പാലക്കാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാംജന്മവാര്‍ഷികാചരണത്തിന്റെയും പശ്ചാത്തലത്തില്‍ വിപുലമായ ശാസ്ത്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഗവേഷണ സ്ഥാപനങ്ങളിലും പൊതുവേദികളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ബഹുജനസംഘടനകള്‍, ക്ളബുകള്‍, വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, അയല്‍ക്കുട്ടങ്ങള്‍ തുടങ്ങിയവയെ സംഘടിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും ശാസ്ത്രവര്‍ഷ സമിതികള്‍ രൂപീകരിക്കും. ഏപ്രില്‍ 5ന് സംസ്ഥാനവ്യാപകമായി ശാസ്ത്രപ്രചാരണദിനം ആചരിക്കും. വാനോത്സവം, തെരുവോര സിഡി പ്രദര്‍ശനം, ശാസ്ത്ര വണ്ടിപ്രയാണം, ടെലിസ്കോപ്പ് നിര്‍മാണ ശില്‍പ്പശാല, നക്ഷത്രനിരീക്ഷണം, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, വിജ്ഞാനോത്സവം, ശാസ്ത്രപുസ്തക മാസിക പ്രചാരണം, ശാസ്ത്ര സാംസ്കാരികോത്സവം, ബാലവേദി പരിപാടികള്‍, യുവസംഗമങ്ങള്‍,ഗലീലിയോ നാടകാവതരണം എന്നിവ സംഘടിപ്പിക്കും. 10,000 ശാസ്ത്രക്ളാസുകള്‍ നടത്തും. അത്ഭുതകരമായ ആകാശം, മാനുഷരെല്ലാരും ഒന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളിലാണ് ക്ളാസുകള്‍. മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കവന്‍ഷനും യൂണിറ്റ് കവന്‍ഷനും വിളിച്ചുചേര്‍ക്കും. വിദ്യാഭ്യാസരംഗത്ത് നൂതന മാതൃകകള്‍ക്കായുള്ള അന്വേഷണം തുടരും. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകരുടെ വിപുലമായ കൂട്ടായ്മ ഉണ്ടാക്കുക, ജനകീയാരോഗ്യ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക, വികസനരംഗത്ത് പുതിയ അന്വേഷണങ്ങള്‍ നടത്തി മാതൃകകള്‍ സൃഷ്ടിക്കുക, പ്രാദേശികമായ ഇടപെടലുകള്‍ നടത്തുക, ശ്രദ്ധേയമായ പരിസര പ്രശ്നങ്ങളില്‍ പദ്ധതികളുടെ പാരിസ്ഥിതികാഘാതം, ഭൂപരിവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ആഴത്തില്‍ പഠിച്ച് ഇടപെടുക, സ്ത്രീപദവി പഠനം പൂര്‍ത്തീകരിക്കുക, കൌമാരക്കാരുടെ ഇടയില്‍ ജെന്റര്‍ സെന്‍സിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രാദേശിക പ്രതിരോധ കൂട്ടായ്മകള്‍ രൂപീകരിക്കുക, സ്വതന്ത്രസോഫ്റ്റ്വെയര്‍ വ്യാപകമാക്കുക, മലയാളം കംപ്യൂട്ടിങ് വ്യാപകമാക്കുക തുടങ്ങിയ മറ്റ് പ്രവര്‍ത്തന നിര്‍ദേശങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ഡോ. ആര്‍വിജി മേനോന്‍, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. കെ പി അരവിന്ദന്‍ എന്നിവര്‍ ശാസ്ത്ര വര്‍ഷം പരിപാടി വിശദീകരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഭാവി പരിപാടി അവതരിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം മേധാവി ഡോ. പി ആര്‍ മനീഷ്കുമാര്‍ ഡിഎന്‍എ സാങ്കേതികവിദ്യയെക്കുറിച്ച് ക്ളാസെടുത്തു.
മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം തുടങ്ങും.
പാലക്കാട്: മദ്യാസക്തിയില്‍ കേരളം മുന്നിലെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കേരളീയസമൂഹം നേരിടുന്ന ഗുരുതര ഭവിഷ്യത്തിലേക്കാണ് പ്രമേയം വിരല്‍ചൂണ്ടുന്നത്. അപകടകരമായ മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. 30 കോടി ലിറ്ററോളം മദ്യം കേരളം ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2 ശതമാനവും മദ്യപാനികളാണ്. വര്‍ഷത്തില്‍ ഏതാണ്ട് 7,500 കോടി രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗിക കണക്ക്. 2007-08ല്‍ ബിവറേജസ് കോര്‍പറേഷന്റെ മാത്രം വിറ്റുവരവ് 3,670 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 527 കോടി രൂപ കൂടുതലാണിത്. 17 ശതമാനത്തിന്റെ വര്‍ധന. പട്ടാള കാന്റീന്‍ വഴിയുള്ളതും കള്ള്, വ്യാജവാറ്റ്, വ്യാജമദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7,500 കോടി രൂപയോളം 2008ല്‍ ആയേക്കും. കേരളത്തില്‍ 20 വര്‍ഷം മുമ്പ് 300ല്‍ ഒരാളായിരുന്നു മദ്യപാനി .ഇപ്പോഴത് 20ല്‍ ഒരാളായി വര്‍ധിച്ചു. മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986ല്‍ 19 വയസായിരുന്നത് 1990ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോഴത് 13 ആണ്. റോഡപകടങ്ങള്‍ 60 ശതമാനവും മദ്യപാനം മൂലമാണ് ഉണ്ടാകുന്നത്. മദ്യഷാപ്പുകളുടെ ഒഴിവുദിനത്തില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ അപകടം കുറയുന്നതായി കണക്കുകള്‍ പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിതശൈലീരോഗത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. 63 ശതമാനം പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണ്. സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, വീടുപണി, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷദിവസങ്ങള്‍, ഉത്സവം എന്നിങ്ങനെ എല്ലാറ്റിനും മദ്യ ഉപയോഗിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങളില്‍പോലും മദ്യവില്‍പ്പന തിമിര്‍ക്കുന്ന ദിവസങ്ങളായിരിക്കുന്നു. മദ്യം ഉണ്ടാക്കുന്നകുടുംബപ്രശ്നങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അമിത ലഹരി ഉപയോഗത്തെ ഇല്ലാതാക്കാന്‍ അതിബൃഹത്തായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇതിന് മുന്‍കൈ എടുക്കണമെന്ന് കേരളത്തിലെ എല്ലാ ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.
(ദേശാഭിമാനി ദിനപത്രം 16-02-2009)
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക