവില്ലെന്ന്‌ പരിസ്ഥിതിപ്രവര്‍ത്തകനും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം.) ഡയറക്ടറുമായ പ്രൊഫ. എം.കെ. പ്രസാദ്‌ അഭിപ്രായപ്പെട്ടു. ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍ സംഘടിപ്പിച്ച 'ആഗോളതാപനം' എന്ന സെമിനാര്‍ ഉദ്‌ഘാടനംചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആണവ വൈദ്യുതി ഉത്‌പാദനം ആഗോളതാപനത്തിന്റെ ആക്കം കൂട്ടും. ഊര്‍ജചോര്‍ച്ചയും ഉത്‌പാദന പ്രക്രിയയിലൂടെ വരുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്തതുതന്നെ അതിന്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീമും കൊമേഴ്‌സ്‌ വിഭാഗവും ചേര്‍ന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സഹകരണത്തോടെയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. എം.ആര്‍. ബാലകൃഷ്‌ണന്‍, പ്രൊഫ. ജ്യോതിലക്ഷ്‌മി, ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ സെക്രട്ടറി ജയരാജ്‌, വിനോദ്‌, രഞ്‌ജിത്ത്‌, മുഹമ്മദ്‌ അസ്‌ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Saturday, July 26, 2008

ആത്മീയ വ്യവസായത്തിനെതിരെ ബോധവത്‌കരണം

മലപ്പുറം-വാഴയൂര്‍: ''വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം'' എന്ന വിഷയത്തെ ആസ്‌പദമാക്കി ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരാടില്‍ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചു. യു.കലാനാഥന്‍ ഉദ്‌ഘാടനംചെയ്‌തു. ജെയിംസ്‌ പീറ്ററിന്റെ നേതൃത്വത്തില്‍ ദിവ്യാദ്‌ഭുത അനാവരണ പരിപാടി നടത്തി. പ്രധാനാധ്യാപകന്‍ ജെയിംസ്‌ അഗസ്റ്റിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രമേയം എം.സി.ഹരിദാസ്‌ അവതരിപ്പിച്ചു. എ.ചിത്രാംഗദന്‍ അധ്യക്ഷതവഹിച്ചു. പി.കെ.വിനോദ്‌കുമാര്‍ സ്വാഗതവും പി.കൃഷ്‌ണദാസ്‌ നന്ദിയും പറഞ്ഞു.

Friday, July 25, 2008

പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചു

ഫറോക്ക്‌: ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്‌തകം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫറോക്ക്‌ ഗ്രാമപഞ്ചായത്ത്‌ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ മേഖലാ കമ്മിറ്റി ഫറോക്ക്‌ ടൗണില്‍ സായാഹ്നധര്‍ണ നടത്തി.

ജില്ലാപഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിചെയര്‍മാന്‍ ടി.പി.ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. മണലില്‍ മോഹനന്‍, എ.വി.ഉണ്ണികൃഷ്‌ണന്‍, എം.ഗിരീഷ്‌, പി.വി.ശിവദാസന്‍, പി.എം.വിനോദ്‌കുമാര്‍, മോഹന്‍ദാസ്‌ കരംചന്ദ്‌, പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, July 24, 2008

ചാന്ദ്ര മനുഷ്യന്‍ വന്നേ ചാന്ദ്രമനുഷ്യന്‍

ചാന്ദ്ര മനുഷ്യന്‍ കൌതുകമായി.

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീഭദ്ര LP സ്കൂളില്‍ വന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികള്‍ക്ക് ആവേശമായി. വിനോദവും വിജ്ഞാനവും പകര്‍ന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ചാന്ദ്രഭാഷയില്‍ മറുപടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുറവൂര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ജൂണ്‍ ൨൪ ന് രാവിലെ ൧൦.൩൦ ന് ചാ
ന്ദ്രമനുഷ്യന്‍ പരിപാടി സംഘടിപ്പിച്ചത്.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള വ്യത്യാസവും ചന്ദ്രനിലെ കാലാവസ്ഥയും മറ്റും ചാന്ദ്രമനുഷ്യനില്‍ നിന്നും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ചാന്ദ്രഭാഷയെ പരിഭാഷപ്പെടുത്തി മലയാളത്തിലാക്കാന്‍ പരിഭാഷിയും ഉണ്ടായിരുന്നു. ചാന്ദ്രദിനപരിപാടികളോടനുബന്ധിച്ചാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തത്. ചാന്ദ്രമനുഷ്യനായി മെജോ വേഷമിട്ടു. നവനീത്, രണ്‍ജിത്ത്, നിഖില്‍ മാഷ് എന്നിവര്‍ ചാന്ദ്രമനുഷ്യന്‍റെ പരിഭാഷികളായി കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകി.

പരിഷത്ത്‌ ധര്‍ണ നടത്തി

ഫറോക്ക്‌: ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്‌തകം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫറോക്ക്‌ ഗ്രാമപഞ്ചായത്ത്‌ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ മേഖലാ കമ്മിറ്റി ഫറോക്ക്‌ ടൗണില്‍ സായാഹ്നധര്‍ണ നടത്തി.

ജില്ലാപഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിചെയര്‍മാന്‍ ടി.പി.ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. മണലില്‍ മോഹനന്‍, എ.വി.ഉണ്ണികൃഷ്‌ണന്‍, എം.ഗിരീഷ്‌, പി.വി.ശിവദാസന്‍, പി.എം.വിനോദ്‌കുമാര്‍, മോഹന്‍ദാസ്‌ കരംചന്ദ്‌, പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, July 23, 2008

ചാന്ദ്രദിനാഘോഷം

പൊന്നാനി: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ നിള ബാലവേദിയുടെ നേതൃത്വത്തില്‍ അമ്പിളിക്കൊമ്പത്ത്‌ എന്ന പേരില്‍ ചാന്ദ്രദിനാഘോഷം നടത്തി. പ്രൊഫ. പി.കെ.എം ഇക്‌ബാല്‍, എം. ഉസ്‌മാന്‍, കെ. ദീപിക്‌, പി. വാഫിറ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച്‌ ടെലസ്‌കോപ്‌ നിര്‍മാണവും ക്വിസ്‌മത്സരവും നടത്തി.

Monday, July 21, 2008

സംസ്ഥാന ക്യാമ്പ്‌: വികസന സംവാദങ്ങള്‍ തുടങ്ങി

ആലപ്പുഴ-മുഹമ്മ: 'നാളത്തെ കേരളം, നാളത്തെ മുഹമ്മ' എന്ന വിഷയത്തില്‍ മുഹമ്മ പഞ്ചായത്തില്‍ പ്രാദേശിക വികസന സംവാദങ്ങള്‍ ആരംഭിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിനോടനുബന്ധിച്ചാണ്‌ അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച്‌ സംവാദങ്ങള്‍ നടത്തുന്നത്‌. സംവാദങ്ങളുടെ പഞ്ചായത്തുതല ഉദ്‌ഘാടനം ഗ്രാമശക്തി വായനശാലയില്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പി.പി. ഉദയസിംഹന്‍ നിര്‍വഹിച്ചു. പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി പി.വി. വിനോദ്‌ മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്ന്‌ വിവിധ വാര്‍ഡുകളിലായി 16 സംവാദങ്ങള്‍ നടന്നു. 400ല്‍പരം പേര്‍ ഇവയില്‍ പങ്കാളികളായി. പഞ്ചായത്തിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലുമായി 200 പ്രാദേശിക വികസന സംവാദങ്ങള്‍ 27നകം പൂര്‍ത്തിയാകും.

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

ഹാരോള്‍ഡ് ചായപ്പെന്‍സിലുമായി ഇറങ്ങിയിരിക്കുകയാണ്. കുട്ടികളുടെ മനസ്സിലായിരുന്നു ക്രോക്കറ്റ് ജോണ്‍സണ്‍ ഹാരോള്‍ഡും ചായപ്പെന്‍സിലുമായി വര തുടങ്ങിയത്. ഇപ്പോള്‍ ഹാരോള്‍ഡ് കടന്നു വരികയാണ് അത്ഭുതപ്പെന്‍സിലുമായി യുറീക്കയില്‍. ജൂലൈ ൧൬ യുറീക്കയിലെ മൂന്നിലൊന്നും ഹാരോള്‍ഡ് നിറഞ്ഞു നില്‍ക്കുന്നു. വായിച്ചും കണ്ടും തന്നെ അതറിയണം. എല്ലാ പേജിലും അവരുണ്ട് ഹാരോള്‍ഡും ചായപ്പെന്‍സിലും.
ഏഴാം ക്ളാസ് പാഠപുസ്തം എഡിറ്റോറിയലിലൂടെ യുറീക്കയിലും എത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിന്‍റെ കാഴ്ചപ്പാടിലൂടെ , പ്രേമലേഖനം എന്ന കഥയിലൂടെ ആകാശമിഠായിയും സാറാമ്മയും കേശവന്‍ നായരും ഒരിക്കല്‍ക്കൂടി അനുഭവിക്കാം.

ചില ചാന്ദ്രദിന ശങ്കകളിലൂടെ ശങ്ക തീരാത്ത ശങ്കരന്‍ വീണ്ടും നമ്മെ ചിന്തിപ്പിക്കുന്നു. ചന്ദ്രനും ചൊവ്വയും എല്ലാം കുട്ടികളിലൂടെ, മാഷിലൂടെ പാപ്പൂട്ടി മാഷ് അവതരിപ്പിക്കുന്നു.
ഷിജു കാട്ടിമൂലയുടെ സൈനുവിന് ചിരിക്കാന്‍ വയ്യ ഇന്നത്തേയും കാഴ്ചകളാണ്...കുട്ടികളുടെ മനസ്സില്‍ നന്മയുടെ ഒരു കൊച്ചു തിരിനാളം തെളിയാക്കാന്‍ ഈ കഥക്കാവും.
ISBN എന്ന പുസ്തക സൂചകം ശാന്ത കുമാരി പരിചയപ്പെടുത്തുന്നു, എന്താണ് ഐ.എസ്.ബി.എന്‍. എന്ന ലേഖനത്തിലൂടെ.
കുസൃതിക്കുറുമ്പി എന്ന പൂച്ചയെ കുട്ടികള്‍ക്ക് ഇഷ്ടമാവും തീര്‍ച്ച. കളിക്കാന്‍ വിളിച്ചില്ലായിരുന്നെങ്കിലോ എന്ന കഥയിലൂടെ സി.എ. രഞ്ജിത്ത് മൂത്തകുന്നം ഒരു കുട്ടിക്കഥ പറയുകയാണ്.
൦൮-൦൮-൦൮ എന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ചൈനയില്‍ ദീപം തെളിയുന്ന ഒളിമ്പിക്സിന്‍റെ ചരിത്രം അണ്ണന്‍ ഒളിമ്പിക്സിന്‍റെ വിജയഗാഥയിലൂടെ വിശദീകരിക്കുന്നു.
കുട്ടികളുടെ സ്വന്തം പംക്തിയായ ചുവടുകള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പുതുതലമുറയെ പരിചയപ്പെടുത്തുന്നു. ഹിശങ്കര്‍ പി.ആര്‍ ന്‍റെ സ്വാതന്ത്ര്യ ദിനത്തലേന്ന് സ്വാതന്ത്ര്യമില്ലാത്ത വളര്‍ത്തു മൃഗങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിക്കുന്നു. കവിത മനോഹര്‍ എഴുതിയ ഒരു നെല്‍വയലിന്‍റെ ആത്മനൊമ്പരങ്ങള്‍ സമകാലീന സമൂഹത്തിന്‍റെ കണ്ണുതുറപ്പിച്ചെങ്കില്‍ എന്ന് അറിയാതെ ഓര്‍ത്തു പോകുന്നു.
വിഷ്ണു എം വി യുടെ ഇരുള്‍ എന്ന കവിതയും ചുവടുകളുടെ മാറ്റ് കൂട്ടുന്നു. രതീഷ് കാളിയാടന്‍റെ ഞായറിന്‍റെ വില ചരിത്രവും ശാസ്ത്രവും കൃഷിയും എല്ലാം പങ്കുവയ്ക്കുന്നു. ലളിതമായും സരസമായും അവതരിപ്പിച്ചിരിക്കുന്നു.
ആമിനക്കുട്ടിയുടെ ആവലാതി പുസ്തകം പതിവു പോലെ കുട്ടികളുടെ ആവലാതികള്‍ പങ്കുവയ്ക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പി. രാധാകൃഷ്ണന്‍ എഴുതുന്ന പരമ്പരയാണിത്.മനോഹരന്‍ കെ മാമൂക്കോയ എഴുതിയ കവിതയെ പരിചയപ്പെടുത്തുന്നു അനുഭവങ്ങളുടെ ചൂടുകൊണ്ട് അടയിരുന്നാല്‍ മാത്രമേ കവിതയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയൂ..
എത്ര ശരിയെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാവും.

പിന്നെ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്‍റെ ജാതി എന്ന കവിത, പദപ്രശ്നം, എം കൃഷ്ണദാസിന്‍റെ കടങ്കഥ പയറ്റ്, ദൂരദര്‍ശിനി എന്ന സുരഭിവചനയുടെ പത്രം, സിന്ധു എന്‍.പി യുടെ മാമ്പഴക്കാലം എന്ന കവിത,ചിത്രകൌതുകം,ഡി.സുചിത്രന്‍റെ കുന്നുമൊഴി എന്ന കവിത, രാമകൃഷ്ണന്‍ കുമാരനെല്ലൂരിന്‍റെ കാവ്യരേണുക്കള്‍ , സതീഷിന്‍റെ കാര്‍ട്ടൂണ്‍ പംക്തി മണിമുത്തുകള്‍ എന്നിവയും ഈ ലക്കത്തിലുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ യുറീക്കയോട് പറയുന്ന കത്തുകള്‍ കുട്ടികളുടെ മനസ്സിന്‍റെ നിഷ്കളങ്കത എടുത്തു കാണിക്കുന്നു.

ഇനിയുമുണ്ട് യുറീക്കക്ക് നിങ്ങളോടു പറയാന്‍......
വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..


അധ്യാപകന്റെ മരണം: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രതിഷേധിച്ചു

തൃശ്ശൂര്‍: പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പാഠപുസ്‌തകവിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെ അവഗണിച്ച്‌ പുസ്‌തകങ്ങള്‍ കത്തിക്കുകയും അധ്യാപകരെ മര്‍ദ്ദിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന ദുഷ്ടശക്തികള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും എതിര്‍പ്പ്‌ ഉയര്‍ന്നു വരേണ്ടതുണ്ട്‌. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനയുടെ നേതൃത്വം ഇനിയെങ്കിലും ഈ തീക്കളി അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന്‌ പരിഷത്ത്‌ പ്രസിഡന്റ്‌ ടി.പി.കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി വി.വിനോദും ആവശ്യപ്പെട്ടു.

പരിഷത്ത്‌ പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂര്‍: ക്ലസ്റ്റര്‍ യോഗങ്ങള്‍ കൈയേറുന്ന സംഭവങ്ങളിലും അധ്യാപകന്‍ മരിക്കാനിടയായ സംഭവത്തിലും പ്രതിഷേധിച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രഭാകരന്‍ കോവൂര്‍, പി.നാരായണന്‍കുട്ടി, എം.പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‌കി. തുടര്‍ന്നുനടന്ന പ്രതിഷേധ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.വി.ശ്രീനിവാസന്‍, ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ സി.പി.ഹരീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍, ടി.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധിച്ചു

മാനന്തവാടി: മലപ്പുറം കുറ്റിപ്പുറത്ത്‌ക്ലസ്റ്റര്‍ പരിശീലനത്തിനിടെ അതിക്രമിച്ചു കടന്ന്‌ അധ്യാപകരെ മര്‍ദിച്ചതില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, പി. സുരേഷ്‌ബാബു, വി.പി.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടി ടൗണില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.



അധ്യാപകന്‍റെ മരണത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്ങിനെ?
നമ്മള്‍ ആരെ വിശ്വസിക്കണം?
സത്യങ്ങള്‍ ആരു പറയും?


വായിക്കുക.

.


Sunday, July 20, 2008

ഉത്തരവാദികളെ ശിക്ഷിക്കണം.

കണ്ണൂര്‍: പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അധ്യാപകന്‍ മരിച്ച സംഭവത്തിന്‌ ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.പി.കുഞ്ഞിക്കണ്ണനും ജന. സെക്രട്ടറി വി.വിനോദും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശാനുസരണമാണ്‌ അധ്യാപകര്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്‌. പാഠപുസ്‌തകവിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെ അവഗണിച്ച്‌ അധ്യാപകരെ മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമാണ്‌. ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ ജനമനഃസാക്ഷി ഉണരണം. സമരത്തിലേര്‍പ്പെട്ട സംഘടനകള്‍ തീക്കളി അവസാനിപ്പിക്കണം -പ്രസ്‌താവനയില്‍ പറഞ്ഞു.

ശാസ്ത്ര ക്ലാസ്സ്

കണ്ണൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലയില്‍ ശാസ്ത്ര ക്ലാസ്സുകള്‍ സംക്ഖടിപ്പിക്കും. ക്ലാസ്സ് എടുക്കുന്നവര്‍ക്കുവേണ്ടിയുള്ള പരിശീലനം ഞായറാഴ്ച്ച മുതല്‍ പരിഷത്ത് ഭവനില്‍ നടക്കും.

പ്രതിഷേധം അക്രമമാകരുത്‌

നിലമ്പൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന പ്രതിഷേധം അക്രമത്തിന്റെ മാര്‍ഗത്തിലാകരുതെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ നിലമ്പൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പി.എസ്‌. രഘുറാം അധ്യക്ഷതവഹിച്ചു. സി. ബാലഭാസ്‌കരന്‍, കെ. അരുണ്‍കുമാര്‍, പി.കെ. ശ്രീകുമാര്‍, എന്‍.പി. കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.


പ്രധാനാധ്യാപകന്റെ മരണം: പ്രതിഷേധം വ്യാപകം

മലപ്പുറം: കിഴിശ്ശേരിയില്‍ നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ്‌ അഗസ്റ്റിന്‍ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതിനെത്തുടര്‍ന്ന്‌ മരിക്കാനിടയായ സംഭവത്തില്‍ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. രാഷ്ട്രീയ, സാമൂഹിക, അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെമ്പാടും പ്രകടനങ്ങള്‍ നടത്തി.

സംഭവത്തെ കെ.ജി.ഒ.എ ജില്ലാകമ്മിറ്റി അപലപിച്ചു. സംഭവത്തിനുത്തരവാദികളെ പിടികൂടി ശിക്ഷിക്കണമെന്ന്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ എം.എ. ലത്തീഫ്‌ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി. നാരായണന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അനിത പി.ഡി, കീരന്‍കുട്ടി എന്‍.പി എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂരില്‍ അധ്യാപകനായ ജയകൃഷ്‌ണനെ കൊലപ്പെടുത്തിയശേഷം കേരളത്തില്‍ നടന്ന ദാരുണ സംഭവമാണ്‌ കിഴിശ്ശേരിയില്‍ ഉണ്ടായതെന്ന്‌ ദേശീയ അധ്യാപക പരിഷത്ത്‌ സംസ്ഥാനസമിതിയംഗം സി. പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനാധ്യാപകനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.എഫ്‌.പി.ഇ ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധപരിപാടികളില്‍ മുഴുവന്‍ തപാല്‍ ജീവനക്കാരോടും പങ്കെടുക്കാന്‍ എന്‍.എഫ്‌.പി.ഇ അഭ്യര്‍ഥിച്ചു.

വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ പി.ഡി.പി ജില്ലാ സെക്രട്ടറി യു. കുഞ്ഞിമുഹമ്മദ്‌ പറഞ്ഞു. യൂത്ത്‌ലീഗ്‌ സമരാഭാസങ്ങള്‍ക്ക്‌ ലീഗ്‌ നേതൃത്വം കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റി അപലപിച്ചു. ഇതിനെതിരെ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യൂത്ത്‌ലീഗ്‌ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി.

ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രമേശ്‌കുമാര്‍, പി. വാമനന്‍, എ. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന്‌ വി. വിജിത്‌, വി.ആര്‍. പ്രമോദ്‌, പി.സി. ശോഭനകുമാരി, ടി.കെ. വിമല എന്നിവര്‍ നേതൃത്വം നല്‍കി.

മുസ്‌ലിംലീഗ്‌ ജില്ലയെ കലാപഭൂമിയാക്കുകയാണെന്ന്‌ സി.പി.ഐ ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്‌ണന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ യൂത്ത്‌ലീഗ്‌ നേതൃത്വത്തിനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാലില്ലാപ്പുഴ സംഭവത്തെ കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാകമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന്‌ ജില്ലാകമ്മിറ്റി സെക്രട്ടറി പി.കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനാധ്യാപകന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ എഫ്‌.എസ്‌.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും മലപ്പുറത്ത്‌ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനകമ്മിറ്റിയംഗം എം.കെ. ശ്രീധരന്‍ സംസാരിച്ചു.

Saturday, July 19, 2008

വിദ്യാഭ്യാസ സംഗമം നടത്തി

മലപ്പുറം-കരുളായി: കരുളായി ഗ്രാമപ്പഞ്ചായത്ത്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ അക്കാദമിക്‌ പിന്തുണയോടെ നടത്തുന്ന അറിവരങ്ങ്‌ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സംഗമം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.അബ്ദുള്ളക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കെ.മനോജ്‌ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച്‌ പുറത്തിറക്കിയ വിദ്യാഭ്യാസ പത്രികയുടെ പ്രകാശനം കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന ജനറല്‍സെക്രട്ടറി വി.വിനോദ്‌ നിര്‍വഹിച്ചു. കെ.എം.ഹൈസ്‌കൂളില്‍നിന്നും ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി വിജയിച്ച ഏഴ്‌ വിദ്യാര്‍ഥികള്‍ക്കും നെടുങ്കയം മുണ്ടക്കടവ്‌ ആദിവാസി കോളനികളില്‍ നിന്ന്‌ പുറത്തുപോയി പഠിച്ച്‌ എസ്‌.എസ്‌.എല്‍.സി.യില്‍ വിജയം നേടിയ ആറ്‌ വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. പി.കെ. അംബികാദേവി, പി.എസ്‌.രഘുറാം, എസ്‌.ബി.വേണുഗോപാല്‍, പി.അബ്ദുല്‍ജലീല്‍, പി.ബാലകൃഷ്‌ണന്‍, കെ.പി.അബ്ദുറഹിമാന്‍, ഒ.ടി.സുബ്രഹ്മണ്യന്‍, ബോബന്‍ വര്‍ഗീസ്‌, എം.വി.തങ്കമണി, ഇ.ടി.വിജയലക്ഷ്‌മി, പി.സജിന്‍, ജെ.രാധാകൃഷ്‌ണന്‍, ഇ.കെ.അബ്ദു, എം.മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.

ക്ളസ്റ്റര്‍ യോഗങ്ങളില്‍ അക്രമം; പ്രതിഷേധം വ്യാപകം

അക്രമികള്‍ക്കെതിരെ നടപടിവേണം -പരിഷത്ത്‌

മലപ്പുറം: കുറ്റിപ്പുറം ബി.ആര്‍.സിയില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലനം തടസ്സപ്പെടുത്തുകയും പരിശീലകനായ അധ്യാപകന്‍ സജിജേക്കബിനെ ആക്രമിക്കുകയും ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പാഠപുസ്‌തകത്തെക്കുറിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കുന്നതിന്‌ പകരം അക്രമപാത സ്വീകരിക്കുന്നതില്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.


അധ്യാപകനെ മര്‍ദ്ദിച്ച സംഭവം: പരക്കെ പ്രതിഷേധം

വളാഞ്ചേരി: കുറ്റിപ്പുറം ബി.ആര്‍.സി. (കരിപ്പോള്‍ ഗവ.യു.പി. സ്‌കൂള്‍)യില്‍ അധ്യാപക പരിശീലനത്തിന്‌ ക്ലാസെടുക്കാനെത്തിയ കൂടശ്ശേരി ഗവ. യു.പി. സ്‌കൂള്‍ അധ്യാപകനും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയംഗവുമായ സജി ജേക്കബ്ബിനെതിരെ നടന്ന ആക്രമണത്തില്‍ പരിഷത്ത്‌ കുറ്റിപ്പുറം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏല്‌പിച്ച യൂത്ത്‌ലീഗ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കെ. ശശീന്ദ്രന്‍, വി. രാജലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.

സജി ജേക്കബിനെ ആക്രമിച്ച യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ കെ.എസ്‌.ടി.എ. കൂടശ്ശേരി യൂണിറ്റ്‌ ആവശ്യപ്പെട്ടു. പ്രധാനാധ്യാപകന്‍ ടി.കെ. നാരായണന്‍, കെ.പി. ബാബു, കെ.ടി. ജഗദീഷ്‌, പി. ദീന എന്നിവര്‍ പ്രസംഗിച്ചു.

സജി ജേക്കബ്ബിനെ മര്‍ദ്ദിച്ച ലീഗ്‌-കോണ്‍ഗ്രസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ വിദ്യാഭ്യാസ സംരക്ഷണസമിതി വളാഞ്ചേരി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം രാംദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. വി.കെ. രാജീവ്‌, പി.എം. മോഹനന്‍, വി.പി.എം. സാലി, ടി.ടി. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

സജി ജേക്കബ്ബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടശ്ശേരി ഗവ. യു.പി. സ്‌കൂള്‍ സ്റ്റാഫ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചു. പ്രധാനാധ്യാപകന്‍ ടി.കെ. നാരായണന്‍, കെ. ശശീന്ദ്രന്‍, ശ്രീകല, എം.പി. രാജീവ്‌, സന്ധ്യ പവിത്രന്‍, ടി.ആര്‍. സൗമിനി എന്നിവര്‍ പ്രസംഗിച്ചു.

Friday, July 18, 2008

'വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം'

മലപ്പുറം-വാഴയൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണവും ജെയിംസ്‌ പീറ്ററിന്റെ നേതൃത്വത്തില്‍ ദിവ്യാദ്‌ഭുത അനാവരണവും സംഘടിപ്പിക്കുന്നു. തിങ്കളാഴ്‌ച ചാന്ദ്രദിനത്തില്‍ വൈകീട്ട്‌ ആറിന്‌ കാരാടങ്ങാടിയിലാണ്‌ പരിപാടിയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Thursday, July 17, 2008

തെറ്റായ വിദ്യാഭ്യാസം നേടിയവര്‍ പാഠപുസ്‌തകത്തെ വിമര്‍ശിക്കുന്നു

ആലപ്പുഴ: തെറ്റായ വിദ്യാഭ്യാസം നേടിയവരാണ്‌ പാഠ്യപദ്ധതി പരിഷ്‌കരണത്തെയും ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്‌തകത്തെയും വിമര്‍ശിക്കുന്നതെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്‌ദ്ധനുമായ ഡോ. ആര്‍.വി.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. 'പാഠ്യപദ്ധതി പരിഷ്‌കരണം - വസ്‌തുതകളെന്ത്‌?' എന്ന വിഷയത്തില്‍ പരിഷത്ത്‌ ആലപ്പുഴയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ അടിസ്ഥാനമാക്കി വേണം പുസ്‌തകങ്ങളെ വിലയിരുത്താന്‍. ആദ്യകാലത്തുണ്ടായിരുന്ന പാഠപുസ്‌തകങ്ങളെക്കാള്‍ നിലവാരം പുലര്‍ത്തുന്നതാണ്‌ ഇപ്പോഴത്തെ പുസ്‌തകങ്ങള്‍. എന്നിരുന്നാലും അവ സമഗ്രവും സമ്പൂര്‍ണവുമാണെന്ന അഭിപ്രായമില്ല. പാഠ്യപദ്ധതി പരിഷ്‌കരണം രക്ഷാകര്‍ത്താക്കളിലും അധ്യാപകരിലും എത്തിക്കുന്നതില്‍ പാളിച്ച പറ്റിയിട്ടുണ്ട്‌. പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ സമൂഹ നന്മയല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി നാലുചിറ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി അന്നു എം. ജോസഫ്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

അധ്യാപകന്‍ കെ.സി. ചന്ദ്രമോഹന്‍ മോഡറേറ്ററായിരുന്നു. ചുനക്കര ജനാര്‍ദനന്‍ നായര്‍, എ.കെ.എസ്‌.ടി.യു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, കെ.എസ്‌.പി.എ. സംസ്ഥാന സെക്രട്ടറി പി.എസ്‌. സുരേന്ദ്രനാഥ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.വി. വിനോദ്‌ സ്വാഗതവും അഡ്വ. ടി.കെ. സുജിത്‌ നന്ദിയും പറഞ്ഞു.

Wednesday, July 16, 2008

വിദ്യാഭ്യാസ സംഗമം

മലപ്പുറം-കരുളായി: കരുളായി ഗ്രാമപ്പഞ്ചായത്ത്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ അക്കാദമിക പിന്തുണയോടെ നടപ്പാക്കിവരുന്ന അറിവരങ്ങ്‌ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള വിദ്യാഭ്യാസസംഗമം ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പുള്ളി ഗവ. യു.പി സ്‌കൂളില്‍ നടക്കും. ചടങ്ങില്‍ ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ കരുളായി കെ.എം ഹൈസ്‌കൂളില്‍നിന്ന്‌ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും മികച്ച പിന്തുണ നല്‍കിയ അധ്യാപകരെയും അനുമോദിക്കും. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ. അബ്ദുള്ളക്കുട്ടി ഉദ്‌ഘാടനംചെയ്യും. വൈസ്‌പ്രസിഡന്റ്‌ കെ. മനോജ്‌ അധ്യക്ഷതവഹിക്കും. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. വിനോദ്‌ വിദ്യാഭ്യാസപത്രികാപ്രകാശനം നിര്‍വഹിക്കും. പി.കെ. അംബികാദേവി പുരസ്‌കാര സമര്‍പ്പണം നടത്തും.

Tuesday, July 15, 2008

പുസ്തകപ്പൂമഴ

.... പുസ്തപ്പൂ ....


കൊച്ചു കൂട്ടുകാര്‍ക്ക് ആടാനും പാടാനും കളിക്കാനും പഠിക്കാനുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് അണിയിച്ചൊരുക്കുന്ന 25 വര്‍ണ്ണ പുസ്തകങ്ങള്‍

പ്രൈമറി ക്ളാസുകളിലെ കുട്ടികളെ അറവിന്‍റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്ന അത്യാകര്‍ഷക ഗ്രന്ഥങ്ങള്‍.



വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അടിമുടി മാറിമറിയുന്ന കാലമാണിത്. ക്ളാസ് മുറിയില്‍ മാത്രം വച്ച് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന പഴയ രീതി പോയ് മറഞ്ഞു കഴിഞ്ഞു. കുട്ടി, വീട്ടിലും സ്കൂളിലും പ്രകൃതിയിലും ചുറ്റുപാടിലും സമൂഹത്തിലും നടത്തുന്ന നിരവധി ഇടപെടലുകളിലൂടെ അറിവ് നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തില്‍ കുട്ടിയെ പരമാവധി സഹായിക്കുക എന്നതാണ് അദ്ധ്യാപകരുടേയും വീട്ടുകാരുടേയും സമൂഹത്തിന്‍റെയും ചുമതല.... ഈ ചുമതല നിറവേറ്റുന്ന പുസ്തകങ്ങളാണ് പുസ്തകപ്പൂമഴയില്‍...


കൂടുതല്‍ വിവരങ്ങള്‍ക്ക് പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.





മുഖവില 400 രൂപ
പ്രീ പബ്ളിക്കേഷന്‍ 300
രൂപ
ആഗസ്റ്റ് 15 ് പുറത്തിറങ്ങുന്നു.


ജൈവവൈവിധ്യങ്ങള്‍ തൊട്ടറിഞ്ഞ്‌....

കണ്ണൂര്‍-മാടായി: ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയെ അടുത്തറിയാന്‍ വിദ്യാര്‍ഥികളെത്തി. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച 'അറിവിന്‍കൂട്ടം' ക്യാമ്പില്‍ അവര്‍ ജൈവവൈവിധ്യത്തിന്റെ നാമ്പുകള്‍ തൊട്ടറിഞ്ഞു. അധ്യാപകരും അവര്‍ക്കൊപ്പം ചേര്‍ന്നു.

അര്‍ധ നിത്യഹരിതവനത്തിന്‌ സമാനമായ ആവാസവ്യവസ്ഥയുള്ള മാടായിക്കാവിന്‌ പിറകിലായിരുന്നു ഈ ഒത്തുചേരല്‍. അപൂര്‍വമായ ചെടികളും മരങ്ങളും വള്ളികളുമൊക്കെ സംഘം പരിശോധിച്ചു. നാഗമോഹന പക്ഷികള്‍ ചേക്കേറുന്ന കാടുകള്‍ സന്ദര്‍ശിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മാടായി മേഖലാ കമ്മിറ്റിയാണ്‌ ക്യാമ്പ്‌ നടത്തിയത്‌. പാറയുടെ ചരിത്രവും ജൈവവൈവിധ്യവും പ്രത്യേകതയിലും അവര്‍ ഉള്‍ച്ചേര്‍ന്നു. മഴനനയല്‍ ക്യാമ്പാണ്‌ സംഘടിപ്പിച്ചതെങ്കിലും മഴ ഇല്ലാത്തതിനാല്‍ പാറയിലെ വിശാലമായ കുളത്തില്‍ നീന്തി രസിച്ചു. ഡോ. ഖലീല്‍ ചൊവ്വ ഉദ്‌ഘാടനംചെയ്‌തു. ഇ.വി.സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. പി.പി.പ്രസാദ്‌, പി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.സുരേന്ദ്രന്‍, ദിനേശ്‌കുമാര്‍ തെക്കുമ്പാട്‌, ബിജു നിടുവാലൂര്‍, പ്രഭാകരന്‍ കോവൂര്‍, എം.കെ.രമേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളിലെ 150ഓളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Monday, July 14, 2008

ആണവക്കരാറില്‍ ഒപ്പുവെക്കരുത്‌ - പരിഷത്ത്‌

മലപ്പുറം: ആണവക്കരാറില്‍ ഇന്ത്യ ഒപ്പുവെക്കരുതെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ പഠനക്യാമ്പ്‌ അംഗീകരിച്ച പ്രമേയം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. കോട്ടയ്‌ക്കല്‍ അധ്യാപകഭവനില്‍ നടന്നുവന്ന ക്യാമ്പില്‍ പരിഷത്ത്‌ യൂണിറ്റ്‌ - ഇന്ന്‌, ഭാവി പരിപാടികള്‍, നാളത്തെ പരിപാടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തു.

ജില്ലാപ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി, മുന്‍ ജന. സെക്രട്ടറിമാരായ കെ.കെ. ജനാര്‍ദനന്‍, കൊടക്കാട്ട്‌ ശ്രീധരന്‍, എം.സി. മോഹനന്‍, ജില്ലാ സെക്രട്ടറി പി. രമേശ്‌കുമാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി. 'മതനിരപേക്ഷ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക' എന്ന പ്രമേയവും ക്യാമ്പ്‌ അംഗീകരിച്ചു.

Sunday, July 13, 2008

കെ.ഗോവിന്ദന്‍-അനുസ്‌മരണ ദിനാചരണം




വയനാട്-ചെറുകര:
റിനൈസന്‍സ്‌ ലൈബ്രറിയുടെ സ്ഥാപകനും ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനം, യുക്തിവാദിസംഘം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നിവയുടെ സക്രിയ പ്രവര്‍ത്തകനുമായിരുന്ന കെ.ഗോവിന്ദന്റെ അഞ്ചാമത്‌ അനുസ്‌മരണ ദിനാചരണം യു.കലാനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു.

കെ.ഗോവിന്ദന്‍ സ്‌മാരക പുരസ്‌കാരത്തിന്‌ എടകുനി ടി.ആര്‍.വി.ഗ്രന്ഥാലയം പ്രസിഡന്റ്‌ പി.അമ്മദ്‌ അര്‍ഹനായി. ജില്ലാ പഞ്ചായത്തംഗം എ.ജോണി അവാര്‍ഡ്‌ നല്‍കി. 'ആത്മീയതയും വിശ്വാസവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. എസ്‌.എസ്‌.എല്‍.സി.ക്ക്‌ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ ഷെറിന്‍ചാക്കോയ്‌ക്ക്‌ കിഴക്കെവീട്ടില്‍ സരസ്വതിഅമ്മ സ്‌മാരക കാഷ്‌ അവാര്‍ഡ്‌ കെ.ഗോപാലപിള്ള നല്‍കി. മംഗലശ്ശേരി മാധവന്‍ അധ്യക്ഷത വഹിച്ചു. സിജിപ്രത്യുഷ്‌, എം.ഷൈബി, സി.എം. അനില്‍, എം.മുരളീധരന്‍, രാജുജോസഫ്‌, കല്ലങ്കോടന്‍ കുഞ്ഞീദ്‌, എം.ജെ. ഷിബി എന്നിവര്‍ പ്രസംഗിച്ചു.

പരിഷത്ത് ജില്ലാ പഠനക്യാമ്പ് തുടങ്ങി


മലപ്പുറം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കോട്ടക്കല്‍ അധ്യാപകഭവനില്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷനായിരുന്നു. പൊന്നാനി നഗരസഭാധ്യക്ഷന്‍ പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി രമേഷ്കുമാര്‍ സ്വാഗതവും കെ അരുകുമാര്‍ നന്ദിയും പറഞ്ഞു. യുക്തിബോധം നഷ്ടപ്പെടുത്തുന്ന കേരളം എന്ന സെഷന് എ ശ്രീധരനും കേരളത്തിന്റെ നവോത്ഥാന ചരിത്രം എന്ന സെഷന് എം എസ് മോഹനനും നേതൃത്വം നല്‍കി. പരിഷത്തിന്റെ ചരിത്രം വര്‍ത്തമാനം, ശാസ്ത്രബോധം പരീക്ഷണങ്ങളിലൂടെ എന്നീ സെഷനുകളും ആദ്യദിനം നടന്നു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. കൊടക്കാട് ശ്രീധരന്‍, കെ കെ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുക്കും.

Saturday, July 12, 2008

ഏഴാം ക്ളാസ് പാഠപുസ്തകം അഭിപ്രായ ശേഖരണം

അങ്കമാലി: അങ്കമാലി മേഖലയിലെ തുറവൂര്‍ യൂണിറ്റിന്‍റെ യൂണിറ്റ് യോഗം 11-07-2008 ല്‍ നടന്നു. പാഠപുസ്തകവിവാദത്തിനെ തുടര്‍ന്ന യൂണിറ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞ യൂണിറ്റ് യോഗത്തില്‍ ഏഴാം ക്ളാസ് സാമൂഹ്യപാഠപുസ്തകം വായിച്ച് ചര്‍ച്ച ചെയ്തിരുന്നു.
അതിന്‍റെ തുടര്‍പരിപാടികള്‍ ആയിരുന്നു ലോകജനസംഖ്യാദിനത്തില്‍ കൂടിയ യോഗത്തിന്‍റെ മുഖ്യലക്ഷ്യം.
ഏഴാം ക്ളാസ് പാഠപുസ്തകത്തിലെ പ്രസക്തമായ 15 ഓളം പേജുകള്‍ പോസ്റ്ററാക്കി തുറവൂര്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനും യോഗം തീരുമാനിച്ചു.
പുസ്തകപ്പൂമഴ എന്ന പുസ്തകസമാഹാരത്തിന് വരിക്കാരെ ചേര്‍ക്കുക, ലോകജനസംഖ്യദിനത്തിന്‍റെ പ്രാധാന്യം, പരിഷത്ത് അംഗങ്ങളുടെ കുടുംബ സൌഹൃദ സദസ്സ് , ഓണക്കാലം, ബാലവേദി തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
പരിഷത്ത് അംഗം കുഞ്ഞ്കുഞ്ഞ് മാഷിന്‍റെ വീട്ടില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍റ് ഇ.ടി. രാജന്‍ അദ്ധ്യക്ഷനായിരുന്നു.

Friday, July 11, 2008

വിവാദപാഠപുസ്‌തകസംവാദം നാളെ

കോലഞ്ചേരി: തിരുവാണിയൂര്‍ കുപ്പേത്താഴം ഗ്യാലക്‌സി ഗ്രാമീണ വായനശാലയുടെയും കേരളാ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവാദ പാഠപുസ്‌തകത്തെക്കുറിച്ച്‌ സംവാദം സംഘടിപ്പിക്കും. ശനിയാഴ്‌ച വൈകീട്ട്‌ 5.30ന്‌ നടക്കുന്ന സംവാദത്തിന്‌ പ്രൊഫ. പി.ആര്‍. രാഘവന്‍, പ്രൊഫ. കെ.ആര്‍. നാരായണന്‍, ഡിക്‌സന്‍ പി. തോമസ്‌, അജി നാരായണന്‍, ടി.വി. പീറ്റര്‍, ഐ.വി. ഷാജി, ബെന്‍സണ്‍ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

പാഠപുസ്‌തകവിവാദങ്ങള്‍ക്കെതിരെ പരിഷത്ത്‌ ജാഥ തുടങ്ങി.

പാലക്കാട്-വടക്കഞ്ചേരി: പാഠപുസ്‌തകവിവാദങ്ങള്‍ക്കെതിരെ ബോധവത്‌കരണവുമായി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിദ്യാഭ്യാസജാഥ തുടങ്ങി. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജാഥാ പര്യടനത്തിന്റെ ഉദ്‌ഘാടനം വടക്കഞ്ചേരി മന്ദമൈതാനിയില്‍ കവി രാമന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജാഥാക്യാപ്‌റ്റന്‍ പ്രൊഫ. ബി.എം. മുസ്‌തഫ, മേഖലാ സെക്രട്ടറി ബിജു എന്നിവര്‍ പ്രസംഗിച്ചു.

പാഠപുസ്‌തകത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തി.

പാലക്കാട്-കൂറ്റനാട്‌: ഏഴാംക്ലാസ്സിലെസാമൂഹികപാഠം പുസ്‌തകത്തെക്കുറിച്ച്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കൂറ്റനാട്‌ ടൗണില്‍ ചര്‍ച്ച സംഘടിപ്പിച്ചു. മതേതരത്വബോധം കുട്ടിയില്‍ വളര്‍ത്താന്‍ പുസ്‌തകത്തിന്‌ കഴിയുമെന്ന്‌ ചര്‍ച്ച ഉദ്‌ഘാടനം ചെയ്‌ത്‌ പാലക്കാട്‌ ഡയറ്റ്‌ പ്രിന്‍സിപ്പല്‍ എം.വി.മോഹനന്‍ പറഞ്ഞു. പി.വി. സേതുമാധവന്‍, കെ.ആര്‍.വിജയമ്മ, എം.കെ. കൃഷ്‌ണന്‍, വി.എം. രാജീവ്‌, പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Thursday, July 10, 2008

പാഠപുസ്‌തകങ്ങള്‍ ആവശ്യപ്പെടുന്നത്‌-സംവാദം

മലപ്പുറം-വാഴയൂര്‍: പാഠപുസ്‌തകങ്ങള്‍ ആവശ്യപ്പെടുന്നത്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ വാഴയൂര്‍ യൂണിറ്റ്‌ പാറമ്മല്‍ എ.എല്‍.പി. ബി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി. രമേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു. മലപ്പുറം ഡയറ്റിലെ പി. ശിവദാസന്‍ മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച്‌ പ്രേമന്‍ പരുത്തിക്കാട്‌ ഒ.പി.കെ. ഗഫൂര്‍, പി.കെ. ഹംസ എന്നിവര്‍ പങ്കെടുത്തു.

Wednesday, July 9, 2008

അണ്‍ എയ്‌ഡഡ്‌ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക്‌ അധിക ബാധ്യത ചുമത്തണം -പരിഷത്ത്‌


കണ്ണൂര്‍: അണ്‍ എയ്‌ഡഡ്‌ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക്‌ അധിക ബാധ്യത ചുമത്തണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌. ഇത്തരം വിദ്യാലയങ്ങളെ അനാകര്‍ഷകമാക്കുന്ന തരത്തില്‍ ഗവ. ആനുകൂല്യങ്ങളും സബ്‌സിഡികളും നിര്‍ത്തലാക്കണമെന്നും 'കേരളത്തിലെ ജനജീവിതം; പ്രശ്‌നങ്ങളും പരിഹാര സമീപനങ്ങളും' എന്ന ലഘുലേഖയില്‍ പരിഷത്ത്‌ ആവശ്യപ്പെടുന്നു. നേരത്തെ മലബാര്‍ മേഖലയില്‍ പുതുതായി അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പരിഷത്ത്‌ പരസ്യമായി രംഗത്തെത്തിയിരുന്നു.

പലര്‍ക്കും പലതരത്തിലുള്ള വിദ്യാഭ്യാസം എന്ന നില മാറ്റണം. വിദ്യാലയം സാമൂഹിക ഉടമസ്ഥതയിലാക്കി ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ സാമൂഹിക നിയന്ത്രണത്തില്‍ ഏകീകൃത സിലബസ്‌ നടപ്പിലാക്കണം. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കച്ചവടവത്‌കരണമാണ്‌ നടക്കുന്നത്‌. മധ്യവര്‍ഗ വിഭാഗത്തില്‍പെടുന്ന അധ്യാപകര്‍തന്നെ സ്വന്തം കുട്ടികളെ സമാന്തര വിദ്യാലയങ്ങളിലേക്ക്‌ അയക്കുന്നു. സമാന്തര വിദ്യാഭ്യാസം മികച്ചതാണെന്ന ധാരണ ശക്തിപ്പെടുന്നതായി ലഘുലേഖ പറയുന്നു.

പുതിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയ രീതിയും മികച്ചതാണെന്ന ധാരണ വളര്‍ന്നുവരുന്നുണ്ട്‌. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്‌ കെ.ഇ.ആര്‍., കെ.സി.എഫ്‌. പരിഷ്‌കരണ ചര്‍ച്ചകള്‍ സൂചിപ്പിച്ചത്‌. എന്നാല്‍ മത സംഘടനകളും മാധ്യമങ്ങളും എല്ലാ നീക്കങ്ങളേയും എതിര്‍ക്കുകയാണെന്ന്‌ പരിഷത്ത്‌ കുറ്റപ്പെടുത്തുന്നു. മധ്യവര്‍ഗത്തിന്റെ ഉന്നത വിദ്യാഭ്യാസ താല്‌പര്യങ്ങള്‍ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതായി ലഘുലേഖ പറയുന്നു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നത്‌ ഭരണകൂടത്തിന്റെ ബാധ്യതയാകണം. ഇതിനായി മുതല്‍മുടക്ക്‌ വര്‍ധിപ്പിക്കുകയും ചെയ്യണം.

Tuesday, July 8, 2008

ഷാര്‍ജ ചങ്ങാതിക്കൂട്ടം - 2008

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ജുലൈ 4‌ നു കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ നടന്നു.

വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിരുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടകൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ ലക്ഷ്യം.
കൂടുതല്‍‌ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ദയവായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക. http://friendsofkssp.blogspot.com/

പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി കാഴ്ചപ്പാടനുസരിച്ച്: കെ എന്‍ ഗണേഷ്

മലപ്പുറം: എന്‍സിഇആര്‍ടിയുടെ കാഴ്ചപ്പാടനുസരിച്ച് തയ്യാറാക്കിയതാണ് കേരളത്തിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമെന്ന് ഡോ. കെ എന്‍ ഗണേഷ് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ ധര്‍ണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യ്രസമരത്തിലേക്ക് നയിച്ച കര്‍ഷകസമരങ്ങളും മറ്റ് ബഹുജനസമരങ്ങളും പണ്ടുമുതല്‍ പാഠ്യവിഷയങ്ങളാണ്. അടിസ്ഥാനവിഭാഗങ്ങള്‍ക്കും അവര്‍ണരും അധഃസ്ഥിതരുമായവര്‍ക്കും സ്കൂളില്‍ പ്രവേശനം നേടാന്‍ ഒട്ടനവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം വസ്തുതകള്‍ ഒന്നും പരിഗണിക്കാതെ കേവല രാഷ്ട്രീയം ലക്ഷ്യംവെച്ചാണ് ചിലര്‍ രംഗത്തിറങ്ങിയിട്ടുള്ളത്- ഡോ. കെ എന്‍ ഗണേഷ് പറഞ്ഞു. കേരള സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ടി കെ വിമല അധ്യക്ഷയായിരുന്നു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എം ഫൌസിയ, എം പി ഹരിദാസന്‍, വി വിനോദ്, എം എസ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി രമേഷ്കുമാര്‍ സ്വാഗതവും പി വാമനന്‍ നന്ദിയും പറഞ്ഞു.

Sunday, July 6, 2008

പ്രതിഷേധിച്ചു

മലപ്പുറം-എടവണ്ണ: ഏഴാംതരം പാഠപുസ്‌തകം സംബന്ധിച്ച്‌ എടവണ്ണയില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച ചര്‍ച്ചാക്ലാസ്‌ അലങ്കോലപ്പെടുത്തിയ നടപടിയില്‍ പരിഷത്ത്‌ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
പ്രത്യേക ക്ഷണിതാക്കളെ പങ്കെടുപ്പിച്ച്‌ നടത്തിയ ചര്‍ച്ച യൂത്ത്‌ലീഗുകാര്‍ മുന്‍കൂട്ടി തീരുമാനിച്ച്‌ അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന്‌ കമ്മിറ്റി ആരോപിച്ചു. ശങ്കരന്‍കുട്ടി, കെ.കെ.പുരുഷോത്തമന്‍, പി.ജയരാജന്‍, കെ.മധുസൂദനന്‍, എ.ഗഫൂര്‍, ടി.സതീശന്‍, ടി.പി.ഹര്‍ഷന്‍, പി.അബ്ദുള്ളക്കുട്ടി, സി.സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എസ്‌.മഞ്‌ജു അധ്യക്ഷത വഹിച്ചു.

Saturday, July 5, 2008

വിവാദത്തിനു പിന്നില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍

മാനന്തവാടി: ഏഴാംതരത്തിലെ സാമൂഹികശാസ്‌ത്രപാഠപുസ്‌തകവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ വിദ്യാഭ്യാസക്കച്ചവടക്കാരാണെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കുറ്റപ്പെടുത്തി.

വിദ്യാഭ്യാസക്കച്ചവടക്കാരും ജാതിമതവര്‍ഗീയശക്തികളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്‌ വിമര്‍ശകരായുള്ളത്‌. ജനാധിപത്യം, സാമൂഹികനീതി, സ്ഥിതിസമത്വം, മതനിരപേക്ഷത എന്നീ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ്‌ സാമൂഹികപാഠം തയ്യാറാക്കിയത്‌. പി.വി.സന്തോഷ്‌, കെ.വി.ബാബു, സലിന്‍, ഗിരീഷ്‌, മുകുന്ദകുമാര്‍, പി.വിജയകുമാര്‍, വി.പി.ബാലചന്ദ്രന്‍, കെ.വി.രാജു എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹികശാസ്‌ത്ര പുസ്‌തകം' സംവാദം സംഘടിപ്പിക്കുന്നു

മലപ്പുറം-വാഴയൂര്‍: ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്‌ത്ര പുസ്‌തകത്തെ ആസ്‌പദമാക്കി 'പാഠപുസ്‌തകങ്ങള്‍ ആവശ്യപ്പെടുന്നത്‌' എന്ന വിഷയത്തില്‍ ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജൂലായ്‌ അഞ്ചിന്‌ 6.30ന്‌ അഴിഞ്ഞിലം പാറമ്മല്‍ എ.എന്‍.പി.ബി സ്‌കൂളില്‍ സംവാദം സംഘടിപ്പിക്കും. വിവിധ അധ്യാപകസംഘടനകളെ പ്രതിനിധീകരിച്ച്‌ പ്രേമന്‍ പരുത്തിക്കാട്‌, ഒ.പി.കെ. ഗഫൂര്‍, പി.കെ. ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും.

Thursday, July 3, 2008

പ്രചാരണ ജാഥ

ആലുവ: വിവാദ സാമൂഹ്യപാഠം വിശദീകരിച്ചുകൊണ്ട്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ആലങ്ങാട്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥ നടത്തി. യു.സി. കോളേജ്‌ കവലയില്‍ സി.ആര്‍. സുകുമാരന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.എ. തങ്കച്ചന്‍, എം.പി. ജയന്‍, ശശിധരന്‍ കല്ലേരി, സി.പി. പോള്‍ എന്നിവര്‍ സംസാരിച്ചു.

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പിന്‍വലിക്കരുത്‌-പരിഷത്ത്‌ മതേതര കൂട്ടായ്‌മ

കല്‌പറ്റ: മതമേധാവികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഏഴാം ക്ലാസ്സിലെ സാമൂഹിക പാഠപുസ്‌തകം പിന്‍വലിക്കരുതെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഒരുക്കിയ മതേതര കൂട്ടായ്‌മ ആവശ്യപ്പെട്ടു.

മതേതരത്വം എന്ന വാക്കിനര്‍ഥം എല്ലാ മതങ്ങളെയും തുല്യമായി പ്രീണിപ്പിക്കുക എന്നതല്ല. ഭിന്നതകളെല്ലാം മറന്ന്‌ എല്ലാ മതക്കാരും ഇപ്പോള്‍ ഒന്നിച്ചത്‌ എന്തിനാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. പരസ്‌പരം കൊലവിളി നടത്താനുള്ള അവകാശം നിലനിര്‍ത്തിക്കിട്ടാനാണ്‌ മതശക്തികള്‍ ഇപ്പോള്‍ പൊരുതുന്നത്‌. വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചു പരിഹസിച്ച കേരളത്തെ നവോത്ഥാന സമരങ്ങളിലൂടെ മാറ്റിയെടുത്ത എല്ലാ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും അപഹസിക്കുന്നതാണ്‌ ഇപ്പോഴത്തെ സമരം.

തീണ്ടലിനും തൊടീലിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയും അധഃകൃതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചുമൊക്കെയാണ്‌ നവോത്ഥാന നായകര്‍ കേരളത്തെ മാറ്റിയെടുത്തത്‌. ഇതൊന്നും പാഠപുസ്‌തകത്തില്‍ പരാമര്‍ശിക്കരുതെന്നാണ്‌ എതിര്‍ക്കുന്നവര്‍ പറയുന്നത്‌. എതിര്‍പ്പുകളോടു പൊരുതി ജീവിക്കുന്ന മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കും സംവരണാനുകൂല്യം നല്‌കാന്‍ നിയമം ഭേദഗതി ചെയ്യണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു. മിശ്രവിവാഹിതരായ പതിനഞ്ചോളം ദമ്പതിമാരെ ചടങ്ങില്‍ ആദരിച്ചു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശിവരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.വി. സന്തോഷ്‌ പാഠപുസ്‌തകങ്ങള്‍ പരിചയപ്പെടുത്തി. പി.പി. ഗോപാലകൃഷ്‌ണന്‍, ടി.ടി. ജോസഫ്‌, കെ.പി. ഏലിയാസ്‌, സി.എസ്‌. ശ്രീജിത്ത്‌, ടി. നാണു, ഇ.എ. രാജപ്പന്‍, സി.കെ. അബ്ദുള്ളക്കുട്ടി, കല്ലങ്കോടന്‍ കുഞ്ഞീദ്‌, എം.ടി. ഔസേപ്പ്‌, ഇ.ഡി. വെങ്കിടേശന്‍, കെ.കെ. രാമകൃഷ്‌ണന്‍, പി.കെ. വിജയ ബേബി, ആന്റണി ജോര്‍ജ്‌, പി.ആര്‍. ശങ്കരനാരായണന്‍, ഒ.കെ. പീറ്റര്‍, പി.സി. ജോണ്‍, സി. ജയരാജന്‍, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.


*വിവാദ സാമൂഹ്യപാഠവുമായി ബദ്ധപെട്ട ഒരു ചര്‍ച്ച ഇവിടെ।



.




Wednesday, July 2, 2008

100 വികസന സംവാദങ്ങള്‍

മാരാരിക്കുളം: ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായി മാരാരിക്കുളം തെക്ക്‌ പഞ്ചായത്തില്‍ 100 സംവാദങ്ങള്‍ നടത്തുന്നു. സംഘാടക സമിതി രൂപവത്‌കരിച്ചു. ടി.എസ്‌. ജോയി അധ്യക്ഷത വഹിച്ചു.


സ്വാഗതസംഘം ഓഫീസ്‌

മുഹമ്മ: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ സ്വാഗതസംഘം ഓഫീസ്‌ മുഹമ്മ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ. ഭാസ്‌കരന്‍ ഉദ്‌ഘാടനം ചെയ്‌തു. വിമല്‍റോയ്‌ അധ്യക്ഷതവഹിച്ചു.

വനിതാനയം: പരിഷത്ത്‌ ചര്‍ച്ച നടത്തി

മലപ്പുറം: ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വനിതാനയത്തിന്റെ കരടുരേഖ ചര്‍ച്ച ചെയ്‌തു.

പരിഷത്‌ ഭവനില്‍ നടന്ന പരിപാടിയില്‍ വൈസ്‌ പ്രസിഡന്റ്‌ ടി.കെ. വിമല അധ്യക്ഷത വഹിച്ചു. ഇ. വിലാസിനി, വി. രാജലക്ഷ്‌മി, കെ.എം. മല്ലിക, എസ്‌. കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, July 1, 2008

ചര്‍ച്ച നടത്തി

തിരുവനന്തപുരം-കിഴുവിലം: 'ഏഴാം ക്ലാസ്സിലെ പാഠപുസ്‌തകത്തിലെ വിവാദങ്ങള്‍ -നേരും നുണയും' എന്ന വിഷയത്തില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കിഴുവിലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതു ചര്‍ച്ച നടന്നു. ചര്‍ച്ച ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌. കണ്ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അനില്‍ നാരായണരു വിഷയാവതരണം നടത്തി. ഗിരിജ മോഡറേറ്ററായിരുന്നു. രാജേന്ദ്രന്‍നായര്‍, ജെ. ശശി, ഡി. സുചിത്രന്‍, പ്രഭാകരക്കുറുപ്പ്‌, ഖാലിദ്‌, സുരേലാല്‍, സുഭാഷ്‌ ചന്ദ്രബോസ്‌ എന്നിവര്‍ സംസാരിച്ചു.

മതപുസ്‌തകങ്ങളിലെ വിമര്‍ശനങ്ങളുടെ ചെറുശതമാനംപോലും വിവാദ പാഠപുസ്‌തകത്തിലില്ല -എം.വി. ബെന്നി

കൊച്ചി: മതനേതാക്കള്‍ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളില്‍, മതനിരപേക്ഷത തകര്‍ക്കുന്ന തരത്തില്‍ വരുന്ന വിമര്‍ശനങ്ങളുടെ ചെറിയൊരു ശതമാനംപോലും ഏഴാംക്ലാസിലെ പാഠപുസ്‌തകത്തിലില്ലെന്ന്‌ എം.വി. ബെന്നി പറഞ്ഞു.

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 'പാഠപുസ്‌തക വിവാദം-ശരിയും തെറ്റും' എന്ന വിഷയത്തില്‍ നടത്തിയ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമൂല്യങ്ങള്‍ക്ക്‌ നിരക്കുന്ന രീതിയില്‍ ജീവിക്കുന്നവര്‍ വേണം മതമൂല്യങ്ങളെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും അഭിപ്രായം പറയാന്‍. പുരോഹിതന്മാര്‍ക്ക്‌ ഇഷ്ടമല്ലാത്ത എന്തിനേയും നിരീശ്വരവാദം എന്നുപറഞ്ഞ്‌ എതിര്‍ക്കുന്നത്‌ ശരിയല്ല.

ഇപ്പോള്‍ നടക്കുന്നത്‌ പാഠ്യപദ്ധതിയിലെ വിവാദമല്ല, മറിച്ച്‌ പാഠ്യപദ്ധതിയെ ആസ്‌പദമാക്കി 'നിര്‍മിച്ച' വിവാദമാണ്‌. മതവികാരത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമായാണിത്‌. തെരുവ ഗുണ്ടായിസത്തിലൂടെ തമ്മില്‍ തല്ലി ജയിക്കുന്നവര്‍ തീരുമാനികേണ്ട കാര്യമല്ല പാഠപുസ്‌തക വിവാദം -അദ്ദേഹം പറഞ്ഞു.

ജാതിയും മതവും ഇല്ലാതെ രാജ്യത്ത്‌ ജീവിക്കാനാകുമെന്ന്‌ വ്യക്തമാക്കുന്ന ഏഴാംക്ലാസ്‌ പാഠപുസ്‌തകത്തിലെ ഭാഗം വലിയ വിവാദമാക്കേണ്ട കാര്യമല്ലന്നും എം.വി. ബെന്നി അഭിപ്രായപ്പെട്ടു.

പരിഷത്ത്‌ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. പി.ആര്‍. രാഘവന്‍, ജോജി കുട്ടുമ്മേല്‍, കെ.കെ. ഭാസ്‌കരന്‍, എന്‍.യു. മാത്യു, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.