Sunday, August 12, 2012

മുണ്ടേരി വനഭൂമി സമരം: മാര്‍ച്ചിന് ആയിരങ്ങള്‍







നിലമ്പൂര്‍: മുണ്ടേരി വനഭൂമി ലേലംചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വനഭൂമി ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നും മുറിക്കുന്ന ഒരുമരംപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ വനസംരക്ഷണ പ്രതിജ്ഞയെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞത്.
മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വന്‍ ജനമുന്നേറ്റം ആവശ്യമാണ്. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുത് - അദ്ദേഹം പറഞ്ഞു.
വനസംരക്ഷണ സമരസമിതി ചെയര്‍മാന്‍ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ വനം- പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഡോ. സി.ടി.എസ്. നായര്‍ എഴുതിയ ലഘുലേഖ പ്രൊഫ. എം.കെ. പ്രസാദ് പോത്തുകല്ല് പഞ്ചായത്തംഗം ഉപേഷിന് നല്‍കി പ്രകാശനംചെയ്തു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി ടി.കെ. ദേവരാജന്‍, വനം-പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സി.ടി.എസ്. നായര്‍, പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. പി.എ. പൗരന്‍, പരിഷത്ത് ജില്ലാസെക്രട്ടറി സജി ജേക്കബ്, പ്രസിഡന്റ് വേണു പാലൂര്‍, ഫാ. മാര്‍ക്കോസ്, യു. കലാനാഥന്‍, കവി എം.എം. സചീന്ദ്രന്‍, അരുണ്‍കുമാര്‍ കെ, ജനപ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു.
പ്രൊഫ. എം.കെ. പ്രസാദ് മാര്‍ച്ച് ഫ്‌ളാഗ്ഓഫ്‌ചെയ്തു. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലൂടെ ഇരുട്ടുകുത്തി-വാണിയംപുഴ ഭാഗത്ത് വനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ നടപ്പാലത്തിനുസമീപം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
മാതൃഭൂമി



























ചിത്രങ്ങള്‍- വേണുപാലൂര്‍

Saturday, May 12, 2012

മാലിന്യപ്രശ്‌നം നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു -ഡോ. സുനിതാ നാരായണ്‍









തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ അഭാവം ഇന്ത്യന്‍ നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. സുനിതാ നാരായണ്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പരിസ്ഥിതിക്കും സാമൂഹികനീതിക്കും എതിരായ വികസന നയങ്ങള്‍മൂലമാണ് മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ പാളുന്നത്. തലതിരിഞ്ഞ വികസന മുന്‍ഗണനകളാണ് നഗരങ്ങളിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങളെ സമഗ്രമായും ആഴത്തിലും കണ്ട് ശരിയായ ബദലുകള്‍ ആവിഷ്‌കരിക്കണമെന്നും ഡോ. സുനിതാ നാരായണ്‍ പറഞ്ഞു.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ 'എക്‌സ്‌ക്രീറ്റ് മാറ്റേഴ്‌സ്' എന്ന പുസ്തകം പ്രൊഫ. എം.കെ.പ്രസാദ് പ്രകാശനം ചെയ്തു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പ്രസംഗിച്ചു.
മാതൃഭൂമി
പരിഷത്ത് സമ്മേളനത്തിന് 
പ്രൗഢോജ്വലമായ തുടക്കം


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. സുവര്‍ണ ജൂബിലിയിലെത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തില്‍ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഉദ്ഘാടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ഡല്‍ഹി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സയന്‍സിന്റെ ഡയറക്ടറുമായ സുനിത നാരായണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി-ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ആവശ്യകതയില്‍നിന്നും വികസനത്തിന്റെ അസന്തുലിതാവസ്ഥകളില്‍ നിന്നുമാണ് പിറവികൊണ്ടതെന്നും അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു. 
പരിഷത്ത് പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ മേയര്‍ അഡ്വ. കെ. ചന്ദ്രിക സ്വാഗതമാശംസിച്ചു. അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയുടെ പ്രവര്‍ത്തകനും ആന്ധ്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഗോപാല സുബ്രഹ്മണ്യം, വാര്‍ഡു കൗണ്‍സിലര്‍ വിജയകുമാര്‍, പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഷാജഹാന്‍, വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ എം. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പി. ഗോപകുമാര്‍ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി. വിനോദ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശനം, പുസ്തക സ്റ്റാള്‍, ഐ.ആര്‍.ടി.സി.യുടെ ഉത്പന്നങ്ങളുടെ വിപണന സ്റ്റാള്‍, ലോകത്തെ കലാപഭൂമികളില്‍ മുറിവേറ്റവരുടെ ചികിത്സയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ഡോ. എസ്. എസ്. സന്തോഷ്‌കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും അരങ്ങേറുന്നുണ്ട്. സമ്മേളനത്തിന്റെ പൊതു സെമിനാറുകള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും കാണാനാവുന്ന തരത്തില്‍ ലൈവ് വെബ്കാസ്റ്റിങ്ങും നടത്തുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.

ഉടന്‍ ബുക്ക്‌ ചെയ്യൂ
പ്രകാരം: Pradeep Orkkattery Snehasree


Saturday, March 31, 2012

ബാലശാസ്ത്ര കോണ്‍ഗ്രസ്

പെരിന്തല്‍മണ്ണ: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ഏപ്രില്‍ 11നും 12നും പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്ററില്‍ നടക്കും. കെ. രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും.

ജില്ലയിലെ ശുദ്ധജലത്തെക്കുറിച്ചുള്ള പഠനവും വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിലുള്ള ധാതുലവണങ്ങളെക്കുറിച്ച് ശേഖരിച്ച റിപ്പോര്‍ട്ടും കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. രസതന്ത്രവര്‍ഷത്തിന്റെ തുടര്‍ പ്രവര്‍ത്തനമായി മരുന്നുകളിലെ രസതന്ത്രം അറിയുന്നതിന് മരുന്നുത്പാദനകേന്ദ്ര സന്ദര്‍ശനവും ദ്വിദിന പരിപാടിയിലുണ്ട്. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍ അധ്യക്ഷതവഹിച്ചു. എം. ഗോപാലന്‍, പി.വി. ശൂലപാണി, സുനില്‍ പെഴുങ്കാട്, സി. പ്രേമദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഭാരവാഹികള്‍: കെ. സുധാകുമാരി, കെ. സരോജിനി(രക്ഷാ.), വി. രാജേന്ദ്രന്‍(ചെയ.), ശശി പെരിന്തല്‍മണ്ണ (കണ്‍.), എം. നവാസ്(ഖജാ.)

Saturday, March 10, 2012

മറ്റൊരു കേരളത്തിനുവേണ്ടി ഒരു രാത്രി

കോഴിക്കോട്: മറ്റൊരു കേരളത്തിനുവേണ്ടി ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അവകാശക്കൂട്ടായ്മ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം നാലുമുതല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം അങ്കണത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.
ഇന്നുരാവിലെ എട്ടുമണിവരെ പ്രഭാഷണങ്ങളും ചിത്രംവരയും കഥാപ്രസംഗവും കവിതയും പാട്ടും കളിയുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ അവകാശപ്പന്തല്‍ സജീവമാക്കും.  സ്ത്രീകളുടെ സ്വത്വം ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഇപ്പോഴും തുടരുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. കേരളത്തിലെ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് ദോഷകരമായാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പി.എം. ഗീത അധ്യക്ഷത വഹിച്ചു. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. ചിത്രകാരന്‍ ആര്‍.കെ. പൊറ്റശ്ശേരി ചിത്രംവര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, കെ.കെ. ലതിക എം.എല്‍.എ, അന്വേഷി പ്രസിഡന്റ് കെ. അജിത, ഡോ. ഖദീജ മുംതാസ്, വി.പി. സുഹ്റ, ചിത്രകാരി കബിതാ മുഖര്‍ജി, ഡോ. ടി.കെ. ആനന്ദി, കെ.പി. സുധീര മെഡോണ തുടങ്ങിയവര്‍ പങ്കെടുത്തു. 

വനിതാ കൂട്ടായ്മ




വനിതാ കൂട്ടായ്മ മലപ്പുറം ,ഉദ്ഘാടനം ഡോ:സക്കീന ഡി.എം.ഓ മലപ്പുറം,വിഷയാവതരണം ശ്രീമതി:മീര ഭായ് .
അധ്യക്ഷ സുജാത വര്‍മ,പ്രഭാഷണം കെ.എം.ഗിരിജ ,സി എച് ജമീല,കദീജ  നര്‍ഗീസ്,സുധാകുമാരി(ചെയര്‍ പെരിന്തല്‍മണ്ണ മുന്‍സി ),എം.എസ് മോഹനന്‍,വേണു പാലൂര്‍,സജി ജേക്കബ്‌,ഇ വിലാസിനി 
സ്വാഗതം:ടി.കെ വിമല
നന്ദി :വി രാജലക്ഷ്മി   
കലാപരിപാടികള്‍,
സോപാന സംഗീതം:ഗിരിജ ബാലകൃഷ്ണന്‍ ,അഞ്ജലി കൃഷ്ണ
ചെണ്ട മേളം:സ്മിത കെ.പി വലിയകുന്നു 
കവിതാലാപനം:നസീമ ടീച്ചര്‍ വണ്ടൂര്‍ 
ഇ.എന്‍.ഷീജ 
സംഘഗാനം :കെ.രാധിക യും സംഘവും 
നാടന്‍പാട്ട് 

Thursday, January 5, 2012

ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ്

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡൻസ് ഓഫ് നോളജ് അൻഡ് ഹ്യൂമൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായിൽ ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന ബാലശാസ്ത്രകോൺഗ്രസ് മാതൃകയിലാണ് യു എ ഇ-യിലും സംഘടിപ്പിക്കുന്നത്.


12-17 വയസ് പ്രായമുള്ള കുട്ടികളിലെ അന്വേഷണത്വരയും സർഗശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുക എന്ന ലക്ഷ്യത്തിലാണ് ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളുകളിലെയും പത്തോളം വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം- മാലിന്യ നിർമാർജനത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുകൾ സമർപ്പിക്കും. പ്രോജക്ടുകൾ ചെയ്യേണ്ട രീതികളെക്കുറിച്ചു കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകും.

ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ശാസ്ത്രത്തിന്റെ വഴിയിലൂടെ കുട്ടികളെ നയിക്കാൻ പ്രേരിപ്പിക്കുന്ന ബാല ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വർക് ഷോപ് ജനുവരി 14നു ദുബായ് മുനിസിപ്പാലിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. തദവസരത്തിൽ ബാലശാസ്ത്ര കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബായ് എന്‍‌വയോൺ‌മെന്റ് ഡിപാർട്മെന്റ് ഡയറക്ടർ ഹംദാന്‍ ഖലീഫ അൽ ഷേര്‍ നിർവഹിക്കും. ഡോ.ഹരാരി, ഡോ. ആർ വി ജി മേനോൻ, ഡോ.അബ്ദുല്‍ ഖാദര്‍, ഡോ കെ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. ശ്രീ. കെ കെ കൃഷ്ണകുമാറാണ് വർൿഷോപ് ഡയറക്ടർ. വർക്ഷോപ്പിനു ശേഷം കുട്ടികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ തെരഞ്ഞെടുത്ത് പഠനങ്ങൾ നടത്താം. അതിന്റെ സിനോപ്സുകളിൽ നിന്നും ഏറ്റവും മികച്ച 10 പ്രോജക്ടുകൾ തെരഞ്ഞെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. എല്ലാ വർഷവും വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രോജക്ടുകൾ കണ്ടെത്താനും കുട്ടികളിലെ ശാസ്ത്ര നിരീക്ഷണ ത്വര വളർത്താനും ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കും.

മലയാളികളടക്കം നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഗൾഫ് മേഖലകളിൽ പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ അന്തരീക്ഷമല്ല അവിടത്തേത്. സി ബി എസ് ഇ പോലുള്ള പരിഷ്കരിച്ച സിലബസുകളിലാണ് പഠനപ്രക്രിയയെങ്കിലും ചുറ്റുപാടുകളിൽ നിന്നും പഠിക്കാനുള്ള ഒരു അന്തരീക്ഷം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. അത്തരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കെത്തിക്കാനുള്ള ദൌത്യവുമായാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സംരംഭത്തിനു നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ യു എ ഇയിലെ മറ്റ് എമിറേറ്റുകളിലെ സ്കൂളുകളിൽ കൂടി വ്യാപിപ്പിച്ചുകൊണ്ട് വിപുലമാക്കാനാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ഉദ്ദേശിക്കുന്നത്..

2012 ജനുവരി 14, ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ വര്‍ക്‍ഷോപ്പ് നടക്കുന്ന ദുബായ് മുനിസിപ്പാലിറ്റി ക്ലബ്ബ്/ട്രെയിനിംഗ് സെന്ററിന്റെ ലൊക്കേഷന്‍ മാപ്പ് താഴെഃ