Thursday, February 26, 2009

കേരളത്തിന്റെ മദ്യാസക്തി

(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് ഒരു ഭാ‍ഗം)
കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകര്‍ക്കുന്ന പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. പ്രതിവര്‍ഷം 9 ലിറ്റര്‍ ആണെന്നാണ് പുതിയ കണക്ക്. അതായത് 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2%വും മദ്യപാനികളാണ്. ഇന്ത്യന്‍ ശരാശരി 31.9% ആണ്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് 7500 കോടി രൂപയുടെ ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗികമായ കണക്ക്. 2007-2008 ല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം വിറ്റുവരവ് 3670 കോടി രൂപയാണ്. മുന്‍‌വര്‍ഷത്തേക്കാള്‍ 527 കോടിരൂപ കൂടുതലാണിത്. അതായത് 17% വര്‍ദ്ധന. 2008-09 ല്‍ ചുരുങ്ങിയത് 20% വര്‍ദ്ധന കണക്കാക്കിയാല്‍ ഏതാണ്ട് 3750 കോടി രൂപയോളം സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യത്തിനായി ജനങ്ങള്‍ ചിലവാക്കുന്നു. ഇതിനുപുറമെ പട്ടാള ക്യാന്റീന്‍ വഴിയുള്ളതും, കള്ള്, കള്ളവാറ്റ്, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7500 കോടി രൂപയോളമായേക്കും. കേരളത്തിലെ ഇപ്പോഴത്തെ അരിക്കച്ചവടം വര്‍ഷത്തില്‍ 2880 കോടി രൂപയുടേതാണ്.കേരളത്തില്‍ മദ്യപാനത്തിന്റെ തീവ്രത കൂടികൊണ്ടിരിക്കയാണ്. 20 വര്‍ഷം മുന്‍പ് 300 ല്‍ ഒരാളാണ് കേരളത്തില്‍ മദ്യപാനിയെന്നുണ്ടെങ്കില്‍ ഇപ്പോഴത് 20 ല്‍ ഒരാളായി വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986 ല്‍ 19 വയസ്സായിരുന്നത് 1990 ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇത് വീണ്ടും കുറഞ്ഞ് 13 ആയിരിക്കുന്നു.

കേരളത്തിലെ ഔദ്യോഗിക മദ്യവില്പനയുടെ കുത്തക, സംസ്ഥാന ബീ
വറേജസ് കോര്‍പ്പറേഷനാണ്. 1984-ലാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഇതിന്റെ വിറ്റുവരവ് ഓരോവര്‍ഷവും ഗണ്യമായി കൂടികൊണ്ടിരിക്കയാണ്. 1984-ല്‍ 55 കോടി രൂപയായിരുന്നത് ഇപ്പോള്‍ 3750 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ കെ.എസ്.ബി.സി.യുടെ 16 മൊത്തവിതരണ കേന്ദ്രങ്ങളും 330 ചില്ലറ വിതരണ കേന്ദ്രങ്ങളും, കണ്‍സ്യൂമര്‍ ഫെഡിന്ന് 46 ചില്ലറ കേന്ദ്രങ്ങളുമുണ്ട്. ഇതിനുപുറമെ പട്ടാളകേന്റീനുകള്‍ സ്വകാര്യബാറുകള്‍ കെ.ടി.ഡി.സി.ബിയര്‍ പാര്‍ലറുകള്‍, സ്വകാര്യ ക്ലബ്ബുകള്‍, അസംഖ്യം അനധികൃത വില്പനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ മദ്യവില്പനാ സംവിധാനം. ഇതിനുപുറമെ ധാരാളം കള്ള് ഷാപ്പുകളും ഉണ്ട്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ കള്ളിന്റെ അളവില്‍ യാതൊരു പൊരുത്തവുമില്ല. കള്ളിന്റെ ഉല്പാദനത്തേക്കാള്‍ എത്രയോ കൂടുതലാണ് വില്പന.
റോഡപകടങ്ങളില്‍ 60% വും മദ്യപാനം മൂലമാണത്രെ. മദ്യഷാപ്പുകളുടെ ഒഴിവുദിനങ്ങളില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളുടെ അപകടം വളരെ കുറയുന്നതായി കണക്കുകള്‍ കാണിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിത ശൈലീരോഗത്തിന്റെ നിരക്കാകട്ടെ വളരെ കൂടുതലുമാണ് - 63% പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31% പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണെന്നും അറിയുന്നു. അതിനാല്‍ മദ്യപാനികള്‍ക്ക് വലിയൊരു തുക ചികിത്സക്കായി കണ്ടെത്തേണ്ടി വരുന്നു. ഇത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പിന്നെയും മോശമാക്കുന്നു.

കേരളത്തില്‍ സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, ഗൃഹപ്രവേശം, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷ ദിവസങ്ങള്‍, ഉത്സവം
എന്നിങ്ങനെ. കൈക്കൂലി വാങ്ങുന്നവര്‍ക്കിടയിലെ മദ്യ ഉപഭോഗവും, കൈക്കൂലിയായി ‘കുപ്പി’ നല്‍കുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങള്‍ പോലും ആഘോഷദിനങ്ങളായി മാറികൊണ്ടിരിക്കുകയാണ്. മദ്യവില്പന തിമിര്‍ക്കുന്ന ദിവസങ്ങളാണിവ.അമിത മദ്യപാനം ഒരു ആരോഗ്യ പ്രശ്നമാണെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലും പ്രധാനമാണ് അതുണ്ടാക്കുന്ന കുടുംബപ്രശ്നങ്ങള്‍. ഇത് അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കുട്ടികള്‍ക്ക് പഠിക്കാനും വളരാനും വേണ്ട പണം കുടിച്ചു കളയുന്നു എന്നത് മാത്രമല്ല, മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗാര്‍ഹിക അന്തരീക്ഷം തന്നെ മദ്യപാനം വഴി ഇല്ലാതാകുന്നു.

കേരളത്തിലെ മദ്യലോബി വളരെ ശക്തമാണ്. മദ്യലോബിക്ക് സ്വാധീനമില്ലാത്ത മേഖല വളരെ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മദ്യപാനത്തിനെതിരാണെങ്കിലും, അവയെല്ലാം ബോധവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുന്നുവെങ്കിലും ഒരു പാര്‍ട്ടിയും മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഒരു പ്രധാന പ്രവര്‍ത്തനമായി ഏറ്റെടുക്കുന്നില്ല. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് ഏതാനും അരാഷ്ട്രീയ വാദികളുടെയും മത മേലദ്ധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്.

Monday, February 23, 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തക ക്യാമ്പ്, അബുദാബി - 20-ഫെബ്രുവരി- 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ലക്ഷ്മണന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രവര്‍ത്തകയോഗത്തില്‍ യു...ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വഃ മാത്യു ആന്റണി അദ്ധ്യക്ഷത വഹിച്ചു, ശ്രീ. തോമസ് വര്‍ഗ്ഗീസ്സ് ‘ആഗോള സാമ്പത്തിക പ്രതിസന്ധി’ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു കൊണ്ട് പ്രവര്‍ത്തക ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും ഇതുവരെ ആര്‍ക്കും കൃത്യമായി മനഃസ്സിലാക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണ്ണമായതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളില്ലാതെ, സ്വകാര്യമേഖലയെ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്തതും, ഊഹക്കച്ചവടവും, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അത്യാഗ്രഹവുമാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ സ്വകാര്യമേഖലക്ക് നിയന്ത്രണമുള്ള രാജ്യങ്ങളില്‍ ഈ പ്രതിസന്ധിയുടെ തോത് കുറവാണെന്ന് കാണാം, ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഈ പ്രതിസന്ധിയുടെ ആഘാതം കുറയാന്‍ കാരണമായത് ഇതാണ്. ആ‍ഗോളവല്‍ക്കരണത്തിന്റെ ഭാഗമായി, ലോകത്തിലെ ഏതൊരു മൂലയില്‍ നടക്കുന്ന ചെറുചലനങ്ങള്‍ പോലും മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ടുതന്നെ ഈ സാമ്പത്തിക പ്രതിസന്ധിയും ബാധിക്കാത്ത രാജ്യങ്ങളുണ്ടാവില്ല, ഓരോ രാജ്യവും പിന്തുടരുന്ന സാമ്പത്തിക നയത്തിനനുസൃതമായി അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു പ്രാഥമിക ചികിത്സമാത്രമാണെന്നും ഇതിന്റെ മൂലകാരണത്തിനുള്ള ചികിത്സകൊടുത്ത് ശാശ്വതമായി പരിഹരിക്കാന്‍ മാനവസമൂഹത്തിന് കഴിയേണ്ടതാണെന്നും ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍‌കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച്, സംഘടനാക്കമ്മിറ്റിയഗം ഇക്ബാല്‍ വിശദീകരിച്ചത് പുതിയ പ്രവര്‍ത്തകര്‍ക്ക് സംഘടനയെ കൂടുതലറിയുന്നതിനു സഹായകരമായി. പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ (പരിഷത് വാര്‍ത്ത, ശാസ്ത്രഗതി മുതലായവ)പി.ഡി.എഫ്. രൂപത്തില്‍ കൃത്യമായി എത്തിക്കാനുള്ള സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് ക്യാമ്പഗംങ്ങള്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കൂടുതലാളുകളില്‍ പരിഷത് സന്ദേശമെത്തിക്കാനാവുമെന്നും അഭിപ്രായമുയര്‍ന്നു.

ലളിതമായ ഉച്ച ഭക്ഷണം ക്യാമ്പിന്റെ തനിമ വര്‍ദ്ധിപ്പിച്ചുവെന്ന് ഊണിനു ശേഷം പലരും അഭിപ്രായപ്പെട്ടു. അതു കാരണമാകാം ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിലും ക്യാമ്പഗംങ്ങള്‍ സജീവമായിതന്നെ കാണപ്പെട്ടത്.

ഷാജുവിന്റെ ഒരു കവിതാലാപനത്തോടെയാണ് ഉച്ചക്ക് ശേഷമുള്ള ക്യാമ്പ് തുടങ്ങിയത്. ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ ‘കണ്ണട’ യായിരുന്നു ഷാജു ആലപിച്ചത്. തുടര്‍ന്ന് ജോഷി, ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു.

ഡാര്‍വിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ഡോഃഅബ്ദുള്‍ ഖാദര്‍ അവതരിപ്പിച്ച ക്ലാസ്സ് പുതിയരൊനുഭവമായി പ്രവര്‍ത്തകര്‍ക്ക്. അനവധി ചോദ്യങ്ങളും സംശയങ്ങളും പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഡാര്‍വിന്റെ പഠനങ്ങളും കണ്ടെത്തലുകളും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും അവയില്‍ കൂട്ടിചേര്‍ക്കലുകള്‍ ശാസ്ത്രലോകത്ത് നടക്കുകയാണെന്നും ഡോഃഖാദര്‍ പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിങ്ങിനെയുംക്കുറിച്ചുള്ള ക്ലാസ്സുകള്‍ ദിലീപും മുരളിയും ചേര്‍ന്നാണ് നടത്തിയത്. കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോഴുള്ള കാണാക്കുടുക്കുകളും ഉപ‌യോക്താവിനുണ്ടാകുന്ന അസ്വാതന്ത്ര്യവും പലര്‍ക്കും അറിവില്ലാത്ത കാര്യങ്ങളാണെന്ന് ക്യാമ്പഗംങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇന്നലെ വരെ ലോകത്ത് സ്വന്തമായി കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനമുള്ള (ഓപ്പറേറ്റിംങ്ങ് സിസ്റ്റം)ഏകരാജ്യം അമേരിക്കയായിരുന്നു, ഇതിനുള്ള കാരണം ഈ രംഗത്തുള്ള കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണമായിരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തോടെ ഈ അവസ്ഥക്ക് മാറ്റം വന്നിരിക്കയാണ്. ഇപ്പോ‍ള്‍ ഭാരതമുള്‍പ്പെടെ പലരാജ്യങ്ങളും സ്വന്തമായി പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കുന്ന ഘട്ടത്തിലാണ്, ഈ രംഗത്തെ സ്വാശ്രയത്വം, പുതിയ കരുത്തും ഊര്‍ജ്ജവും നല്‍കുവാന്‍ ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം നല്‍കി.

ഓരോ ദിനവും കൂടുതല്‍ കൂടുതലാളുകള്‍ കമ്പ്യൂട്ടര്‍ ഉപയോക്തക്കാളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പ്രാദേശിക ഭാഷയിലുള്ള കമ്പ്യൂട്ടര്‍ ഉപയോഗത്തിന് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്. മലയാളം വിക്കിപീഡിയ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംങ്ങ് പോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം, മലയാളം ഭാഷാകമ്പ്യൂട്ടിങ്ങില്‍ പ്രശംസനീയമാണെന്നും, കൂടുതല്‍ പേര്‍ ഇത്തരം കൂട്ടായ്മകളോട് സഹകരിക്കണമെന്നും ക്യാമ്പഗങ്ങളോടഭ്യര്‍ത്ഥിച്ചു.

വിവിധ എമിറേറ്റുകളില്‍ നിന്നായി അമ്പത് പേര്‍ മുഴുവന്‍ സമയം ക്യാമ്പില്‍ പങ്കെടുത്തു. അബുദാബി യൂണിറ്റ് സെക്രട്ടറി സുനിലിന്റെ നന്ദി പ്രകടനത്തോടെ ക്യാമ്പ് അവസാനിച്ചു.

ക്യാമ്പവലോകനം:

പ്രീത നാരായണന്‍ (അദ്ധ്യാപിക, അബുദാബി): എല്ലാ ക്ലാസ്സുകളും വളരെ വിജ്ഞാനപ്രദം.

ഷാജി(അബുദാബി - പുതിയ‌അംഗം): വളരെ ഉപയോഗപ്രദമായ ഒരു വെള്ളിയാഴ്ച. ആദ്യമായാണ് പരിഷത്തിന്റെ ഒരു ക്യാമ്പില്‍ മുഴുവന്‍ സമയം ചിലവഴിക്കാനവസരം ലഭിച്ചത്. ക്ലാസ്സുകളുടെ വിഷയത്തിലുള്ള വൈവിധ്യം ഏറെ ആകര്‍ഷണമായി. പരിഷത്തിനെ അടുത്തറിയാന്‍ വളരെ സഹായിച്ചു.

ചിന്തു (ദുബായ്): പ്രവസജീവിതത്തില്‍ ഇത്തരം ഒരു കൂട്ടായ്മയുടെ അനിവാര്യത ബോധ്യപ്പെട്ടു ഈ ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ സംഘാടനത്തിന്റെ ഗൌരവവും ലാളിത്യവും മറ്റ് കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

അനീഷ് (ഷാര്‍ജ) : സമയക്കുറവ് ഒരു പോരായ്മയായി അനുഭവപ്പെട്ടു. സംഘടനാ ക്ലാസ്സ് വേണ്ടത്ര നിലവാരത്തിലേക്കുയര്‍ന്നില്ല. മറ്റ് ക്ലാസ്സുകളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി.

വിത്സന്‍ (ഷാര്‍ജ) : ക്ലാസ്സുകളുടെ നിലവാരവും സംഘാടനവും നന്നായെങ്കിലും, ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിക്കാതിരുന്നത് ഒരു വലിയ കുറവായിക്കാണുന്നു.

ഈ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച അബുദാബി പ്രവര്‍ത്തകര്‍ക്കും, അബുദാബി കെ.എസ്.സി. ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍ !

പാരിഷത്തികാഭിവാദനങ്ങളോടെ !

.പി.മുരളി.

കോ-ഓഡിനേറ്റര്‍,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.

യു...ചാപ്റ്റര്‍

കൂടുതല്‍ ചിത്രങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://friendsofkssp.ning.com

Wednesday, February 18, 2009

പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു

പാലക്കാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാംജന്മവാര്‍ഷികാചരണത്തിന്റെയും പശ്ചാത്തലത്തില്‍ വിപുലമായ ശാസ്ത്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഗവേഷണ സ്ഥാപനങ്ങളിലും പൊതുവേദികളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ബഹുജനസംഘടനകള്‍, ക്ളബുകള്‍, വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, അയല്‍ക്കുട്ടങ്ങള്‍ തുടങ്ങിയവയെ സംഘടിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും ശാസ്ത്രവര്‍ഷ സമിതികള്‍ രൂപീകരിക്കും. ഏപ്രില്‍ 5ന് സംസ്ഥാനവ്യാപകമായി ശാസ്ത്രപ്രചാരണദിനം ആചരിക്കും. വാനോത്സവം, തെരുവോര സിഡി പ്രദര്‍ശനം, ശാസ്ത്ര വണ്ടിപ്രയാണം, ടെലിസ്കോപ്പ് നിര്‍മാണ ശില്‍പ്പശാല, നക്ഷത്രനിരീക്ഷണം, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, വിജ്ഞാനോത്സവം, ശാസ്ത്രപുസ്തക മാസിക പ്രചാരണം, ശാസ്ത്ര സാംസ്കാരികോത്സവം, ബാലവേദി പരിപാടികള്‍, യുവസംഗമങ്ങള്‍,ഗലീലിയോ നാടകാവതരണം എന്നിവ സംഘടിപ്പിക്കും. 10,000 ശാസ്ത്രക്ളാസുകള്‍ നടത്തും. അത്ഭുതകരമായ ആകാശം, മാനുഷരെല്ലാരും ഒന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളിലാണ് ക്ളാസുകള്‍. മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കവന്‍ഷനും യൂണിറ്റ് കവന്‍ഷനും വിളിച്ചുചേര്‍ക്കും. വിദ്യാഭ്യാസരംഗത്ത് നൂതന മാതൃകകള്‍ക്കായുള്ള അന്വേഷണം തുടരും. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകരുടെ വിപുലമായ കൂട്ടായ്മ ഉണ്ടാക്കുക, ജനകീയാരോഗ്യ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക, വികസനരംഗത്ത് പുതിയ അന്വേഷണങ്ങള്‍ നടത്തി മാതൃകകള്‍ സൃഷ്ടിക്കുക, പ്രാദേശികമായ ഇടപെടലുകള്‍ നടത്തുക, ശ്രദ്ധേയമായ പരിസര പ്രശ്നങ്ങളില്‍ പദ്ധതികളുടെ പാരിസ്ഥിതികാഘാതം, ഭൂപരിവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ആഴത്തില്‍ പഠിച്ച് ഇടപെടുക, സ്ത്രീപദവി പഠനം പൂര്‍ത്തീകരിക്കുക, കൌമാരക്കാരുടെ ഇടയില്‍ ജെന്റര്‍ സെന്‍സിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രാദേശിക പ്രതിരോധ കൂട്ടായ്മകള്‍ രൂപീകരിക്കുക, സ്വതന്ത്രസോഫ്റ്റ്വെയര്‍ വ്യാപകമാക്കുക, മലയാളം കംപ്യൂട്ടിങ് വ്യാപകമാക്കുക തുടങ്ങിയ മറ്റ് പ്രവര്‍ത്തന നിര്‍ദേശങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ഡോ. ആര്‍വിജി മേനോന്‍, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. കെ പി അരവിന്ദന്‍ എന്നിവര്‍ ശാസ്ത്ര വര്‍ഷം പരിപാടി വിശദീകരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഭാവി പരിപാടി അവതരിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം മേധാവി ഡോ. പി ആര്‍ മനീഷ്കുമാര്‍ ഡിഎന്‍എ സാങ്കേതികവിദ്യയെക്കുറിച്ച് ക്ളാസെടുത്തു.
മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം തുടങ്ങും.
പാലക്കാട്: മദ്യാസക്തിയില്‍ കേരളം മുന്നിലെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കേരളീയസമൂഹം നേരിടുന്ന ഗുരുതര ഭവിഷ്യത്തിലേക്കാണ് പ്രമേയം വിരല്‍ചൂണ്ടുന്നത്. അപകടകരമായ മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. 30 കോടി ലിറ്ററോളം മദ്യം കേരളം ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2 ശതമാനവും മദ്യപാനികളാണ്. വര്‍ഷത്തില്‍ ഏതാണ്ട് 7,500 കോടി രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗിക കണക്ക്. 2007-08ല്‍ ബിവറേജസ് കോര്‍പറേഷന്റെ മാത്രം വിറ്റുവരവ് 3,670 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 527 കോടി രൂപ കൂടുതലാണിത്. 17 ശതമാനത്തിന്റെ വര്‍ധന. പട്ടാള കാന്റീന്‍ വഴിയുള്ളതും കള്ള്, വ്യാജവാറ്റ്, വ്യാജമദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7,500 കോടി രൂപയോളം 2008ല്‍ ആയേക്കും. കേരളത്തില്‍ 20 വര്‍ഷം മുമ്പ് 300ല്‍ ഒരാളായിരുന്നു മദ്യപാനി .ഇപ്പോഴത് 20ല്‍ ഒരാളായി വര്‍ധിച്ചു. മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986ല്‍ 19 വയസായിരുന്നത് 1990ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോഴത് 13 ആണ്. റോഡപകടങ്ങള്‍ 60 ശതമാനവും മദ്യപാനം മൂലമാണ് ഉണ്ടാകുന്നത്. മദ്യഷാപ്പുകളുടെ ഒഴിവുദിനത്തില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ അപകടം കുറയുന്നതായി കണക്കുകള്‍ പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിതശൈലീരോഗത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. 63 ശതമാനം പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണ്. സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, വീടുപണി, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷദിവസങ്ങള്‍, ഉത്സവം എന്നിങ്ങനെ എല്ലാറ്റിനും മദ്യ ഉപയോഗിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങളില്‍പോലും മദ്യവില്‍പ്പന തിമിര്‍ക്കുന്ന ദിവസങ്ങളായിരിക്കുന്നു. മദ്യം ഉണ്ടാക്കുന്നകുടുംബപ്രശ്നങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അമിത ലഹരി ഉപയോഗത്തെ ഇല്ലാതാക്കാന്‍ അതിബൃഹത്തായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇതിന് മുന്‍കൈ എടുക്കണമെന്ന് കേരളത്തിലെ എല്ലാ ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.
(ദേശാഭിമാനി ദിനപത്രം 16-02-2009)

വികസനപദ്ധതികള്‍ സംബന്ധിച്ച്‌ ജനം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു

പാലക്കാട്‌: വികസനപദ്ധതികള്‍ സംബന്ധിച്ച്‌ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. വികസനം ആര്‍ക്കുവേണ്ടിയാണോ അവരോട്‌ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കണമെന്നാണ്‌ പരിഷത്ത്‌ നിര്‍ദേശിക്കുന്നത്‌. പരിഷത്തിന്റെ പുതിയ സംസ്ഥാനനേതൃത്വം പത്രസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. എസ്‌.എസ്‌.എ. ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ താളം തെറ്റിയപോക്കിനെയും ബി.ഒ.ടി.യും എക്‌സ്‌പ്രസ്‌ ഹൈവേ പുതിയപേരില്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങളെയും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

എസ്‌.എസ്‌.എ., വിദ്യാഭ്യാസ്‌ വകുപ്പ്‌, ക്യു.ഐ.പി., എസ്‌.ഐ.ഇ.എം.എ.ടി. ഡയറ്റ്‌, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തി ഇതുവരേക്കും ഏകോപിപ്പിക്കാനായിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിമര്‍ശമുണ്ട്‌.

പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പശ്ചാത്തലസൗകര്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയും പരിഷ്‌കരിക്കപ്പെടാത്തത്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുന്നുണ്ടെന്നും എസ്‌.എസ്‌.എ.യിലൂടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പലതും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ പാതിവഴിക്ക്‌ പൊലിഞ്ഞുതീരുന്നുവെന്നും വിദ്യാഭ്യാസ നവീകരണശ്രമങ്ങള്‍ സാധാരണക്കാര്‍ക്ക്‌ വേണ്ടത്ര ഗുണപരമായില്ലെന്നും പരിഷത്ത്‌ ആശങ്ക പ്രകടിപ്പിക്കുന്നു.

ക്ലസ്റ്റര്‍പരിശീലനങ്ങള്‍ വെറും ചടങ്ങുകളായി മാറിയെന്നുള്ള പ്രതിപക്ഷാനുകൂല അധ്യാപക സംഘടനകളുടെ ഏറെക്കാലത്തെ വിമര്‍ശം ശാസ്‌ത്രസാഹിത്യപരിഷത്തും ഇതോടെ ശരിവെക്കുകയാണ്‌. ഗ്രേഡിങ്‌ സമ്പ്രദായം പിഴവുകള്‍തീര്‍ത്ത്‌ മെച്ചപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ദേശീയപാതാവികസന പദ്ധതിയില്‍ സര്‍ക്കാര്‍ ബി.ഒ.ടി. വത്‌കരണം നടപ്പാക്കുന്നത്‌ ചെറുത്തുതോല്‌പിക്കണമെന്ന്‌ മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്‌.

എക്‌സ്‌പ്രസ്‌ ഹൈവേ തെക്കുവടക്ക്‌ ഇടനാഴിയെന്ന പേരില്‍ പുനരവതരിപ്പിക്കുന്നതിനെതിരെയും പരിഷത്ത്‌ പ്രമേയത്തില്‍ നിലപാട്‌ വ്യക്തമാക്കുന്നു. സമഗ്ര ഭൂവിനിയോഗനിയമം നടപ്പിലാക്കുക, ദേശീയ ജൈവ, സാങ്കേതികവിദ്യാ നിയന്ത്രണ നിയമം പിന്‍വലിക്കുക, തണ്ണീര്‍ത്തടങ്ങള്‍ ഏറ്റെടുക്കാന്‍വേണ്ടി കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുക, കേരള വിദ്യാഭ്യാസനിയമം സമഗ്രമായി പരിഷ്‌കരിക്കുക, ശബ്ദമലിനീകരണനിയന്ത്രണ നിയമവും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുള്‍ക്കൊള്ളുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചിട്ടുണ്ട്‌. മൂന്നുദിവസങ്ങളിലായി ഗവ. വിക്ടോറിയ കോളേജില്‍ നടന്ന സംസ്ഥാന സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.

ശാസ്‌ത്രവര്‍ഷം ആചരിക്കും
ജ്യോതിശാസ്‌ത്ര വര്‍ഷാചരണത്തിന്റെയും ചാള്‍സ്‌ ഡാര്‍വിന്റെ 200-ാം ജന്മ വാര്‍ഷികാചരണത്തിന്റെയും ഭാഗമായി പരിഷത്ത്‌ ശാസ്‌ത്രവര്‍ഷാചരണം നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും തുടര്‍ന്ന്‌ യൂണിറ്റ്‌ കണ്‍വെന്‍ഷനുകളും നടത്തും.
അത്‌ഭുതകരമായ ആകാശം, മാനുഷരെല്ലാം ഒന്നുപോലെ, കാലംതെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി 10,000 ശാസ്‌ത്ര ക്ലാസുകള്‍ സംഘടിപ്പിക്കും. ബഹുജന സംഘടനകളുടെ സഹായത്തോടെ ബോധവത്‌കരണ ക്ലാസുകള്‍, യുവസംഗമം, ഗലീലിയോ നാടകാവതരണം എന്നിവ നടത്തും.
പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ സംഘടനാരേഖ അംഗീകരിച്ചു. ഡോ.ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. കെ.പി. അരവിന്ദന്‍, ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി.ആര്‍. മനീഷ്‌കുമാര്‍ ഡി.എന്‍.എ. സാങ്കേതികവിദ്യയെക്കുറിച്ച്‌ ക്ലാസെടുത്തു.

പാലക്കാട്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി ഡോ. കാവുമ്പായി ബാലകൃഷ്‌ണനെയും (തൃശ്ശൂര്‍), ജനറല്‍ സെക്രട്ടറിയായി വി. വിനോദിനെയും (മലപ്പുറം) തിരഞ്ഞെടുത്തു.
കെ.എം. മല്ലിക, ഡോ. കെ. വിജയകുമാര്‍ (വൈ.പ്രസി.), പി.വി. വിനോദ്‌, പി.എ. തങ്കച്ചന്‍ , പി.വി. സന്തോഷ്‌ (സെക്ര.), ടി.പി. ശ്രീധരന്‍ (ഖജാ.), ഡോ. ആര്‍ വി ജി മേനോന്‍ (പത്രാധിപര്‍ ശാസ്‌ത്രഗതി), പ്രൊഫ. കെ. പാപ്പുട്ടി (പത്രാധിപര്‍ ശാസ്‌ത്രകേരളം), കെ.ബി. ജനാര്‍ദനന്‍ (പത്രാധിപര്‍ യുറീക്ക) എന്നിവരെയും തിരഞ്ഞെടുത്തു. തൃശ്ശൂര്‍ കേരളവര്‍മ കോളേജ്‌ അധ്യാപകനാണ്‌ കാവുമ്പായി ബാലകൃഷ്‌ണന്‍ സെക്രട്ടറി വിനോദ്‌ ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്‌.
(മാതൃഭൂമി ദിനപത്രം 16-02-2009)

Monday, February 16, 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.പ്രവര്‍ത്തക ക്യാമ്പ് - അബുദാബിയില്‍

ഈ വര്‍ഷത്തെ പ്രവര്‍ത്തക ക്യാമ്പ്
2009ഫെബ്രുവരി 20-നു അബുദാബി കെ.എസ്.സി-യില്‍
വെച്ച് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുകയാണ്.
അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന
ഈ ഏകദിന ക്യാമ്പില്‍ യു.എ.ഇ.യുടെ
വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
രാവിലെ നടക്കുന്ന വിഭാഗം സംഘടനാ പ്രവര്‍ത്തകര്‍ക്കായും
വൈകീട്ട് 2 മുതല്‍ 4 വരെ നടക്കുന്ന വിഭാഗം
എല്ലാവര്‍ക്കുമായുമാണ് സജ്ജമാക്കിയിരിക്കുന്നത്.
വൈകീട്ട് നടക്കുന്ന വിഭാഗത്തില്‍‍
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം
കമ്പ്യൂട്ടിംങിനെയുംപരിചയപ്പെടുത്തുന്ന ക്ലാസ്സായിരിക്കും.

എല്ലാ പരിഷത്ത് സുഹൃത്തുക്കളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.


കാര്യപരിപാടികള്‍
രാവിലെ (അംഗങ്ങള്‍ക്ക് മാത്രം )

09.30 ഉല്‍ഘാടനം : ശ്രീ.തോമസ് വര്‍ഗ്ഗീസ്
മാനേജര്‍ എമിറേറ്റ്സ് ഇന്‍ഷ്യൂറന്‍സ്. അബുദാബി.
(ആഗോള സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ ക്ലാസ്സ്)
10.30 സംഘടനാ ക്ലാസ്സ്
13.00 ഉച്ചഭക്ഷണം

വൈകീട്ട് (ഏവര്‍ക്കും സ്വാഗതം )

13.30 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ / മലയാളം കമ്പ്യൂട്ടിംങ്ങ്.
15.00 വര്‍ത്തമാനകാലത്തെ ഡാര്‍വിന്റെ പ്രസക്തി. - ഡോഃഅബ്ദുള്‍ ഖാദര്‍
16.30 ക്യാമ്പ് അവലോകനം
17.00 സമാപനം.


കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായും ബന്ധപ്പെടുക
സുനില്‍ +971-50-5810907
ലക്ഷ്മണന്‍ +971-50-7825809

Thursday, February 12, 2009

ആയിരംതെങ്ങിലെ കണ്ടാല്‍ക്കാടുകള്‍ സംരക്ഷിക്കണം

ആയിരംതെങ്ങിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വികരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷദ് കൊല്ലം ജില്ല സമ്മേളനം അവിശ്യപെട്ടു. ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 20 ഏക്കര്‍ കണ്ടല്‍ക്കടുകളാണ് ഇവിടെയുള്ളത് . കണ്ടാല്‍ വിഭാഗത്തിലെ ഏറ്റവുമധികം ഇനങലുള്ള പ്രദേശം കൂടിയാണിത്.
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ രൂപവത്കരിച്ച ഫിര്‍മ എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ടല്‍ക്കാടുകളുടെ ഒരു ഭാഗം ഇതിനകം വെട്ടി നശിപ്പിച്ചിട്ടുണ്ട് . തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് നോണ്‍ ഡവെലോപ്മെന്റ്റ് സോണ്‍ ആയി പരിഗണിക്കേണ്ട ഈ പ്രദേശം, പാരിസ്ഥിതിക ആഘാത പഠനം നടത്താതെയുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനവും (റോഡ് അടക്കം) നടത്താന്‍ പാടില്ലെന്നും പുനഃ സൃഷ്ട്ടിക്കാന്‍ കഷിയാത്ത ജൈവ സമ്പത്ത് സംരക്ഷിക്കാം അടിയന്തിരനടപടി സ്വീകരിക്കണമെന്നും യോഗം അവിശ്യപെട്ടു.
കടല്‍ നിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന മന്ട്രോതുരുതിനെ സംരക്ഷിക്കുന്നതിനും അവിശ്യമായ പഠനം നടത്തി പരിഹാര നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം അവിശ്യപെട്ടു. കെ രാജു MLA സമ്മേളനം ഉത്‌ഘാടനം ചെയ്തു. സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡ് അംഗം K. N. ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി പി എസ് സാനു (പ്രസിഡന്റ്), വി ജോണ്‍ , വി കെ മധുസൂദനന്‍ (വൈസ് പ്രേസിടെന്റുമാര്‍ ), മടന്തകോട് രാധാകൃഷ്ണന്‍ (സെക്രെട്ടറി), ഉണ്ണികൃഷ്ണന്‍ , ബി വസന്തകുമാര്‍ (ജോ. സെക്രെട്ടരിമാര്‍ ), എസ്. രാജശേഖരവര്യര്‍ (ട്രഷേരെര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

Monday, February 9, 2009

ഡാര്‍വിന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം കോഴിക്കോട്ട്

ചാള്‍സ് ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷത്തിന്‍റെയും ഒറിജിന്‍ ഓഫ് സ്പീഷിസിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ നടക്കും. ബാംഗ്ലൂര്‍ ‍ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. രാഘവേന്ദ്ര ഗഡാഗ്ഖര്‍ ഉദ്ഘാടന പ്രഭാഷണം നടത്തും. ഡാര്‍വിന്‍ ജന്‍മവാര്‍ഷിക ആഘോഷ സംഘാടകസമിതി ചെയര്‍മാന്‍ ‍പ്രൊഫ. എം.കെ. പ്രസാദ് അധ്യക്ഷത വഹിക്കും. റീജിയണല്‍ സയന്‍സ് സെന്‍റര്‍ ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സംസാരിക്കും.

കാര്‍ഷിക ചെറുകിട ഉല്പാദന മേഖലകള്‍ പുനരുദ്ധരിക്കുക-പ്രഭാത് പട്നായിക്

ഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഉല്പാദനരംഗത്തും കൂടുതല്‍ മുതല്‍മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച “ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും“ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുതലാളിത്ത വികസന ക്രമം കര്‍ഷകരെ പിഴിയുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. മുമ്പ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കി. കാര്‍ഷിക മേഖലക്കുള്ള ഗവണ്‍മെന്‍റ് നിക്ഷേപങ്ങളും വായ്പകളും വെട്ടിക്കുറച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച കൂടിയായപ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഇതിന് സഹായിക്കുന്നതിന് പകരം കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റുവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. ദിവാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ഇസഹാഖ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്‍ , ഷാജു ആന്‍റണി, ടി.കെ. നാരായണദാസ് എന്നിവര്‍ സംസാരിച്ചു.

Sunday, February 8, 2009

സമ്മാനദാനവും പ്രശ്നോത്തരിയും നടന്നു

ലോകപരിസര ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗവുമായിചേര്‍ന്ന് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. നടത്തിയ പ്രബന്ധരചനാമത്സരത്തിന്റെ സമ്മാനദാനം ഫെബ്രുവരി 6-ന്, ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

വിവിധ എമിറേറ്റുകളിലെ 11 വിദ്യാലയങ്ങളില്‍ നിന്നും 256 കുട്ടികളുടെ പ്രബന്ധങ്ങളാണ് ലഭിച്ചത്. മൂന്ന് തലങ്ങളിലായി നടന്ന പരിശോധനയില്‍ നിന്നും 5 വിദ്യാര്‍ത്ഥികള്‍ക്ക് + ഗ്രേഡും, 10 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡും നല്‍കി.

സമ്മാനദാനത്തിനു മുന്നോടിയായി നടന്ന പ്രശ്നോത്തരിമത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു. ഡോഃഅബ്ദുള്‍ഖാദര്‍ നയിച്ച പ്രശ്നോത്തരിയുടെ വിഷയം "Climate change - We are at a cross road" ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരേപോലെവിജ്ഞാനപ്രദമായ മത്സരത്തില്‍ Delhi Private School, Sharjah. യിലെ കൂട്ടുകാര്‍ കൂടുതല്‍മാര്‍ക്ക് നേടി ഒന്നാം സ്ഥാനം നേടി.

Sunday, February 1, 2009

***

ചലച്ചിത്ര പഠനക്യാമ്പ്‌ ആരംഭിച്ചു

ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ചലച്ചിത്രാസ്വാദന കളരി 'ഡീപ്‌ ഫോക്കസ്‌' ചലച്ചിത്ര പഠനക്യാമ്പ്‌ ആരംഭിച്ചു.കണ്ണൂര്‍ പരിഷത്ത്‌ഭവനില്‍ ചലച്ചിത്രതാരം വിനീത്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വി.എ.രാമാനുജന്‍ അധ്യക്ഷനായി. വിജയകുമാര്‍ ബ്ലാത്തൂര്‍ സ്വാഗതം പറഞ്ഞു. റൂട്ട്‌സ്‌, കളിയൊരുക്കം, മൗണ്ടന്‍ പട്രോള്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. സിനിമാ-നാടക നടന്‍ മഞ്‌ജുളനുമായുള്ള അഭിമുഖവും 'സിനിമയും ഭാഷയും' എന്ന വിഷയത്തില്‍ വി.ചന്ദ്രബാബുവുമായി കുട്ടികള്‍ നടത്തിയ സംവാദവും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഞായറാഴ്‌ച വൈകിട്ട്‌ ക്യാമ്പ്‌ സമാപിക്കും. ഞായറാഴ്‌ച ദ വേവ്‌, ഡ്രീംസ്‌, ഫാദര്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിജയകുമാര്‍ ബ്ലാത്തൂര്‍, ജനു എന്നിവര്‍ ക്ലാസ്സെടുക്കും.

സമ്മാന ദാനവും പ്രശ്നോത്തരിയും

സുഹൃത്തേ,

ജൂണ്‍ 5 ലോക പരിസര ദിനാചരണത്തിന്റെ ഭാഗമാ‍യി
ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.
യു...യിലെ സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ
പ്രബന്ധരചനാ മത്സരത്തിന്റെ സമ്മാനദാനം

ഫെബ്രുവരി 6 നു വൈകീട്ട് 5 മണിക്ക്
ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബില്‍ (ഗര്‍ഹൂദ്) വെച്ച് നടത്തുന്നു.

ഇതോടനുബന്ധിച്ച് വിവിധ സ്കൂളുകളില്‍ നിന്നും
തെരെഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
ഒരു പ്രശ്നോത്തരിയും സംഘടിപ്പിച്ചിരിക്കുന്നു.

വിഷയം : Climate change – we are at a cross road

താങ്കളെയും കൂട്ടുകാരെയും പരിപാടിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

പ്രസിഡണ്ട്
അഡ്വഃ മാത്യു ആന്റണി. (+971-50-6361285)

കോ-ഓഡിനേറ്റര്‍
.പി.മുരളി. (+971-50-6764556)