Thursday, January 5, 2012

ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ്

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡൻസ് ഓഫ് നോളജ് അൻഡ് ഹ്യൂമൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായിൽ ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന ബാലശാസ്ത്രകോൺഗ്രസ് മാതൃകയിലാണ് യു എ ഇ-യിലും സംഘടിപ്പിക്കുന്നത്.


12-17 വയസ് പ്രായമുള്ള കുട്ടികളിലെ അന്വേഷണത്വരയും സർഗശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുക എന്ന ലക്ഷ്യത്തിലാണ് ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളുകളിലെയും പത്തോളം വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം- മാലിന്യ നിർമാർജനത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുകൾ സമർപ്പിക്കും. പ്രോജക്ടുകൾ ചെയ്യേണ്ട രീതികളെക്കുറിച്ചു കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകും.

ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ശാസ്ത്രത്തിന്റെ വഴിയിലൂടെ കുട്ടികളെ നയിക്കാൻ പ്രേരിപ്പിക്കുന്ന ബാല ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വർക് ഷോപ് ജനുവരി 14നു ദുബായ് മുനിസിപ്പാലിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. തദവസരത്തിൽ ബാലശാസ്ത്ര കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബായ് എന്‍‌വയോൺ‌മെന്റ് ഡിപാർട്മെന്റ് ഡയറക്ടർ ഹംദാന്‍ ഖലീഫ അൽ ഷേര്‍ നിർവഹിക്കും. ഡോ.ഹരാരി, ഡോ. ആർ വി ജി മേനോൻ, ഡോ.അബ്ദുല്‍ ഖാദര്‍, ഡോ കെ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. ശ്രീ. കെ കെ കൃഷ്ണകുമാറാണ് വർൿഷോപ് ഡയറക്ടർ. വർക്ഷോപ്പിനു ശേഷം കുട്ടികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ തെരഞ്ഞെടുത്ത് പഠനങ്ങൾ നടത്താം. അതിന്റെ സിനോപ്സുകളിൽ നിന്നും ഏറ്റവും മികച്ച 10 പ്രോജക്ടുകൾ തെരഞ്ഞെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. എല്ലാ വർഷവും വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രോജക്ടുകൾ കണ്ടെത്താനും കുട്ടികളിലെ ശാസ്ത്ര നിരീക്ഷണ ത്വര വളർത്താനും ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കും.

മലയാളികളടക്കം നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഗൾഫ് മേഖലകളിൽ പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ അന്തരീക്ഷമല്ല അവിടത്തേത്. സി ബി എസ് ഇ പോലുള്ള പരിഷ്കരിച്ച സിലബസുകളിലാണ് പഠനപ്രക്രിയയെങ്കിലും ചുറ്റുപാടുകളിൽ നിന്നും പഠിക്കാനുള്ള ഒരു അന്തരീക്ഷം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. അത്തരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കെത്തിക്കാനുള്ള ദൌത്യവുമായാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സംരംഭത്തിനു നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ യു എ ഇയിലെ മറ്റ് എമിറേറ്റുകളിലെ സ്കൂളുകളിൽ കൂടി വ്യാപിപ്പിച്ചുകൊണ്ട് വിപുലമാക്കാനാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ഉദ്ദേശിക്കുന്നത്..

2012 ജനുവരി 14, ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ വര്‍ക്‍ഷോപ്പ് നടക്കുന്ന ദുബായ് മുനിസിപ്പാലിറ്റി ക്ലബ്ബ്/ട്രെയിനിംഗ് സെന്ററിന്റെ ലൊക്കേഷന്‍ മാപ്പ് താഴെഃ

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക