അമ്മയും നന്മയും ഒന്നാണ്,
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്ത ജീവിതപാതയില്‍
ഒറ്റയല്ലഒറ്റയല്ല ഒറ്റയല്ല ...."
പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു
മറ്റൊരു കേരളത്തിനായ്
വിപുലമായ വികസന കാമ്പയിന്‍ സംഘടിപ്പിക്കും
മീനങ്ങാടി : 'വേണം മറ്റൊരു കേരളം' എന്ന പേരില്‍ വിപുലമായമായൊരു വികസന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനിച്ചു. കേരളത്തില്‍ ഇന്നു പ്രചരിച്ചു വരുന്ന വികസന നിലപാടും പ്രവര്‍ത്തനങ്ങളും, സംസ്ഥാനം നേരിടുന്ന ഉദ്പ്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയങ്ങള്‍, മാഫിയാവത്കരണം, പ്രകൃതി വിഭവധൂര്‍ത്ത് എന്നിവയൊന്നും പരിഹരിക്കാന്‍ സഹായകമല്ല. മാത്രമല്ല ഇന്നത്തെ രീതി ജീവിത സംഘര്‍ഷങ്ങളും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതുമാണ്. വികസനത്തെ സാമ്പത്തിക വളര്‍ച്ചാനിരക്കുമായി മാത്രം ബന്ധപ്പെടുത്തി നേട്ട കോട്ടങ്ങള്‍ കണക്കാക്കുന്നതിന് പകരം ജനങ്ങളുടെ മൊത്തത്തിലുള്ള സാമൂഹ്യ സാംസ്കാരിക പ്രക്രിയായി കാണണമെന്ന് പരിഷത്ത് കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.
കേരളത്തിലെ മണ്ണും സംസ്കാരവും വലിയതോതില്‍ കടന്നാക്രമിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുകയാണ്. ഇന്നത്തെ നവലിബറല്‍ നയങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം വര്‍ധിപ്പിക്കുന്നു. പുറം വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്നതും ഉപഭോഗത്തിലും ഊഹക്കച്ചവടത്തിലും ഊന്നുന്നതുമായ ഇന്നത്തെ വികസന സമീപനം സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളെയും അധ്വാനശേഷിയേയും ശാസ്ത്രീയമായി വികസിപ്പിക്കുകയോ വിന്യസിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തുകയാണ് പരിഷത്ത് കാമ്പയിന്റെ മുഖ്യലക്ഷ്യം.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നതാണ് വികസന കാമ്പയിന്റെ ഒന്നാം ഘട്ടം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 31ന് തൃശൂരില്‍ നടക്കും. കേരളപ്പിറവി ദിനത്തില്‍ പരിഷത്തിന്റെ 136 മേഖലാതലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗൃഹസന്ദര്‍ശനം, പ്രാദേശിക വികസന പ്രശ്നങ്ങള്‍ കണ്ടെത്തല്‍, പ്രശ്നപഠനം, ജനകീയ ഇടപെടല്‍, ശാസ്ത്രപുസ്തക- മാസികാ പ്രചരണം, പ്രാദേശിക ജാഥകള്‍, വീട്ടുമുറ്റക്ലാസുകള്‍, കലാജാഥ എന്നിയൊക്കെ ഇക്കാലയളവില്‍ നടത്തും.
സംസ്ഥാന പദയാത്ര: വികസന കാമ്പയിന്റെ ഭാഗമായി 2012 ജനുവരിയില്‍ സംസ്ഥാനതലത്തിലുള്ള പദയാത്ര സംഘടിപ്പിക്കും. വളരെ വിപുലമായ രണ്ടു കാല്‍നട പ്രചരണ ജാഥകളാണ് നടത്തുന്നത്. കാസര്‍ക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നാരംഭിച്ച് എറണാകുളത്തു സമാപിക്കുന്നതായിരിക്കും പദയാത്ര. കേരളത്തിന്റെ ഇന്നത്തെ പോക്ക് ശരിയല്ലെന്ന് കരുതുന്ന എല്ലാ കലാ-സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകരേയും ഈ കാമ്പയിനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും.
സെപ്തംബര്‍ മൂന്നു മുതല്‍ മൂന്നു ദിവസമായി നടന്നുവന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. വികസന കാമ്പയിന്റെ ആസൂത്രണം, ശാസ്ത്രപ്രചരണം സംബന്ധിച്ച ക്ലാസ്, സംഘടനാ അവലോകനം, ശാസ്ത്രത്തിന്റെ സാമൂഹ്യ ധര്‍മം എന്ന ജെ ഡി ബര്‍ണാലിന്റെ ഗ്രന്ഥത്തെ പരിചയപ്പെടുത്തല്‍ എന്നിവയെല്ലാം ക്യാമ്പില്‍ നടക്കുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രൊ കെ പാപ്പുട്ടി, ഡോ എം പി പരമേശ്വരന്‍, ഡോ കെ എന്‍ ഗണേഷ്, ടി ഗംഗാധരന്‍, പ്രൊ ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ക്യാമ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കെ ടി രാധാകൃഷ്ണന്‍ ടി പി ശ്രീശങ്കര്‍
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി