(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് - അവസാന ഭാഗം)
ആത്മഹത്യ
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്കുള്ള പ്രദേശമാണ് കേരളം. ഒരു ലക്ഷത്തില്‍ 32 പേര്‍ ഒരു വര്‍ഷം ഇവിടെ ആത്മഹത്യചെയ്യുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് കൂടി വരികയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ലക്ഷത്തിന് 28 ആയിരുന്നു. ലോക ശരാശരി ഒരു ലക്ഷത്തിന് 14.5 ഉം ഇന്ത്യന്‍ ശരാശരി 11.2 ഉം ആണ്. ഇന്ത്യന്‍ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ ആത്മഹത്യാനിരക്ക് എന്നതും ശ്രദ്ധേയമാണ്.
യഥാര്‍ത്ഥ ആത്മഹത്യയേക്കാള്‍ ഭീതിദമാണ് കേരളത്തിലെ ആത്മഹത്യ പ്രവണത. ഒരു മണിക്കൂറില്‍ 20 പേരെന്നോണം ആത്മഹത്യക്ക് ശ്രമിക്കുന്ന പ്രദേശമാണത്രെ കേരളം. നാം ഇടപെട്ടുകൊണ്ടിരിക്കുന്നവരില്‍ നല്ലൊരു ഭാഗം ആത്മഹത്യക്കുള്ള മാനസികാവസ്ഥയിലാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് പ്രധാന കാരണം - 22 ശതമാനം. 14 ശതമാനത്തിന്റെ കാരണം കടഭാരമാണ്. മറ്റൊരു 14 ശതമാനം രോഗികളാണ്. 9% മാനസിക വിഭ്രാന്തി മൂലമാണ്. തൊഴിലില്ലായ്മയടക്കം മറ്റ് ഒട്ടേറെ കാര്യങ്ങള്‍ചേര്‍ന്നതാണ് ബാക്കി 41%.
ആത്മഹത്യ ചെയ്യുന്നവരില്‍ 39.2 ശതമാനവും 28 നും 45 നും വയസ്സിനിടയിലുള്ളവരാണ്. 24.4 ശതമാനത്തിന് 50 വയസ്സില്‍ കൂടുതലാണ്. വിദേശങ്ങളില്‍ 60 വയസ്സില്‍ കൂടുതലുള്ള വൃദ്ധരിലാണ് ആത്മഹത്യ കൂടുതലെങ്കില്‍ ഇവിടെ യുവാക്കുളുടെ ജീവനാണ് ബലികഴിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ മൂന്നിരട്ടിയാണ് സ്ത്രീകളിലെ ആത്മഹത്യ. കുടുംബ പീഡന (Domestic violence) മാണത്രെ ഇതിന്റെ പ്രധാന കാരണം. 80% കുടുംബങ്ങളിലും ഏതെങ്കിലും തരത്തില്‍ കുടുംബ പീഡനങ്ങള്‍ ഉണ്ടെന്നാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. കേരളത്തില്‍ മൂന്ന് മിനിറ്റില്‍ ഒരു സ്ത്രീ കടന്നാക്രമിക്കപ്പെടുന്നതായും കണക്കുകള്‍ പറയുന്നു.
മാനസിക രോഗം
മാനസിക രോഗികള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്നു. മാനസ്സിക രോഗം ഒരു പ്രധാന മരണകാരണമല്ലെന്നതിനാല്‍ ഇതിന് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ല. എന്നാല്‍ സമൂഹത്തിന്റെ ഉള്‍ക്കാമ്പും ആള്‍ശേഷിയും ഫലപ്രാപ്തിയുമെല്ലാം ഗണ്യമായി കുറച്ചുകൊണ്ടിരിക്കുന്ന ഒര്‍ പ്രധാന സാമൂഹ്യ പ്രശ്നമായി മാനസ്സികരോഗത്തെ കാണേണ്ടിയിരിക്കുന്നു.കേരളത്തിലെ 50-75% വരെ മാനസ്സിക രോഗികള്‍ ചെറുപ്പക്കാരണ്. ചെറുപ്രായത്തില്‍ തന്നെ നമ്മുടെ ജനങ്ങളില്‍ നല്ലൊരു പങ്ക് മാനസ്സികപ്രശ്നങ്ങള്‍ക്കടിപ്പെടുന്നു. ലോകത്താകെയുള്ള മാനസ്സിക രോഗികളില്‍ 12% ഇന്ത്യയിലാണത്രെ, 4.5 കോടി ജനങ്ങള്‍ ഇവിടെ മാനസ്സിക രോഗികളാണ്. മാനസ്സിക രോഗികളായ പുരുഷന്മാരില്‍ മൂന്നാം സ്ഥാനവും, സ്ത്രീകളില്‍ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. എങ്കിലും ഈ പ്രശ്നത്തിന് മാത്രമായി സര്‍ക്കാര്‍ പണമൊന്നും ചെലവാക്കുന്നില്ല. ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ കുറഞ്ഞതുക ആരോഗ്യ രംഗത്തിനു വേണ്ടി പൊതുവില്‍ മാറ്റിവെച്ചിരിക്കയാണെന്ന് മത്രം.
കേരളത്തില്‍ പി.എച്ച്.സി. കളില്‍ ചികിത്സക്കായി എത്തുന്നവരില്‍ അഞ്ചിലൊന്ന് പേര്‍ മാനസ്സിക പ്രശ്നങ്ങളുള്ളവരെന്ന് പറയുന്നു. ഇവരില്‍ 10% പേര്‍ക്ക് സാധാരണ കാണാറുള്ള വളരെ ചെറിയ പ്രശ്നങ്ങളാണെങ്കില്‍ ഒരു ശതമാനം മാരകമായ രോഗത്തിനടിമകളാണ്. കേരളത്തിലെ നാലിലൊന്ന് വീടുകളില്‍ ഒന്നോ രണ്ടോ മാനസ്സിക രോഗികള്‍ ഉള്ളതായി കണക്കാക്കുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ ജീവിതശൈലിയാക്കിയവരില്‍ നാലില്‍ ഒന്നും മാനസ്സിക രോഗികളാണ്.ഇന്ത്യയില്‍ മൊത്തം ചിലവാകുന്ന മാനസ്സികരോഗ ഔഷധങ്ങളില്‍ മൂന്നിലൊന്നോളം വാങ്ങി കഴിക്കുന്നത് കേരളീയരാണ് എന്നുകൂടി ബോധ്യപ്പെടുമ്പോഴാണ് പ്രശ്നത്തിന്റെ തീവ്രത നമ്മെ വല്ലാതെ വേദനിപ്പിക്കുന്നത്.
റോഡപകടങ്ങള്‍
ഇന്ത്യയില്‍ റോഡപകടങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ദിവസത്തില്‍ ശരാശരി എട്ടു പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. ആയിരങ്ങള്‍ നിത്യരോഗികളാകുന്നു. ധാരാളം കുടുംബങ്ങള്‍ ഇതോടെ അനാഥമാവുകയായി, പലരും നിത്യ ദുരിതത്തിലും കടത്തിലും അകപ്പെടുന്നു. ജീവിതസംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇന്ന് കേരളത്തിലെ റോഡപകടങ്ങള്‍.സംസ്ഥാനത്തെ മരണ കാരണങ്ങളില്‍ മൂന്നാമത്തേതായി റോഡപകടം മാറിയിരിക്കുന്നു. 98% അപകടങ്ങളും അശ്രദ്ധ കൊണ്ടാണെന്നാണ് പറയുന്നത്. അപകടങ്ങളില്‍ കൂടുതലും ഇരുചക്ര വാഹനങ്ങള്‍ക്കാണ്.സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധന, വാഹനം ഓടിക്കുന്നതിലെ വൈദഗ്ധ്യ/ശ്രദ്ധക്കുറവ്, മദ്യപാനം, റോഡുകളുടെ ശോച്യാവസ്ഥ, ആപ്പീസ്സ്/വിദ്യാലയ സമയങ്ങള്‍ ഒന്നാണെന്ന സ്ഥിതി, പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത, വര്‍ദ്ധിച്ച ഉപഭോഗത്വര എന്നിവയെല്ലാം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കാനിടയാക്കുന്നുണ്ട്. വാഹനങ്ങളുടെ പെരുപ്പത്തിനനുസരിച്ച് റോഡുകള്‍ വികസിക്കുകയോ ഗുണനിലവാരം മെച്ചപ്പെടുകയോ ചെയ്യുന്നില്ല. അശ്രദ്ധ കൊണ്ടും, അവഗണന കൊണ്ടും, അഹങ്കാരം കൊണ്ടും ഉണ്ടാകുന്ന ഒരു തരം നരഹത്യകളാണ് റോഡപകടങ്ങള്‍. ഇവിടെയും നഷ്ടപ്പെടുന്നവരില്‍ നല്ലൊരുഭാഗം യുവാക്കള്‍ തന്നെ.
പ്രതിദിനം 2200 ഡ്രൈവിങ് ലൈസന്‍സുകളാണത്രെ കേരളത്തില്‍ നല്‍കുന്നത്. വേണ്ടത്ര പരിശോധനയില്ലതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സും ഇവിടെ സുലഭമാണ്.റോഡിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുക, ട്രാഫിക് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, നിയമം കര്‍ശ്ശനമാക്കുക, ശിക്ഷ ഉറപ്പാക്കുക, കാല്‍നടയാത്രക്കാര്‍ക്കുള്ള സൌകര്യം വര്‍ദ്ധിപ്പിക്കുക, സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക, വൈകീട്ട് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനാലിസിസിന് വിധേയരാക്കുക. മദ്യപാനം ഇല്ലെന്നുറപ്പാക്കുക എന്നിവയൊക്കെ റോഡപകടം കുറയ്ക്കാന്‍ സഹായിക്കും.
സ്വര്‍ണ്ണഭ്രമം.
കേരളത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു സാമൂഹ്യ പ്രശ്നമാണ് സ്വര്‍ണ്ണത്തിനോടുള്ള അമിതാസക്തിയും വര്‍ദ്ധിച്ച തോതിലുള്ള ഉപഭോഗവും. വിവാഹവുമായി ബന്ധപ്പെട്ട്, സ്വര്‍ണ്ണം ഒരു സാമൂഹ്യ പദവി നിര്‍ണ്ണയ ഉപാധിയായി മാറുന്നു. ഇതുണ്ടാക്കുന്ന വിസ്മയവും ഭ്രമവും എല്ലാ വിഭാഗം ജനങ്ങളെയും (ജാതി-മത, ദരിദ്ര-ധനിക ഭേദമന്യേ) സ്വാധീനിച്ചിരിക്കയാണ്. അതുകൊണ്ട് തന്നെ ദരിദ്ര-ഇടത്തരം ജനങ്ങളില്‍ സ്വര്‍ണ്ണം വലിയൊരു കടബാധ്യതയായി മാറുന്നു. ഈ കടബാധ്യതവഴി ജീവിതം കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്ന ഘടകമായും സ്വര്‍ണ്ണം മാറുന്നു.
ഇന്ത്യയില്‍ ആകെ വിറ്റഴിക്കുന്ന സ്വര്‍ണ്ണത്തില്‍ (ആഭരണങ്ങളായും ഉരുപ്പടികളായും) 20% കേരളത്തിലാണ്. അതേപോലെ ലോകത്താകെ ചെലവാകുന്ന സ്വര്‍ണ്ണത്തില്‍ 20% ഇന്ത്യയിലാണ്. അതായത് ലോകത്തില്‍ മൊത്തത്തില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ 4% കൊച്ചു കേരളത്തിലാണ്. 50 വര്‍ഷമായി ഈ നില ഏറെക്കുറെ സ്ഥിരമാണത്രെ.മാറുന്ന സാമ്പത്തില സാഹചര്യത്തില്‍ സ്വര്‍ണ്ണം ഒരു പ്രധാന സമ്പാദ്യ മാര്‍ഗ്ഗമായും കണക്കാക്കുന്നു. തകരുന്ന സാമൂഹ്യസുരക്ഷ/കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ച, അക്ഷയ തൃതീയ പോലുള്ള വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഉപഭോഗം എന്നിവ സ്വര്‍ണ്ണത്തിന്റെ ഡിമാന്റില്‍ ഈയിടെയായി വലിയ വര്‍ദ്ധന ഉണ്ടാക്കുന്നുണ്ട്. ഇടത്തരക്കാരുടെ പ്രധാന സങ്കല്പം തന്നെ ഒരു നല്ല വീട്, കുറെയേറെ ആഭരണം എന്നതാണ്. റിയല്‍ എസ്റ്റേറ്റ് സമ്പാദ്യങ്ങളേക്കാള്‍ എളുപ്പത്തില്‍ പണമാക്കാവുന്നതും, ആവശ്യാനുസരണം വില്‍ക്കാവുന്നതുമാണ് സ്വര്‍ണ്ണം എന്നതും ഇതിന്റെ പ്രചാരം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. അടുത്തിടെയായി ഓഹരി വിലസൂചികയില്‍ വരുന്ന തകര്‍ച്ച സുരക്ഷയുള്ള നിക്ഷേപം എന്ന നിലയിലേക്ക് സ്വര്‍ണ്ണത്തെ മാറ്റിയിട്ടുണ്ട്.
World Gold Council എന്ന സംഘടന ലോകത്തെ സ്വര്‍ണ്ണക്കച്ചവടത്തിന്റെ കണക്കുകള്‍ വര്‍ഷാവര്‍ഷം ലഭ്യമാക്കാറുണ്ട്. Gold Demand Trend എന്നാണ് ഈ റിപ്പോര്‍ട്ട് അറിയുന്നത്. ഇതനുസരിച്ച് 2007 ല്‍ 769 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയില്‍ കച്ചവടം നടന്നത്. ഇതില്‍ 552 ടണ്‍ ആഭരണമായും 217 ടണ്‍ ഉരുപ്പടികളുമായിരുന്നു. 2008 ലെ പൊതുസ്ഥിതി കണക്കിലെടുത്താല്‍ ഏതാണ്ട് 1000 ടണ്‍ സ്വര്‍ണ്ണമെങ്കിലും പ്രചരിക്കേണ്ടതാണ്. ഇതിന്റെ 20% കേരളത്തിലാണെങ്കില്‍ 200 ടണ്‍ എങ്കിലും കേരളത്തില്‍ പ്രചരിച്ചിട്ടുണ്ടാകും. ഗ്രാമിന് ശരാശരി 1000 രൂപ കണക്കാക്കിയാല്‍ ഇത് 20,000 കോടി രൂപയുടെ കച്ചവടമായിട്ടുണ്ടാകും. കേരളത്തില്‍ ഏതാണ്ട് 5000 സ്വര്‍ണ്ണക്കടകള്‍ ഉള്ളതായി കണക്കാക്കുന്നു.നിത്യേനയുള്ള യാത്രയില്‍ കൂടുതല്‍ ആഭരണം ധരിക്കുന്നത് ഇപ്പോള്‍ കുറഞ്ഞു വരുന്നതായാണ് അനുഭവം. അന്യ പ്രദേശങ്ങളില്‍ ജോലിചെയ്യുന്നവരാകട്ടെ അവിടേക്ക് ആഭരണം കൊണ്ടുപോകുന്നുമില്ല. അതുകൊണ്ടു തന്നെ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതലായും ബാങ്ക് ലോക്കറുകളില്‍ വിശ്രമിക്കുകയാണ്. കേരളത്തിലെ ഉല്പാദന/തൊഴില്‍ രംഗങ്ങളുടെ വികസനത്തിന് ഉപയോഗിക്കാമായിരുന്ന കോടിക്കണക്കിന് രൂപ ഈ 'മഞ്ഞലോഹ' രൂപത്തില്‍ ഉറക്കത്തിലാണ്. മറുഭാഗത്താകട്ടെ ഇതു കൊണ്ടുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, കടം, ജീവിത സംഘര്‍ഷങ്ങള്‍ എന്നിവ കൂടിക്കൊണ്ടിരിക്കുകയുമാണ്.
ഭൂപ്രശ്നം
ഭൂമി ഇന്ന് കേരളത്തിലെ ഒരു സംഘര്‍ഷ മേഖലയാണ്. ഉല്പാദന/ഉപജീവന ഉപാധി എന്നതിലുപരി ഒരു ഊഹക്കച്ചവട ഉപാധിയായി ഭൂമി മാറിക്കഴിഞ്ഞു. സാധാരണ ജനങ്ങളുടെ വാസസ്ഥലം, കൃഷിസ്ഥലം, കളിസ്ഥലം എന്നീ നിലകളില്‍ നിന്നെല്ലാം മാറി ഒരുപിടി ആള്‍ക്കാരുടെ കച്ചവട സ്ഥലമായി ഭൂമി മാറുന്നു. ഈ മാറ്റത്തിന്റെ ഭാഗമായി നിര്‍ബന്ധിത പുറംതള്ളല്‍, തൊഴിലില്ലായ്മ, വരുമാനക്കുറവ്, ഭക്ഷ്യലഭ്യതക്കുറവ്, മാനസ്സികപ്രയാസങ്ങള്‍ എല്ലാം ഈട്ടം കൂടിവരുന്നു. ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ കേരളത്തില്‍ വിവിധ തലങ്ങളിലേക്കെത്തിയിരിക്കയാണ്. തോട്ടവിള കൃഷിയുടെ വ്യാപനം നഗര മാതൃകയിലുള്ള വളര്‍ച്ച എന്നിവയൊക്കെ കൂടിവരികയാണ്.
എന്തും വിറ്റ് കാശാക്കുന്ന പ്രാകൃത രീതിയാണ് ശക്തിപ്പെടുന്നത്. ഈ നീക്കത്തിന്റെ പ്രധാന ഇരകളാകുന്നതാകട്ടെ, മണ്ണും മനുഷ്യനും പ്രകൃതി വിഭവങ്ങളുമാണ്. ഇവിടുത്തെ മണ്ണ്, കല്ല്, പാറ, മണല്‍, വെള്ളം, കാട് എന്നിവയെല്ലാം കൈയ്യേറിക്കൊണ്ടിരിക്കുകയോ വന്‍തോതില്‍ സംഭരിച്ച് വില്‍ക്കുകയോ ചെയ്യുന്നു. ഇത് വികസന പ്രക്രിയയേയും പ്രകൃതിയുടെ സന്തുലനത്തേയും ദുര്‍ബ്ബലപ്പെടുത്തും. അടിത്തറ തകര്‍ക്കുന്ന ഈ വികസന രീതി സുസ്ഥിര വികസനത്തിന് നേരെ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.ഭൂമാഫിയയുടെ നീരാളിപ്പിടുത്തം എല്ലാ രംഗത്തും ശക്തിപ്പെടുകയാണ്. മാഫിയയുടെ പിടിയില്‍ നിന്നും, കച്ചവട താല്പര്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഭൂവിനിയോഗ രീതിയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് സഹായിക്കുന്ന സമഗ്രമായ ഭൂവിനിയോഗ നിയമം അത്യാവശ്യമായിരിക്കുന്നു.
ഭൂമി ആത്യന്തികമായി ആരുടെയും സ്വകാര്യ സ്വത്തല്ല. ഭൂമിയുടെ ഉടമസ്ഥത എന്നത് തികച്ചും താല്‍ക്കാലികമാണ്. നോക്കി നടത്തിപ്പിനും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. ഭൂവുടമസ്ഥത എവിടെയും എന്തും എങ്ങിനെയും ചെയ്തുകൂട്ടാനുള്ള അവകാശമല്ല. അതുകൊണ്ടു തന്നെ പാടം നികത്താനോ, മണ്ണ് അമിതമായി കുഴിച്ചെടുക്കാനോ, വന്‍ കെട്ടിടങ്ങള്‍ പണിയാനോ, ഉപയോഗിക്കാതെ കാടുപിടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ ഒന്നും ആര്‍ക്കും അവകാശമില്ലെന്നത് ഭൂവിനിയോഗ നിയമം വഴി ഉറപ്പാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയായാലും, വീടായാലും ഗുണഭോക്താക്കള്‍ക്ക് ഇഷ്ടംപോലെ വില്‍ക്കാനോ കൈമാറാനോ അവകാശം ഉണ്ടാകരുത്. കൃഷിചെയ്യാനും, താമസിക്കാനും പരിപാലിക്കാനും ഉപയോഗിക്കാനും മാത്രമെ പാടുള്ളൂ. ഭൂമി മനുഷ്യന്‍ ഉണ്ടാക്കിയതല്ല. വരും തലമുറക്ക് ഭൂമിയും അതിലെ വിഭവങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.
മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍
മുകളില്‍ പറഞ്ഞവയോടൊപ്പം പരിശോധിക്കേണ്ട മറ്റ് ചില സാമൂഹ്യപ്രശ്നങ്ങളുമിണ്ട്. വര്‍ഗ്ഗീയത, മതവല്‍ക്കരണം, ഉപഭോഗത്വര, രാഷ്ട്രീയത്തിലെ ക്രിമിനലീകരണം, അഴിമതി എന്നിങ്ങനെ നീണ്ടൊരു പട്ടികതന്നെ ഇതില്‍പ്പെടും. ഈ പ്രശ്നങ്ങള്‍ പലയിടത്തായി ചര്‍ച്ച ചെയ്യുന്നതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളാല്‍ ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബ്ബലപ്പെടുകയാണ്. സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്കേറ്റ തിരിച്ചടിയും അതിന്റെ പ്രത്യാഘാതങ്ങളും ഇവക്കൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്ന ആത്മവിശ്വാസ തകര്‍ച്ചയാണ് യുക്തിചിന്തയില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കിന്ന് ആക്കം കൂട്ടുന്നത്.കമ്പോളമാകട്ടെ ഇത്തരം സാമൂഹികാവസ്ഥയെ മുതലെടുത്തുകൊണ്ട് വിശ്വാസത്തെ നല്ലൊരു കച്ചവടച്ചരക്കാക്കി മാറ്റുന്നു. ഇക്കൂട്ടര്‍ ശാസ്ത്രത്തിന്റെ ഉല്പന്നങ്ങളുടെ കച്ചവടം വിപുലപ്പെടുത്തുന്നു. എന്നാല്‍ ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളേണ്ട ശാസ്ത്രത്തിന്റെ രീതിയെ തള്ളിക്കളയുന്നു.
മതസംഘടനകളാകട്ടെ അവരുടേതായ ‘തനത്’ പ്രസ്ഥാനങ്ങളുണ്ടാക്കി സ്വന്തം മതക്കാര്‍ ‘ബാഹ്യചിന്ത’ കള്‍ക്ക് വശംവദരാകരുതെന്ന വാശിയിലാണ്. അഴിമതി അവസാനിപ്പിക്കാനായി ശ്രദ്ധേയമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെങ്കിലും അഴിമതി ഇന്നും കേരള സമൂഹത്തിലെ ഒരു പ്രധാന പ്രശ്നം തന്നെ. പണവും സ്വാധീനവും ഉള്ളവര്‍ക്ക് മാത്രമെ കാര്യങ്ങള്‍ നടക്കുന്നുള്ളൂ. ഇവയെല്ലാം ചേര്‍ന്ന് പൊതുഇടങ്ങള്‍ക്കും കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സാധ്യത ഗണ്യമായി ചോര്‍ത്തിക്കളയുന്നു.സാംസ്കാരിക ഉല്പന്നങ്ങള്‍ കച്ചവടച്ചരക്കുകളാകുന്നതും ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ ചുറ്റിപ്പറ്റി വ്യാപാരം ശക്തിപ്പെടുന്നതും ഈയൊരു പാശ്ചാത്തലത്തിലാണ്. ഇവിടെ വേണ്ടത് ശാസ്ത്രബോധ പ്രചാരണവും പ്രവര്‍ത്തനങ്ങളുമാണ്.
സാമ്പത്തിക പ്രതിസന്ധി കേരളത്തെ കൂടുതല്‍ പ്രയാസപ്പെടുത്തുകയാണ്. മുരടിച്ച ഉല്പാദന മേഖല, പൊട്ടിത്തകരുന്ന ഊഹക്കച്ചവട കുമിളകള്‍, ഗള്‍ഫ് മലയാളികളുടെ ഗണ്യമായ തിരിച്ചുവരവ്; ഇവയെല്ലാം ചേര്‍ന്ന് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
കേരളം കൈവരിച്ച നേട്ടങ്ങളെ കാണാതെ, സംസ്ഥാനത്തെ നെഗറ്റീവ് ആയ ചില കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. കേരളം സമരം ചെയ്ത് നേടിയ അവകാശങ്ങളേയും, കൈവരിച്ച സാമൂഹ്യനേട്ടങ്ങളേയും കാര്‍ന്നു തിന്നുന്നവയാണ് മുകളില്‍ വിവരിച്ച ദുഷ്പ്രവണതകളെല്ലാം തന്നെ. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ സാമൂഹ്യ നേട്ടങ്ങളുടെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാവും എന്നതുകൊണ്ടാണ് ഇവ ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.മുകളില്‍ വിശദീകരിച്ച ദുഷ്പ്രവണതകള്‍ കൂടി അടങ്ങിയതാണ് കേരളീയ ജീവിതം. അതുകൊണ്ടാണ് ജീവിത ഗുണസൂചികയില്‍ മേന്മ കാണിക്കുമ്പോഴും കേരളീയരില്‍ ദാരിദ്ര്യം ഒരു പ്രധാന പ്രശ്നമായി നിലനില്‍ക്കുന്നത്. ഉപജീവനത്തിനുള്ള ഭക്ഷണം കിട്ടിയതുകൊണ്ട് മാത്രം ഒരു സമൂഹത്തിന്റെ ദാരിദ്ര്യം ഇല്ലാതാകുന്നില്ല. ജീവിതഗുണത ഉറപ്പാക്കണമെങ്കില്‍, ഒരു സമൂഹം അവശ്യജീവിത ഉപാധികളായി പൊതുവില്‍ കണക്കാക്കുന്ന കാര്യങ്ങള്‍ ആ സമൂഹത്തില്‍ ആര്‍ക്കും നിഷേധിക്കരുത്.ജീവിത ഉപാധികള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് സ്വന്തം അറിവും കഴിവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയില്ല. സ്വന്തം കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും തൃപ്തികരമായി ജീവിക്കാനും എല്ലാവര്‍ക്കും കഴിയുന്ന സ്ഥിതിയാണ് പരിഷത് വിഭാവനം ചെയ്യുന്നത്. ഇതാകട്ടെ വലിയൊരു പോരാട്ടത്തിലൂടെ മാത്രമെ സാധ്യമാകൂ. ഈ പോരാട്ടം വിജയിക്കണമെങ്കില്‍ നല്ലൊരു നാളയെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കണം, ദുഷ്പ്രവണതകള്‍ ഇല്ലാതാകണം. 46-ം സമ്മേളന ചര്‍ച്ചകള്‍ മൂര്‍ത്തമാക്കി സാമൂഹ്യമാറ്റത്തിന്റെ പ്രചാരകരകാന്‍ ഓരോ പരിഷത്ത് പ്രവര്‍ത്തകനും കഴിയണം.
പ്രതീക്ഷയോടെ,
ടി.പി.കുഞ്ഞിക്കണ്ണന്‍
പ്രസിഡന്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക