Friday, August 21, 2009

കരുനാഗപ്പള്ളി മേഖല മാസിക ക്യാമ്പൈനില്‍ ചരിത്രം ആവര്‍ത്തിക്കുന്നു....

കരുനാഗപ്പള്ളി: യുറിക്ക, ശാസ്ത്രകേരളം, ശാത്രഗതി വരിക്കാരെ ചേര്‍ക്കുന്നതില്‍ കരുനാഗപ്പള്ളി മേഖല ചരിത്രം ആവര്‍ത്തിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ആയിരതിലതികം വാര്‍ഷിക വരിക്കാരെ ചേര്‍ത്തുകൊണ്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Wednesday, August 12, 2009

അബുദാബിയില്‍ യുദ്ധവിരുദ്ധ സെമിനാര്‍ നടന്നു.

ഹിരോഷിമ, നാഗസാക്കി ദിനങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് ആഗസ്റ്റ് 7 ന് അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബുദാബി കെ.എസ്.സി.യില്‍ നടന്നു. സെമിനാര്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും, സംസ്ഥാന ബാലവേദി കണ്‍‌വീനറുമായ ശ്രീ. രാജശേഖരന്‍ ഉല്‍ഘാടനം ചെയ്തു.

‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയം രാജീവ് ചേലനാട്ടും, ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയം ടി.പി.ഗംഗാധരനും അവതരിപ്പിച്ചു. അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് ഷെഫീക് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ 35-പേര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വേലായുധന്‍, സുനീര്‍, ധനേഷ്, പ്രദോഷ്, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ശാന്തിഗീതമാലപിക്കുകയും, വൈസ് പ്രസിഡണ്ട് മഹേഷ് നന്ദിയും പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി, വിവിധ പത്രങ്ങളില്‍ വന്ന യുദ്ധഭീകരതയുടെ ദൃശ്യങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.


Thursday, August 6, 2009

യുദ്ധ വിരുദ്ധ സെമിനാര്‍ - അബൂദാബിയില്‍


1945 ആഗസ്റ്റ് ആറിന് അമേരിക്കയുടെ “ലിറ്റില്‍ ബോയ്” എന്ന ഓമനപ്പേരില്‍
അറിയപ്പെടുന്ന ആറ്റം ബോംബ് ഹിരോഷിമയില്‍ 140,000 പേരേയും,
ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയില്‍ “ഷാറ്റ് മാന്‍” 80,000 പേരേയുമാണ്
നിമിഷനേരം കൊണ്ട് ചാരം പോലും അവശേഷിപ്പിക്കാതെ
ഭൂമുഖത്ത് നിന്ന് ആവിയാക്കി കളഞ്ഞത്,
ജന്തു സസ്യ ജാലങ്ങളുടെ കണക്കുകള്‍ പുറമെ...

ഈ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്
ആഗസ്റ്റ് 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്,
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യുദ്ധവിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നു.

യുദ്ധം തുടര്‍കഥയാവുകയും
യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും,
യുദ്ധമുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടിപ്പിടിക്കാന്‍
വെമ്പല്‍കൊള്ളുന്ന സാമ്രാജ്യത്വം വിഭവങ്ങള്‍ കുന്നുകൂട്ടുകയും
അതിനെതിരെ നില്‍ക്കുന്ന
രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക്
വലിച്ചിഴക്കുകയും ചെയ്യുന്നു.

ഇനിയൊരു യുദ്ധം വേണ്ട ...
ഹിരോഷിമകളിനി വേണ്ട ...
നാഗസാക്കികളിനി വേണ്ട ...
പട്ടിണികൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ ...
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ ...
....
....
ഇനിവേണ്ട ഇനിവേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ ...


വിഷയാവതരണം :
1. രാജീവ് ചേലനാട്ട്  (യുദ്ധത്തിന്റെ രാഷ്ട്രീയം)
2. ടി.പി.ഗംഗാധരന്‍ (യുദ്ധവും മാധ്യമങ്ങളും)


സെമിനാറിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു...

അഭിവാദനങ്ങളൊടെ
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി,
അബൂദാബി ചാപ്റ്റര്‍.

പ്രസിഡണ്ട്
ഷഫീക്

കോര്‍ഡിനേറ്റര്‍
കുഞ്ഞൈല്ലത്ത് ലക്ഷ്മണന്‍


ബാലവേദി പ്രവര്‍ത്തക ക്യാമ്പ് - ഷാര്‍ജ.

ജൂലൈ 31-ന് നടന്ന ബാലവേദി പ്രവര്‍ത്തക ക്യാമ്പ്, യു.എ.യി-ലെ പരിഷത്ത്  പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പുത്തനൊരനുഭവമായിരുന്നു.  പ്രവര്‍ത്തകരെ ഇത്രമാത്രം ആവേശഭരിതമാക്കിയ പരിപാടി  ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ചരിത്രത്തിലാദ്യമാണ്.
35 പ്രവര്‍ത്തകരുമായി രാവിലെ 10 മണിക്കാരംഭിച്ച
ക്യാമ്പിന്  സംസ്ഥാന ബാലവേദി  കണ്‍‌വീനറായ രാജശേഖരന്‍ നേതൃത്വം നല്‍കി.
ബാലവേദി പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,  പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്, മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബാലവേദി പ്രവര്‍ത്തനം  നടത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ക്യാമ്പങ്ങളെ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് നജീം.കെ.സുല്‍ത്താന്‍ ലഘുപരീക്ഷണങ്ങളിലൂടെ  വലിയ ശാസ്ത്രതത്വങ്ങള്‍  ലളിതമായി ബോധ്യപ്പെടുത്തിയത് ക്യാമ്പങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്രാഭിരുചി വളര്‍ത്താനുതകുന്നവയുമായിരുന്നു ഈ  പരീക്ഷണങ്ങള്‍.
ഏകാഗ്രതയും ശ്രദ്ധയും അളക്കുവാനുള്ള ചില പ്രയോഗങ്ങളുമായാണ് ഉദയന്‍  കുണ്ടംകുഴിയെത്തിയത്. ചുരുങ്ങിയ ചില നമ്പറുകളിലൂടെ ക്യാമ്പങ്ങള്‍ക്ക് തങ്ങളുടെ  ഏകാഗ്രതയും ശ്രദ്ധയും എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞു. വായ്ത്താരികളും  നാടന്‍ പാട്ടുകളും എല്ലാ ക്യാമ്പങ്ങളും ആവേശത്തോടെ ഏറ്റുപാടി.

ഉച്ചക്ക്  ശേഷം നടന്ന ബാലവേദിയില്‍ 45 കൂട്ടുകാര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും യോഗത്തില്‍, ഡോഃഅബ്ദുള്‍ ഖാദര്‍ യുദ്ധം  വരുത്തിവെക്കുന്ന വിനകളെക്കുറിച്ചും, സമാധാനത്തിലൂന്നിയ ഒരു പുതുലോകത്തിനായി  നാമോരുരുത്തരും പ്രവര്‍ത്തിക്കേണ്ടതിനെ ക്കുറിച്ചും ഒരു ലഘുപ്രഭാഷണം നടത്തി. ജപ്പാനിലെ  ഹിരോഷിമ അണു ബോംബ് വര്‍ഷത്തിലെ രക്തസാക്ഷി സാഡാക്കോ സസാക്കിയുടെ കഥ  രാജശേഖരന്‍ പറഞ്ഞു കൊടുത്തത് കൂട്ടുകാര്‍ സാകൂതം കേട്ടിരിക്കുകയും, തുടര്‍ന്ന്  ശാന്തിഗാനം പാടിയപ്പോള്‍ എല്ലാവരും കൂടെ പാടി ... സമാധാനലോകത്തിനായി  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കയും ചെയ്തുകൊണ്ട് ആവേശകരമായ ബാലവേദി പ്രവര്‍ത്തക  ക്യാമ്പിന് സമാപനമായി.
വേനലവധിക്കാലത്ത് അബുദാബി കെ.എസ്.എസി. സംഘടിപ്പിച്ച കുട്ടികളുടെ ക്യാമ്പില്‍  പങ്കെടുക്കുവാനാണ് രാജശേഖരനും, നജീമും, ഉദയനും യു.എ.ഇ-യില്‍ എത്തിയത്.