Showing posts with label സാംസ്‌കാരികോത്സവം. Show all posts
Showing posts with label സാംസ്‌കാരികോത്സവം. Show all posts

Sunday, November 16, 2008

വനിതാസംഗമം

മലപ്പുറം-പൂക്കോട്ടുംപാടം: തീവ്രവാദത്തെയും വിഘടനവാദത്തെയും പ്രതിരോധിക്കണമെങ്കില്‍ സ്‌ത്രീ സ്‌ത്രീയായി നിലകൊള്ളണമെന്ന്‌ സംസ്ഥാന വനിതാകമ്മീഷന്‍ അംഗം പി.കെ. സൈനബ പറഞ്ഞു.
അമരമ്പലം പഞ്ചായത്ത്‌ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ നടന്ന സംഗമത്തില്‍ അമരമ്പലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. സുജാത അധ്യക്ഷത വഹിച്ചു. പി. അനു, അഡ്വ. സ്വപ്‌ന, ഒ. ഗംഗാദേവി, ബേബി കളരിക്കല്‍, രത്‌നാഗോപി, കെ.പി. കാര്‍ത്യായനി, കേമ്പില്‍ രാധ, പങ്കജം എന്നിവര്‍ പ്രസംഗിച്ചു.


റോഡ്‌ സുരക്ഷാ ക്ലാസ്സ്‌
ചുങ്കത്തറ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും എം.പി.എം.ഹൈസ്‌കൂള്‍ സാമൂഹിക ശാസ്‌ത്ര ക്ലബ്ബിന്റെ സഹകരണത്തോടെ റോഡ്‌ സുരക്ഷാക്ലാസ്‌ സംഘടിപ്പിച്ചു. നിലമ്പൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ജിജോ നേതൃത്വം നല്‍കി. കെ.അരുണ്‍കുമാര്‍, വൈഷ്‌ണവി, വി.പി.വേലായുധന്‍, പി.പി.അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

നിയമബോധവത്‌കരണ ക്ലാസ്‌
ചുങ്കത്തറ: കേരളശാസ്‌ത്ര സാഹിത്യ പരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും നിയമബോധവത്‌കരണ ക്ലാസ്സ്‌ നടത്തി. രാജീവ്‌ തോമസ്‌ അധ്യക്ഷതവഹിച്ചു. അഡ്വ.കെ.കെ.രാധാകൃഷ്‌ണന്‍ ക്ലാസ്‌ എടുത്തു. കെ.സി.മുരളീധരന്‍, ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.



സാംസ്‌കാരികോത്സവം
വടകര: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വടകരയില്‍ സംഘടിപ്പിച്ച ശാസ്‌ത്ര-സാംസ്‌കാരികോത്സവം ഡോ. ആര്‍.വി.ജി. മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുറന്തോടത്ത്‌ സുകുമാരന്‍, കായക്കണ്ടി വിനോദന്‍, ടി.എം. കണാരന്‍ എന്നിവര്‍ സംസാരിച്ചു. എടയത്ത്‌ ശ്രീധരന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

Thursday, November 13, 2008

സാംസ്‌കാരികോത്സവം സമാപിച്ചു

കാസര്‍കോഡ്-ചെറുവത്തൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരികോത്സവം സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ കാരണവക്കൂട്ടം, കലാജാഥ, പ്രഭാഷണങ്ങള്‍, വനിതാ സംഗമം, യുവസംഗമം, പച്ചക്കറി ഉല്‌പന്നങ്ങളുടെ സാധ്യതകളെക്കുറിച്ച്‌ ക്ലാസ്‌, സിനിമാ പ്രദര്‍ശനം, തെരുവ്‌ നാടകം എന്നിവ സംഘടിപ്പിച്ചു.

സമാപന സമ്മേളനം ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂളില്‍ സംസ്ഥാന സെക്രട്ടറി സി.പി.സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.കണ്ണന്‍ അധ്യക്ഷനായി. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരിഷത്ത്‌വാര്‍ത്ത ജില്ലാ സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍ പ്രകാശനം ചെയ്‌തു. കെ.പ്രേംരാജ്‌ സ്വാഗതവും ഒ.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Monday, November 10, 2008

ദൃശ്യോത്സവം' ഇന്ന്‌ തുടങ്ങും

മലപ്പുറം-താനൂര്‍: താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിലുള്ള ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പുത്തന്‍തെരു നായനാര്‍ സ്‌മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന 'ദൃശ്യോത്സവം' തിങ്കളാഴ്‌ച തുടങ്ങും.

ഗ്രന്ഥാലയ പരിസരത്ത്‌ വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന സിനിമാപ്രദര്‍ശനങ്ങളുടെയും ചര്‍ച്ചകളുടെയും ഉദ്‌ഘാടനം എം.എം. സചീന്ദ്രന്‍ നിര്‍വഹിക്കും. ചാര്‍ലി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസ്‌' ഉദ്‌ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തകരച്ചെണ്ട, നൈറ്റ്‌ ഫേ്‌ളാഗ്‌, പാന്‍ഡ്‌ ലാബ്രിന്ത്‌, വൈറ്റ്‌ ബലൂണ്‍, സിനിമാ പാരഡൈസോം എന്നിവ പ്രദര്‍ശിപ്പിക്കും.

Thursday, October 30, 2008

ആണവക്കരാര്‍ ഊര്‍ജ സുരക്ഷയ്‌ക്ക്‌ പര്യാപ്‌തമാകില്ല

എടപ്പാള്‍: ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജക്കമ്മിക്ക്‌ പരിഹാരമാണെന്ന പ്രചാരണം നുണയാണെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ സുഹൃദ്‌രാജ്യമാകാനും സഖ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കരാര്‍വേണോ എന്ന്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആണവക്കരാറും ഊര്‍ജ്ജസുരക്ഷയും എന്ന വിഷയമവതരിപ്പിച്ച ഡോ. ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പദ്‌മനാഭന്‍ ഉദ്‌ഘാടനം ചെയ്‌ത സെമിനാറില്‍ യൂത്ത്‌ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാപ്രസിഡന്റ്‌ പി. ഇഫ്‌ത്തിക്കാറുദ്ദീന്‍, പി.പി. വാസുദേവന്‍, ജിജി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. പരിഷത്ത്‌ ജില്ലാപ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു

Saturday, October 25, 2008

വനിതാസംഗമം

തൊട്ടില്‌പാലം: ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായ വനിതാസംഗമം കെ.കെ. ലതിക എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിസിലി കരിമ്പാച്ചേരി അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ ജില്ലാ ജോയന്റ്‌ സെക്രട്ടറി പ്രസാദ്‌, ഐ.പി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 30, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം മാനന്തവാടിയില്‍

മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഒക്ടോബര്‍ 13 ന്‌ മാനന്തവാടിയില്‍ നടക്കും. യുവകവി മോഹനകൃഷ്‌ണന്‍ കാടലി ഉദ്‌ഘാടനം ചെയ്യും.

ആഗോളീകരണത്തിന്റെയും വര്‍ഗീയതയുടെയും അതിരുകടന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക സമൂഹങ്ങളെ ബലമുള്ളതാക്കുകയെന്നതാണ്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുസമൂഹത്തെ പകുത്തെടുക്കുന്ന കമ്പോളത്തിനും മതസാമുദായികതയ്‌ക്കുമെതിരെ പ്രാദേശിക ചെറുത്തു നില്‍പ്പ്‌ വളര്‍ത്തിയെടുക്കാനും ഇത്‌ ഉന്നമിടുന്നു. ഓരോ പ്രാദേശിക തനിമകളോടും ചേര്‍ന്നു നില്‍ക്കുന്ന ജീവിതശൈലികള്‍ വസ്‌ത്രധാരണ രീതികള്‍, കളികള്‍, സംഗീതം എന്നിവയെല്ലാം അധിനിവേശങ്ങളുടെ ഫലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പരിഷത്ത്‌ വിലയിരുത്തുന്നു.

ശാസ്‌ത്ര- സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ ബാലോത്സവം. യുവസംഗമം, പ്രാദേശിക സംവാദങ്ങള്‍, പ്രഭാഷണം, ചര്‍ച്ചകള്‍, മതനിരപേക്ഷ വിദ്യാഭ്യാസ കൂട്ടായ്‌മ, ഭൗമശാസ്‌ത്ര കോണ്‍ഗ്രസ്‌, പുസ്‌തകചര്‍ച്ച, കവിയരങ്ങ്‌, നക്ഷത്ര നിരീക്ഷണം, വനിതകളുടെ സാംസ്‌കാരിക കൂട്ടായ്‌മ എന്നിവ നടത്തും. നവംബര്‍ രണ്ടാം വാരം ചൂട്ടക്കടവില്‍ ഗ്രാമോത്സവവും സംഘടിപ്പിക്കും. സംഘാടക സമിതി രൂപവത്‌കരിച്ചു. ചെയര്‍മാനായി കെ.എം.വര്‍ക്കിയെയും വൈസ്‌ചെയര്‍മാന്മാരായി എ.എം.സത്യന്‍, പി.വി.വിജയകുമാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനര്‍ ആയി പി.സുരേഷ്‌ബാബുവിനെയും ജോയന്റ്‌ കണ്‍വീനര്‍മാരായി കെ.ടി.വിനു, ടി.മനോജ്‌ എന്നിവരെയും തിരഞ്ഞെടുത്തു. ഗിരിജാ ബാലകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. പി.വി.സന്തോഷ്‌, വി.കെ.മനോജ്‌, ബാബുഫിലിപ്പ്‌, മാര്‍ട്ടിന്‍, സുധീഷ്‌, അജയ്‌കുമാര്‍, കെ.വി.രാജു, വി.കെ.തുളസീദാസ്‌, റോയിസണ്‍ പിലാക്കാവ്‌, വി.പി.ബാലചന്ദ്രന്‍, കെ.കെ.സുരേഷ്‌എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 9, 2008

സ്വാശ്രയ വിദ്യാഭ്യാസത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അനുകൂലിക്കുന്നുവെന്ന പ്രചാരണം തെറ്റ്

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വാര്‍ത്തകള്‍

(മാതൃഭൂമി)
പുതിയ വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപംനല്‍കും -ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌
ചേര്‍ത്തല: സമഗ്രമായ പുതിയൊരു വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപംനല്‍കാനും നവ ലിബറല്‍ ആശയങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രാദേശികമായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്താന്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കാനും മുഹമ്മയില്‍ ചേര്‍ന്ന കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ തീരുമാനിച്ചു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗത്ത്‌ കഴിഞ്ഞ ദശകങ്ങളിലുണ്ടായ മാറ്റങ്ങളും വിലയിരുത്തിക്കൊണ്ടാണ്‌ വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപം നല്‍കുന്നത്‌. കേരളത്തില്‍ വിദ്യാഭ്യാസം കച്ചവടവത്‌കരിക്കാനും വര്‍ഗീയവത്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ഏറെ ശക്തമാണ്‌. ഇതര ജാതി-മതങ്ങളില്‍പ്പെട്ട സമപ്രായക്കാരോട്‌ സംസാരിക്കാന്‍പോലും വിദ്യാര്‍ഥികള്‍ക്ക്‌ ഇടനല്‍കാതെയാണ്‌ ജാതി-മത കക്ഷികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഗുണഭോക്താക്കള്‍തന്നെ വിദ്യാഭ്യാസത്തിന്റെ ചെലവ്‌ വഹിക്കണമെന്ന ലോകബാങ്ക്‌ ആശയമാണ്‌ സ്വാശ്രയ കോളേജുകളിലൂടെ നടപ്പാക്കുന്നതെന്ന്‌ ക്യാമ്പ്‌ വിലയിരുത്തി.

തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ്‌ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്‌. ഒപ്പം ശാസ്‌ത്ര ക്ലാസുകള്‍, പുസ്‌തകപ്രചാരണം, പ്രദര്‍ശനങ്ങള്‍ എന്നിവയും നടത്തും. നാടന്‍കലകള്‍, നാട്ടിലെ ഉത്‌പന്നങ്ങള്‍, കളികള്‍, കരകൗശല വിദ്യകള്‍, സാങ്കേതിക സംരംഭങ്ങള്‍, പണിയായുധങ്ങള്‍, ഭക്ഷണരീതി എന്നിവയിലെ വൈവിധ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കാലികമായ പരിഷ്‌കരണ സാധ്യതകള്‍ ആരായുകയും സംരക്ഷിക്കുകയും ചെയ്യും. 2008 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്‌ ശാസ്‌ത്ര-സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്‌.

സ്വാശ്രയ വിദ്യാഭ്യാസത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അനുകൂലിക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണ്‌. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ചര്‍ച്ചാരേഖ സമൂലമായ മാറ്റങ്ങള്‍വരുത്തി പരിഷ്‌കരിക്കണമെന്നതാണ്‌ പരിഷത്തിന്റെ അഭിപ്രായം. പരിഷത്തിന്റെ പ്രതികരണം അടുത്ത ദിവസംതന്നെ സമര്‍പ്പിക്കും.

ബീഹാര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളും സംഘടനകളും ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന്‌ ക്യാമ്പ്‌ അഭ്യര്‍ഥിച്ചു. മെഡിക്കല്‍ ടീമിനെ അയയ്‌ക്കാനും ഔഷധങ്ങള്‍ സംഭരിക്കാനും സാമ്പത്തിക സമാഹരണം നടത്താനും ക്യാമ്പ്‌ തീരുമാനിച്ചു.

(ദേശാഭിമാനി)

പരിഷത്ത് സാംസ്കാരികോത്സവം സംഘടിപ്പിക്കും

ആലപ്പുഴ: പ്രാദേശികമായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തില്‍ ഒരു മാസത്തെ സാംസ്കാരിക പരിപാടിക്കൊപ്പം ശാസ്ത്ര ക്ളാസും പുസ്തക പ്രചാരണവും പ്രദര്‍ശനവും നടത്തും. മുഹമ്മയില്‍ മൂന്നു ദിവസമായി ചേര്‍ന്ന പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് പരിപാടിക്ക് രൂപം നല്‍കി. പ്രാദേശിക സംസ്കാരങ്ങളെ തകര്‍ത്തും കമ്പോളവല്‍ക്കരിച്ചും ചേക്കേറുന്ന നവലിബറല്‍ നയങ്ങളെ പ്രതിരോധിക്കേണ്ടത് പ്രാദേശിക ഇടപെടല്‍ വഴിയും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചുമാകണമെന്ന് പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി വി വിനോദും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനുള്ള ചില ശക്തികളുടെ ശ്രമം കേരളത്തില്‍ ശക്തമാണ്. ഇതോടൊപ്പം കമ്പോള താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കുന്ന നവലിബറല്‍ കടന്നാക്രമണം കൂടിയാകുമ്പോള്‍ എല്ലാ മൂല്യബോധവും തകരും. ഗുണഭോക്താക്കള്‍തന്നെ വിദ്യാഭ്യാസത്തിന്റെ ചെലവ് വഹിക്കണമെന്ന ലോകബാങ്ക് ആശയമാണ് സ്വാശ്രയ കോളേജുകളിലൂടെ നടപ്പാകുന്നത്. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന് പരിഷത്തിന്റെ പിന്തുണ എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ മാറ്റവും വിലയിരുത്തി സമഗ്രമായ പുതിയ വിദ്യാഭ്യാസ രേഖയ്ക്ക് പരിഷത്ത് രൂപം നല്‍കും. ബിഹാറില്‍ പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കാനും പരിഷത്ത് തീരുമാനിച്ചു.

(മനോരമ)
പുതിയ വിദ്യാഭ്യാസരേഖയ്ക്കു പരിഷത്ത് രൂപം നല്‍കും(മനോരമ)

മുഹമ്മ: കേരളത്തിലെ വിദ്യാഭ്യാസ രംഗം കച്ചവടവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ളശ്രമങ്ങള്‍ മറ്റെന്നത്തെക്കാളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ പുതിയൊരു വിദ്യാഭ്യാസ രേഖയ്ക്കു രൂപം കൊടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രവര്‍ത്തക ക്യാംപ് തീരുമാനിച്ചു. വിദ്യാഭ്യാസ രംഗത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ഉണ്ടായ മാറ്റങ്ങളും വിലയിരുത്തിയായിരിക്കും വിദ്യാഭ്യാസ രേഖ തയാറാക്കുക.

സ്വാശ്രയ വിദ്യാഭ്യാസത്തിനു പരിഷത് എതിരാണ്. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കരടുരേഖ പരിഷ്കരിക്കണമെന്നാണു പരിഷത്തിന്റെ നിലപാട്. നവലിബറല്‍ ആശയങ്ങളുടെ കടന്നാക്രമണത്തിനെതിരെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ശാസ്ത്ര സാംസ്കാരികോല്‍സവം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി വി. വിനോദ് എന്നിവര്‍ പറഞ്ഞു.

-ദേശാ‍ഭിമാനി

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസരേഖ തയ്യാറാക്കും
ആലപ്പുഴ:
വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള വലിയ മാറ്റം കണക്കിലെടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയ വിദ്യാഭ്യാസ രേഖ തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്് പ്രൊഫ.ടി പി കുഞ്ഞിക്കണ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഹമ്മയില്‍ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം കരട് തയ്യാറാക്കി പൊതുചര്‍ച്ചക്ക് നല്‍കും. ക്യാമ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌസിലിന്റെ കരട് രേഖയിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് കൌസില്‍ സെക്രട്ടറി പ്രൊഫ. തോമസ് ജോസഫ് ക്ളാസ് എടുത്തു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വൈവിധ്യവല്‍ക്കരണം, സ്കൂള്‍തല മൂല്യനിര്‍ണയം, സ്കൂള്‍ വിദ്യാഭ്യാസവ്യവസ്ഥയുടെ വികേന്ദ്രീകരണവും ജനാധിപത്യവല്‍ക്കരണവും, പാഠ്യപദ്ധതിയും പാഠപുസ്തകവും എന്നീ വിഷയങ്ങള്‍ യഥാക്രമം ടി പി കലാധരന്‍, പി വി പുരുഷോത്തമന്‍, ടി ഗംഗാധരന്‍, സി മധുസൂതനന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചകളിലെ നിഗമനങ്ങള്‍ ഡോ. കെ എന്‍ ഗണേശ് ക്രോഡീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൌസിലിന്റെ കരട് രേഖയോട് പൊതുവെ യോജിപ്പ് പ്രകടിപ്പിച്ച പ്രതിനിധികള്‍ രേഖ അപര്യാപ്തമാണെന്നും കൂടുതല്‍ സമഗ്രമാക്കണമെന്നും നിര്‍ദേശിച്ചു. അടുത്ത ആറുമാസത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. നവംബറില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ എല്ലാ മേഖലയിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള പ്രാദേശിക കൂട്ടായ്മകളായ ശാസ്ത്ര സാംസ്കാരിക ഉത്സവങ്ങളാണ് പ്രധാന ഭാവി പരിപാടി. പ്രവര്‍ത്തക ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

-മാതൃഭൂമി

മതന്യൂനപക്ഷങ്ങള്‍ക്ക്‌ കച്ചവടക്കണ്ണെന്ന്‌. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ പരിഷത്തിന്റെ പിന്തുണ

മുഹമ്മ (ആലപ്പുഴ): സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പിന്തുണ. കേരളത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ സ്വാശ്രയവിദ്യാഭ്യാസം ഒഴിവാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ്‌ പരിഷത്ത്‌. പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച കരടുനയം സംബന്ധിച്ച ചര്‍ച്ചയിലാണീ നിര്‍ദേശങ്ങള്‍. ഫിബ്രവരിയില്‍ പാലക്കാടു ചേരുന്ന പരിഷത്ത്‌ വാര്‍ഷികസമ്മേളനത്തില്‍ കരടുരേഖ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്തും.

മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനക്യാമ്പ്‌ ചര്‍ച്ച ചെയ്‌തു. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത്‌ ന്യൂനപക്ഷങ്ങളാണ്‌. ഇപ്പോള്‍ അവര്‍ കച്ചവടക്കണ്ണോടെ വിദ്യാഭ്യാസമേഖലയെ ചൂഷണം ചെയ്യുകയാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. യു.ആര്‍. ആനന്ദമൂര്‍ത്തി ചെയര്‍മാനായി തയ്യാറാക്കിയ കരടുരേഖ ചര്‍ച്ചയില്‍ പ്രധാനവിഷയമായി. സ്ഥാപനങ്ങളുടെ ഭരണം, പ്രവേശനം, ഫീസ്‌ പിരിവ്‌ എന്നിവയില്‍ കച്ചവടക്കണ്ണാണ്‌ ഉള്ളതെന്നാണ്‌ കരടുരേഖയിലുള്ളത്‌. നൂനപക്ഷം എന്നതിന്‌ മതം, സാമ്പത്തികം എന്നിവ പരിഗണിച്ച്‌ പ്രത്യേക നിര്‍വചനം വേണമെന്നാണ്‌ പരിക്ഷത്തിന്റെ നിലപാട്‌.

പ്രധാനമായി 12 ഇനവിഷയങ്ങളാണ്‌ സംസ്ഥാനക്യാമ്പ്‌ ഗ്രൂപ്പുചര്‍ച്ചക്കു വച്ചത്‌. കരടുരേഖയിലെ വിഷയങ്ങളിന്മേല്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയില്ല എന്നാണ്‌ ക്യാമ്പ്‌ അംഗങ്ങള്‍ നല്‍കുന്ന വിശദീകരണം. വിഷയങ്ങളോട്‌ പൂര്‍ണമായ യോജിപ്പുണ്ടോ എന്ന ചോദ്യത്തിന്‌ പാലക്കാട്ടെ ക്യാമ്പുകഴിട്ടെ എന്നായി വിശദീകരണം.

കരടുരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ.

വരുന്ന മൂന്നുകൊല്ലത്തിനകം വിദ്യാഭ്യാസത്തിനായി ചെലവാക്കുന്ന സംസ്ഥാന ബജറ്റ്‌ വിഹിതം 30 ശതമാനമായി വര്‍ധിപ്പിക്കണം.

ഗസ്റ്റ്‌, കോണ്‍ട്രാക്ട്‌ അധ്യാപകനിയമം സമ്പ്രദായം നിര്‍ത്തലാക്കണം. ബിരുദതലത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണം. ഗ്രേഡിങ്‌, സെമസ്റ്റര്‍, ക്രെഡിറ്റ്‌, ആന്തരിക തുടര്‍മൂല്യനിര്‍ണയം വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍ എന്നിവ പരിഗണിച്ചുവേണം ഇത്‌.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവരാവകാശനിയമം നടപ്പാക്കണം. സര്‍ക്കാര്‍, എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌ എന്നിവയെ ഭരണപരമായും സ്ഥലപരമായും പരസ്‌പരം വേര്‍പെടുത്തണം.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കോളേജ്‌ ക്ലസ്റ്ററുകള്‍ ആരംഭിക്കണം. സര്‍വകലാശാലകളില്‍ അക്കാദമിക്‌ സ്റ്റാഫ്‌ കോളേജുകള്‍ ആരംഭിക്കണം.

വിദൂര വിദ്യാഭ്യാസം, പ്രൈവറ്റൈസേഷന്‍, തുടര്‍വിദ്യാഭ്യാസം മാത്രമായി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കണം.

ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌ ഏര്‍പ്പെടുത്തണം.

അധ്യാപകനിയമനത്തിനായി കോളേജ്‌ സര്‍വീസ്‌ കമ്മീഷന്‍ രൂപവത്‌കരിക്കണം.

വിദ്യാര്‍ത്ഥിപ്രവേശനത്തിനായി സര്‍വകലാശാലകള്‍ കേന്ദ്രീകൃതസംവിധാനം നടപ്പിലാക്കണം.

സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും പുതുക്കണം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി തോമസ്‌ ജോസഫ്‌ വിഷയം അവതരിപ്പിച്ചു. പരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ജന. സെക്രട്ടറി വി. വിനോദ്‌, സെക്രട്ടറി ശ്രീശങ്കര എന്നിവര്‍ പ്രസംഗിച്ചു.

-കേരളാ കൌമുദി
പാഠപുസ്തകങ്ങള്‍ മെച്ചപ്പെടണം
മാരാരിക്കുളം : ദേശീയ തലത്തിലും കേരളത്തിലും തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകങ്ങള്‍ അവയുടെ മികവുകള്‍ നിലനിറുത്തിക്കൊണ്ട് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അനിതാ റാംപാല്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മുഹമ്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. അനിത. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം കൊടുത്തത് എന്‍. സി. ഇ. ആര്‍.ടി.യാണെങ്കിലും അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയിലുള്ളതാണ്. കുട്ടി എങ്ങനെ പഠിക്കുന്നുവെന്നത് സംബന്ധിച്ച് അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കള്‍ക്കും ഇല്ല. വിദ്യാഭ്യാസം എന്നത് വിജ്ഞാനം കുത്തിനിറയ്ക്കലാണെന്ന് പഴയ ധാരണ കൈവിടാന്‍ പലരും തയ്യാറല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്- ഡോ. അനിതാ റാംപാല്‍ പറഞ്ഞു. പ്രഗത്ഭയായ ഒരു ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുവേണ്ടി ഒരു ചരിത്ര പുസ്തകം ഉണ്ടാക്കുക വെല്ലുവിളിയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പലവിധ അറിവുകളുണ്ട്. ഇത് സംയോജിപ്പിച്ച് വേണം പുസ്തകം നിര്‍മ്മിക്കാന്‍-ഡോ. അനിത പറഞ്ഞു. ചടങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. സി.കെ. ഭാസ്ക്കരന്‍ സ്വാഗതവും പി.വി. വിനോദ് നന്ദിയും പറഞ്ഞു.

-മാതൃഭൂമി
കേരളത്തില്‍ ദേശസ്‌നേഹത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‌കുന്നില്ല -ഡോ. അനിത റാംപാല്‍
മുഹമ്മ (ആലപ്പുഴ): കേരളത്തിലെ പാഠപുസ്‌തകങ്ങളില്‍ ദേശസ്‌നേഹം, ലൈംഗിക വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ മുന്‍തൂക്കം നല്‌കുന്നില്ലെന്ന്‌ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പുമേധാവി ഡോ. അനിതാ റാംപാല്‍. കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ മുഹമ്മയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കുട്ടികളില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടാക്കുന്ന വിദ്യാഭ്യാസമാണ്‌ ഉണ്ടാകേണ്ടത്‌. കുട്ടികള്‍ ജീവിക്കുന്നത്‌ എവിടെയാണ്‌ സമൂഹം എങ്ങിനെയാണ്‌ എന്നൊന്നും അവര്‍ അറിയുന്നില്ല. രസതന്ത്രവും ഭൗതിക ശാസ്‌ത്രവും സാമൂഹ്യപാഠവും കുട്ടികള്‍ക്കറിയാം. പക്ഷേ സമൂഹത്തെ അവര്‍ കാണുന്നില്ല. പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ കേരളത്തിലാണ്‌ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാഠപുസ്‌തകം നിര്‍മിക്കല്‍ എന്നത്‌ വളരെ വിഷമകരമായ കാര്യമാണ്‌. ഓരോ പാഠഭാഗവും 15ഉം 20ഉം തവണ മാറ്റി എഴുതേണ്ടിവരും. കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയാണ്‌ പ്രധാനം. പാഠപുസ്‌തക നിര്‍മാണത്തില്‍ കൂട്ടായ്‌മക്കും പങ്കുണ്ട്‌. 30 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ഇക്കാര്യങ്ങള്‍ തനിക്കു വ്യക്തമായി അറിയാമെന്നും അനിത പറഞ്ഞു. തര്‍ജമയുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വേറെയും. വിദ്യാഭ്യാസകാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികമായി ഇടപെടുന്നത്‌ ശരിയല്ല. വിമര്‍ശനങ്ങള്‍ ഗുണകരമാകണം -അവര്‍ പറഞ്ഞു.

അധ്യാപകര്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ജീവനക്കാരാകുകയല്ല വേണ്ടത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുകയാണ്‌ ചെയ്യേണ്ടത്‌. പഠനത്തില്‍ കുട്ടികള്‍ക്ക്‌ സംശയങ്ങള്‍ ഏറെ ഉണ്ടാകണം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ അധ്യാപകര്‍ക്കു കഴിയണം. സംശയങ്ങള്‍ ഉണ്ടാക്കാനും ചോദ്യങ്ങള്‍ ഉണ്ടാകാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ്‌ യഥാര്‍ത്ഥ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനായി പ്രത്യേക ഭാഷാനയം തന്നെ ഉണ്ടാകണമെന്നും അനിതാ റാംപാല്‍ പറഞ്ഞു. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു.