Tuesday, December 30, 2008

വരൂ ടെലിസ്കോപ്പിലൂടെ പ്രപഞ്ചം കാണൂ.....

ശാസ്ത്രവര്‍ഷം 2009
400 വര്‍ഷങ്ങള്‍ക്കപ്പുറം 1609 ല്‍ ഒരു ദൂരദര്‍ശിനി ആകാശത്തേക്ക് തിരിഞ്ഞുനോക്കി....
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍, വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ , ശുക്രന്റെ വൃദ്ധിക്ഷയങ്ങള്‍, സൂര്യ കളങ്കം , എണ്ണമറ്റ നക്ഷത്രങ്ങള്‍ എല്ലാം കണ്‍മുന്നിലേക്ക്...
സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു..
ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് പുതിയ അറിവാകാന്‍ തുടങ്ങി...
ഡാര്‍വിന്‍ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചിട്ട് 150 വര്‍ഷം...
ചാള്‍സ് ഡാര്‍വിന്‍ ജനിച്ചിട്ട് 200 വര്‍ങ്ങള്‍..


ഈ പശ്ചാത്തലത്തില്‍ 2009 ശാസ്ത്രവര്‍ഷമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആചരിക്കുന്നു. വിവിധ സംഘടനകളുടെ സഹായത്തോടെ സെമിനാറുകള്‍, പരിശീലനങ്ങള്‍, നിരവധി ശാസ്ത്രക്ലാസുകള്‍ , പരീക്ഷണ നിരീക്ഷണങ്ങള്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നു.
ശാസ്ത്രവര്‍ഷം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 2009 ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വച്ച് ചന്ദ്രയാന്‍ ദൌത്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോ. ടി. കെ. അലക്സ് (ഡയറക്ടര്‍ ഐ.എസ്. എ.സി ബംഗളൂരു) നിര്‍വ്വഹിക്കുന്നു.
തുടര്‍ന്ന് വൈകിട്ട് 7 മണിക്ക് ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചുള്ള നക്ഷത്രനിരീക്ഷണവും , സി.ഡി പ്രദര്‍ശനവും ഉണ്ടാകും.
ഈ പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം.

പരിപാടികള്‍

ഉദ്ഘാടനം -- ഡോ. ടി.കെ അലക്സ് (ഡയറക്ടര്‍ ഐ.എസ്. എ.സി ബംഗളൂരു)
ശാസത്രക്ലാസ് -- പ്രൊ. കെ. പാപ്പൂട്ടി (ഡയറക്ടര്‍ , സര്‍വ്വവിജ്ഞാനകോശം)
ടെല്സ്കോപ്പിലൂടെ വാനനിരീക്ഷണം
വീഡിയോ പ്രദര്‍ശനം

Saturday, December 27, 2008

ശാസ്ത്രവര്‍ഷം 2009 ടെലിസ്കോപ്പ് പരിശീലനം

ശാസ്ത്രവര്‍ഷം 2009 സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വച്ച് നടക്കുന്നു. വൈകിട്ട് 4.30 ന് തുടങ്ങുന്ന പരിപാടി രാത്രിയോളം നീളും. ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്താന്‍ പൊതു ജനങ്ങള്‍ക്ക് അന്ന് അവസരമുണ്ട്.

ഇതിനായുള്ള പരിശീലനവും തൃപ്പൂണിത്തുറ അമ്വച്വര്‍ ആസ്ട്ട്രോണമി ഫോറത്തിന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ഡിസംമ്പര്‍ 26 ന് രണ്ടു മണിമുതല്‍ നടന്നു. ക്ലാസുകള്‍ക്ക് ഡോ. എന്‍. ഷാജി നേതൃത്വം നല്‍കി. അസ്ട്രോണമി ഫോറത്തിന്റെ ഉദ്ഘാടനം ശ്രീ സി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

(ടെലിസ്കോപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങിനെ? പരിശീലനത്തില്‍ നിന്നും..)


(ടെലിസ്കോപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങിനെ? പരിശീലനത്തില്‍ നിന്നും.. മറ്റൊരു ദൃശ്യം)



(ശ്രീ. സി. രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു....)

Tuesday, November 25, 2008

'ആഗോള സാമ്പത്തിക മാന്ദ്യവും കേരളവും

മലപ്പുറം-താനൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തിരൂര്‍ മേഖലയും താനൂര്‍ സഞ്ചാര ഗ്രന്ഥാലയവും ചേര്‍ന്ന്‌ 'ആഗോള സാമ്പത്തിക മാന്ദ്യവും കേരളവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറഷേന്‍ ഓഫ്‌ ഇന്ത്യ ജില്ലാ സെക്രട്ടറി എ.അജയന്‍ അധ്യക്ഷതവഹിച്ചു. എ.അബ്ദുള്‍കബീര്‍, കെ.ആര്‍.ശിവദാസ്‌, വി.വി.മണികണുന്‍, രാജഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഞ്ചാര ഗ്രന്ഥാലയം സെക്രട്ടറി പി.വി.ശ്രീരാജാമണി സ്വാഗതവും വി.ദിനേശന്‍ നന്ദിയും പറഞ്ഞു.

Monday, November 24, 2008

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാകുക

കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ,ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ
ഭാഗമായി "കണ്ടല്ലൂര്‍--പച്ചക്കറി സ്വയംപര്യാപ്തമാകുക" എന്ന മുദ്രാവാക്യവുമായി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കര്‍ഷക സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.എസ്സ്.എസ്സ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ. ആര്‍.ശിവരാമ പിള്ള, അഡ്വ;എന്‍.രാജഗോപാല്‍ (പഞ്ചായത്തു മെമ്പര്‍), ശ്രീ.സി.അജികുമാര്‍ (കര്‍ഷക സംഘം-സെക്രട്ടറി), കൃഷി ഓഫീസര്‍ ശ്രിമതി. പി.സുമാറാണി തുടങ്ങിയവര്‍ സംസാരിച്ചു.

കഞ്ഞിക്കുഴി പച്ചക്കറി കൃഷിയുടെ മുഖ്യനേതൃത്വം വഹിക്കുന്ന മുന്‍കൃഷിഓഫീസര്‍ ശ്രീ.ടി.എസ്സ്.വിശ്വന്‍, കഞ്ഞിക്കുഴിയിലെ പച്ചക്കറി കൃഷിയുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. പച്ചക്കറികൃഷി വിജയകരമായി നടത്തുന്നതിനു അവശ്യം അറിഞ്ഞിരിക്കേണ്ട , സ്ഥലം തെരഞ്ഞെടുക്കല്‍, വിത്തു തെരഞ്ഞെടുക്കല്‍, പാകല്‍, നടല്‍, വള പ്രയോഗം, കീട നശീകരണം, പരിചരണങ്ങള്‍,വിളവെടുപ്പു എന്നീ ഘടകങ്ങള്‍ വിശദീകരിച്ചു."സീറോ ബഡ്ജറ്റ് പച്ചക്കറി കൃഷിയെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജൈവ കൃഷിയിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയുന്നതോടൊപ്പം നാടിന്റെ സ്വാശ്രയത്വവും സാമ്പത്തികപുരോഗതിയും നേടാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. കര്‍ഷകരുടെ സംശയങ്ങള്‍ക്കു വിശദീകരണം നല്‍കുകയുണ്ടായി.. "കഞ്ഞിക്കുഴി പയര്‍ വിത്തും" കര്‍ഷകര്‍ക്കു വിതരണം ചെയ്തു.

Saturday, November 22, 2008

ഭൗമോത്സവം ഇന്ന്‌ തുടങ്ങും

ഇരിട്ടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇരിട്ടി യൂണിറ്റും ഇരിട്ടി ഹൈസ്‌കൂള്‍ സോഷ്യല്‍ സയന്‍സ്‌ ക്ലബും സംഘടിപ്പിക്കുന്ന ഭൗമോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരിട്ടി ഹൈസ്‌കൂളില്‍ നടക്കും. കീഴൂര്‍-ചാവശ്ശേരി, പായം, ആറളം, അയ്യങ്കുന്ന്‌ പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍നിന്ന്‌ അഞ്ച്‌ വീതം കുട്ടികളെ പങ്കെടുപ്പിക്കാം. എല്‍.പി.വിഭാഗത്തിന്‌ ഒരു ദിവസവും യു.പി, എച്ച്‌.എസ്‌ വിഭാഗങ്ങള്‍ക്ക്‌ രണ്ട്‌ ദിവസവുമാണ്‌ ക്യാമ്പ്‌.

യൂണിറ്റ്‌ വാര്‍ഷികം
കോലഞ്ചേരി :കേരളശാസ്‌ത്രസാഹിത്യപരിഷത്ത്‌ വടവുകോട്‌ യൂണിറ്റ്‌ വാര്‍ഷികം നടത്തി. കീഴിലുള്ള 4 കുടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ ചടങ്ങില്‍ സോപ്പ്‌ നിര്‍മാണപരിശീലനം നല്‍കി. കൂടാതെ കേരളം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച്‌ കേന്ദ്രനിര്‍വാഹകസമിതി അംഗം പി.എ. തങ്കച്ചന്‍ ക്ലാസെടുത്തു.

Thursday, November 20, 2008

ബാലോത്സവം

എടപ്പാള്‍:ഗ്രാമപ്പഞ്ചായത്തും കേരള ശാസ്‌ത്രസാഹിത്യപരിഷത്തും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ബാലോത്സവം നടത്തി. പൊല്‍പ്പാക്കര വായനശാലയില്‍ നടന്ന പരിപാടി വി.വി. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. ജയകൃഷ്‌ണന്‍, പി.ബി. കുമാരി, സുരജ, കെ. വിജയന്‍, സുരേന്ദ്രന്‍, ബാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊല്‍പ്പാക്കര വായനശാലയുടെ കീഴില്‍ ബാലവേദിയും രൂപവത്‌കരിച്ചു.


വിജ്ഞാനോത്സവം നടത്തി
കണ്ണാടിപ്പറമ്പ്‌: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കണ്ണാടിപ്പറമ്പ്‌ യൂണിറ്റ്‌ വിജ്ഞാനോത്സവം നടത്തി. നാറാത്ത്‌ പഞ്ചായത്തിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ പങ്കെടുത്തത്‌.

ദേശസേവാ യു.പി.സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ എം.സുജിത്ത്‌ അധ്യക്ഷതവഹിച്ചു. ഒ.ടി.കോമളവല്ലി സര്‍ട്ടിഫിക്കറ്റ്‌ വിതരണം നടത്തി. സി.സുരേശന്‍ സ്വാഗതവും കെ.സതീശന്‍ നന്ദിയും പറഞ്ഞു.

Wednesday, November 19, 2008

ഭൗമോത്സവം ശ്രദ്ധേയമായി

സുല്‍ത്താന്‍ബത്തേരി: അന്താരാഷ്ട്ര ഭൗമ വര്‍ഷത്തോടനുബന്ധിച്ച്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഭൗമോത്സവം ശ്രദ്ധേയമായി.

ഭൂമിയുടെ ഭ്രമണം, പരിക്രമണം, അച്ചുതണ്ടിന്റെ ചെരിവ്‌, അയനം, സമരാശ്രദിനങ്ങള്‍, സ്വന്തം കാല്‍കീഴിലെ ഭൂമി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ യുക്തിസഹവും ശാസ്‌ത്രീയവുമായി വിവരിക്കാനാവശ്യമായ പ്രവര്‍ത്തന മാതൃകകള്‍ നിര്‍മിച്ചാണ്‌ കുട്ടികള്‍ ഭൗമോത്സവത്തില്‍ പങ്കാളികളായത്‌. ഓരോ കുട്ടിയും നിര്‍മിച്ച മാതൃകകള്‍ പ്രവര്‍ത്തിപ്പിച്ച്‌ സ്വയം പഠനത്തിനും ആശയ പ്രചാരണത്തിനും മുന്നോട്ടുവന്നു.

ഭൗമോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍ റിസാനത്ത്‌ സലിം ഉദ്‌ഘാടനം ചെയ്‌തു. ടി.ടി. മത്തായി അധ്യക്ഷതവഹിച്ചു. കെ.വൈ. എല്‍ദോ, സതി വിനോദ്‌, എം.സി. ദേവസ്യ, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.ജെ. ജോണ്‍, എം.കെ. സുന്ദര്‍ലാല്‍, എം.എ. പൗലോസ്‌, ടി.വി. ഗോപകുമാര്‍, ബിജോപോള്‍, ടി.പി. സന്തോഷ്‌, വി.എന്‍. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, November 18, 2008

ടൂവീലര്‍ പ്രച്ഛന്നവേഷ മത്സരം

കൂത്തുപറമ്പ്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കൂത്തുപറമ്പ്‌ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി 19ന്‌ വൈകിട്ട്‌ നടത്തുന്ന ഘോഷയാത്രയില്‍ ടൂവീലര്‍ പ്രച്ഛന്നവേഷ മത്സരം നടത്തുന്നു. വേങ്ങാട്‌ മെട്ടയില്‍ ആരംഭിച്ച്‌ വേങ്ങാട്‌ തെരുവില്‍ ഘോഷയാത്ര സമാപിക്കും. പങ്കെടുക്കുന്നവര്‍ 9995027362, 9947622494, 9446460302 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Monday, November 17, 2008

സൂര്യനെയും ഭൂമിയെയും അടുത്തറിഞ്ഞ്‌ ഭൗമോത്സവം


വടുവന്‍ചാല്‍: സൂര്യോദയം കാണാന്‍ തെക്കോട്ട്‌ നോക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കൊരു സംശയം. ഉദയം കിഴക്കല്ലേ? കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭൗമോത്സവത്തിലാണ്‌ കുട്ടികളോട്‌ ഉദയസൂര്യനെ കാണാന്‍ തെക്കോട്ട്‌ നോക്കാന്‍ പറഞ്ഞത്‌.

കിഴക്കുനിന്ന്‌ എത്രമാത്രം തെക്കോട്ടുമാറിയാണ്‌ ഇപ്പോള്‍ സൂര്യനുദിക്കുന്നതെന്ന്‌ കുട്ടികള്‍ തിരിച്ചറിഞ്ഞു. അയനചലനവുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലായിരുന്നു അവര്‍. ഇനിയും സൂര്യന്‍ എത്രമാത്രം തെക്കോട്ടുപോകുമെന്നും തിരിച്ചുള്ള യാത്രയില്‍ വടക്കോട്ട്‌, എവിടെവരെ പോകുമെന്നും കുട്ടികള്‍ കണക്കുകൂട്ടി. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം പുതിയ പരിക്രമണ മാതൃക നിര്‍മിച്ച്‌ അവര്‍ മനസ്സിലാക്കി. ധ്രുവപ്രദേശത്തുകാര്‍ സൂര്യനെ എങ്ങനെ കാണുമെന്ന്‌ കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിച്ചു.

ഓരോ പ്രവര്‍ത്തനങ്ങളിലും സ്വയം മൂല്യനിര്‍ണയം നടത്താനും കുട്ടികള്‍ക്ക്‌ അവസരം നല്‍കി. വിവിധ വിദ്യാലയങ്ങളില്‍നിന്ന്‌ തിരഞ്ഞെടുത്ത നൂറോളം വിദ്യാര്‍ഥികള്‍ക്കൊപ്പം നിരവധി അധ്യാപകരും രക്ഷിതാക്കളും ഭൗമോത്സവത്തല്‍ പങ്കെടുത്തു. ബീന ബാബു ഉദ്‌ഘാടനം ചെയ്‌തു. കെ.ടി. ശ്രീവത്സന്‍, പി.കെ. ബാലകൃഷ്‌ണന്‍, കെ.കെ. രാമകൃഷ്‌ണന്‍, എ.സി. മാത്യൂസ്‌, മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോളി സ്‌കറിയ, പി.ജി. രാധാകൃഷ്‌ണന്‍, പി.സി. ജോണ്‍, പി.കെ. പ്രഭാകരന്‍, എം.കെ. ഷിഖി, പി.ജെ. ഷാജി എന്നിവര്‍ സംസാരിച്ചു.

വളാഞ്ചേരി: ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാടാമ്പുഴ എ.എല്‍.പി സ്‌കൂളിലും നടുവട്ടം എ.യു.പി സ്‌കൂളിലും നടന്ന ഭൗമോത്സവം സമാപിച്ചു. 400 കുട്ടികള്‍ പങ്കെടുത്തു. എന്‍. കൃഷ്‌ണനുണ്ണി, പി. രമേശ്‌കുമാര്‍, വി. രാജലക്ഷ്‌മി, രത്‌നാകരന്‍, രമ്യ കെ, കെ.എന്‍. അരവിന്ദാക്ഷന്‍, പി. സുഭാഷ്‌, സജി ജേക്കബ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

അഴീക്കോട്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി അഴീക്കോട്‌, വളപട്ടണം ക്ലസ്റ്റര്‍ ഭൗമോത്സവം നടത്തി. അഴീക്കോട്‌ സൗത്ത്‌ യു.പി.സ്‌കൂളില്‍ പി.ടി.എ. പ്രസിഡന്റ്‌ എ.പി.അബ്ദുള്‍ നിസാറിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഗിരീഷ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രധാനാധ്യാപിക പ്രേമസുധ സംസാരിച്ചു. പി.വി.അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‌കി. ടി.കെ.ശ്രീധരന്‍ സ്വാഗതവും പി.ധര്‍മന്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 100 വിദ്യാര്‍ഥികളാണ്‌ രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന ഭൗമോത്സവത്തില്‍ പങ്കെടുക്കുന്നത്‌. പ്രീത്‌ അഴീക്കോടിന്റെ ശാസ്‌ത്ര മാജിക്കും നടന്നു.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി 16ന്‌ രണ്ടിന്‌ അഴീക്കല്‍ ഭഗത്‌സിങ്‌ കമ്യൂണിറ്റി ഹാളില്‍ 'ഭക്ഷ്യസുരക്ഷ' സെമിനാര്‍ സംഘടിപ്പിക്കും. അഴീക്കോട്‌ കൃഷി ഓഫീസര്‍ എം.കെ.പത്മത്തിന്റെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജയദേവന്‍ ഉദ്‌ഘാടനം ചെയ്യും

കാഴ്‌ച- ചലച്ചിത്രമേള

തളിപ്പറമ്പ്‌: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മേഖലാ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച്‌ 17മുതല്‍ 21വരെ തളിപ്പറമ്പ്‌ ടാക്‌സി സ്റ്റാന്‍ഡ്‌ പരിസരത്ത്‌ കാഴ്‌ച- ചലച്ചിത്രമേള നടത്തും. വൈകീട്ട്‌ ആറുമണിക്ക്‌ തുടങ്ങും.മേള 17ന്‌ വൈകീട്ട്‌ 5.30ന്‌ കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്യും. സിനിമാ സംവിധായകന്‍ മധു കൈതപ്രം പ്രഭാഷണം നടത്തും. വാട്ടര്‍, കളിയൊരുക്കം, താരെ സമീന്‍ പര്‍, മദര്‍, പാന്‍സ്‌ലാബറിന്റ്‌, കടല്‍ത്തീരത്ത്‌, ഡ്രീംസ്‌, ടര്‍ട്ടില്‍ കാന്‍-ഫ്‌ളൈ, ഗെറ്റിങ്‌ ഹോം എന്നീ സിനിമകള്‍ അവതരിപ്പിക്കും.

Sunday, November 16, 2008

വനിതാസംഗമം

മലപ്പുറം-പൂക്കോട്ടുംപാടം: തീവ്രവാദത്തെയും വിഘടനവാദത്തെയും പ്രതിരോധിക്കണമെങ്കില്‍ സ്‌ത്രീ സ്‌ത്രീയായി നിലകൊള്ളണമെന്ന്‌ സംസ്ഥാന വനിതാകമ്മീഷന്‍ അംഗം പി.കെ. സൈനബ പറഞ്ഞു.
അമരമ്പലം പഞ്ചായത്ത്‌ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ നടന്ന സംഗമത്തില്‍ അമരമ്പലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. സുജാത അധ്യക്ഷത വഹിച്ചു. പി. അനു, അഡ്വ. സ്വപ്‌ന, ഒ. ഗംഗാദേവി, ബേബി കളരിക്കല്‍, രത്‌നാഗോപി, കെ.പി. കാര്‍ത്യായനി, കേമ്പില്‍ രാധ, പങ്കജം എന്നിവര്‍ പ്രസംഗിച്ചു.


റോഡ്‌ സുരക്ഷാ ക്ലാസ്സ്‌
ചുങ്കത്തറ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും എം.പി.എം.ഹൈസ്‌കൂള്‍ സാമൂഹിക ശാസ്‌ത്ര ക്ലബ്ബിന്റെ സഹകരണത്തോടെ റോഡ്‌ സുരക്ഷാക്ലാസ്‌ സംഘടിപ്പിച്ചു. നിലമ്പൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ജിജോ നേതൃത്വം നല്‍കി. കെ.അരുണ്‍കുമാര്‍, വൈഷ്‌ണവി, വി.പി.വേലായുധന്‍, പി.പി.അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

നിയമബോധവത്‌കരണ ക്ലാസ്‌
ചുങ്കത്തറ: കേരളശാസ്‌ത്ര സാഹിത്യ പരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും നിയമബോധവത്‌കരണ ക്ലാസ്സ്‌ നടത്തി. രാജീവ്‌ തോമസ്‌ അധ്യക്ഷതവഹിച്ചു. അഡ്വ.കെ.കെ.രാധാകൃഷ്‌ണന്‍ ക്ലാസ്‌ എടുത്തു. കെ.സി.മുരളീധരന്‍, ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.



സാംസ്‌കാരികോത്സവം
വടകര: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വടകരയില്‍ സംഘടിപ്പിച്ച ശാസ്‌ത്ര-സാംസ്‌കാരികോത്സവം ഡോ. ആര്‍.വി.ജി. മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുറന്തോടത്ത്‌ സുകുമാരന്‍, കായക്കണ്ടി വിനോദന്‍, ടി.എം. കണാരന്‍ എന്നിവര്‍ സംസാരിച്ചു. എടയത്ത്‌ ശ്രീധരന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ കൗണ്‍സലിങ്‌

വെഞ്ഞാറമൂട്‌: ശാസ്‌ത്രസാഹിത്യ പരിഷത്തും പിരപ്പന്‍കോട്‌ എച്ച്‌. എസ്‌. എസ്സും ചേര്‍ന്ന്‌ ലഹരിവിരുദ്ധ കൗണ്‍സലിങ്‌ നടത്തി. ഡോ. സാഗര്‍ തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രേംആനന്ദ്‌ അധ്യക്ഷനായിരുന്നു. ബാലകൃഷ്‌ണന്‍നായര്‍, ഷൈന്‍, ശശിധരന്‍, സുധര്‍മ്മ എന്നിവര്‍ സംസാരിച്ചു.

ശാസ്‌ത്ര സാംസ്‌കാരികോത്സവം സമാപിച്ചു
കൂറ്റനാട്‌: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ നാഗലശ്ശേരി പഞ്ചായത്തില്‍ സംഘടിപ്പിച്ച ശാസ്‌ത്ര സാംസ്‌കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി. ഹെന്‍ട്രി അധ്യക്ഷനായി. മനോഹരന്‍, ടി.കെ. ബാലന്‍, എം. ശിവശങ്കരന്‍, പി.ചന്ദ്രന്‍, കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തിന്‌ മുന്നോടിയായി സാംസ്‌കാരികനാടകവുമുണ്ടായി.


വൈദ്യുതി ഉപഭോഗവും നിയന്ത്രണവും സെമിനാര്‍
ചേര്‍ത്തല:കേരളശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഓട്ടോകാസ്റ്റ്‌ യൂണിറ്റ്‌, ഓട്ടോകാസ്റ്റ്‌ റിക്രിയേഷന്‍ ക്ലബ്ബ്‌, ഓട്ടോകാസ്റ്റ്‌ എനര്‍ജി സര്‍ക്കിള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 17ന്‌ ഉച്ചക്ക്‌ 1.30ന്‌ ഓട്ടോകാസ്റ്റ്‌ എന്‍ജിനീയറിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈദ്യുതി ഉപഭോഗവും നിയന്ത്രണവും എന്നതാണ്‌ വിഷയം. ഓട്ടോകാസ്റ്റ്‌ എംഡി എം.കുര്യാക്കോസ്‌ ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ഇബി മുന്‍ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍മാരായ കെ.ഭാസ്‌കരന്‍, എന്‍.ആര്‍.ബാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുക്കും.

Thursday, November 13, 2008

ആരോഗ്യ- വിദ്യാഭ്യാസ സെമിനാര്‍

വണ്ടൂര്‍: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി പോരൂര്‍ പഞ്ചായത്ത്‌ സമ്പൂര്‍ണ വിദ്യാഭ്യാസ പരിപാടിയായ ബാല-കൗമാര ആരോഗ്യവിദ്യാഭ്യാസ സെമിനാര്‍ നടത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഉണ്ണിചാത്തന്‍ ഉദ്‌ഘാടനംചെയ്‌തു. എം. മുജീബ്‌റഹ്‌മാന്‍, ഡോ. ഫാത്തിമ സുഹ്‌റ, എച്ച്‌.ഐ ഇ.പി. മുരളി, ഇ. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, എന്‍. മുഹമ്മദ്‌ നസീം, മാത്യു, കെ. റംലത്ത്‌, എം.വി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാംസ്‌കാരികോത്സവം സമാപിച്ചു

കാസര്‍കോഡ്-ചെറുവത്തൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരികോത്സവം സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ കാരണവക്കൂട്ടം, കലാജാഥ, പ്രഭാഷണങ്ങള്‍, വനിതാ സംഗമം, യുവസംഗമം, പച്ചക്കറി ഉല്‌പന്നങ്ങളുടെ സാധ്യതകളെക്കുറിച്ച്‌ ക്ലാസ്‌, സിനിമാ പ്രദര്‍ശനം, തെരുവ്‌ നാടകം എന്നിവ സംഘടിപ്പിച്ചു.

സമാപന സമ്മേളനം ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂളില്‍ സംസ്ഥാന സെക്രട്ടറി സി.പി.സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.കണ്ണന്‍ അധ്യക്ഷനായി. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരിഷത്ത്‌വാര്‍ത്ത ജില്ലാ സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍ പ്രകാശനം ചെയ്‌തു. കെ.പ്രേംരാജ്‌ സ്വാഗതവും ഒ.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Wednesday, November 12, 2008

ഭൗമവിജ്ഞാനത്തിന്റെ ചെപ്പുതുറന്ന്‌ യൂറിക്കാ വിജ്ഞാനോത്സവം

ചെര്‍പ്പുളശ്ശേരി: ജില്ലയില്‍ ശനിയാഴ്‌ച പഞ്ചായത്തുതലത്തില്‍ നടത്തിയ യൂറിക്കാ വിജ്ഞാന ഭൗമോത്സവം പങ്കാളികളായ ആറായിരത്തിലധികം കൊച്ചുവിദ്യാര്‍ഥികള്‍ക്ക്‌ പുത്തനനുഭവമായി. അന്താരാഷ്ട്ര ഭൗമവര്‍ഷത്തോടനുബന്ധിച്ച്‌ പൊതുവിദ്യാഭ്യാസവകുപ്പും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേര്‍ന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പഠനോപകരണങ്ങളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക്‌ ഭൂമിയെക്കുറിച്ചുള്ള വിവരണം നല്‍കി. തുടര്‍ന്ന്‌ മൂല്യനിര്‍ണയവും. വിജ്ഞാനോത്സവം കുട്ടികള്‍ക്ക്‌ വളരെ പ്രയോജനപ്പെട്ടതായാണ്‌ പ്രതികരണമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ കെ. മനോഹരനും സെക്രട്ടറി കെ. അരവിന്ദാക്ഷനും പറഞ്ഞു.


എടപ്പാള്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടത്തിയ ഭൗമോത്സവം ജി.എല്‍.പി സ്‌കൂളില്‍ പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ കെ.വിജയന്‍ ഉദ്‌ഘാടനംചെയ്‌തു. അയനചലനങ്ങള്‍, അച്ചുതണ്ടിന്റെ ചരിവ്‌, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഭൂമിയുടെ സംരക്ഷണം എന്നീ മേഖലകളിലായിരുന്നു പഠനം. കുട്ടികള്‍തന്നെ ഗ്രേഡ്‌ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. ജിജി വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. ടി.പി.വാസുദേവന്‍, ടി.പി.കുട്ടന്‍, രമണി, വി.ടി.ആരതി എന്നിവര്‍ ക്ലാസെടുത്തു.

തേഞ്ഞിപ്പലം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തിരൂരങ്ങാടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല കാമ്പസില്‍ ഭൗമോത്സവം സംഘടിപ്പിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, വള്ളിക്കുന്ന്‌, വേങ്ങര, എ.ആര്‍ നഗര്‍, പെരുവള്ളൂര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വടകര: ഒഞ്ചിയം, ഏറാമല, ചോറോട്‌, അഴിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളില്‍നിന്നു തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്‌ ഭൗമോത്സവം എന്ന പേരില്‍ ദ്വിദിന പഠനക്യാമ്പ്‌ നടത്തി. അഴിയൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എം.കെ. പ്രേംനാഥ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

അങ്ങനെ ശാസ്ത്രമുണ്ടായി!

ചൂടും തണുപ്പുമേറ്റാകെത്തളര്‍ന്നും
കാട്ടുമൃഗങ്ങളെപ്പേടിച്ചരണ്ടും
കാടുംതെണ്ടിക്കുരങ്ങന്‍മാരോടൊത്തു
കായ്കനി തിന്നു കഴിഞ്ഞോരുന്നാള്‍
നമ്മുടെ മുതുമുത്തച്ഛന്നോരു
കല്ലിന്‍ കഷ്ണം കടന്നെടുത്തു.
ആയതുകോണ്ടരു കാട്ടുചെടിയുടെ
മൂടുതുരന്നു കിഴങ്ങെടുത്തു
അന്നാദ്യമായി മനുഷ്യന്‍ സൃഷ്ടിച്ചൊ-
രായുധമുണ്ടായി, ശാസ്ത്രമുണ്ടായ്.

ഈ ഗാനം "നമ്മുടെ വാനം "എന്ന പരിഷദ് പ്രസിദ്ധീകരണത്തില്‍ നിന്ന്
വില 25 രൂപ,ജൂലൈ 2007,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,
തൃശ്‌ശൂര്‍


Tuesday, November 11, 2008

ശാസ്‌ത്രങ്ങള്‍ കൂടുതല്‍ ജനകീയമാവണം: ഏഴാച്ചേരി രാമചന്ദ്രന്‍

കോട്ടയം- കറുകച്ചാല്‍: ശാസ്‌ത്രങ്ങള്‍ കൂടുതല്‍ ജനകീയമാവണമെന്നും മനുഷ്യജീവിതത്തിന്റെ മാറ്റങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഇവ മറ്റുള്ളവര്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും പ്രസിദ്ധ സാഹിത്യകാരന്‍ ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്‌ചയായി കറുകച്ചാല്‍ പഞ്ചായത്ത്‌ പ്രദേശത്ത്‌ നടന്ന ശാ‍സ്ത്രസാംസ്കാരികോത്സവത്തിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ.ജേക്കബ്‌ ജോര്‍ജ്‌ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കറുകച്ചാല്‍ ഗ്രാമപ്പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ബാലഗോപാലന്‍ നായര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.ബിജുകുമാര്‍, അനില്‍കുമാര്‍ ശ്രീപദ്‌, ഉണ്ണിക്കൃഷ്‌ണന്‍ പറമ്പത്ത്‌, എം.എസ്‌.ഷാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

വയലാര്‍ കാവ്യസന്ധ്യ

വൈക്കം: കേരളശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ബോട്ടുജെട്ടി മൈതാനത്ത്‌ സാംസ്‌കാരികോത്സവം സായാഹ്ന കൂട്ടത്തിന്റെ ഭാഗമായി വയലാര്‍ രാമവര്‍മ്മയുടെ കവിതകളാലപിച്ചു.

പുരോഗമന കലാസാഹിത്യസംഘം വൈക്കം ഏരിയാ പ്രസിഡന്റ്‌ സുബ്രഹ്മണ്യന്‍ അമ്പാടി അധ്യക്ഷത വഹിച്ചു. വയലാര്‍ കവിതകളെക്കുറിച്ച്‌ ഡോ. പള്ളിപ്പുറം മുരളി പ്രഭാഷണം നടത്തി. പ്രൊഫ. പി. വിശ്വനാഥന്‍നായര്‍ പ്രസംഗിച്ചു.

പരിശീലനം നല്‍കി

എറണാങ്കുളം- കുറുപ്പംപടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പുന്നയത്ത്‌ നടന്ന സോപ്പുനിര്‍മ്മാണ പരിശീലനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി.എന്‍. രാജന്‍ ഉദ്‌ഘാടനംചെയ്‌തു.

പഞ്ചായത്തംഗം എന്‍. സതി അധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ്‌. സുനില്‍കുമാര്‍, വി.എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Monday, November 10, 2008

ദൃശ്യോത്സവം' ഇന്ന്‌ തുടങ്ങും

മലപ്പുറം-താനൂര്‍: താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിലുള്ള ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പുത്തന്‍തെരു നായനാര്‍ സ്‌മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന 'ദൃശ്യോത്സവം' തിങ്കളാഴ്‌ച തുടങ്ങും.

ഗ്രന്ഥാലയ പരിസരത്ത്‌ വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന സിനിമാപ്രദര്‍ശനങ്ങളുടെയും ചര്‍ച്ചകളുടെയും ഉദ്‌ഘാടനം എം.എം. സചീന്ദ്രന്‍ നിര്‍വഹിക്കും. ചാര്‍ലി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസ്‌' ഉദ്‌ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തകരച്ചെണ്ട, നൈറ്റ്‌ ഫേ്‌ളാഗ്‌, പാന്‍ഡ്‌ ലാബ്രിന്ത്‌, വൈറ്റ്‌ ബലൂണ്‍, സിനിമാ പാരഡൈസോം എന്നിവ പ്രദര്‍ശിപ്പിക്കും.

കണികാപരീക്ഷണം: സെമിനാര്‍ ഇന്ന്‌

തേഞ്ഞിപ്പലം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാലിക്കറ്റ്‌ സര്‍വകലാശാല 'രചന' കലാ സാംസ്‌കാരികവേദിയും പരിഷത്തും സംയുക്തമായി 'കണികാപരീക്ഷണം: പ്രതീക്ഷകളും ആശങ്കകളും' എന്ന വിഷയത്തില്‍ തിങ്കളാഴ്‌ച വൈകീട്ട്‌ സെമിനാര്‍ നടത്തും. സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ഉദ്‌ഘാടനംചെയ്യും.

വാക്‌സിന്‍ ക്ഷാമം: പരിഷത്ത്‌ ധര്‍ണ

കോഴിക്കോട്‌: പ്രതിരോധ കുത്തിവെപ്പിനുള്ള ഡി.ടി., ഡി.പി.ടി. എന്നീ വാക്‌സിനുകള്‍ നിര്‍മിക്കുന്ന സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കസൗളി, പാസ്‌ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ കൂനൂര്‍ എന്നിവിടങ്ങളിലെ ഉത്‌പാദന കേന്ദ്രം നിര്‍ത്തിവെച്ചതിനാല്‍ കേരളത്തില്‍ ഈ മരുന്ന്‌ ആവശ്യത്തിന്‌ ലഭിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ കേരള ശാസ്‌ത്ര-സാഹിത്യ പരിഷത്ത്‌ ധര്‍ണ നടത്തി. മെഡിക്കല്‍ കോളേജ്‌ പരിസരത്ത്‌ നടത്തിയ ധര്‍ണ ഡോ. എ. അച്യുതന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി സി.പി. സുരേഷ്‌ബാബു, ചന്ദ്രശേഖരന്‍, പി.ദിലീപ്‌കുമാര്‍, പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

എം.രാമദാസ്‌ അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ ജില്ലാ സെക്രട്ടറി കെ. രാധന്‍ ധര്‍ണയ്‌ക്ക്‌ നേതൃത്വം നല്‍കി.

ഏഴുമാസത്തോളമായി കേരളത്തില്‍ പ്രതിരോധ മരുന്ന്‌ ക്ഷാമം തുടങ്ങിയിട്ടെന്ന്‌ പരിഷത്ത് പറയുന്നു.

ജനകീയസംവാദം

വയനാട്- കൊയിലേരി:കേരളീയ വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ശാസ്‌ത്ര സാഹിത്യ പരിഷത്തും കൊയിലേരി ഉദയയും ചേര്‍ന്ന്‌ ജനകീയ സംവാദം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം. ലീലാബായ്‌ അധ്യക്ഷതവഹിച്ചു. പി. സുരേഷ്‌ബാബു വിഷയം അവതരിപ്പിച്ചു.

Sunday, November 9, 2008

ശാസ്‌ത്രസാഹിത്യ ശില്‌പശാലയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി, അനര്‍ട്ട്‌, ശാസ്‌ത്രഗതി മാസിക, ആകാശവാണി തൃശ്ശൂര്‍ നിലയം എന്നിവ ചേര്‍ന്ന്‌ മലയാളത്തിലെ യുവശാസ്‌ത്രസാഹിത്യകാരന്മാര്‍ക്കായി ശില്‌പശാല നടത്തും. നവംബര്‍ 14നും 15നും തൃശ്ശൂര്‍ അയ്യന്തോളിലുള്ള അപ്പന്‍തമ്പുരാന്‍ സ്‌മാരകത്തിലെ കൈരളീഗ്രാമത്തിലാണ്‌ ശില്‌പശാല.

20നും 35നും ഇടയില്‍ പ്രായമുള്ള 40 എഴുത്തുകാര്‍ക്കാണ്‌ പ്രവേശനം. ശാസ്‌ത്രസാഹിത്യവിഷയങ്ങളില്‍ അവഗാഹമുള്ള അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും ബയോഡാറ്റ സഹിതം അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. താത്‌പര്യമുള്ളവര്‍ സെക്രട്ടറി, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 10നകം അപേക്ഷിക്കണം.

മുഖാമുഖം

തേഞ്ഞിപ്പലം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഡോക്ടറുമായി മുഖാമുഖം സംഘടിപ്പിച്ചു.

'സ്‌ത്രീകളുടെ മാനസികാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച്‌ സംഘടിപ്പിച്ച മുഖാമുഖത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല മനഃശാസ്‌ത്രവിഭാഗം റീഡര്‍ ഡോ. ബേബി ശാരി ക്ലാസെടുത്തു. 'സ്‌ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച്‌ കാലിക്കറ്റ്‌ സര്‍വകലാശാല മെഡിക്കല്‍ ഓഫീസര്‍ ഡോ. ശൈലജ വര്‍മ ക്ലാസെടുത്തു.

ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. പങ്കജാക്ഷി അധ്യക്ഷത

Saturday, November 8, 2008

ഊര്‍ജസെമിനാര്‍

മലപ്പുറം:രാജീവ്‌ഗാന്ധി ദിനാചരണത്തിന്റെയും ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി പോരൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഊര്‍ജസുരക്ഷാമിഷന്‍ ഇ.ഇ.സിയുടെ ആഭിമുഖ്യത്തില്‍ അക്ഷയ ഊര്‍ജസെമിനാറും വിദ്യാര്‍ഥികള്‍ക്ക്‌ മത്സരങ്ങളും സംഘടിപ്പിച്ചു.

ചടങ്ങ്‌ പോരൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ഹാളില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി. ഉണ്ണിച്ചാത്തന്‍ ഉദ്‌ഘാടനംചെയ്‌തു. കെ.ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. സജീഷ്‌, ജുവൈരിയ, പി.കെ.ശങ്കുണ്ണി, എം. രാധാകൃഷ്‌ണന്‍, എം. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി സെമിനാര്‍ അവതരിപ്പിച്ചു. എം.വി.മോഹനന്‍ സ്വാഗതവും കെ.കെ. സാബിറ നന്ദിയും പറഞ്ഞു. ജില്ലാതല മത്സരങ്ങളിലേക്ക്‌ അര്‍ഹതനേടിയവര്‍: ചിത്രരചന യു.പി.വിഭാഗം 1. പി.സനൂപ്‌(എ.യു.പി സ്‌കൂള്‍, ചെറുകോട്‌), 2. കെ. ഷാബാസ്‌ ഹുസൈന്‍(കെ.എം.എ.യു.പി സ്‌കൂള്‍, ചെറുകോട്‌), പ്രശേ്‌നാത്തരി (ഹൈസ്‌കൂള്‍):1. പി. ഹാഫിസ്‌, 2. വി. മുഹമ്മദ്‌ റാഷിദ്‌(ഇരുവരും ഗവണ്‍മെന്റ്‌ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,


എടപ്പാള്‍:
ശാസ്‌ത്ര സാംസ്‌കാരികോത്സവം ത്തിന്റെ ഭാഗമായി പരിഷത്തും യാസ്‌പൊ പൊറൂക്കരയും ചേര്‍ന്നു നടത്തിയ അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ പവ്വര്‍ പ്ലേ വള്ളിപ്പടി ജേതാക്കളായി. യാസ്‌പൊ പൊറൂക്കരയെ ടൈ ബ്രേക്കറിലാണ്‌ ഇവര്‍ പരാജയപ്പെടുത്തിയത്‌. മേഖലാ സെക്രട്ടറി ജിജി വര്‍ഗീസ്‌ ട്രോഫികള്‍ സമ്മാനിച്ചു.

തലമുറകളുടെ സംഗമം

കാലടി: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മറ്റൂരില്‍ തലമുറകളുടെ സംഗമം സംഘടിപ്പിക്കുന്നു. പ്രാദേശിക കൂട്ടായ്‌മകളെ ഉണര്‍ത്തുന്നതിനും ശാസ്‌ത്രബോധവും ജനാധിപത്യ സംവിധാനവും നിലനില്‍ക്കുന്ന നവീന സമൂഹം രൂപപ്പെടുത്തുന്നതിനുമായിട്ടുള്ള സംഗമം ഞായറാഴ്‌ച വൈകീട്ട്‌ 3 മുതല്‍ 6 വരെ എം.എ. ചന്ദ്രന്റെ വസതിയിലാണ്‌ നടക്കുക.

പരിഷദ്‌ ഭവന്‍ ഉദ്‌ഘാടനം ചെയ്‌തു

കൊല്ലം:കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ഓഫീസ്‌ കെട്ടിടം 'പരിഷദ്‌ ഭവന്‍' മാടന്‍നടയ്‌ക്ക്‌ സമീപം സഞ്ചാരിമുക്കില്‍ ഡോ. എം.പി.പരമേശ്വരന്‍ ആര്യവേപ്പിന്‍ തൈ നട്ടുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പരിഷദ്‌ ജില്ലാ പ്രസിഡന്റ്‌ പി.എസ്‌.സാനു അധ്യക്ഷത വഹിച്ചു. റിട്ട.കൊല്ലം എസ്‌.പി. കെ.എന്‍.ജിനരാജന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സജി സി.നായര്‍ സ്വാഗതം പറഞ്ഞു.

പരിഷദ്‌ഭവന്‍ നിര്‍മ്മാണസമിതി ചെയര്‍മാന്‍ കെ.വി.എസ്‌.കര്‍ത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്‌മയില്‍ പരിഷത്ത്‌ പ്രവര്‍ത്തകരും കുടുംബബന്ധങ്ങളും എന്ന വിഷയത്തില്‍ ഭാരത്‌ജ്ഞാന്‍ വിജ്ഞാന്‍ സമിതി പ്രസിഡന്റ്‌ കെ.കെ.കൃഷ്‌ണകുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി മടന്തകോട്‌ രാധാകൃഷ്‌ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ആര്‍.രാധാകൃഷ്‌ണന്‍, പരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി.വിനോദ്‌, പി.രാമചന്ദ്രമേനോന്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നുമണിക്ക്‌ നടന്ന കേരളത്തിന്റെ വികസനത്തില്‍ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പങ്ക്‌ സെമിനാര്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം.എ.ബേബി ഉദ്‌ഘാടനം ചെയ്‌തു. പ്ലാനിങ്‌ ബോര്‍ഡ്‌ അംഗം പ്രൊഫ. സി.പി.നാരായണന്‍ മോഡറേറ്ററായിരുന്നു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ ഡോ. ജി.ബാലമോഹന്‍ തമ്പി, കേരളത്തിന്റെ വികസനത്തില്‍ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പങ്ക്‌ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.

പി.രാജേന്ദ്രന്‍ എം.പി., സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, ആര്‍.എസ്‌.പി.ജില്ലാ സെക്രട്ടറി എ.എ.അസീസ്‌ എം.എല്‍.എ., പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിഷദ്‌ ഭവന്‍ നിര്‍മ്മാണസമിതി കണ്‍വീനര്‍ കൊട്ടിയം രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന്‌ പരവൂര്‍ വേണുവും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകളും ഉണ്ടായിരുന്നു.

Thursday, November 6, 2008

വനിതാവിജ്ഞാന സംഗമം

കരുമാല്ലൂര്‍: ആലങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വനിതകളുടെ വിജ്ഞാനസംഗമം നടന്നു.

സോപ്പുപൊടി, സോപ്പ്‌, പേപ്പര്‍കിറ്റ്‌, തുണിസഞ്ചി എന്നിവയുടെ നിര്‍മാണ പരിശീലനം നല്‍കി. ആലങ്ങാട്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. ഭാസ്‌കരന്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തംഗം റോസിലി ദേവസ്സി അധ്യക്ഷയായി. ആര്‍.ഐ സെന്ററിലെ എ.ഒ. യമുന സ്‌ത്രീകള്‍ക്കുവേണ്ടി വിജ്ഞാന ക്ലാസ്‌ എടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.ഐ. ജോസഫ്‌, പഞ്ചായത്ത്‌ അംഗങ്ങളായ എം.കെ. ബാബു, കെ.എന്‍. ഉണ്ണി, എ.ഐ. സുരേഷ്‌, രാധാമണി ജെയിംസ്‌, എം.ഡി. ഫെല്ലി എന്നിവര്‍ പ്രസംഗിച്ചു.

Wednesday, November 5, 2008

'കുമ്മാട്ടി' കുട്ടികളുടെ ചലച്ചിത്രമേള

കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം പരിപാടിയുടെ ഭാഗമായുള്ള 'കുമ്മാട്ടി' കുട്ടികളുടെ ചലച്ചിത്രോത്സവം-2008 തുടങ്ങി. കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ മേള. എം.പങ്കജാക്ഷന്റെ അധ്യക്ഷതയില്‍ ടി.കെ.ദേവരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പ്രേമരാജന്‍ സ്വാഗതവും വി.രഘൂത്തമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ കളിയൊരുക്കം, താരെ സമീന്‍പര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ഞായറാഴ്‌ച കളിയൊരുക്കം എന്ന സിനിമയെപ്പറ്റി അണിയറ ശില്‌പികള്‍ സംസാരിക്കും. വൈകിട്ട്‌ ഏഴിന്‌ 'മദര്‍', കേവ്‌ ഓഫ്‌ ദി എല്ലോഡോഗ്‌ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉച്ചയ്‌ക്ക്‌ രണ്ടുമുതല്‍ ജയന്റ്‌സ്‌ ഓഫ്‌ ബ്രസീല്‍, ഗോള്‍ എന്നീ ഫുട്‌ബോള്‍ കളിയെസംബന്ധിച്ച്‌ നിര്‍മ്മിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ചില്‍ഡ്രന്‍സ്‌ ഓഫ്‌ ഹെവന്‍, കിക്കുജിറോ, ന്യൂസ്‌ പേപ്പര്‍ ബോയ്‌, സയലന്‍സ്‌, ദ ആപ്പിള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവം അഞ്ചിന്‌ സമാപിക്കും.

വിജ്ഞാനോത്സവം

പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തുന്ന യുറീക്ക-ശാസ്‌ത്രകേരളം വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതലം നവംബര്‍ 8ന്‌ എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും നടക്കും. . ഫോണ്‍: 0471-2460256, 9446475619.

പാലക്കാട്- കൂറ്റനാട്‌: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന വിജ്ഞാനോത്സവം തൃത്താല മേഖലയില്‍ മൂന്ന്‌ ക്ലസ്റ്ററുകളായി നടക്കും. നവംബര്‍ 8, 9 തിയ്യതികളിലാണ്‌ പരിപാടി. എല്‍.പി.വിഭാഗത്തില്‍ ഒരു സ്‌കൂളില്‍നിന്ന്‌ അഞ്ചുപേര്‍ക്കും യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍ നിന്ന്‌ പത്തുപേര്‍ക്കും പങ്കെടുക്കാം. ആനക്കര, കപ്പൂര്‍ പഞ്ചായത്തുകള്‍ക്ക്‌ ആനക്കര ഡയറ്റ്‌ ലാബ്‌ സ്‌കൂളിലും പട്ടിത്തറ, തൃത്താല, ചാലിശ്ശേരി പഞ്ചായത്തുകള്‍ക്ക്‌ മേഴത്തൂര്‍ ഹൈസ്‌കൂളിലും നാഗലശ്ശേരി, തിരുമിറ്റക്കോട്‌ പഞ്ചായത്തുകള്‍ക്ക്‌ നാഗലശ്ശേരി ഗവ.യു.പി.സ്‌കൂളിലുമാണ്‌ വിജ്ഞാനോത്സവം നടക്കുക.

കല്‌പറ്റ: അന്താരാഷ്ട്ര ഭൗമവാര്‍ഷാചരത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജ്ഞാനോത്സവം 'ഭൗമോത്സവം 2008' നവംബര്‍ 8, 9 തിയ്യതികളില്‍ നടത്തും.

മാനന്തവാടി മേഖലയിലേത്‌ തരുവണ സര്‍ക്കാര്‍ യു.പി. സ്‌കൂളിലും ബത്തേരി മേഖലകൊളഗപ്പാറ ഗവ.യു.പി.സ്‌കൂളിലും വൈത്തിരി മേഖല വടുവന്‍ചാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലും നടത്തും. താത്‌പര്യമുള്ളവര്‍ ഒക്ടോബര്‍ 30ന്‌ മുമ്പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യണം. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക്‌ രണ്ട്‌ ദിവസങ്ങളിലുംഎല്‍.പി. വിഭാഗത്തിന്‌ രണ്ടാം ദിവസവുമാണ്‌ പരിപാടി. ഒരു സ്‌കൂളില്‍ നിന്ന്‌ പരമാവധി അഞ്ചുകുട്ടികള്‍ക്ക്‌ പങ്കെടുക്കാം.

ഭൗമോത്സവത്തിന്‌ മുന്നോടിയായി നടത്തിയ ശില്‌പശാലയ്‌ക്ക്‌ കെ.പി. ഏലിയാസ്‌, ടി.വി.ഗോപകുമാര്‍, എം.കെ. സുന്ദര്‍ലാല്‍, കെ.ടി.ശ്രീവത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിലാസം: ജില്ലാ കണ്‍വീനര്‍, ഭൗമോത്സവം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, പരിഷത്‌ഭവന്‍, മീനങ്ങാടി. ഫോണ്‍: 9744228932, 9961791934.

Tuesday, November 4, 2008

കേരളം ആദ്യം നേടിയതു രാഷ്ട്രീയ സാക്ഷരത


കായംകുളം:ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ 30-35 ശതമാനം ജനങ്ങള്‍‌ക്ക് മാത്രമേ അക്ഷര ജ്ഞാനമുണ്ടായിരുന്നുള്ളു എങ്കിലും രാഷ്ട്രിയസാക്ഷരത നേടുവാന്‍ മുഴുവന്‍ ജനങ്ങളും ശ്രമിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ ചായകടകളിലുംതൊഴില്‍ശാലകളിലുമെല്ലാം നിരക്ഷരായ ജനങ്ങള്‍ അക്ഷരമറിയാവുന്നവരെ കൊണ്ടു ദിനപത്രം വായിപ്പിച്ചുകേട്ടിരുന്നു. വാര്‍ത്തകളെ ആസ്പത മാക്കി ചര്‍ച്ചകളും നടന്നിരുന്നു.ഇതുവഴി അവര്‍ രാഷ്ട്രിയസാക്ഷരത നേടി.ഇതു ജനങ്ങളില്‍ സഘബോധവും സാമൂഹ്യബോധവുംകൂട്ടായ്മയുംമാനവികതയും വളരുന്നതിനു സഹായിച്ചു. പക്ഷേ ഇന്നു സാക്ഷരതയില്‍ മുന്‍പന്തിയില്‍എത്തിയപ്പോള്‍ എല്ലാ മാനുഷിക മൂല്യങ്ങളും താഴേക്കുപോകുന്ന ഒരവസ്ഥയാണുള്ളതു. കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവം ഉദ് ഘാടനം ചെയ്തുകൊണ്ട് പ്രൊഫ: കെ.പാപ്പുട്ടി അഭിപ്രായപ്പെട്ടു.
ലോകത്തെല്ലാം തന്നെ സാക്ഷരതാനിരക്കു ഉയരുന്നതനുസരിച്ചു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അമാനവികതയുമെല്ലാം താഴെക്കുപോകുന്ന അവസ്ഥയാണുള്ളതെങ്കില്‍ കേരളത്തില്‍ സാക്ഷരതയോടൊപ്പം എല്ലാദുര്‍ഗുണങ്ങളും ഉയര്‍ന്നുവരുന്നതായാണു കാണുന്നതു്. ഇതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ തുടക്കം ആകണം ശാസ്ത്രസാംസ്കാരികോത്സവമെന്നു ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി.
പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ നടന്ന ഉദ് ഘാടനയോഗത്തില്‍ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ ശ്രി.എന്‍.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്തു വൈസ് പ്രസിഡന്റു അഡ്വ: സുനില്‍കുമാര്‍, ആര്‍.ശിവരാമ പിള്ള, കെ..സി.ചന്ദ്രമോഹന്‍,അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു ദിവ്യാത്ഭുത അനാവരണം നടക്കുകയുണ്ടായി. ശ്രി.എഴുപുന്നഗോപിനാഥ് അവതരിപ്പിച്ച പരിപാടിയില്‍ മനുഷ്യദൈവങ്ങലള്‍ ജനങ്ങളെ കബളിപ്പിക്കുന്ന വിവിധ രീതികള്‍ തുറന്നു കാണിക്കുകയുണ്ടായി.

നാടിനു ആവേശമായി ശാസ്ത്രസാംസ്കാരികോത്സവങ്ങള്‍ തുടരുന്നു.

മലപ്പുറം-പൂക്കോട്ടുംപാടം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ അമരമ്പലം പഞ്ചായത്തില്‍ തുടക്കമായി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ജില്ലയിലെ 12 പഞ്ചായത്തുകളിലാണ്‌ നടക്കുക.

പൂക്കോട്ടുംപാടത്ത്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കൂട്ടയോട്ടം, നാടന്‍പാട്ട്‌, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുജാത പതാകയുയര്‍ത്തി. ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന ജന.സെക്രട്ടറി വി.വിനോദ്‌ ഉദ്‌ഘാടനംചെയ്‌തു. എന്‍.സി.പുല്ലങ്കോട്‌, എം.എം.കൃഷ്‌ണന്‍കുട്ടി, കെ.സി.വേലായുധന്‍, പി.യു.ജോണ്‍, കെ.പ്രസന്നന്‍, സി.പി.സുബ്രഹ്മണ്യന്‍, എന്‍.എന്‍.സുരേന്ദ്രന്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

വയനാട്-പുല്‌പള്ളി:
ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മേഖല ശാസ്‌ത്ര-സാംസ്‌കാരികോത്സവം പരിഷത്ത്‌ കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.പി. സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജെ. പോള്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ശങ്കരന്‍, കെ.പി.ബേബി, ശശി മറ്റനായില്‍, എം. ഗംഗാധരന്‍, പി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നാടന്‍പാട്ട്‌ ഉത്സവം നടത്തി. ഉത്സവത്തിന്റെ ഭാഗമായി ഊര്‍ജ സര്‍വേ, ബോധവത്‌കരണ ക്ലാസുകള്‍, പുസ്‌തകപ്രചാരണം, ശാസ്‌ത്രക്ലാസുകള്‍, അയല്‍ക്കൂട്ട സംഗമങ്ങള്‍, ആദിവാസി കലാസംഗമം തുടങ്ങിയവ നടക്കും.


പയ്യന്നൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയുടെയും കുഞ്ഞിമംഗലം പറമ്പത്ത്‌ എ.കെ.എ സ്‌മാരക വായനശാലയുടെയും നേതൃത്വത്തില്‍ സമത വിജ്ഞാനോത്സവം നടത്തി. ജില്ലാ കമ്മിറ്റിയംഗം സൗമിനി ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജാനകി, രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പയ്യന്നൂര്‍ മേഖലയുടെയും എ.കെ.ജി.സെന്റര്‍ കുതിരുമ്മലിന്റെയും ആഭിമുഖ്യത്തില്‍ ബാലോത്സവ ക്യാമ്പ്‌ നടത്തി. ഒറിഗാമി, ശാസ്‌ത്രപരീക്ഷണങ്ങള്‍, ഭാഷാപ്രവര്‍ത്തനങ്ങള്‍, ഗണിത സമസ്യകള്‍ എന്നിവയുണ്ടായി. പി.വി.വിജയന്‍ മാസ്റ്റര്‍, സി.ഹരി, രവീന്ദ്രന്‍ മാസ്റ്റര്‍, ജയപ്രകാശ്‌, വത്സരാജ്‌ എന്നിവര്‍ നേതൃത്വം നല്‌കി. കുതിരുമ്മല്‍ പ്രദേശത്തുനിന്ന്‌ എസ്‌.എസ്‌.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രിയ വി., സൂര്യ പി., വികാസ്‌ പി., അഖില പി.വി. എന്നിവര്‍ക്ക്‌ ഗ്രാമപഞ്ചായത്തംഗം എ.വി.ശ്യാമള ഉപഹാരം നല്‌കി. പി.പി.പവിത്രന്‍, ടി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മണക്കാട്‌: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ കൊടിയേറി. ചിറ്റൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ.ജോസഫ്‌ അഗസ്റ്റിന്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ്‌ ജെ.സുജാത അധ്യക്ഷത വഹിച്ചു. ആര്‍.രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ അംഗങ്ങളായ വി.ബി.ദിലീപ്‌കുമാര്‍, ജയന്‍ മുളയ്‌ക്കല്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി ടി.ആര്‍.സോമന്‍, കെ.കെ.കാര്‍ത്തിക, ജീനാ മോള്‍ ഷാജി, അഡ്വ.എന്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എ.എന്‍.സോമദാസ്‌ സ്വാഗതവും മേഖലാ സെക്രട്ടറി പി.ഡി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.


പഴയങ്ങാടി: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മാടായി മേഖല കമ്മിറ്റിയുടെ ശാസ്‌ത്ര സാംസ്‌കാരികോത്സവം തുടങ്ങി. കലാ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.മനോഹരന്‍ അധ്യക്ഷനായി. ഏഴോംഗ്രാമത്തില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായവരെ 'കാരണക്കൂട്ടം' പരിപാടിയില്‍ സി.വി.കുഞ്ഞിരാമന്‍ ആദരിച്ചു. സി.സി.കുഞ്ഞിക്കണ്ണന്‍, സി.ഗോവിന്ദന്‍ നമ്പ്യാര്‍, പപ്പന്‍ ചിരന്തന, കെ.വി.ബാലന്‍, കെ.പദ്‌മനാഭന്‍, എം.പ്രകാശന്‍, പി.വി.രാമദാസന്‍ എന്നിവര്‍ സംസാരിച്ചു.
സി.ജെ.കുട്ടപ്പന്റെ നേതൃത്വത്തില്‍ നാട്ടുപാട്ടുകള്‍ അവതരിപ്പിച്ചു. സാംസ്‌കാരികോത്സവം 30ന്‌ സമാപിക്കും.

Monday, November 3, 2008

വൈരുധ്യങ്ങള്‍ക്കിടയിലും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം

വടകര: കമ്പോളശക്തികളും മതങ്ങളും ജനങ്ങളെ പങ്കിട്ടെടുക്കുന്ന ഇക്കാലത്ത്‌ വൈരുധ്യങ്ങളെ നിലനിര്‍ത്തിത്തന്നെ ഒന്നായിപ്രവര്‍ത്തിക്കാന്‍ സമൂഹത്തിന്‌ കഴിയണമെന്ന്‌ പ്രൊഫ.ആര്‍.വി.ജി. മേനോന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭാ ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുറന്തോടത്ത്‌ സുകുമാരന്‍, എടയത്ത്‌ ശ്രീധരന്‍, കായക്കണ്ടി വിനോദന്‍, ടി.എം.കണാരന്‍ എന്നിവര്‍ സംസാരിച്ചു. എടയത്ത്‌ ശ്രീധരന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു. വി.അശോകന്‍, മണലില്‍ മോഹനന്‍, രവീന്ദ്രന്‍ പി., കുമാരി ശ്രുതി, ലയ എന്നിവര്‍ കവിത അവതരിപ്പിച്ചു.

കഥപറയല്‍ മത്സരം

അഴീക്കോട്‌: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ 'പ്രശസ്‌ത കണ്ടുപിടിത്തങ്ങള്‍- കഥപറയല്‍' മത്സരം നടത്തി. രാമജയം യു.പി.സ്‌കൂളില്‍ എം.ടി.പ്രേമരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.കെ. ശ്രീധരന്‍ അധ്യക്ഷനായി. പി.പി.രവീന്ദ്രന്‍ സമ്മാനം നല്‍കി. പി.സുനില്‍ ദത്തന്‍ സ്വാഗതവും അനൂപ്‌ ഉണ്ണിയാന്‍ നന്ദിയും പറഞ്ഞു. തേജ വിനോദ്‌ (അഴീക്കോട്‌ ഹൈസ്‌കൂള്‍), ആദര്‍ശനരേന്ദ്രന്‍, മുരളി അംജിത്ത്‌ നരേന്ദ്രന്‍ (മീന്‍ കുന്ന്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 28ന്‌ ആറുമണിക്ക്‌ അഴീക്കല്‍ ഫിഷറീസ്‌ ഹൈസ്‌കൂളില്‍ വാന നിരീക്ഷണവും ക്ലാസും നടക്കും.

Sunday, November 2, 2008

വനിതകള്‍ക്ക്‌ കരുത്തുപകര്‍ന്ന്‌ ശാസ്‌ത്രസാംസ്‌കാരികോത്സവം

മുന്നൂര്‍ക്കോട്‌: സാമൂഹികജീവിതത്തില്‍ സ്‌ത്രീകള്‍നേരിടുന്ന അവഹേളനങ്ങളെ അതിജീവിക്കുന്നതിന്‌ കരുത്തുപകരുന്നതായി മുന്നൂര്‍ക്കോട്ട്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ നടത്തിയ വനിതാ സമതാ വിജ്ഞാനോത്സവം. കുടുംബശ്രീകളിലെ വീട്ടമ്മമാരും കുട്ടികളും പൂക്കോട്ടുകാവ്‌ പഞ്ചായത്തുതല ശാസ്‌ത്രസാംസ്‌കാരികോത്സവത്തില്‍ പങ്കാളികളായി. പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌കമ്മിറ്റി ചെയര്‍മാന്മാരായ ലീലാരാജഗോപാല്‍, അജിത്‌കുമാര്‍, പരിഷത്ത്‌ ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗീത, സുനില, ശ്രീജ, ശ്രീലത, അനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാംസ്‌കാരികോത്സവത്തിന്റെ തുടര്‍ച്ചയായി 'കാരണവക്കൂട്ടം' നവംബര്‍ രണ്ടിന്‌ അടയ്‌ക്കാപ്പുത്തൂര്‍ പൊതിസ്‌കൂളില്‍ ചേരും.

ലഹരിക്കെതിരെ കൂട്ട ചിത്രംവര

വളാഞ്ചേരി: മാറാക്കര പഞ്ചായത്തില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി 'ലഹരി നുണയുന്ന കേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കൂട്ടചിത്രംവര കാര്‍ട്ടൂണിസ്റ്റ്‌ കെ.വി.എം. ഉണ്ണി ഉദ്‌ഘാടനം ചെയ്‌തു. ഹമീദ്‌ ദേശാഭിമാനി, വി. ചന്ദ്രന്‍, കെ.എം. രാജന്‍, പ്രകാശന്‍ വി.എസ്‌, സി.പി. മോഹനന്‍, ചാരുത രഘുനാഥ്‌, അഭിലാഷ്‌ തോണിക്കര, സുബൈര്‍ മക്കരപ്പറമ്പ്‌ തുടങ്ങി പതിനഞ്ചു ചിത്രകാരന്മാര്‍ പങ്കെടുത്തു. കെ.കെ. ശശീന്ദ്രന്‍, കെ.എന്‍. അരവിന്ദാക്ഷന്‍, കെ. സുധീഷ്‌കുമാര്‍, സജിജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, October 31, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം- പ്രൊഫ. കെ. പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യും

കായംകുളം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കായംകുളം മേഖലാ കമ്മിറ്റി കണ്ടല്ലൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഒരുമാസത്തെ ശാസ്‌ത്ര സാംസ്‌കരികോത്സവം ശനിയാഴ്‌ച തുടങ്ങും.

2.30ന്‌ പുതിയവിള ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. രാചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കുട്ടികള്‍ക്കായി ചന്ദ്രോത്സവം, ഭൗമോത്സവം, രചനോത്സവം, പഠനയാത്ര, ജലപരിശോധനാ ക്യാമ്പ്‌, കഥകളി ആസ്വാദന ക്ലാസ്‌, നാടക പരിശീലനം എന്നിവയുമുണ്ട്‌. വനിതകള്‍ക്കായി സോപ്പ്‌നിര്‍മാണപരിശീലനം, അടുക്കളകൂട്ടം, ഗായകസംഘം രൂപവത്‌കരണം, എല്ലാ വാര്‍ഡിലും യുവജന സംഗമം, കര്‍ഷക സംഗമം, വൃക്ഷോത്സവം, മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരല്‍, സെമിനാറുകള്‍ എന്നിവയും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.

ആസ്‌ട്രോ ഫിസിക്‌സ്-ഏകദിന സെമിനാര്‍

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജില്‍ ഫിസിക്‌സ്‌ വിഭാഗവും കേരള ശാസ്‌ത്ര സാഹിത്യപരിഷത്തും ചേര്‍ന്ന്‌ ആസ്‌ട്രോ ഫിസിക്‌സില്‍ ഏകദിന സെമിനാര്‍ നടത്തും. നവംബര്‍ 1ന്‌ രാവിലെ 10ന്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെമിനാര്‍ നടക്കും.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ കൊടിയേറി


മലപ്പുറം-പൂക്കോട്ടുംപാടം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ അമരമ്പലം പഞ്ചായത്തില്‍ തുടക്കമായി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ജില്ലയിലെ 12 പഞ്ചായത്തുകളിലാണ്‌ നടക്കുക.

പൂക്കോട്ടുംപാടത്ത്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കൂട്ടയോട്ടം, നാടന്‍പാട്ട്‌, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുജാത പതാകയുയര്‍ത്തി. ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന ജന.സെക്രട്ടറി വി.വിനോദ്‌ ഉദ്‌ഘാടനംചെയ്‌തു. എന്‍.സി.പുല്ലങ്കോട്‌, എം.എം.കൃഷ്‌ണന്‍കുട്ടി, കെ.സി.വേലായുധന്‍, പി.യു.ജോണ്‍, കെ.പ്രസന്നന്‍, സി.പി.സുബ്രഹ്മണ്യന്‍, എന്‍.എന്‍.സുരേന്ദ്രന്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

കാരണവ കൂട്ടായ്‌മ നടത്തി

തിരുവനന്തപുരം-വെമ്പായം: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിക്കുന്ന സാംസ്‌കാരികകൂട്ടായ്‌മയുടെ ഭാഗമായി പരിഷത്ത്‌ വെമ്പായം യൂണിറ്റ്‌ കന്യാകുളങ്ങരയില്‍ കാരണവ കൂട്ടായ്‌മ സംഘടിപ്പിച്ചു. 65ന്‌ മേല്‍ പ്രായമുള്ളവരാണ്‌ പങ്കെടുത്തത്‌. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്‌ഘാടനം ചെയ്‌തു. വെമ്പായം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. തുളസീധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജി. ബാലകൃഷ്‌ണന്‍ നായര്‍, പി. മാധവന്‍ നായര്‍, വിഘ്‌നേശ്വരന്‍, പി.സി. സുകുമാരന്‍ നായര്‍, രാഘവന്‍ പിള്ള, ബി. ഗോപാലന്‍, സുഭദ്ര ടീച്ചര്‍, പി. ചന്ദ്രശേഖരപിള്ള, കെ.പി. അപ്പുക്കുട്ടന്‍ നായര്‍, വൈ.എ. റഷീദ്‌, കേശവന്‍കുട്ടി, അംബിക എന്നിവര്‍ സംസാരിച്ചു.

Thursday, October 30, 2008

ആണവക്കരാര്‍ ഊര്‍ജ സുരക്ഷയ്‌ക്ക്‌ പര്യാപ്‌തമാകില്ല

എടപ്പാള്‍: ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജക്കമ്മിക്ക്‌ പരിഹാരമാണെന്ന പ്രചാരണം നുണയാണെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ സുഹൃദ്‌രാജ്യമാകാനും സഖ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കരാര്‍വേണോ എന്ന്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആണവക്കരാറും ഊര്‍ജ്ജസുരക്ഷയും എന്ന വിഷയമവതരിപ്പിച്ച ഡോ. ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പദ്‌മനാഭന്‍ ഉദ്‌ഘാടനം ചെയ്‌ത സെമിനാറില്‍ യൂത്ത്‌ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാപ്രസിഡന്റ്‌ പി. ഇഫ്‌ത്തിക്കാറുദ്ദീന്‍, പി.പി. വാസുദേവന്‍, ജിജി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. പരിഷത്ത്‌ ജില്ലാപ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു

മാനത്തേക്കൊരു കിളി വാതില്‍

29 October 2008

മാനത്തേക്കൊരു കിളി വാതില്‍

അബുദാബി : ഈ മഹാ പ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാ സമസ്യ ... ഇതിന്റെ യെല്ലാം പൊരുള്‍ അറിയാന്‍ ശ്രമിക്കുക എന്നത് ഏറെ അല്‍ഭുതങ്ങള്‍ കാഴ്ച വെക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂനിറ്റ് സംഘടിപ്പിക്കുന്ന, ഏറെ വിജ്ഞാന പ്രദമായ ഒരു പരിപാടിയാണ് 'മാനത്തേക്കൊരു കിളി വാതില്‍'.




ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായി രിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അസുലഭാ വസരമായിരിക്കും സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം.

(കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07)

- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
വാര്‍ത്ത-ഈ പത്രം

Wednesday, October 29, 2008

ശാസ്‌ത്രക്ലാസ്സുകള്‍ക്ക്‌ ഇന്ന്‌ തുടക്കം

കോഴിക്കോട്‌: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കോര്‍പ്പറേഷന്റെ എല്ലാ ഡിവഷനുകളിലും ശാസ്‌ത്രക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തും. ഊര്‍ജസംരക്ഷണം, ആരോഗ്യം, ശുചിത്വം, ആണവക്കരാറിന്‌ ശേഷം ഇന്ത്യ, ആഗോള സാമ്പത്തിക പ്രതിസന്ധി, കണികാ പരീക്ഷണം, ഇന്ത്യ ചന്ദ്രനിലേക്ക്‌, ആഗോള താപനം, വിവരാവകാശ നിയമം തുടങ്ങിയ വിഷയങ്ങളിലാണ്‌ ക്ലാസ്‌ നടത്തുക. ക്ലാസ്സുകളുടെ ഉദ്‌ഘാടനം ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ കാരപ്പറമ്പ്‌ ആത്മാ യു.പി.സ്‌കൂളില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം. ഭാസ്‌കരന്‍ നിര്‍വഹിക്കും.

കേരളപ്പിറവിദിനത്തില്‍ നെടുമുടിയില്‍ സാംസ്‌കാരികോത്സവം

ആലപ്പുഴ-നെടുമുടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജനകീയക്കൂട്ടായ്‌മ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന്‌ നെടുമുടി പഞ്ചായത്തില്‍ ശാസ്‌ത്രസാംസ്‌കാരികോത്സവം സംഘടിപ്പിക്കും.

പരിപാടിയുടെ ഭാഗമായി നെടുമുടി വേണുവിന്റെയും ജോണ്‍ എബ്രഹാമിന്റെയും ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും കൂട്ടായ്‌മകളും സംഘടിപ്പിക്കാന്‍ പഞ്ചായത്ത്‌ ഹാളില്‍ക്കൂടിയ യോഗം തീരുമാനിച്ചു. ജനവരിയില്‍ ഗ്രാമോത്സവം ഉണ്ടാകും.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.രത്‌നമ്മയുടെ അധ്യക്ഷതയിന്‍ കൂടിയ യോഗത്തില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി പി.വി.വിനോദ്‌ പരിപാടി വിശദീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.അനിരുദ്ധന്‍, കെ.സുബ്രഹ്മണ്യ അയ്യര്‍, വി.എ.ചെറിയന്‍, എന്‍.എസ്‌.ശ്രീകുമാര്‍, ടി.വി.സാംബശിവന്‍, കെ.ബാലകൃഷ്‌ണന്‍, കെ.ബി.ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എം.കെ.അനിരുദ്ധന്‍ (ചെയര്‍.) ബിനു വി. ചന്ദ്രന്‍ (ജന.കണ്‍.) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്‌കരിച്ചു.

വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണം

മലപ്പുറം: ആറ്‌ മാരകരോഗങ്ങള്‍ക്കെതിരെ കുട്ടികള്‍ക്ക്‌ ഒരു വയസ്സിനുമുമ്പ്‌ നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ക്കുള്ള വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റി 29ന്‌ പകല്‍ നാലിന്‌ മഞ്ചേരി പുതിയ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ സായാഹ്നധര്‍ണ നടത്തും. ജനറല്‍ സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനംചെയ്യും.

Tuesday, October 28, 2008

പ്രകൃതിപഠനക്യാമ്പ്‌

എടപ്പാള്‍: ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പ്രകൃതി പഠനക്യാമ്പ്‌ നടന്നു. പഠനക്ലാസുകള്‍, പക്ഷിനിരീക്ഷണം, കാവ്‌സന്ദര്‍ശനം, ഗ്രാഫ്‌റ്റിങ്‌ പരിശീലനം എന്നിവ ഉണ്ടായി. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അപൂര്‍വയിനം പക്ഷിയായ ചേരക്കോഴിയെയും അപൂവര്‍യിനം ചിത്രശലഭങ്ങളെയും മാണൂര്‍കായല്‍ പരിസരത്ത്‌ നടന്ന പക്ഷിനിരീക്ഷണത്തില്‍ കണ്ടെത്താനായത്‌ ക്യാമ്പംഗങ്ങള്‍ക്ക്‌ ആഹ്ല്‌ളാദം നല്‍കി. കെ. വേലായുധന്‍, ഉസ്‌മാന്‍, പി.പി. വാസുദേവന്‍, കെ. വിജയന്‍, ജിജി വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

നാടന്‍ കലാമേള

വെഞ്ഞാറമൂട്‌: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ വെഞ്ഞാറമൂട്‌ മേഖലാ കമ്മിറ്റി ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ആലന്തറ യു.പി.എസ്സില്‍ നാടന്‍ കലാമേള നടത്തി. അനില്‍കുമാര്‍ നേതൃത്വം നല്‌കി. ബാബു, ബേബി, മഞ്‌ജു, സിനില്‍, എം. ലാല്‍, വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘം രൂപവത്‌കരിച്ചു

കാസര്‍കോഡ്- ചെറുവത്തൂര്‍: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ വി.വി.നഗറില്‍ വിവിധ പരിപാടികള്‍ നടത്തും. ഒന്നിന്‌ യുവ സംഗമം, മൂന്നിന്‌ പച്ചക്കറികൃഷി ക്ലാസ്‌, വിത്തുവിതരണം, കാര്‍ഷിക മത്സരങ്ങള്‍, നാലിന്‌ പ്രഭാഷണം, അഞ്ചിന്‌ ചലച്ചിത്രോത്സവം, ആറിന്‌ ദിവ്യാത്ഭുത അനാവരണം, ഏഴിന്‌ നാടന്‍കലാ മേള. സ്വാഗതസംഘം രൂപവത്‌കരണ യോഗത്തില്‍ വി.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: വി.കൃഷ്‌ണന്‍ (ചെയ), വി.രാഘവന്‍ (കണ്‍).

Monday, October 27, 2008

കായംകുളം മേഖലയില്‍ ശാസ്ത്രസാംസ്കാരികോത്സവത്തിനു കൊടി ഉയരുന്നു.

ആലപ്പുഴ ജില്ലയില്‍ കായംകുളം മേഖലയിലെ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ശാസ്ത്രസാംസ്കാരികോത്സവസ്വാഗത സംഘം രൂപീകരിച്ചു.
എസ്സ്.എസ്സ്.നായര്‍ ചെയര്‍മാനും ആര്‍.ശിവരാമ പിള്ള ജനറല്‍കണ്‍വീനറു മായി 50 അംഗ സ്വാഗതസംഘം 18-10-08ല്‍ രൂപീകരിച്ചു.
നവം.ഒന്നിനു കേരള പിറവി ദിനത്തില്‍ "ശാസ്ത്രവും കപടശാസ്ത്രവും" എന്ന വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചയിലൂടെ ശാസ്ത്രസാംസ്കാരികോത്സ
വത്തിനു തുടക്കമാകും.ഈ ചര്‍ച്ചക്കു പ്രൊ;കെ.പാപ്പുട്ടി നേതൃത്വം നല്‍കും.
ഒട്ടേറെ നൂതന പരിപാടിയിലൂടെ കണ്ടല്ലൂരിലെ നഷ്ടപ്പെട്ടുപോയ; ജനങ്ങളുടെ സൗഹൃദം,ഒരുമ , പരസ്പര സ്നേഹം ഒക്കെ തിരികെ പിടിക്കാനുള്ള
പരിപാടിക്കു സ്വാഗതസംഘം രൂപം നല്‍കി.
10-15 പ്രായക്കാരുടെ പ്രമേഹ നിര്‍ണയ ക്യാമ്പു, പഞ്ചായത്തിലെ മുഴുവന്‍ കിണറുകളിലേയുംജല പരിശോധന,തരിശുഭൂമിയില്‍ പച്ചക്കറി കൃഷി
കായല്‍ പഠനം, നാടകാവതരണം, നഷ്ടപ്പെട്ടുപൊയ നാടന്‍കലകളിലൂടെ പഴയകാല ഓര്‍മ പുതുക്കല്‍ തുടങ്ങിയവ ചിലതു മാത്രം.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണു ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നതു..

Sunday, October 26, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ മണക്കാടും വണ്ണപ്പുറവും ഒരുങ്ങി

തൊടുപുഴ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നേതൃത്വംനല്‍കുന്ന ജില്ലയിലെ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്‌ 27, 28 തീയതികളില്‍ തുടക്കമാകും. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 131 പഞ്ചായത്തുകളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാണ്‌ ഉത്സവം നടക്കുക. ഇതിന്റെ ഭാഗമായി തൊടുപുഴ മേഖലയിലെ മണക്കാട്‌ പഞ്ചായത്തില്‍ 27 നും ഇളംദേശം മേഖലയിലെ വണ്ണപ്പുറം പഞ്ചായത്തില്‍ 28 നും പരിപാടിയുടെ ഉദ്‌ഘാടനം നടക്കും.

സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരായവരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘങ്ങള്‍ രൂപവത്‌കരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പ്രൊഫ. ജോസഫ്‌ അഗസ്റ്റിന്‍ മുഖ്യരക്ഷാധികാരിയും വത്സ ജോണ്‍ ചെയര്‍പേഴ്‌സണും എ.എന്‍.സോമദാസ്‌ ജനറല്‍ കണ്‍വീനറുമായി മണക്കാട്‌ പഞ്ചായത്തിലെ സ്വാഗതസംഘവും റോയി കെ. പൗലോസ്‌, ശോഭരാജന്‍, ഇന്ദു സുധാകരന്‍, രാജീവ്‌ ഭാസ്‌കരന്‍, കെ.എം.സോമന്‍ എന്നിവര്‍ രക്ഷാധികാരികളും, ഷൈനി അഗസ്റ്റിന്‍ ചെയര്‍പേഴ്‌സണും എം.എസ്‌.സുധാകരന്‍ ജനറല്‍ കണ്‍വീനറുമായി വണ്ണപ്പുറം പഞ്ചായത്തിലെ സ്വാഗതസംഘവുമാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. മണക്കാട്‌ പഞ്ചായത്തിലെ സാംസ്‌കാരികോത്സവത്തിന്റെ ഉദ്‌ഘാടനം 27ന്‌ വൈകീട്ട്‌ 5ന്‌ പ്രൊഫ. ജോസഫ്‌ അഗസ്റ്റിനും വണ്ണപ്പുറം പഞ്ചായത്തിലെ ഉദ്‌ഘാടനം 28ന്‌ വൈകീട്ട്‌ 5ന്‌ സോപാന സംഗീതജ്ഞന്‍ ഞരളത്ത്‌ ഹരിഗോവിന്ദനും നിര്‍വ്വഹിക്കും. ഒരു മാസത്തെ പരിപാടിയുടെ ഭാഗമായി സംവാദങ്ങള്‍, കുടുംബശ്രീ കൂട്ടായ്‌മ, നാടന്‍ കലാപരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടക്കും.

പത്രസമ്മേളനത്തില്‍ പരിപാടിയുടെ കണ്‍വീനര്‍മാരായ എം.എസ്‌.സുധാകരന്‍, എ.എന്‍.സോമദാസ്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.ജി.സുരേഷ്‌, ഡി.ഗോപാലകൃഷ്‌ണന്‍, മേഖലാ സെക്രട്ടറി പി.ഡി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ബാലസംഗമം

ഇടുക്കി- കൂത്താട്ടുകുളം: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‍ റെ ഭാഗമായി കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ ദേവമാതാ ഭാഗത്ത്‌ 27ന്‌ രാവിലെ 9.30 മുതല്‍ ബാലസംഗമം നടക്കും. കളിക്കൂട്ടം, നാടന്‍പാട്ട്‌, കഥപറച്ചില്‍, പ്രവൃത്തിപരിചയം, കലാപരിപാടികള്‍ എന്നിവ നടക്കും.

മോഡല്‍ പാര്‍ലമെന്റ്‌

തൃശ്ശൂര്‍-ചേലക്കര:കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചേലക്കര മേഖല ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച്‌ മോഡല്‍ പാര്‍ലമെന്റ്‌ നടത്തും. തിങ്കളാഴ്‌ച രാവിലെ 10ന്‌ ചേലക്കര എസ്‌.എം.ടി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന മോഡല്‍ പാര്‍ലമെന്റ്‌ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

നാടുര്‍ത്തി ശാസ്ത്രസാംസ്കാരികോത്സവങ്ങള്‍ തുടരുന്നു.

മലപ്പുറം-മഞ്ചേരി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അരീക്കോട്‌ മേഖലയുടെ നേതൃത്വത്തില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നടത്തും. 'നമുക്ക്‌ കാണാം കാണാം നമ്മുടെ ഗ്രാമം' എന്ന വിഷയത്തില്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ മൂര്‍ക്കനാട്‌ ജി.എം.യു.പി.സ്‌കൂളില്‍ നടക്കുന്ന യുവസംഗമത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും.

പരിപാടിയുടെ നടത്തിപ്പിന്‌ 101 അംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു. ഇ.എ.ഔസേപ്പ്‌ (ചെയ), ഇ.കൃഷ്‌ണന്‍ (ജന. കണ്‍), ടി.മോഹന്‍ദാസ്‌ (മുഖ്യ രക്ഷാധികാരി). എസ്‌. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ജനാര്‍ദനന്‍, സി.പി.സുഭാഷ്‌ എന്നിവര്‍ പ്രസംഗിച്ചു. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9961293664, 9447383078.


കൂത്തുപറമ്പ്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കൂത്തുപറമ്പ്‌ മേഖലയുടെ ശാസ്‌ത്ര സാംസ്‌കാരികോത്സവം 26ന്‌ ആറുമണിക്ക്‌ വേങ്ങാട്‌ തെരുവില്‍ നടക്കും. പി.ജയരാജന്‍ എം.എല്‍.എ. ഉദ്‌ഘാടനംചെയ്യും. പ്രാദേശിക പ്രഭാഷണ പരമ്പരകള്‍, നാടന്‍പാട്ടുയാത്ര, യുവസംഗമം, വനിതാസംഗമം, ബാലോത്സവം, പുസ്‌തക പ്രചാരണം, വിജ്ഞാനോത്സവം, രചനാ ശില്‌പശാലകള്‍, കാരണവര്‍കൂട്ടം തുടങ്ങിയ പരിപാടികള്‍ നടക്കും. 19ന്‌ സമാപിക്കും.


തൊടുപുഴ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടന്നുവരുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ മണക്കാട്‌ പഞ്ചായത്തിലെ ഉദ്‌ഘാടനം 27ന്‌ നടക്കും. അന്ന്‌ വൈകീട്ട്‌ 5 മണിക്ക്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ജോസഫ്‌ അഗസ്റ്റിന്‍ ഉദ്‌ഘാടനംചെയ്യും. വത്സാ ജോണ്‍ അധ്യക്ഷത വഹിക്കും.

Saturday, October 25, 2008

ശാസ്‌ത്രസാംസ്‌കാരികോത്സവം കൊടിയേറി

മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്രസാഹിത്യപരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം പരിഷത്ത്‌ ജന. സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനംചെയ്‌തു.

ചുങ്കത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌. ഓമന അധ്യക്ഷയായിരുന്നു. വൈസ്‌പ്രസിഡന്റ്‌ പി. അനില്‍കുമാര്‍, കെ. അരുണ്‍കുമാര്‍, പി.വി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി. മുരളീധരന്‍ സ്വാഗതവും സി. ബാലഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

അണ്ടര്‍-20 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌

എടപ്പാള്‍: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗികമായി പൊറൂക്കര യാസ്‌പൊ മൈതാനിയില്‍ അണ്ടര്‍ 20 സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നു.

26ന്‌ നാലിന്‌ ടൂര്‍ണമെന്റ്‌ ആരംഭിക്കും. താത്‌പര്യമുള്ള ടീമുകള്‍ 9846464019 നമ്പറില്‍ ബന്ധപ്പെടണം.

വനിതാസംഗമം

തൊട്ടില്‌പാലം: ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായ വനിതാസംഗമം കെ.കെ. ലതിക എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിസിലി കരിമ്പാച്ചേരി അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ ജില്ലാ ജോയന്റ്‌ സെക്രട്ടറി പ്രസാദ്‌, ഐ.പി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാരത്തോണ്‍ ഓട്ടമത്സര വിജയികള്‍

വളാഞ്ചേരി: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മാറാക്കരയില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തോണ്‍ ഓട്ടമത്സരത്തില്‍ കാടാമ്പുഴ മാസ്‌ കോളേജിലെ ഒ.പി. നൗഫല്‍ ചാമ്പ്യനായി. വിന്നേഴ്‌സ്‌ കോളേജിലെ വിദ്യാര്‍ഥികളായ ഷെയ്‌ക്‌ മൊഹിയുദ്ദീന്‍ രണ്ടും കെ.പി. രാജേഷ്‌ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക്‌ ഡോ. എം.എന്‍ കാരശ്ശേരി സമ്മാനങ്ങള്‍ വിതരണംചെയ്‌തു.

കേരളീയ വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍

മാനന്തവാടി: ശാസ്‌ത്ര സാഹിത്യ പരിഷത്തും ഉദയ വായനശാലയും ധ്വനി സ്വാശ്രയസംഘവും ചേര്‍ന്ന്‌ കൊയിലേരി ഉദയഗ്രന്ഥാലയത്തില്‍ കേരളീയ വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ 26ന്‌ മൂന്നു മണിക്ക്‌ ജനകീയ സംവാദം നടത്തും. ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എല്‍.പൗലോസ്‌ ഉദ്‌ഘാടനം ചെയ്യും. പി.വി.സന്തോഷ്‌ മോഡറേറ്ററാകും. രണ്ടു മണിക്ക്‌ വായനാമത്സരം നടക്കും. പ്രദേശത്തുള്ള യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ്‌ വായനമത്സരം. 27ന്‌ മൂന്നു മണിക്ക്‌ ഊര്‍പ്പള്ളിയില്‍ 'സ്‌ത്രീപുരുഷ സമത്വ സ്വാതന്ത്ര്യം' വിഷയത്തില്‍ സംവാദം നടക്കും. കെ.ജി.സുനില്‍ മോഡറേറ്ററാകും. എ.അജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും.

Friday, October 24, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം 25ന്‌

നിലമ്പൂര്‍: അമരമ്പലം ഗ്രാമപ്പഞ്ചായത്തിലെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഉദ്‌ഘാടനം 25ന്‌ പഞ്ചായത്ത്‌ പരിസരത്ത്‌ നടക്കും.

പരിപാടിയുടെ ഉദ്‌ഘാടനം കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി. വിനോദ്‌ നിര്‍വഹിക്കും. 3.30ന്‌ അഞ്ചാം മൈല്‍ മുതല്‍ പൂക്കോട്ടുംപാടം വരെ കൂട്ടയോട്ടം, കൊടിയേറ്റ്‌, നാടന്‍പാട്ട്‌ എന്നിവയുണ്ടായിരിക്കും.

Thursday, October 23, 2008

വയലാര്‍ ഗാനാലാപന മത്സരം

കാസര്‍കോട്‌:-പെരിയ: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അജാനൂര്‍ പഞ്ചായത്ത്‌ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വേലാശ്വരം ഇ.എം.എസ്‌.സ്‌മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ 27ന്‌ മൂന്നുമണിക്ക്‌ വയലാര്‍ ഗാനാലാപന മത്സരം നടത്തുന്നു. പൊതുവിഭാഗത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 0467 2268120 എന്ന നമ്പറില്‍ വിളിക്കണം.

Wednesday, October 22, 2008

ചുങ്കത്തറ പഞ്ചായത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവം

മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെയും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ 23 മുതല്‍ പഞ്ചായത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്ര സാഹിത്യോത്സവം നടത്തും.

ഇതോടനുബന്ധിച്ചുള്ള ശാസ്‌ത്രപ്രഭാഷണ പരമ്പര 'മാറുന്ന കേരളം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനം ചെയ്യും.

കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സോപ്പുനിര്‍മാണ പരിശീലനം 28ന്‌ ചുങ്കത്തറ പഞ്ചായത്ത്‌ ഹാളില്‍ നടക്കും. ഒരു വാര്‍ഡില്‍നിന്ന്‌ മൂന്ന്‌ പേര്‍ക്ക്‌ പങ്കെടുക്കാം.

കളിക്കോപ്പ്‌ നിര്‍മാണ പരിശീലനം നവമ്പര്‍ 15ന്‌ ചുങ്കത്തറ കമ്യൂണിറ്റി ഹാളില്‍ നടക്കും.

പള്ളിക്കുത്ത്‌, പനമണ്ണ വാര്‍ഡുകളിലെ സമ്പൂര്‍ണ പ്രഷര്‍/ഷുഗര്‍ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസും നവമ്പര്‍ 2, 9 തീയതികളില്‍ പള്ളിക്കുത്ത്‌ ഗവ. യു.പി. സ്‌കൂളില്‍ നടക്കും.

ചുങ്കത്തറ പഞ്ചായത്തില്‍ രക്തദാന സേന രൂപവത്‌കരിക്കുന്നതിന്റെ ഭാഗമായി എട്ട്‌ വാര്‍ഡുകളില്‍ സൗജന്യ രക്തഗ്രൂപ്പ്‌ നിര്‍ണയ ക്യാമ്പ്‌ നവമ്പര്‍ ആദ്യവാരം നടക്കും.

27ന്‌ പൂക്കോട്ടുമണ്ണ എ.എല്‍.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിക്കും.

സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ വി.എസ്‌. ഓമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍കുമാര്‍, സുനില്‍ പി., അരുണ്‍കുമാര്‍ കെ., മുരളീധരന്‍ കെ.സി., ബാലഭാസ്‌കരന്‍ സി., വി.എ. സജീം, മുഹമ്മദ്‌ ഇഖ്‌ബാല്‍, രഘുറാം പി.എസ്‌. തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, October 21, 2008

പരിഷത്ത്‌ സാംസ്‌കാരികോത്സവം 22ന്‌

കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മയ്യില്‍മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശാസ്‌ത്ര സാംസ്‌കാരികോത്സവം' 22ന്‌ വൈകിട്ട്‌ 6ന്‌ കരിങ്കല്‍കുഴിയില്‍ നടത്തും. ഐക്യ ദീപമാലയിലെ ആദ്യ തിരി സോപാന സംഗീതജ്ഞന്‍ ഞെരളത്ത്‌ ഹരിഗോവിന്ദന്‍ കൊളുത്തും. പി.പി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന്‌ ഹരിഗോവിന്ദന്‍ സോപാനസംഗീതം അവതരിപ്പിക്കും.

ബാലോത്സവം

കോഴിക്കോട്- കൊടുവള്ളി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കൊടുവള്ളി പഞ്ചായത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വെണ്ണക്കാട്‌ ജി.എം.യു.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.കെ. അബ്ദുറഹിമാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ. വിഘ്‌നേശ്വരന്‍, എം. സുരേഷ്‌ ബാബു, സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ. രാജന്‍, വി.കെ. സുകുമാരന്‍, വി.ടി. രമേഷ്‌, ബോബി ജോസഫ്‌, വിശാഖന്‍, ബിജു ചൂലൂര്‍ എന്നിവര്‍ ക്ലാസെടുത്തു.

Monday, October 20, 2008

കാരണവക്കൂട്ടം

കോഴിക്കോട്-കാക്കൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാക്കൂരിലെ ആലയാട്ട്‌ വൃദ്ധസദനത്തില്‍ 'കാരണവക്കൂട്ടം' നടത്തി. പഞ്ചായത്തംഗം സി. ശിവശങ്കരന്‍അധ്യക്ഷത വഹിച്ചു. സി. വിജയന്‍, കൃഷി അസിസ്റ്റന്റ്‌ കെ.പി. വിജയന്‍, കെ. കുട്ടപ്പന്‍നായര്‍, വി. ബാലന്‍, സുധാമാലിനി എന്നിവര്‍ സംസാരിച്ചു. സ്‌ത്രീകള്‍ നാടന്‍പാട്ടുകളും നാട്ടിപ്പാട്ടുകളും അവതരിപ്പിച്ചു. എ.ഡി.എസ്‌. സെക്രട്ടറി ഷീബ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

കാടാമ്പുഴയില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ കൊടിയേറി

വളാഞ്ചേരി: ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ മാറാക്കരയിലെ കാടാമ്പുഴയില്‍ തുടക്കമായി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന സാംസ്‌കാരികോത്സവങ്ങളിലെ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം കെ.ടി.ജലീല്‍ എം.എല്‍.എ ഉത്സവക്കൊടിക്കൂറ ഉയര്‍ത്തി നിര്‍വഹിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. എം.എന്‍.കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തംഗം ഇടയത്ത്‌ അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ എ.പി.മൊയ്‌തീന്‍കുട്ടി, കെ.പി.നാരായണന്‍, പി.പി.ബഷീര്‍, ഡോ.വി.ആര്‍.നായര്‍, കെ.ടി.കറപ്പന്‍കുട്ടി, കുറ്റിപ്പുറം ബി.ആര്‍,സി. ട്രെയ്‌നര്‍ രാധാമണി അയങ്കലത്ത്‌, പി.രമേഷ്‌കുമാര്‍, സജി ജേക്കബ്‌, കെ.കെ.ശശീന്ദ്രന്‍, കാടാമ്പുഴ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ മരവട്ടത്തുനിന്ന്‌ തുടങ്ങിയ മാരത്തോണ്‍ കൂട്ടയോട്ടം കാടാമ്പുഴയില്‍ അവസാനിച്ചു.

സാംസ്‌കാരികോത്സവത്തിലെ മുഖ്യ ഇനമായ കൂട്ടചിത്രം വര ഒക്ടോ.25ന്‌ നാലരയ്‌ക്ക്‌ കാടാമ്പുഴയില്‍ നടക്കും. ജില്ലയിലെ പ്രമുഖരായ ചിത്രകാരന്മാര്‍ 20 മീറ്റര്‍ ദൈര്‍ഘ്യമുള്ള കൂറ്റന്‍ കാന്‍വാസില്‍ ചിത്രങ്ങള്‍ വരയ്‌ക്കും.

നാടിന്‍റെ ഉത്സവങ്ങള്‍

എറണാകുളം-കൂത്താട്ടുകുളം: പഞ്ചായത്ത്‌തല ശാസ്‌ത്ര സാംസ്‌കാരികോത്സവം കൂത്താട്ടുകുളത്ത്‌ നടന്നു. കഥകളി സംഗീതജ്ഞന്‍ കോട്ടയ്‌ക്കല്‍ പരമേശ്വരന്‍നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു. മുന്‍കാല സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.എം. പൗലോസ്‌, മുത്തലപുരം കവല, ടി.പി. ഭാസി, കുട്ടപ്പനാശാന്‍, മാത്യു പള്ളിപ്പറമ്പന്‍, വി.ഡി. മേരി എന്നിവരെ ആദരിച്ചു.

സി.ജെ. സ്‌മാരക മന്ദിരത്തില്‍ചേര്‍ന്ന ചടങ്ങില്‍ കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍. വസുമതിഅമ്മ അധ്യക്ഷയായി. എ.എസ്‌. രാജന്‍, അനില്‍ കരുണാകരന്‍, അംബികാ രാജേന്ദ്രന്‍, ജോസ്‌ കരിമ്പന, എന്‍.യു. ഉലഹന്നന്‍, ഡി. പ്രേംനാഥ്‌, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍- കല്ലിക്കണ്ടി:ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ശാസ്‌ത്ര സാഹിത്യോത്സവം കെ.പി.മോഹനന്‍ എം.എല്‍.എ. ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.രാമോട്ടി അധ്യക്ഷനായി. ഡോ. പുത്തൂര്‍ മുസ്‌തഫ പ്രഭാഷണം നടത്തി. വി.വി.ശ്രീനിവാസന്‍, പി.ബാബുരാജ്‌, വി.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഗാനമാലിക, ശാസ്‌ത്രകൗതുകം, ഗണിതോത്സവം, ദൃശ്യോത്സവം, ശാസ്‌ത്ര ക്ലാസുകള്‍, ഊര്‍ജരംഗത്തെ പ്രവര്‍ത്തനങ്ങള്‍, സോപ്പ്‌ നിര്‍മാണം, പുസ്‌തക പ്രചാരണം, പുരാവസ്‌തു പ്രദര്‍ശനം, ഈസി ഇംഗ്ലീഷ്‌, യുവജനസംഗമം, ശാസ്‌ത്രജാഥ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.

മലയാളിക്ക്‌ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു' -എം.എന്‍. കാരശ്ശേരി

തേഞ്ഞിപ്പലം: ജീവിതത്തിന്റെ മൂല്യങ്ങളില്‍നിന്ന്‌ ദിനംപ്രതി അകന്നുകൊണ്ടിരിക്കുന്ന മലയാളിക്ക്‌ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ പ്രൊഫ. എം.എന്‍. കാരശ്ശേരി പറഞ്ഞു.

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിച്ച ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയസംസ്‌കാരത്തിന്‌ ഭീഷണിയാകുന്നത്‌ പൗരോഹിത്യരാഷ്ട്രീയമാണ്‌. മലയാളി മലയാളിയെ സ്‌നേഹിക്കുന്നതുകൊണ്ട്‌ മറ്റുള്ളവരെ വെറുക്കരുത്‌. എല്ലാതരത്തിലുള്ള തീവ്രവാദങ്ങളും ഏത്‌ സമുദായത്തിന്റെ പേരിലാണോ നടക്കുന്നത്‌ അത്‌ ആ സമുദായത്തിനെതിരാണ്‌അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. പങ്കജാക്ഷി അധ്യക്ഷതവഹിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി വി. വിനോദ്‌, കൃഷ്‌ണന്‍ കാരങ്ങാട്‌, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരന്ന ചിത്രരചനയും നടന്നു

കൊയ്‌ത്തുത്സവം സഫലമാക്കിയത്‌ 'കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌'

കണ്ണൂര്‍-പഴയങ്ങാടി: കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌' എന്ന സ്വപ്‌നസാഫല്യവുമായി ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൊ'ുത്സവം നാടിന്റെ ഉത്സവമായി. കൈപ്പാട്‌ നിലങ്ങളില്‍ കൃഷി ചെയ്‌തെടുത്ത ജൈവ നെല്ലാണ്‌ കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌.

പരിഷത്ത്‌ മാടായി മേഖല കമ്മിറ്റി ഏഴോം പഞ്ചായത്തിലെ കൈപ്പാട്‌ കൃഷി എങ്ങനെ പുനര്‍ജ്ജീവിപ്പിക്കാം എന്നതിനെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തെ തുടര്‍ന്നാണ്‌ കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌ എന്ന ആശയത്തിന്‌ ചിറകുമുളച്ചത്‌. പരമ്പരാഗത കൃഷി രീതിയും അത്യുത്‌പാദന ശേഷിയുള്ള നെല്‍വിത്തിനങ്ങളുടെ അഭാവവും യന്ത്രവത്‌കരണത്തിന്‌ സാധ്യതയില്ലായ്‌മയും കൈപ്പാട്‌ കൃഷിക്ക്‌ തടസ്സമാവുന്നുണ്ട്‌. 2500 ഹെക്ടര്‍ സ്ഥലത്ത്‌ കൈപ്പാട്‌ കൃഷി, ചെയ്‌തിരുന്നത്‌ ഇപ്പോള്‍ 600 ഹെക്ടറില്‍ താഴെ മാത്രമാണ്‌ കൃഷിയിറക്കുന്നത്‌.

ആവാസ വ്യവസ്ഥയ്‌ക്ക്‌ കോട്ടം തട്ടാതെ വളമോ, കീടനാശിനിയോ ഉപയോഗിക്കാതെയാണ്‌ ഈ കൃഷി രീതി. ജൈവ കൃഷിയിലൂടെ വിളിയിച്ചെടുത്ത അരിക്ക്‌ പ്രിയം കൂടുതലാണ്‌. ഈയൊരു തിരിച്ചറിവിലൂടെ കഴിഞ്ഞ വര്‍ഷം വെള്ളൂരില്‍ നടന്ന സംസ്ഥാന പഠന ക്യാമ്പില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ചെങ്ങല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ 80 ഓളം യുവാക്കള്‍ മുട്ടുകണ്ടിയിലെ തരിശായിക്കിടന്ന ഒരേക്കര്‍ സ്ഥലത്ത്‌ കുതിര്‌ വിത്ത്‌ കൃഷിയിറക്കിയത്‌. സി.കെ.പി.പദ്‌മനാഭന്‍ എം.എല്‍.എ, കൊ'ുത്സവം ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.മനോഹരന്‍ അധ്യക്ഷനായി. എം.സതി, സി.ഒ.പ്രഭാകരന്‍, കെ.വി.ബാലന്‍, പി.കെ.വിശ്വനാഥന്‍, കെ.സതീഷ്‌കുമാര്‍, പി.വി.ദിവാകരന്‍, എം.പ്രകാശന്‍, സി.ഗോവിന്ദന്‍ നമ്പ്യാര്‍, യു.ഗോവിന്ദന്‍, സി.ഗിരീഷ്‌ കുമാര്‍, പി.വി.പ്രസാദ്‌, ടി.വി.ജയദേവന്‍, വി.പി.ബൈജു എന്നിവര്‍ സംസാരിച്ചു. പി.നാരായണന്‍കുട്ടി, എം.രജ്ഞിത്ത്‌ കുമാര്‍, പി.രാജീവന്‍, ഡി.രാമചന്ദ്രന്‍, പി.ദിനേശന്‍, ചെല്ലന്‍ ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‌കി. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളനം നടക്കുന്ന മാടായില്‍ ഈ അരി ഉപയോഗിച്ചുള്ള ഭക്ഷണമാണ്‌ ഉണ്ടാക്കുക. 'കൈപ്പാട്‌ കൃഷി നാശത്തിലേക്ക്‌' വരട്ടെ കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌ എന്ന 'മാതൃഭൂമി'യില്‍ വന്ന വാര്‍ത്ത ഈ കൃഷി രീതിക്ക്‌ പ്രചോാദനമേകിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചെങ്ങല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങല്‍ മുട്ടുകണ്ടിയില്‍ നടന്ന കൈപ്പാട്‌ കൃഷിയുടെ കൊ'ുത്സവം സി.കെ.പി.പദ്‌മനാഭന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യുന്നു

Sunday, October 19, 2008

പിലാക്കാട്ടിരിയില്‍ വര്‍ണോത്സവം

പാലക്കാട്-കൂറ്റനാട്‌: കുട്ടികളുടെ സര്‍ഗാത്മക വാസനകളെ തൊട്ടുണര്‍ത്തി പിലാക്കാട്ടിരിയില്‍ വര്‍ണോത്സവം ചിത്രരചനാക്യാമ്പ്‌ നടന്നു. ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ക്യാമ്പ്‌ നവ്യാനുഭവമായി. ചിത്രകാരന്‍ ഗോപുപട്ടിത്തറ ഉദ്‌ഘാടനം ചെയ്‌തു. വി.പി. ഹൈദ്രു അധ്യക്ഷനായി. ബാലസുബ്രഹ്മണ്യന്‍, ചന്ദ്രന്‍, മണികണുന്‍. പരമേശ്വരന്‍, ബാലകൃഷ്‌ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

ശാസ്‌ത്രോത്സവം

മാലൂര്‍: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മേഖലാ ശാസ്‌ത്രോത്സവം മുഴക്കുന്നില്‍ കെ.ടി.കുഞ്ഞിക്കണ്ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കണ്ണന്‍ അധ്യക്ഷനായി. പി.വി.ദിവാകരന്‍, കെ.വിനോദ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആണവക്കരാര്‍: ചര്‍ച്ച നടത്തി

അഴീക്കോട്‌: തെരു ദേശീയ വായനശാലയും ശാസ്‌ത്രസാഹിത്യപരിഷത്തും ചേര്‍ന്ന്‌ 'ആണവക്കരാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാക്ലാസ്‌ നടത്തി. എം.ശിവരാമകൃഷ്‌ണന്‍ അധ്യക്ഷനായി. കാണി ചന്ദ്രന്‍ ക്ലാസെടുത്തു. പി.കൃഷ്‌ണന്‍, കെ.വിനോദ്‌ എന്നിവര്‍ സംസാരിച്ചു. പി.രമേശന്‍ സ്വാഗതവും പി.വി.ശങ്കരന്‍ നന്ദിയും പറഞ്ഞു.

Saturday, October 18, 2008

കാര്‍ഷികോത്സവം നടത്തുന്നു

മലപ്പുറം- എടപ്പാള്‍: ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി അയിലക്കാട്ട്‌ സംഘവേദി ഗ്രന്ഥശാലയുടെ സഹകരണത്തോടെ പച്ചക്കറിക്കൃഷിയും തരിശുനിലക്കൃഷിയും നടത്താന്‍ പരിഷത്ത്‌ യോഗം തീരുമാനിച്ചു. വിത്തുകള്‍ സൗജന്യമായി നല്‍കും.

കെ. വിജയന്റെ അധ്യക്ഷതയില്‍ എം.പി ദേവിദാസന്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍. അമല്‍കുമാര്‍, എം.കെ. ശിവശങ്കരന്‍, ടി.പി മോഹനന്‍, മണികണുന്‍, രാജന്‍ ആതവനാട്‌ എന്നിവര്‍ പ്രസംഗിച്ചു.

കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്‌ഘാടനംചെയ്യും.

വളാഞ്ചേരി: ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ശാസ്‌ത്രസാംസ്‌കാരികോത്സവം ശനിയാഴ്‌ച മാറാക്കരയിലെ കാടാമ്പുഴയില്‍ കൊടിയേറും. വൈകിട്ട്‌ 5ന്‌ കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്‌ഘാടനംചെയ്യും.

സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായി കൂട്ട ചിത്രരചന, ശാസ്‌ത്രപ്രഭാഷണ പരമ്പര, കുടുംബശ്രീ സംഗമം, ചിത്രപ്രദര്‍ശനം, ചരിത്ര സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സാംസ്‌കാരികോത്സവത്തിന്റെ സമാപനത്തോടെ കാടാമ്പുഴയില്‍ ഒരു പൊതുജനവായനശാലയ്‌ക്ക്‌ തുടക്കം കുറിക്കുമെന്നും പരിപാടികള്‍ വിശദീകരിച്ച പഞ്ചായത്ത്‌ പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ വി. മധുസൂദനന്‍, ജില്ലാസെക്രട്ടറി വി.രമേഷ്‌കുമാര്‍, ജന. കണ്‍വീനര്‍ സജിജേക്കബ്‌, മേഖലാ പ്രസിഡന്റ്‌ വി. രാജലക്ഷ്‌മി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ കൊടിയേറി

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള പറപ്പൂര്‍ പഞ്ചായത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവം കൊടിയേറി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്തുപേര്‍ ചേര്‍ന്നാണ്‌ വര്‍ണക്കൊടിയേറ്റം നടത്തിയത്‌. വീണാലുക്കല്‍ കാവുംപറമ്പില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ഇരിങ്ങല്ലൂര്‍ ജങ്‌ഷനില്‍ സമാപിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ എ.കെ.കോയാമു അധ്യക്ഷത വഹിച്ചു. പി.കെ.അലവി, എ.കെ.അബ്ദുറഹ്‌മാന്‍ കുഞ്ഞു, കെ.ഗംഗാധരന്‍, പി.രമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്‌ഘാടനച്ചടങ്ങുകള്‍ക്ക്‌ ആയിശുമ്മു, ടി.കെ.വിമല, കെ.അഖില, ബാബു, കുരുണിയന്‍ ചേക്കു എന്നിവര്‍ നേതൃത്വം നല്‌കി.

ടി.വി.ജോയി സ്വാഗതവും പി.കെ.രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. പരിപാടി ഒരു മാസക്കാലം നീണ്ടുനില്‍ക്കും. പരിപാടിയുടെ ആദ്യദിവസം സിനിമാ പ്രദര്‍ശനവും നടന്നു.

Friday, October 17, 2008

സ്വാഗതസംഘം ഓഫീസ്‌ തുറന്നു

വളാഞ്ചേരി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്‌ മാറാക്കരയില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ്‌ മാറാക്കര ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.മധുസൂദനന്‍ കാടാമ്പുഴയില്‍ ഉദ്‌ഘാടനംചെയ്‌തു. കെ.കൃഷ്‌ണന്‌ 'ചൂടാറാപ്പെട്ടി' നല്‌കി പരിഷത്തുത്‌പന്നങ്ങളുടെ വിപണനോദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ആരോഗ്യക്യാമ്പ്‌, യുവസംഗമം, ശാസ്‌ത്രപ്രഭാഷണം, തൊഴില്‍പരിശീലനം, ഫിലിം പ്രദര്‍ശനം, കുട്ടികളുടെ ക്യാമ്പ്‌ തുടങ്ങിയ പരിപാടികള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കും. കെ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.ആര്‍.നായര്‍, രമേശ്‌കുമാര്‍, സജിജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

ശാസ്‌ത്ര സാംസ്‌കാരികോത്സവം

കടന്നപ്പള്ളി: ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത്‌തല ശാസ്‌ത്ര സാംസ്‌കാരികോത്സവം നാടകകലാകാരന്‍ മുഹമ്മദ്‌പേരാമ്പ്ര ചന്തപ്പുരയില്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി.പദ്‌മനാഭന്‍ അധ്യക്ഷനായി. ഇ.പി.ബാലന്‍, കെ.വി.സുനുകുമാര്‍, കെ.വി.കൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.കൃഷ്‌ണന്‍ സ്വാഗതവും എം.ടി.സുരേഷ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

കടമ്പൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ എടക്കാട്‌ മേഖല കടമ്പൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ അംഗം ടി.സതി അധ്യക്ഷയായി. കെ.വി.ജയരാജന്‍, ടി.കെ.ദേവരാജന്‍, സി.നാരായണന്‍, എം.എസ്‌.ആനന്ദ്‌ എന്നിവര്‍ സംസാരിച്ചു.

Thursday, October 16, 2008

പഴമയുടെ കേട്ടറിവിനായി കാരണവര്‍കൂട്ടം

എറണാകുളം-കരുമാല്ലൂര്‍: ആലങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച കാരണവര്‍കൂട്ടം കോട്ടപ്പുറം കെഇഎം ഹൈസ്‌കൂളില്‍ നടന്നു. പ്രദേശത്തുള്ള പ്രായമായവരുടെ ഒത്തുചേരലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.

പണ്ടത്തെ കൃഷി, വിസ്‌തൃതിയാര്‍ന്ന നെല്‍പ്പാടങ്ങള്‍, പേരുകേട്ട ആലങ്ങാടന്‍ ശര്‍ക്കര, അപ്രത്യക്ഷമായ കരിമ്പുകൃഷി, കൈത്തൊഴിലുകള്‍, സ്‌കൂള്‍പഠനം, ആദ്യം സിനിമ കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതം, ഉത്സവങ്ങള്‍, ഓണനാളുകള്‍, മാപ്പിളപ്പാട്ട്‌, മാര്‍ഗംകളി, കാരണവന്മാരുടെ ഒറ്റപ്പെടലുകള്‍, ഇന്നത്തെ സമൂഹം ഏറ്റെടുക്കേണ്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. യോഗം കെഇഎം ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജി. ശശിധരന്‍പിള്ള ഉദ്‌ഘാടനംചെയ്‌തു. വാര്‍ഡ്‌ മെംബര്‍ എം.കെ. ബാബു അധ്യക്ഷനായി. ടി.എ. കുമാരപിള്ള, കൂടല്‍ ശോഭന്‍, പി.ആര്‍. രഘു, സുമ വിജയന്‍, ട്രീസ പൈലി, പി.എസ്‌. ജഗദീശന്‍, എസ്‌. വിജയന്‍, കെ.കെ. ചാത്തുമാഷ്‌, നൂറുദീന്‍, എം.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

അങ്കമാലി-അഴുത പാത ഉപേക്ഷിക്കണം: പരിഷത്ത്‌

തൃശ്ശൂര്‍: അങ്കമാലി-അഴുത റെയില്‍വെ ലൈന്‍ പദ്ധതി ഉപേക്ഷിച്ച്‌ തെക്കുവടക്ക്‌ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിനും പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ച്‌ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനും റെയില്‍വെ മുന്‍ഗണന നല്‍കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെട്ടു.

Wednesday, October 15, 2008

ബുഷിനു മുന്നില്‍ മന്‍മോഹന്‍ ഐ.എം.എഫ്‌ ഉദ്യോഗസ്ഥനാവരുത്‌ - അഴീക്കോട്‌

മലപ്പുറം-എടപ്പാള്‍: ജോര്‍ജ്‌ബുഷിനു മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.എം.എഫ്‌ ഉദ്യോഗസ്ഥനെപ്പോലെയാവരുതെന്ന്‌ സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു. വിദേശ ശക്തികള്‍ക്കുമുന്നില്‍ ഒരിക്കലും മുട്ടുമടക്കാതിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പിന്‍മുറക്കാരനായ ഒരു പ്രധാനമന്ത്രിക്ക്‌ ഒരിക്കലും യോജിച്ചതല്ല ഈ ഓഛാനിച്ചുനില്‍ക്കല്‍ - അഴീക്കോട്‌ പറഞ്ഞു.

എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തും ശാസ്‌ത്രസാഹിത്യപരിഷത്തും ചേര്‍ന്ന്‌ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആണവക്കരാറിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വാഷിങ്‌ടണ്‍വരെ പോയ സിങ്ങിന്‌ ബോംബ്‌സ്‌ഫോടനങ്ങളില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ സമയമുണ്ടായില്ല - അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പദ്‌മനാഭന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ സംസ്ഥാന സമിതിയംഗം ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍, മാമ്പ്ര സുബ്രഹ്മണ്യന്‍, കെ. കൃഷ്‌ണദാസ്‌, പി.വി. ദ്വാരകാനാഥന്‍, എ. ശോഭന, ടി.വി. ഗീത, സി. രവീന്ദ്രന്‍, വി.കെ.എം ഷാഫി, പി.ടി. ശങ്കരന്‍നമ്പൂതിരി, പി. രമേഷ്‌കുമാര്‍, കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഉറൂബിന്റെ പടച്ചോന്റെ ചോറ്‌ നാടകവും കാവൂട്ടിന്റെ നാടന്‍പാട്ടുകളും നടന്നു.

ശാസ്‌ത്ര സാംസ്‌കാരികോത്സവങ്ങള്‍ തുടരുന്നു.



കാസര്‍കോഡ്- ചെറുവത്തൂര്‍: ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം കുട്ടമത്ത്‌ തുടങ്ങി. യങ്‌മെന്‍സ്‌ ക്ലബ്ബില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനമ്പത്ത്‌ ഗോവിന്ദന്‍ ഉദ്‌ഘാടനംചെയ്‌തു. ടി.ഗംഗാധരന്‍ പ്രസംഗിച്ചു.

കണ്ണൂര്‍- ഇരിക്കൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മേഖലാ കലോത്സവം കുയിലൂരില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. എം.വിനോദ്‌ അധ്യക്ഷനായി. പി.പി.സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി.നാരായണന്‍, എം.വിജയകുമാര്‍, പി.കെ.പ്രസന്ന, ബി.കെ.കോമളവല്ലി, എ.വി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കിഴുവിലം: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കിഴുവിലം ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച്‌ നടത്തുന്ന ശാസ്‌ത്രസാംസ്‌കാരികോത്സവം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌. കണ്ണന്‍ നിര്‍വഹിച്ചു. ഡി. സുചിത്രന്‍, ഗിരിജകുമാരി എന്നിവര്‍ പങ്കെടുത്തു. ചിറയിന്‍കീഴ്‌ സലാം സമ്മാനവിതരണം നിര്‍വഹിച്ചു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

ശാസ്‌ത്ര ബോധം, സാമൂഹിക നീതി, മതേതരത്വം

കുറ്റിയാടി: ശാസ്‌ത്ര ബോധം, സാമൂഹിക നീതി, മതേതരത്വം എന്നിയുടെ പ്രചാരണം ലക്ഷ്യമിട്ട്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജനകീയ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം നടത്തും. കുന്നുമ്മല്‍ മേഖലയിലെ സാംസ്‌കാരികോത്സവം തൊട്ടില്‍പ്പാലത്ത്‌ നടക്കും. ഒക്ടോബര്‍ 21ന്‌ കെ.കെ. ലതിക എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിസിലി കരിമ്പാച്ചേരി ചെയര്‍പേഴ്‌സണും, ഐ.പി. കൃഷ്‌ണന്‍ കണ്‍വീനറുമായിസ്വാഗതസംഘം രൂപവത്‌ക്കരിച്ചു. പരിഷത്ത്‌ ജില്ലാ സെക്രട്ടറി കെ.രാധന്‍, കെ.പി. വാസു, എന്‍.പി. ചന്ദ്രന്‍, എം.എസ്‌. പ്രശാന്ത്‌, പി.ദിവാകരന്‍, കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.

വനിത-യുവ സംഗമങ്ങള്‍, കാരണവക്കൂട്ടങ്ങള്‍, ബാലോത്സവം, സെമിനാറുകള്‍, ചലച്ചിത്രോത്സവം, പുസ്‌തക പ്രചാരണം, വര്‍ണോത്സവം എന്നിവ സംഘടിപ്പിക്കും.

Tuesday, October 14, 2008

ജീര്‍ണതകള്‍ക്കെതിരെ പൊരുതാന്‍

കല്‌പറ്റ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മേഖലാകമ്മിറ്റി ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ഒരുമാസം കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തില്‍ സാംസ്‌കാരികോത്സവം നടത്തും.

ജീര്‍ണതകള്‍ക്കെതിരെ പൊരുതാന്‍ സമൂഹത്തിന്‌ കരുത്തു പകരുന്ന രീതിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളേയും വായനശാലകളേയും തൊഴിലാളി പ്രസ്ഥാനങ്ങളേയും കുടുംബശ്രീ സംവിധാനങ്ങളേയും കണ്ണിചേര്‍ക്കും. ബാലോത്സവം, യുവസംഗമം, വനിതാസംഗമം, കാരണവകൂട്ടം, കര്‍ഷക സംഗമം, കവിയരങ്ങ്‌, സംവാദങ്ങള്‍, ശാസ്‌ത്ര ക്ലാസുകള്‍, പുസ്‌തകോത്സവം, ചലച്ചിത്രോത്സവം, കലാ-സാഹിത്യമത്സരങ്ങള്‍, തൊഴില്‍ മത്സരങ്ങള്‍ എന്നിവ നടത്തും. ഗ്രാമങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും തുണിസഞ്ചി പ്രചരിപ്പിക്കുന്നതിനും ആദിവാസി കോളനികളിലെ കുട്ടികള്‍ക്ക്‌ പഠന സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനും പ്രത്യേക കര്‍മസമിതി രൂപവത്‌കരിച്ചു. കവിയരങ്ങ്‌, സൈക്കിള്‍റാലി എന്നിവയും നടത്തും.

സംഘാടകസമിതി ഭാരവാഹികള്‍: കെ.ജി. സഹദേവന്‍ (ചെയ), പി. സുനില്‍കുമാര്‍, വളപ്പില്‍ മമ്മൂട്ടി, എം. അനില്‍കുമാര്‍ (വൈസ്‌ ചെയ), എം. ദേവകുമാര്‍ (ജന. കണ്‍), എ. ജനാര്‍ദനന്‍, സണ്ണിപോള്‍, പി. ബിജു (ജോ. കണ്‍). പി.സി. ജോണ്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. വി.എന്‍. ഷാജി, വി.കെ. മനോജ്‌, കെ.ടി. ശ്രീവത്സല്‍, സി.കെ. പവിത്രന്‍, വി.വി. ഏലിയാസ്‌, എം, ശിവന്‍പിള്ള, മിഥുന്‍രാജ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഊര്‍ജസംരക്ഷണ ക്ലാസ്‌

കൂറ്റനാട്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നാഗലശ്ശേരി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പിലാക്കാട്ടിരി സാംസ്‌കാരിക നിലയത്തില്‍ ഊര്‍ജസംരക്ഷണ ക്ലാസ്‌ നടന്നു. നാഗലശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. സി. നാരായണന്‍കുട്ടി ക്ലാസെടുത്തു. പി. രാമചന്ദ്രന്‍, കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, October 12, 2008

പരിഷത്ത്‌ പ്രകൃതിപഠനക്യാമ്പ്‌ ആദ്യഘട്ടം സമാപിച്ചു

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പരിസര ഉപസമിതിയുടെ പ്രകൃതിപഠന പരിപാടി 'കാടു മുതല്‍ കടലുവരെ' യുടെ ഒന്നാം ഘട്ട ക്യാമ്പ്‌ ചോക്കാട്‌, കരുവാരക്കുണ്ട്‌ പ്രദേശങ്ങളില്‍ സമാപിച്ചു. ജില്ലയിലെ വിവിധ പരിസ്ഥിതി മേഖലകളുടെ പ്രത്യേകതകളും അവനേരിടുന്ന വെല്ലുവിളികളും പഠിക്കുന്നതിനാണ്‌ മൂന്നുഘട്ടങ്ങളിലായി ക്യാമ്പ്‌ നടത്തുന്നത്‌.

ചോക്കാട്‌ ജി.എം.യു.പി. സ്‌കൂളില്‍ ഡോ. ടി. സജീവ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ടി.പി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്‌ണന്‍, എം. ഫസീല, ഷീബാ രാമചന്ദ്രന്‍, ഡോ. അന്‍സാര്‍, മേച്ചേരി മൊയ്‌തീന്‍, ടി.വി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. കാളികാവ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍ ഹൈദ്രോസ്‌ കുട്ടി, കെ.കെ. ശശിധരന്‍, കെ. രാജേന്ദ്രന്‍, ടി. അജിത്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. രണ്ടാംഘട്ടം നവംബറില്‍ മങ്കടയില്‍ നടക്കും.

യുവസംഗമം തുടങ്ങി

കടന്നപ്പള്ളി: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന യുവസംഗമം കടന്നപ്പള്ളിയില്‍ തുടങ്ങി. ക്യാമ്പംഗങ്ങളായ എന്‍.ജസ്‌ന, ശ്രീലജ്‌ എന്നിവര്‍ ചേര്‍ന്ന്‌ യുവസംഗമം ഉദ്‌ഘാടനം ചെയ്‌തു. പി.കെ.രജീഷ്‌ അധ്യക്ഷനായി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പദ്‌മനാഭന്‍ മുഖ്യാതിഥിയായി. പ്രൊഫ. കെ.ബാലന്‍, പ്രഭാകരന്‍ കോവൂര്‍ എന്നിവര്‍ ക്ലാസെടുത്തു. എ.ശ്രീകാന്ത്‌ സ്വാഗതവും കെ.സൂരജ്‌ നന്ദിയും പറഞ്ഞു. യുവസംഗമം ഞായറാഴ്‌ച സമാപിക്കും.

Saturday, October 11, 2008

പരിശീലനം ഇന്നുമുതല്‍

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ യുവസംഗമം ജില്ലാ പരിശീലനം 11നും 12നും കടന്നപ്പള്ളിയില്‍ നടക്കും. 11ന്‌ നാല്‌ മണിക്ക്‌ തുടങ്ങുന്ന പരിശീലനത്തില്‍ 14 മേഖലകളിലെ 50 പേര്‍ പങ്കെടുക്കും.

വഴിയോരസദസ്സ്‌ ശ്രദ്ധേയമായി

അലനല്ലൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വഴിയോര സംവാദസദസ്സ്‌ ശ്രദ്ധേയമായി.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഉദ്‌ഘാടനം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആലായന്‍ അബ്ദുള്‍ റഷീദ്‌ നിര്‍വഹിച്ചു. സി.ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. രാമന്‍കുട്ടി മോഡറേറ്ററായി. 'ഗാന്ധിജിയും സ്വാശ്രയത്വവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, പി.ഹരിഗോവിന്ദന്‍, കെ.എ.സുദര്‍ശനകുമാര്‍, പാലോട്‌ മണികണുന്‍, അഡ്വ. എ.സത്യനാഥന്‍, കെ.കെ.മുഹമ്മദ്‌ ബഷീര്‍ വല്ലപ്പുഴ, എം.പി.നാരായണനുണ്ണി, കെ.പ്രസീദ്‌, സി.ടി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ തുടക്കമായി

ചെറുവത്തൂര്‍: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‌ കുട്ടമത്ത്‌ യുവ സംഗമത്തോടെ തുടക്കമായി. കുട്ടമത്ത്‌ യങ്‌മെന്‍സ്‌ ക്ലബ്ബില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനമ്പത്ത്‌ ഗോവിന്ദന്‍ ഉദ്‌ഘാടനംചെയ്‌തു. വി.ചന്ദ്രന്‍ അധ്യക്ഷനായി. പരിഷത്ത്‌ കേന്ദ്ര കമ്മിറ്റി അംഗം ടി.ഗംഗാധരന്‍, ജില്ലാ പ്രസിഡന്റ്‌ കെ.എം.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പ്രേമരാജ്‌ സ്വാഗതവും പി.വി.വിനോദ്‌കുമാര്‍ നന്ദിയും പറഞ്ഞു.

നവംബര്‍ 14ന്‌ ചെറുവത്തൂര്‍ കൊവ്വലില്‍ സാംസ്‌കാരികോത്സവത്തിന്റെ സമാപനം നടക്കും. 14വരെ വിവിധ പരിപാടികള്‍ ക്ലബ്ബുകളുടെയും വായനശാലകളുടെയും സഹകരണത്തോടെ നടക്കും.

Friday, October 10, 2008

ഇടയ്‌ക്ക ലേലം; പിതാവിനെ ലേലം ചെയ്യുന്നതിന്‌ തുല്യം- അഴീക്കോട്‌

എടപ്പാള്‍: സ്വന്തം പിതാവ്‌ ജീവിതകാലം മുഴുവന്‍ ജീവിതോപാധിയായി കൊണ്ടുനടന്ന ഇടയ്‌ക്ക ലേലംചെയ്യാനുള്ള ഹരിഗോവിന്ദന്റെ തീരുമാനം സ്വന്തം പിതാവിനെ ലേലംചെയ്യുന്നതിന്‌ തുല്യമാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.

എടപ്പാളില്‍ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യവെയാണ്‌ അദ്ദേഹം ഹരിഗോവിന്ദന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചത്‌.

അച്ഛന്റെ കലതന്നെ ഉപാസിക്കുന്ന ആളാണ്‌ ഹരിഗോവിന്ദന്‍. പക്ഷേ, അദ്ദേഹം ഇത്രയേറെ പിതൃവിരോധിയാണെന്ന്‌ കരുതിയില്ല. എന്തിന്റെ പേരിലായാലും ഈ തീരുമാനം പിതൃനിന്ദതന്നെയാണ്‌. ഹരിഗോവിന്ദന്‍ ഈ പണി നിര്‍ത്തി ആരാച്ചാരോ ഇറച്ചിവെട്ടുകാരനോ ആവുന്നതാണ്‌ നല്ലത്‌.

സര്‍ക്കാര്‍ നടപടികള്‍ക്ക്‌ കാലതാമസം സ്വാഭാവികമാണ്‌. എന്നുകരുതി ഇടയ്‌ക്ക ലേലംചെയ്യാന്‍ പാടില്ല. വേണമെങ്കില്‍ അദ്ദേഹം ഉദ്ദേശിക്കുന്ന തുക താനടക്കമുള്ളവര്‍ ചേര്‍ന്ന്‌ ശേഖരിച്ചുനല്‍കാം - അദ്ദേഹം പറഞ്ഞു.

കേരളീയ കലകളുടെ സംരക്ഷണത്തിനുവേണ്ടി താന്‍ സമര്‍പ്പിച്ച പദ്ധതി നടപ്പിലാക്കാനുള്ള തുക മൂന്നുമാസത്തിനകം നല്‍കാമെന്ന്‌ അഴീക്കോട്‌ ഒരാഴ്‌ചയ്‌ക്കകം രേഖാമൂലം ഉറപ്പുതരികയാണെങ്കില്‍ തീരുമാനം പിന്‍വലിക്കാമെന്ന്‌ ഹരിഗോവിന്ദന്‍ മാതൃഭൂമിയോട്‌ പറഞ്ഞു. 12 വര്‍ഷമായി പൊതുതാത്‌പര്യമുള്ള ഒരു വിഷയത്തിനായി താന്‍ വിവിധ സര്‍ക്കാരുകളുടെ പിറകെ നടക്കുന്നു. അതെല്ലാം പത്രങ്ങളില്‍ വന്നതുമാണ്‌. അന്നൊന്നും പ്രതികരിക്കാത്ത അഴീക്കോട്‌ ഇപ്പോള്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്‌.

പണത്തിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കാമെങ്കില്‍ ഇടയ്‌ക്കലേല തീരുമാനം പിന്‍വലിക്കാമെന്നും അല്ലാത്തപക്ഷം ഇത്തരം കാര്യങ്ങളില്‍ മേലില്‍ അഴീക്കോട്‌ പ്രതികരിക്കരുതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

(മാതൃഭൂമി)

Thursday, October 9, 2008

നാടുണര്‍ത്തി ശാസ്ത്രസാംസകാരികോത്സവങ്ങള്‍ തുടങ്ങി.

കാസര്‍കോഡ്- ബന്തടുക്ക: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മുന്നാട്‌ ധിഷണാ അക്കാദമിയില്‍ ശാസ്‌ത്ര-സാംസ്‌കാരികോത്സവം നടത്തുന്നു. ഒക്ടോബര്‍ 6മുതല്‍ നവംബര്‍ ഒന്നുവരെ പരിപാടികള്‍ നീളും.

സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംശ്രീകള്‍ എന്നിവയുടെ സഹകരണത്തോടെ സെമിനാറുകള്‍, യുവസംഗമം, പരിശീലന ക്ലാസ്സുകള്‍, സംവാദം, മത്സരങ്ങള്‍, കര്‍ഷക സംഗമം, ജനപ്രതിനിധി സംഗമം എന്നിവ ഉണ്ടാകും.

ഗാന്ധി ചിത്രരചനാ മത്സരവും, ഉപന്യാസ മത്സരവും നടത്തുമെന്ന്‌ കണ്‍വീനര്‍ സി.സുരേഷും, ചെയര്‍മാന്‍ എം.അനന്തനും അറിയിച്ചു.

മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്ര സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

പരിപാടിയില്‍ സോപ്പുനിര്‍മ്മാണ പരിശീലനങ്ങള്‍, അങ്കണവാടി ടീച്ചര്‍മാര്‍ക്ക്‌ കളിക്കോപ്പ്‌ നിര്‍മ്മാണ പരിശീലനം, കാരണവര്‍ കൂട്ടം, ആരോഗ്യശില്‌പശാല, ഫിലിം ഫെസ്റ്റിവല്‍, ശാസ്‌ത്രപ്രഭാഷണപരമ്പര, പ്രദര്‍ശനങ്ങള്‍, ഭൗമോത്സവം, സമൂഹകൃഷി, കലാപരിപാടികള്‍ തുടങ്ങി പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഓരോ പരിപാടി നടത്തും. ഒക്ടോബര്‍ മധ്യത്തോടെയാണ്‌ പരിപാടികള്‍ ആരംഭിക്കുക.

ചുങ്കത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌.ഓമന ചെയര്‍പേഴ്‌സണും കെ.സി.മുരളീധരന്‍ ജനറല്‍കണ്‍വീനറുമായി സംഘാടക സമിതി രൂപവത്‌കരിച്ചു. യോഗത്തില്‍ വി.പി.വേലായുധന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

കെ.കെ.ജനാര്‍ദ്ദനന്‍, കെ.അരുണ്‍കുമാര്‍, അഡ്വ.കെ.കെ.രാധാകൃഷ്‌ണന്‍, ജോസ്‌ ജേക്കബ്‌, പി.ടി.യോഹന്നാന്‍, വി.എ.സജീം എന്നിവര്‍ സംസാരിച്ചു.

ബാലഭാസ്‌കരന്‍ സ്വാഗതവും കെ.സി.മുരളീധരന്‍ നന്ദിയും പറഞ്ഞു.


ചെറുവത്തൂര്‍:ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം എട്ടിന്‌ കുട്ടമത്ത്‌ യങ്‌മെന്‍സ്‌ ക്ലബ്ബില്‍ നടക്കും. 10 മണിക്ക്‌ യുവസംഗമം. അഞ്ചുമണിക്ക്‌ സാംസ്‌കാരികോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനമ്പത്ത്‌ ഗോവിന്ദന്‍ ഉദ്‌ഘാടനംചെയ്യും.

നവംബര്‍ 14വരെ നീണ്ടുനി'ുന്ന 100 ഓളം വിവിധങ്ങളായ പരിപാടികള്‍ക്ക്‌ ക്ലബ്ബുകളും വായനശാലകളും ആതിഥ്യമരുളും. സ്‌കൂളുകളില്‍ കുട്ടികളുടെ കലാജാഥ, ശാസ്‌ത്രകലാജാഥ, ബാലോത്സവങ്ങള്‍, യുവസംഗമങ്ങള്‍, സ്‌ത്രീ കൂട്ടായ്‌മ, സംവാദ സദസ്സുകള്‍, കാരണവക്കൂട്ടം, കവിയരങ്ങ്‌, കൈയെഴുത്ത്‌ മാസിക, പത്രം എന്നിവയുടെ പ്രകാശനം, കാര്‍ഷികോത്സവം, ചരിത്രാന്വേഷണ യാത്ര, നാടന്‍കലാമേള, പുസ്‌തക പ്രചാരണം തുടങ്ങിയവയാണ്‌ പരിപാടികള്‍. മുനമ്പത്ത്‌ ഗോവിന്ദന്‍ ചെയര്‍മാനും വി.ചന്ദ്രന്‍ വര്‍ക്കിങ്‌ ചെയര്‍മാനും പ്രേമരാജ്‌ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതി സാംസ്‌കാരികോത്സവത്തിന്‌ നേതൃത്വംനല്‌കും.

ഗുരുവായൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചാവക്കാട്‌ മേഖലാ കമ്മറ്റിയുടെ ഒരു മാസത്തെ ശാസ്‌ത്ര സംസ്‌കാരികോത്സവം ബുധനാഴ്‌ച തുടങ്ങും.

ബുധനാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ തമ്പുരാന്‍പടി സെന്ററില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ 'ആണവനയം' പൊതു സംവാദം നടക്കും. ഡോ. എം.പി. പരമേശ്വരന്‍ ഉദ്‌ഘാടനം ചെയ്യും. നവംബര്‍ 9നാണ്‌ സമാപനം.

സ്വാഗതസംഘം രൂപവത്‌കരിച്ചു

പാലക്കാട്‌: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു. 2009 ഫിബ്രവരി 13, 14, 15 തീയതികളിലാണ്‌ സംസ്ഥാനസമ്മേളനം. സ്വാഗതസംഘം ഭാരവാഹികള്‍: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ഇസ്‌ഹാക്ക്‌ (ചെയ.),കെ. സാബു (ജന. കണ്‍.) എന്നിവരാണ്‌. സ്വാഗതസംഘം രൂപവത്‌കരണയോഗം കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജനറല്‍ സെക്രട്ടറി പി. വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ. മനോഹരന്‍ അധ്യക്ഷനായി.

Wednesday, October 8, 2008

ഭൂമിയെ ഊഹക്കച്ചവടക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്കും മറിച്ചുവി'ാനുള്ള നീക്കമാണ്‌ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി-പ്രൊഫ. ടി.പി. കുഞ്ഞി

വടകര: ഭൂമിയെ ഊഹക്കച്ചവടക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്കും മറിച്ചുവി'ാനുള്ള നീക്കമാണ്‌ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‌ കേരള ശാസ്‌ത്ര-സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ചോറോട്‌ പഞ്ചായത്ത്‌ ശാസ്‌ത്ര-സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. പുസ്‌തകപ്രചാരണ ഉദ്‌ഘാടനം ചോറോട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇ. ശ്രീധരന്‍ നിര്‍വഹിച്ചു. സി. വിലാസിനി പുസ്‌തകം ഏറ്റുവാങ്ങി. ടി.കെ. വിജയരാഘവന്‍, ജ്യോതിഷ്‌കുമാര്‍, എം.കെ. രാജീവന്‍ കാങ്ങാട്‌, വി.പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജീവ്‌ മേമുണ്ടയുടെ ദിവ്യാദ്‌ഭുത അനാവരണ പരിപാടിയായ 'മാസ്‌മരസന്ധ്യ'യും അരങ്ങേറി.

നവംബര്‍ 23 വരെ നീളുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സദസ്സുകള്‍, കാര്‍ഷിക കൂട്ടായ്‌മ, രചനോത്സവം തുടങ്ങിയവ ഉണ്ടാകും.

Tuesday, October 7, 2008

പരിഷത്ത്‌ തലശ്ശേരിമേഖലാ സാംസ്‌കാരികോത്സവം തുടങ്ങി

ചൊക്ലി: ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തിന്‌ തലശ്ശേരിമേഖലയില്‍ തുടക്കമായി. ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി നടന്ന ജന സംവാദത്തോടെയാണ്‌ പരിപാടികള്‍ക്ക്‌ തുടക്കമായത്‌.

നിടുമ്പ്രം അങ്കണവാടിയില്‍ 'അടുക്കളത്തോട്ടം നിര്‍മാണം, പരിചരണം' എന്ന വിഷയം എ.ഗോവിന്ദനും കാരാറത്ത്‌ യു.പി.സ്‌കൂളില്‍ 'നമ്മുടെ വിദ്യാഭ്യാസം-രക്ഷാകര്‍ത്താക്കള്‍ അറിയേണ്ടത്‌' എന്ന വിഷയം എ.വി.സുരേന്ദ്രനും പെരിയാണ്ടി എല്‍.പി.സ്‌കൂളില്‍ 'വനിതകളും സാമൂഹിക നേതൃത്വവും' എന്ന വിഷയം എം.ജി.മല്ലികയും അവതരിപ്പിച്ചു.

വിശ്വനാഥന്‍ സ്‌മാരക വായനശാലയില്‍ കെ.സുധീറും മേക്കുന്ന്‌ വനിതാ റിക്രിയേഷന്‍ സെന്ററില്‍ പി.കെ.ദയാനന്ദനും മേനപ്രം ശ്രീനാരായണമഠം ഹാളില്‍ വിജയന്‍ കൈനാടത്ത്‌, ഇ.ആര്‍.രഞ്‌ജിത്ത്‌ എന്നിവരും മുണ്ട്യോട്ട്‌ കാവ്‌ അങ്കണവാടിയില്‍ കെ.കുഞ്ഞിക്കണ്ണനും ഒളവിലം പൊതുജന വായനശാലയില്‍ സജീവന്‍ കാവുങ്കര, പി.എം.സുരേഷ്‌ബാബു എന്നിവരും ക്ലാസെടുത്തു.

ഒളവിലം രാമകൃഷ്‌ണ ഹൈസ്‌കൂളില്‍ പി.കെ.മോഹനനും ഒളവിലം യു.പി.സ്‌കൂളില്‍ കെ.കെ.സുരേഷ്‌ബാബുവും കവിയൂര്‍ രാജന്‍ സ്‌മാരക വായനശാലയില്‍ പ്രഭാകരന്‍ കോവൂര്‍, സിദ്ദിഖ്‌ എന്നിവരും ക്ലാസെടുത്തു.

കല്ലുങ്കല്‍ എല്‍.പി.സ്‌കൂളില്‍ കെ.പി.സജീന്ദ്രനും നിടുമ്പ്രം ശ്രീനാരായണമഠം ഹാളില്‍ സി.പി.ഹരീന്ദ്രനും സംവാദത്തിന്‌ നേതൃത്വംനല്‌കി.

കാടുമുതല്‍ കടലുവരെ

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഫോറസ്റ്റ്‌ പ്രൊട്ടക്ടീവ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന പരിസ്ഥിതി പഠനപരിപാടി 'കാടുമുതല്‍ കടലുവരെ' ഒക്ടോബര്‍ എട്ടിന്‌ ആരംഭിക്കും. ആദ്യത്തെ ക്യാമ്പ്‌ ഒക്ടോബര്‍ എട്ട്‌, ഒമ്പത്‌ തീയതികളിലായി ചോക്കാട്‌, കരുവാരക്കുണ്ട്‌ പ്രദേശങ്ങളില്‍ നടക്കും. വനസന്ദര്‍ശനം, ഫിലിംപ്രദര്‍ശനം എന്നിവയുണ്ടാകും. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ മലപ്പുറം പരിഷത്‌ ഭവനുമായി ബന്ധപ്പെടണം. ഫോണ്‍: 9447974767, 2734767.

Monday, October 6, 2008

ശാസ്‌ത്രസാംസ്‌കാരികോത്സവം സുകുമാര്‍ അഴിക്കോട്‌ ഉദ്‌ഘാടനം ചെയ്യും

എടപ്പാള്‍: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തില്‍ നടത്തുന്ന ശാസ്‌ത്രസാംസ്‌കാരികോത്സവം ഒക്ടോബര്‍ 8ന്‌ അഞ്ചുമണിക്ക്‌ സുകുമാര്‍ അഴിക്കോട്‌ ഉദ്‌ഘാടനംചെയ്യും.

വിദ്യാഭ്യാസ ശില്‌പശാല, ബാലശാസ്‌ത്ര കോണ്‍ഗ്രസ്സ്‌, അങ്കണവാടി കലോത്സവം, കാര്‍ഷിക സെമിനാര്‍, കുടുംബസംഗമം, ശാസ്‌ത്ര ക്ലാസുകള്‍, കഥകളി പഠന ശില്‌പശാല, കുടുംബശ്രീമേള, ശാസ്‌ത്രവണ്ടി, ഐ.എസ്‌.ആര്‍.ഒ. പ്രദര്‍ശനം, കാരണവര്‍ക്കൂട്ടം തുടങ്ങി വിവിധ പരിപാടികള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഏഴുവരെ നടത്താന്‍ സംഘാടകസമിതി രൂപവത്‌കരണ യോഗം തീരുമാനിച്ചു.

പരിഷത്ത്‌ ജില്ലാപ്രസിഡന്റ്‌ കെ.വിജയന്റെ അധ്യക്ഷതയില്‍നടന്ന യോഗത്തില്‍ ജിജി വര്‍ഗീസ്‌, പി.പി. വാസുദേവന്‍, സജി ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി പി. പദ്‌മനാഭന്‍ (ചെയ.), സി. രവീന്ദ്രന്‍ (വൈ. ചെയ.), പി.പി. വാസുദേവന്‍ (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.

Tuesday, September 30, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം മാനന്തവാടിയില്‍

മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഒക്ടോബര്‍ 13 ന്‌ മാനന്തവാടിയില്‍ നടക്കും. യുവകവി മോഹനകൃഷ്‌ണന്‍ കാടലി ഉദ്‌ഘാടനം ചെയ്യും.

ആഗോളീകരണത്തിന്റെയും വര്‍ഗീയതയുടെയും അതിരുകടന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക സമൂഹങ്ങളെ ബലമുള്ളതാക്കുകയെന്നതാണ്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുസമൂഹത്തെ പകുത്തെടുക്കുന്ന കമ്പോളത്തിനും മതസാമുദായികതയ്‌ക്കുമെതിരെ പ്രാദേശിക ചെറുത്തു നില്‍പ്പ്‌ വളര്‍ത്തിയെടുക്കാനും ഇത്‌ ഉന്നമിടുന്നു. ഓരോ പ്രാദേശിക തനിമകളോടും ചേര്‍ന്നു നില്‍ക്കുന്ന ജീവിതശൈലികള്‍ വസ്‌ത്രധാരണ രീതികള്‍, കളികള്‍, സംഗീതം എന്നിവയെല്ലാം അധിനിവേശങ്ങളുടെ ഫലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പരിഷത്ത്‌ വിലയിരുത്തുന്നു.

ശാസ്‌ത്ര- സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ ബാലോത്സവം. യുവസംഗമം, പ്രാദേശിക സംവാദങ്ങള്‍, പ്രഭാഷണം, ചര്‍ച്ചകള്‍, മതനിരപേക്ഷ വിദ്യാഭ്യാസ കൂട്ടായ്‌മ, ഭൗമശാസ്‌ത്ര കോണ്‍ഗ്രസ്‌, പുസ്‌തകചര്‍ച്ച, കവിയരങ്ങ്‌, നക്ഷത്ര നിരീക്ഷണം, വനിതകളുടെ സാംസ്‌കാരിക കൂട്ടായ്‌മ എന്നിവ നടത്തും. നവംബര്‍ രണ്ടാം വാരം ചൂട്ടക്കടവില്‍ ഗ്രാമോത്സവവും സംഘടിപ്പിക്കും. സംഘാടക സമിതി രൂപവത്‌കരിച്ചു. ചെയര്‍മാനായി കെ.എം.വര്‍ക്കിയെയും വൈസ്‌ചെയര്‍മാന്മാരായി എ.എം.സത്യന്‍, പി.വി.വിജയകുമാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനര്‍ ആയി പി.സുരേഷ്‌ബാബുവിനെയും ജോയന്റ്‌ കണ്‍വീനര്‍മാരായി കെ.ടി.വിനു, ടി.മനോജ്‌ എന്നിവരെയും തിരഞ്ഞെടുത്തു. ഗിരിജാ ബാലകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. പി.വി.സന്തോഷ്‌, വി.കെ.മനോജ്‌, ബാബുഫിലിപ്പ്‌, മാര്‍ട്ടിന്‍, സുധീഷ്‌, അജയ്‌കുമാര്‍, കെ.വി.രാജു, വി.കെ.തുളസീദാസ്‌, റോയിസണ്‍ പിലാക്കാവ്‌, വി.പി.ബാലചന്ദ്രന്‍, കെ.കെ.സുരേഷ്‌എന്നിവര്‍ പ്രസംഗിച്ചു.

Sunday, September 28, 2008

ശാസ്‌ത്രസാംസ്‌കാരികോത്സവം എടപ്പാളില്‍

എടപ്പാള്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ശാസ്‌ത്രസംസ്‌കാരികോത്സവം ഒക്ടോബര്‍ രണ്ടിന്‌ ഗാന്ധിജയന്തി മുതല്‍ നവംബര്‍ ഏഴിന്‌ സി.വി. രാമന്‍ദിനംവരെ എടപ്പാളില്‍ നടക്കും. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കലാ-സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..

Thursday, September 25, 2008

യുറീക്ക സെപ്തംബര്‍ 16


വിശേഷങ്ങള്‍ അറിയാന്‍
യുറീക്കയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.
തവളകള്‍ കണ്ടനഗരങ്ങള്‍,ഭൂമിയമ്മക്ക്,മിഴിയോണം ... അങ്ങനെ പലതും..

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സാംസ്‌കാരികോത്സവം

ടകര: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്‌ത്രസാംസ്‌കാരികോത്സവം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചോറോട്‌ പഞ്ചായത്തില്‍ നടക്കും. പുസ്‌തകപ്രചാരണം, അങ്കണവാടി പ്രവര്‍ത്തക ശില്‌പശാല, കുടുംബശ്രീ പ്രവര്‍ത്തക സംഗമം, കാര്‍ഷികസംഗമം, യുവസംഗമം, രചനോത്സവം, ശാസ്‌ത്രക്ലാസ്സുകള്‍, ചലച്ചിത്രോത്സവം, തെരുവുനാടക മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടത്തും. ചോറോട്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. പ്രേമകുമാരി സംഘാടക സമിതി രൂപവത്‌കരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കൊടക്കാട്‌ ശ്രീധരന്‍, ഇ. ശ്രീധരന്‍, ടി.വി.ബാലന്‍, രാജീവന്‍ കെ, ബാലചന്ദ്രന്‍ ഏറാമല, രജീഷ്‌ വി. തുടങ്ങിയവര്‍ സംസാരിച്ചു. ജ്യോതിഷ്‌ കുമാര്‍ സ്വാഗതവും വള്ളില്‍ അശോകന്‍ നന്ദിയും പറഞ്ഞു.

Monday, September 22, 2008

രചനയുടെ പുതുവഴികള്‍തേടി ബാലസാഹിത്യസംഗമം


തിരൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റിയും യുറീക്കാ മാസികയും ചേര്‍ന്ന്‌ തിരൂര്‍ പച്ചാട്ടിരി എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായി. പച്ചാട്ടിരി ഗ്രാമബന്ധു ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. പരിഷത്ത്‌ ജില്ലാപ്രസിഡന്റ്‌ കെ.വിജയന്‍ അധ്യക്ഷതവഹിച്ചു. യുറീക്ക എഡിറ്റര്‍ ജനു, എം.എം.സചീന്ദ്രന്‍, രാധാമണി അയിങ്കലത്ത്‌, ഇ.എം.സുരജ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വംനല്‍കി. ബി.ജി.വി.എച്ച്‌ അഖിലേന്ത്യാ ഭാരവാഹി വി.കെ.ജയ്‌സോമനാഥന്‍ ഉപഹാരങ്ങള്‍ നല്‍കി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി.രമേശ്‌കുമാര്‍, എ.അബ്ദുള്‍കബീര്‍, എ.ശ്രീധരന്‍, വി.വി.മണികണുന്‍, പി.കൃഷ്‌ണന്‍കുട്ടി, ജി.പി.കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

Sunday, September 21, 2008

പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തകക്യാമ്പ്‌

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തകക്യാമ്പ്‌ സപ്‌തംബര്‍ 21ന്‌ മലപ്പുറം പരിഷത്ത്‌ഭവനിലും എകൈ്‌സസ്‌ ഭവനിലുമായി നടക്കും. കേന്ദ്രനിര്‍വാഹക സമിതിയംഗം പ്രൊഫ. കാവുമ്പായി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്യും.

Sunday, September 14, 2008

ബാലസാഹിത്യ സംഗമം 20ന്‌

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി 20ന്‌ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ബാലസാഹിത്യ സംഗമം നടത്തും. രാവിലെ 10ന്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ സംഗമം ഉദ്‌ഘാടനം ചെയ്യും. എല്‍.പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ളവര്‍ക്ക്‌ പങ്കെടുക്കാം. താത്‌പര്യമുള്ളവര്‍ 9447974767, 9495984767, 0483 2734767 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പ്രസിദ്ധീകരിക്കാത്ത മൗലിക-സര്‍ഗാത്മക രചനകളുമായാണ്‌ സംഗമത്തിനെത്തേണ്ടത്‌.