Tuesday, December 21, 2010

ദുബായ് ചങ്ങാതിക്കൂട്ടം 2010



ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും
പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യു.എ.ഇ-യിലെ കുട്ടികള്‍ക്കായി ഒരുക്കുന്ന
ദുബായ് ചങ്ങാതിക്കൂട്ടം 2010
ഡിസംബര്‍ 31 വെള്ളിയാഴ്ച
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നുകൊണ്ട്
കുട്ടികള്‍ക്ക് ഹൃദ്യമായ
കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘുപരീക്ഷണങ്ങളിലൂടെയും
ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം
സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്
ലക്ഷ്യമിടുന്നത്.

ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന
തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ
അറിവും നിരീക്ഷണവും ആയുധമാക്കി
വിജ്ഞാനത്തിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്
കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം ...


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ശ്രീകുമാരി : 050-30 97 209
ഷാജി : 050-53 53 234
റിയാസ് : 050-39 51 755

Saturday, November 20, 2010

മാനം മഹാത്ഭുതം മരുഭൂമി മനോഹരം


കൂട്ടുകാരെ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ.ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍
ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണത്തോടെ
മരുഭൂമിയെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമുള്ള പഠനക്ലാസ്സുകള്‍
നവംബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് 3 മുതല്‍ രാത്രി 9 വരെ.

പ്രവേശനം :- വിദ്യാര്‍ത്ഥികളും (ക്ലാസ്സ് 5 മുതല്‍ 10 വരെ) അവരുടെ രക്ഷിതാക്കളും.
സീറ്റുകള്‍ പരിമിതമാണ് ( 25-30 കുട്ടികള്‍ ),
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക
ശ്രീകുമാരി : 050-3097209 / 06-5725810

Thursday, November 11, 2010

കാല്‍നട പ്രചാരണ ജാഥ തുടങ്ങി.




തേഞ്ഞിപ്പലം: ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കാല്‍നട പ്രചാരണ ജാഥ തുടങ്ങി. ഇടിമുഴിക്കലില്‍ ഡോ. എം.എന്‍. കാരശ്ശേരി ഉദ്ഘാടനംചെയ്തു.
വികസനം എല്ലാ പാര്‍ട്ടികളുടെയും മുഖ്യ അജന്‍ഡയാകുമ്പോഴും ആരുടെ വികസനമെന്ന ചോദ്യത്തെ മനഃപൂര്‍വം എല്ലാവരും അവഗണിക്കുകയാണെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.

അണ്ടിശേരി നാരായണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ. വിജയന്‍, ജാഥാ ക്യാപ്റ്റന്‍ സജി ജേക്കബ്, സി.പി. ഹരിദാസ്, പ്രൊഫ. മുഹമ്മദ്ഷാഫി, പി. വിലാസിനി, ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് വെളിയങ്കോടാണ് ജാഥ സമാപിക്കുക.

Thursday, October 21, 2010

അബുദാബിയില്‍ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ശില്പശാല




പ്രിയ സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ
ആഭിമുഖ്യത്തില്‍
മലയാളം കമ്പ്യൂട്ടിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
എന്നിവയെ ആസ്പദമാക്കി ഒരു ഐ.ടി.ശില്പശാല നടത്തുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍
ഒക്ടോബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 9.00 നു
തുടങ്ങുന്ന പരിപാടിയില്‍
പങ്കെടുക്കുന്നവരുടെ ലാപ്‌ടോപ്പില്‍
സൌജന്യമായി ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാ‍നം (ഉബുണ്ടു)
സജ്ജീകരിച്ചു കൊടുക്കുന്നതാണ്.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍
താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക
സുനില്‍ - 00971-50-5810907
ജയാനന്ദന്‍ - 00971-50-3116734

Thursday, September 16, 2010

ദേശീയപാത സ്വകാര്യവല്‍ക്കരണത്തെ ചെറുത്ത് തോല്‍പ്പിക്കുക - പ്രതിഷേധ ജാഥ തളിപ്പറമ്പില്‍

ദേശീയപാത സ്വകാര്യവല്‍ക്കരണത്തിനെതിരെ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ കേരളത്തിലുടനീളം പ്രയാണം നടത്തുന്ന പ്രതിഷേധ ജാഥയ്ക്ക് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. 16ന് രാവിലെ 11 മണിക്ക് ബസ്റ്റാന്റ് പരിസരത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റി അംഗങ്ങളും മറ്റുപ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.

 ജാഥ മാനേജര്‍ പി. രമേഷ് കുമാര്‍ സംസാരിക്കുന്നു.
 ജാഥാ ക്യാപ്റ്റന്‍

Saturday, September 11, 2010

പരിഷത്ത് ചരിത്രം ശേഖരിക്കുന്നു

സുഹൃത്തുക്കളേ,
പരിഷത്തിന്‍റെ രൂപീകരണം മുതല്‍ നാം സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളും നടത്തിയ സമരങ്ങളും കലാജാഥകളും തുടങ്ങി നമ്മുടെ സമഗ്രമായ ചരിത്രം ശേഖരിക്കാന്‍ സംഘടന ആഗ്രഹിക്കുന്നു.

ഇതിനായി മുഴുവന്‍ പ്രവര്‍ത്തകരുടേയും സഹായം ആവശ്യമുണ്ട്.

നമ്മുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിപാടികള്‍ എന്നിവയുടെ രേഖകള്‍ ( ഫോട്ടോസ്, വീഡിയോ, പോസ്റ്ററുകള്‍, നോട്ടീസുകള്‍, പ്രസിദ്ധീകരണങ്ങള്‍( ഗ്രാമ ശാസ്ത്ര മാസിക, യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി, ലഘുലേഖകള്‍, ജാഥാ സ്ക്രിപ്റ്റുകള്‍), കത്തുകള്‍, പത്ര റിപ്പോര്‍ട്ടുകള്‍, പ്രാദേശികമായി നമ്മള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ തുടങ്ങി ഈ സംരംഭത്തിന് സഹായകമാകുന്ന രേഖകള്‍ കൈവശമുള്ളവര്‍ അതുപോലെ തന്നെ പഴയകാല പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും ശേഖരിക്കാവുന്നവര്‍ അത്തരം വിവരങ്ങള്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കുകയോ http://parishadvishesham.blogspot.com ഈ ബ്ലോഗില്‍ കമന്റ് ചെയ്യുകയോ ചെയ്യണേ.....

ബന്ധപ്പെടേണ്ട നമ്പറുകള്‍

വേണുഗോപാല്‍ എന്‍ . 9447293780, 9496352029
വിനോയ് പന്തല്ലൂര്‍ (ഐആര്‍ടിസി) . 9846628099

Wednesday, July 21, 2010

ചങ്ങാതിക്കൂട്ടം 2010 - സമാപിച്ചു

ശാസ്ത്രവും, കലയും, സംസ്കാരവും, വിനോദവും സമന്വയിപ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ ജൂലൈ 13 മുതല്‍ 16 വരെ നടന്ന പരിപാടിക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആര്‍ത്തുല്ലസിച്ച കൂട്ടുകാര്‍ക്ക് സുകുമാരന്‍ മാസ്റ്റര്‍, ദിവാകരന്‍, നിര്‍മ്മല്‍ കുമാര്‍, ഗണേഷ് എന്നിവരെ കൂടാതെ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തകരും നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കളും ചങ്ങാതിക്കൂട്ടത്തിന്റെ രസം നുകര്‍ന്നു. നാലു വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടി വിനോദം എങ്ങിനെ വിജ്ഞാനപ്രദമാക്കാമെന്നതിന്റെ മനോഹരമായ ഒരു രേഖാചിത്രമായിരുന്നു.കളിമൂലയിലെ കൊച്ചു കൊച്ചു കളികളിലൂടെ നിരീക്ഷണപാഠവം എങ്ങിനെ വളര്‍ത്തിയെടുക്കാമെന്ന് കൂട്ടുകാരെ ബോധ്യപ്പെടുത്തി. അറിവും വിജ്ഞാനവും നിത്യജീവിതത്തില്‍ പ്രയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് പകര്‍ന്ന് നല്‍കിയ ശാസ്ത്രപരീക്ഷണങ്ങള്‍ ശാസ്ത്രമൂലയെ ശ്രദ്ധേയമാക്കി. ശാരീരിക മാനസീക ഭാവങ്ങള്‍ എങ്ങിനെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്നും നടനത്തിന്റെ പ്രായോഗിക സാധ്യതകളെന്താണെന്നും അന്വേഷിച്ച അഭിനയമൂല വ്യക്തിത്വ വികാസത്തിന്റെ പരീക്ഷണ ശാലയായി. ശാസ്ത്രത്തെ പരിപോഷിപ്പിച്ച, പുനര്‍നിര്‍മ്മിച്ച ശാസ്ത്രജ്ഞരേയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തിയ പ്രദര്‍ശനം കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി. ഷാഹുല്‍, ഭൂഷണ്‍, ഗണേഷ്, സുനില്‍ എന്നീ കലാകാരന്മാര്‍ ചേര്‍ന്ന് വരമൂലയെ അര്‍ത്ഥവത്താക്കി. തികച്ചും ശാസ്ത്രീയമായ ഒരു പാഠ്യപദ്ധതിയിലൂടെ മാത്രമെ ആരോഗ്യപരമായ ഒരു സമൂഹത്തെ വളര്‍ത്തിയെടു ക്കാനാവൂ എന്നും അപരന്റെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ സ്വന്തം വിശ്വാസത്തിന്റെ മഹത്വം ബോധ്യപ്പെടൂ എന്നും രക്ഷാകതൃസദസ്സില്‍ സുകുമാരന്‍ മാസ്റ്റര്‍ നിരീക്ഷിച്ചു. ശാസ്ത്രീയമായൊരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്തരം ചങ്ങാതിക്കൂട്ടങ്ങളെന്ന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

“ആദ്യദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ മകള്‍ ഇന്നുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി” എന്ന ഒരു രക്ഷിതാവിന്റെ പ്രതികരണം സംഘാടകര്‍ക്കാവേശമായി. വര്‍ഷത്തിലൊരിക്കലല്ല മാസത്തിലൊരിക്കലെങ്കിലും ഇത്തരം ചങ്ങാതിക്കൂട്ടം വേണമെന്ന ആവശ്യവും സദസ്സില്‍ നിന്നുയര്‍ന്നു.

Friday, July 2, 2010

ഷാര്‍ജ ചങ്ങാതിക്കൂട്ടം 2010


ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട്

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിരേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍

ജൂലായ്‌ 12 -16 വരെ.


ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ അറിവും നിരീക്ഷണവും ആയുധമാക്കി, വിജ്ഞാനതിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്, കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.

സമയം

ജൂലായ്‌ 12 മുതല്‍ 15 വരെ വൈകീട്ട് 4 – 7 മണിവരെ

ജൂലായ്‌ 16 വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ


വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷൈലജ : 050-3672876

ശ്രീകുമാരി ആന്റണി : 050-3097209
മനോജ്‌ :- 050- 6598442

അജയ് സ്റ്റീഫന്‍ :- 050-7207371

ബിജു :- 050-2192473

Thursday, June 3, 2010

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി
ദുബായ് മുനിസിപ്പാലിറ്റിയും
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും
സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കായി
എല്ലാ പരിസ്ഥിതി സ്നേഹികളെയും
ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

2010 ജൈവവൈവിധ്യ (Biodiversity) വര്‍ഷമായി UNEP ആചരിക്കുകയാണ്.
ഇതിനോടനുബന്ധിച്ച്‌
ജൂണ്‍ 4 നു വെള്ളിയാഴ്ച 5 മണിക്ക്
ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ച്
ദുബായിലെ പ്രശസ്തരായ ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന
ചിത്രകലാ സംഗമം സങ്കടിപ്പിക്കുന്നു.
പരിസ്ഥിതിയെ പരിഗണിച്ചും സംരക്ഷിച്ചും
മാത്രമേ ജീവനും ജീവികള്‍ക്കും നിലനില്‍പ്പുള്ളൂ
എന്ന് കലാസൃഷ്ടികളിലൂടെ ചിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ചിത്രകലാ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്‍മാരോടോത്ത്
ചിത്രരചനാവൈഭവം തെളിയിക്കുന്നതിന്
പ്രായഭേദമന്യേ എല്ലാവര്‍ക്കും അവസരം ഒരുക്കുന്നു.
താങ്കളും സുഹൃത്തുക്കളുമൊത്ത് എത്തിച്ചേരുക.

ദയവായി വിവരം താങ്കളുടെ സുഹൃദ്‌വലയത്തിലുള്ളവരെക്കൂടി അറിയിക്കുക.

വൈവിധ്യമാര്‍ന്ന എല്ലാ ജീവജാലങ്ങള്‍ക്കും അതിജീവനത്തിനായി
ഒരേ
ഒരു ഭൂമി മാത്രം




ബന്ധപ്പെടേണ്ട നമ്പര്‍ :- 050-3097209

പ്രസിഡണ്ട്‌
മനോജ്കുമാര്‍

കോ൪ഡിനേറ്റര്‍
ബിജു

Thursday, May 20, 2010

ബാലവേദി പ്രവര്‍ത്തനങ്ങള്‍ - കവി പി.കെ.ഗോപി ഉല്‍ഘാടനം ചെയ്യും.

സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പ്രധാന പ്രവര്‍ത്തന മേഖല കളിലൊന്നാണ് ബാലവേദികള്‍ എന്നറിയാമല്ലോ? കുട്ടികളില്‍ ശാസ്ത്രാഭിരുചിയും, പാരിസ്ഥിതികാവബോധവും, സാമൂഹ്യബോധവും, രാജ്യസ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷത്ത് ബാലവേദി രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. വിവിധങ്ങളായ പ്രവര്‍ത്തങ്ങള്‍ (ചങ്ങാതിക്കൂട്ടം, പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന) ഈ രംഗത്ത് നടത്തി വരുന്നു.

2010 മെയ് 21നു വെള്ളിയാഴ്ച, ഉച്ചക്ക് 2.30ന്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയാണ്.
അതിഥികളായെത്തുന്ന കവി. പി.കെ.ഗോപിയും, ടി.ഗംഗാധരന്‍ മാഷും (കേരള ശാസ്ത്രസാഹിത്യ പരിഷത് മുന്‍ ജനറല്‍ സെക്രട്ടറി.) ഈ ചടങ്ങിനെ ധന്യമാക്കുന്നു.

കുട്ടികളുമൊത്ത് പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിണമെന്നഭ്യര്‍ത്ഥിക്കുന്നു.
ദയവായി താങ്കളുടെ സുഹൃദ് വലയത്തിലും ഈ വിവരം അറിയിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 06-5725810 അല്ലെങ്കില്‍ 050-3097209 വിളിക്കുക.



സ്നേഹത്തോടെ ...


ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഷാര്‍ജ ചാപ്റ്റര്‍.

പ്രസിഡണ്ട്
അഡ്വഃ ശ്രീകുമാരി

കോര്‍ഡിനേറ്റര്‍
വേണു മുഴൂര്‍.

Wednesday, May 19, 2010

ഭൂമി പൊതുസ്വത്ത് - സെമിനാര്‍


പ്രിയ സുഹൃത്തേ,



ജനകീയ സമരങ്ങളിലൂടെ ഭൂ ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് കേരളത്തില്‍ വലിയ തോതില്‍ ഭൂമി കേന്ദ്രീകരിക്കപ്പെടുകയാണ്. ലാഭാധിഷ്ഠിതമായ ഭൂ വിനിയോഗമാണ് ഭൂ കേന്ദ്രീകരണ പ്രവണതയുടെ മുഖ്യ ചാലകശക്തി. സമൂഹത്തിലെ ഉല്പാദന വ്യവസ്ഥകള്‍ നിലനില്‍ക്കണമെങ്കില്‍, ബഹുഭൂരിപക്ഷത്തിന്റെയും ജീവനോപാധികള്‍ സംരക്ഷിക്കണമെങ്കില്‍, ഭൂമി ഊഹക്കച്ചവടോപാധിയാക്കുന്നതിനെ ചെറുത്ത് തോല്പിച്ചേ മതിയാകൂ.‘ഭൂമി പൊതുസ്വത്ത്’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് നടത്തി വരികയാണ്, അതിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ബുധനാഴ്ച്ച വൈകീട്ട് 8.00 മണിക്ക് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു.- ഭൂമി പണം നിക്ഷേപിക്കാനും ഊഹക്കച്ചവടത്തിലൂടെ പണം പെരുപ്പിക്കാനുള്ള കേവലം വില്പന ചരക്കല്ല.


  • ഭൂമി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്പാദനം സംഘടിപ്പിക്കാനുള്ള അടിസ്ഥാന വിഭവമാണ്.

  • ഭൂവുടമസ്ഥതയെന്നാല്‍ ഭൂമിയില്‍ എന്തും ചെയ്യാനുള്ള അവകാശമല്ല.

  • കുന്നുകള്‍ ഇടിക്കാനും, വയലുകള്‍ നികത്താനും, പാതാളം വരെ കുഴിക്കാനും, ആകാശം മുട്ടെ പണിയാനുമുള്ള അവകാശമല്ല.

  • വികസനമെന്നാല്‍ മെഗാ പദ്ധതികളും, കൂറ്റന്‍ കെട്ടിടങ്ങളുമല്ല.

  • മനുഷ്യന്റെ നിലനില്‍പ്പിനാധാരമായ ഭൂ പ്രകൃതിയെയും ജൈവ പ്രകൃതിയേയും സംരക്ഷിക്കുന്നതാകണം വികസനം.

  • വരും തലമുറയില്‍ നിന്നും കടം കൊണ്ടതാണീ ഭൂമി,

അവതാരകന്‍ : ടി.ഗംഗാധരന്‍


(മുന്‍ ജനറല്‍ സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്)


വേദി: കേരള സോഷ്യള്‍ സെന്റര്‍, അബുദാബി.


സമയം: 2010 മെയ് 19, വൈകീട്ട് 8.൦൦ മണി.


സെമിനാറിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
അഭിവാദനങ്ങളോടെ!

പ്രസിഡണ്ട്

മണികണ്ഠന്‍

കോര്‍ഡിനേറ്റര്‍

‍ജയാനന്ദ്

Monday, May 17, 2010

ആറാം വാര്‍ഷികം

ഫ്രണ്ട്സ്‌ ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ആറാം വാര്‍ഷിക സമ്മേളനം ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായ ശ്രീ ടി. ഗംഗാധരന്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.

ജനപക്ഷ നിലപാടുകള്‍ ആണ് പരിഷത്തിന്റെ രാഷ്ട്രീയം എന്നും, ജനവിരുദ്ധ നിലപാടുകള്‍ ഏതു ഗവര്‍ന്മെന്റ് സ്വീകരിച്ചാലും പരിഷത്ത് എതിര്‍ക്കാറുണ്ട് എന്ന് ഉദാഹരണ സഹിതം ഗംഗാധരന്‍ മാസ്റ്റര്‍ ചൂണ്ടി കാട്ടി. ഭൂമി പൊതു സ്വത്താക്കി പ്രഖ്യാപിച്ച് ഭൂമിയുടെ മേലുള്ള നിര്‍മാണം അടക്കമുള്ള എല്ലാ ഇടപെടലുകള്‍ക്കും കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറാവണം എന്ന് കേരളത്തിന്റെ ഭൂവിനിയോഗവും വികസനവുംഎന്ന ചര്‍ച്ചാ ക്ലാസ്സില്‍ അദ്ദേഹം ആവശ്യപെട്ടു. ഈ മുദ്രവാക്ക്യം ഉയര്‍ത്തി പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥക്ക് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ച പെടുത്താന്‍ മുന്ഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആശംസ പ്രസംഗത്തില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ മേധാവി അഡ്വക്കേറ്റ് നജീദ് സൂചിപ്പിച്ചു.

ചൊവ്വാദൌത്യപദ്ധതിയെക്കുറിച്ചും പഠനത്തിനുപയോകിക്കുന്ന ഉപകരണങ്ങളുടെ പ്രത്യേകതകളെ കുറിച്ചും വിശദമായി പ്രതിപാദിച്ച് ദുബായ് അസ്ട്രോണമി ഗ്രൂപ്പ്‌ സി ഇ ഒ ഹസന്‍ അഹമ്മദ് അല്‍ ഹരിരി നടത്തിയ ക്ലാസ്സ്‌ സമ്മേളനത്തെ കൂടുതല്‍ സജീവമാക്കി. പ്രശസ്ത കവി പി കെ ഗോപിയുടെ അനുമോദനങ്ങളും പുഴ എന്ന കവിതയുടെ ആലാപനവും പ്രതിനിധികള്‍ ഏറെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

പ്രസിഡന്റ്‌ ഇക്ബാല്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ മുരളി റിപ്പോര്‍ട്ടും അനീഷ്‌ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മനോജ്‌ - പ്രസിഡണ്ട്‌ , അഡ്വഃ ബിനി സരോജ് - വൈസ് പ്രസിഡന്റ്‌, ബിജു - കോഓര്‍ഡിനറ്റര്‍, അരുണ്‍ പരവൂര്‍ - ജോയിന്റ് കോഓര്‍ഡിനറ്റര്‍, അനീഷ്‌ - ട്രഷറര്‍, ജോസഫ്‌ - ഓഡിറ്റര്‍ എന്നിവരെയും 18 അംഗ നിര്‍വാഹകസമിതിയെയും തിരഞ്ഞെടുത്തു.






Monday, May 10, 2010

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി (യു..എ.ഇ)യുടെ ആറാം വാര്‍ഷികം

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ ആറാം വാര്‍ഷികം മെയ് 14 -ന് വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു. രാവിലെ 9 മണിക്കാരംഭിക്കുന്ന സമ്മേളനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ. ടി.ഗംഗാധരന്‍ മാസ്റ്റര്‍ പങ്കെടുക്കും.

ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി മെമ്പര്‍ കൂടിയാണ് ശ്രീ. ടി.ഗം ഗാധരന്‍ മാസ്റ്റര്‍. ‍അബുദാബി, ദുബായ്, ഷാര്‍ജ ചാപ്റ്ററുകളിലെ മുന്നൂറോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 90 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും എന്ന വിഷയത്തില്‍ ടി.ഗം ഗാധരന്‍ മാഷുടെ പ്രഭാഷണവും തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
06-5725810
050-3097209

Friday, April 23, 2010

ജില്ലാ വിജ്ഞാനോത്സവം-മലപ്പുറം

ജൈവവൈവിധ്യസന്ദേശവുമായി ജില്ലാ വിജ്ഞാനോത്സവം


കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലശാസ്‌ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ ബാലശാസ്‌ത്രകോണ്‍ഗ്രസ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. `ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തില്‍ ഡോ. എം.പി. പരമേശ്വരന്‍ ക്ലാസ്സെടുത്തു. കാലാവസ്ഥാവ്യതിയാനം ഉഷ്‌ണമേഖലാ പ്രദേശത്തിലുള്‍പ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യോത്‌പാദനത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ ഭക്ഷണക്രമങ്ങളും കാര്‍ഷിക തന്ത്രങ്ങളും അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കേണ്ടിയിരിക്കുന്നുവെന്ന്‌ ഡോ. എം.പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥാവ്യതിയാനം കാലാവസ്ഥാപ്രവചനം അസാധ്യമാക്കിയിരിക്കുകയാണ്‌. നെല്ല്‌, ഗോതമ്പ്‌ എന്നിവയുടെയെല്ലാം ഉത്‌പാദനം കുറയുന്ന അവസ്ഥയില്‍ പലതരത്തിലുള്ള പരിഹാരനടപടികള്‍ ദീര്‍ഘകാല കാഴ്‌ചപ്പാടോടെ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും ജൈവവൈവിധ്യസംരക്ഷണം ഇതില്‍ പ്രധാനമാണെന്നും ഡോ. എം.പി. പരമേശ്വരന്‍ പറഞ്ഞു.
ജൈവവൈവധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു. യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനത്തിന്‌ യൂണിവേഴ്‌സിറ്റി ബോട്ടണിവിഭാഗത്തിലെ റിസര്‍ച്ച്‌ ഫാക്കല്‍റ്റിഅംഗങ്ങള്‍ നേതൃത്വം നല്‍കി. കടലുണ്ടി കണ്ടല്‍ക്കാട്‌, പക്ഷിസങ്കേതം, അഴിമുഖം എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനത്തില്‍ ടി. അജിത്ത്‌ കുമാര്‍ വള്ളിക്കുന്ന്‌, കമ്മ്യൂണിറ്റി റിസര്‍ച്ച്‌ ഫോറസ്റ്റിലെ ഉദ്യോഗസ്ഥനായ ശിവദാസ്‌ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ഇഴയുന്ന കൂട്ടുകാര്‍ പഠനക്ലാസ്സ്‌, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട സിഡികളുടെ പ്രദര്‍ശനം എന്നിവയും നടന്നു.
ഉദ്‌ഘാടനചടങ്ങില്‍ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ കെ.കെ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി. രാജ്‌മോഹനന്‍ സ്വാഗതം പറഞ്ഞു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്‌. സത്യന്‍ ആശംസയും വിദ്യാഭ്യാസ സബ്‌കമ്മിറ്റി കണ്‍വീനര്‍ പി. വാമനന്‍ നന്ദിയും പറഞ്ഞു. സമാപനയോഗത്തില്‍ സംസ്ഥാനതല വിജ്ഞാനോത്സവത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്‌ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. പുസ്‌തകപ്രചരണത്തിലുടെയാണ്‌(ഗലീലിയോ സോവനീര്‍) സാമ്പത്തികം സ്വരൂപിച്ചത്‌. താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാനതല വിജ്ഞാനോതാസവത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.
1. അഞ്‌ജലി ബി. കൃഷ്‌ണ
2. മുഹമ്മദ്‌ ഷമീം പി.ഇ.
3. അമൃത ടി.കെ.
4. മുഹ്‌സിന എ.പി.
5. രമ്യാകൃഷ്‌ണന്‍ കെ.
6. ദേവികാ ജയചന്ദ്രന്‍
7. സബ്‌ന ടി.പി.
8. ഫാത്തിമ്മത്ത്‌ റസ്‌ലാ സി.

Sunday, March 28, 2010

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യു.എ.ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു. 2010 മാര്‍ച്ച് 26 ന് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രസിഡണ്ട് ശ്രീ.ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു.

ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് ശ്രീ. അരുണ്‍ പരവൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവര്‍തരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ ശ്രീ.സുജിത് ക്ലാസ്സെടുത്തു. തുടര്‍ന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത് തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

ശ്രീ.സുധീര്‍ (പ്രസിഡന്റ്), ശ്രീമതി. സംഗീത ഷാജി (വൈസ് പ്രസിഡന്റ്), ശ്രീ.റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍ ), ശ്രീ.ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍ ), ശ്രീ.ധനേഷ് (ട്രഷറര്‍ ) എന്നിവരടങ്ങിയ 11 അംഗ ഭരണസമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു.

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി
ദുബായ് ചാപ്റ്റര്‍






Saturday, March 27, 2010

ഗണിതശാസ്ത്ര മാമാങ്കം

ഗണിതശാസ്ത്ര മാമാങ്കം






















Thursday, March 25, 2010

കേരളം ശാസ്ത്രകാരന്മാരെ മറക്കുന്നു-ഡോ. ബി. ഇക്ബാല്‍

തേഞ്ഞിപ്പലം: സാഹിത്യകാരന്മാരെ ആദരിക്കുന്ന കേരള സമൂഹം ശാസ്ത്രകാരന്മാരെ മറക്കുന്ന അവസ്ഥയാണുള്ളതെന്ന് ഡോ. ബി.ഇക്ബാല്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ ശാസ്ത്ര സാഹിത്യപരിഷത്ത് സംഘടിപ്പിച്ച 'ശാസ്ത്രഗവേഷണരംഗത്തെ സാധ്യതകള്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുതുതലമുറയിലെ കുട്ടികള്‍ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ദുര്‍ബലരാണ്. ശാസ്ത്രപാരമ്പര്യം പ്രയോജനപ്പെടുത്തുന്നതിലെ പരാജയമാണ് ഇതിനുകാരണം. ഗണിതശാസ്ത്രകാരന്മാരുടെ ജീവചരിത്രംപോലും ഇവിടെ ലഭ്യമല്ല. ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും കേരളത്തിലെ ഗവേഷണരംഗം പിന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ കെ.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.വി. ജ്യോതിഷ്, ടി.എന്‍. സുനില്‍ എന്നിവര്‍ സംസാരിച്ചു.

Monday, February 15, 2010

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം

മലപ്പുറം: ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിപുലമായ പ്രചാരണപരിപാടികള്‍ക്ക് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തുടക്കം കുറിക്കും. പരിഷത്തിന്റെ 47-ാം സംസ്ഥാന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഭൂനയവും പരിസ്ഥിതിനയവും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കണമെങ്കില്‍ ഭൂമി പൊതുസ്വത്താണെന്ന സമീപനവും നടപടികളും വേണം. വ്യക്തികള്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണെന്ന് നിയമം മൂലം വ്യക്തമാക്കണം. അതിന്റെ സ്വഭാവം മാറ്റാന്‍ വ്യക്തികള്‍ക്കവകാശം നല്‍കരുത്. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശ പ്രഖ്യാപനരേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

നമുക്ക് കിട്ടിയിട്ടുള്ള ഭൂമിയുടെ അവകാശം അത് ഭദ്രമായിത്തന്നെ അടുത്ത തലമുറകള്‍ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കൂടിയാണ്. വ്യക്തികള്‍ക്ക് ലഭിച്ചിട്ടുള്ള ഭൂമി ഉദ്ദിഷ്ട കാര്യത്തിന് ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ ആ ഭൂമി കമ്പോളവിലയ്ക്ക് സര്‍ക്കാരിന് തിരിച്ചുനല്‍കുക, ഭൂവിനിമയങ്ങളും സ്വകാര്യ കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഭൂവിനിമയ ബാങ്ക് രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവകാശ പ്രഖ്യാപന രേഖയില്‍ പറയുന്നു.



വനിതാദിനത്തിന്റെ ആറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ത്രീ ശാക്തീകരണം, ലിംഗനീതി ഉറപ്പാക്കല്‍ എന്നിവ പ്രധാനപ്രവര്‍ത്തനങ്ങളായി പരിഷത്ത് നടത്തും.
ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, ശുചിത്വപരിപാടി, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ പ്രചാരണം, കലാജാഥ, സംവാദയാത്ര എന്നീ പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലെ ബി.ഒ.ടി വത്കരണം ഉപേക്ഷിക്കുക, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി സമഗ്ര നിയമനിര്‍മ്മാണം നടത്തുക, വിവാഹാനന്തരം ജീവിത പങ്കാളികള്‍ ആര്‍ജിക്കുന്ന സ്വത്തില്‍ തുല്യാവകാശം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍, പി.വി. വിനോദ്, കെ.എം. മല്ലിക, കെ.കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

സമാപനദിനത്തില്‍ സ്ത്രീപദവി പഠനത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ എന്‍. ശാന്തകുമാരിയും പൊതുവികസന നയത്തെക്കുറിച്ച് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനും വിഷയങ്ങള്‍ അവതരിപ്പിച്ചു. ടി.പി. ശ്രീശങ്കര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ സമാപന പ്രസംഗം നടത്തി.