Wednesday, August 3, 2016

രോഗാണു സിദ്ധാന്തം തെറ്റാണോ?

രോഗാണു സിദ്ധാന്തം തെറ്റാണോ?


നമുക്ക് ചുറ്റും അപകടകരമായ കീടാണുക്കള്‍ നിറഞ്ഞിരിക്കുകയാണെന്ന പ്രചരണം ശരിയാണോ ? മുതിര്‍ന്നവരെപ്പോലും ആശയക്കുഴപ്പത്തിലാകുന്ന ചോദ്യങ്ങള്‍. ഏറെക്കുറെ അപ്രത്യക്ഷമായിരുന്ന ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, തുടര്‍ന്ന്‍ വാക്സിനേഷന്‍റെ ആവശ്യകതയെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തതാണ് കേരളം കണ്ട സമീപകാലത്തെ ഗൗരവമേറിയ സംഭവങ്ങളിലൊന്ന്. 

രോഗാണുക്കള്‍ എന്നത് അന്താരാഷ്‌ട്ര ഗൂഡാലോചനയാണെന്ന് കരുതുന്ന ഒരുകൂട്ടം ആളുകള്‍ വാക്സിന്‍ വിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ അനേകംപേരുടെ ജീവന്‍ അപകടത്തിലാക്കുന്നു. അതേസമയം നമുക്ക് ചുറ്റും അപകടകാരികളായ കീടാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്നും നമ്മുടെ ശുചിമുറികളും തറയും കുളിക്കാനുള്ള വെള്ളം പോലും അണുനാശിനികള്‍ കൊണ്ട് അണുവിമുക്തമാക്കാതെ ഉപയോഗിക്കരുതെന്നും നിങ്ങളുടെ കൈകള്‍ പ്രത്യേകതരം സോപ്പോ, ഹാന്‍ഡ് വാഷോ ഉപയോഗിക്കാതെ കഴുകരുതെന്നും കച്ചവടം മാത്രം ലക്ഷ്യമാക്കിയ മറ്റൊരു വിഭാഗം പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനു രണ്ടിനുമിടയ്ക്ക് നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായും അതേസമയം കുട്ടികള്‍ക്ക് മനസ്സിലാകും വിധം ലളിതമായും ആവിഷ്കരിക്കുന്നതാണ് യുറീക്കയുടെ സൂക്ഷ്മജീവിപ്പതിപ്പെന്ന പ്രത്യേക പതിപ്പ്.

യുറീക്ക ദ്വൈവവാരികയുടെ ആഗസ്റ്റ് ലക്കമാണ് സൂഷ്മജിവിപ്പതിപ്പായി അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂക്ഷ്മജീവികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സമഗ്രമായി തന്നെ ആവിഷ്കരിക്കുന്നുണ്ട് സൂഷ്മജീവിപ്പതിപ്പില്‍. അതാത് രംഗങ്ങളിലെ വിദഗ്ദ്ധരാണ് ലേഖനങ്ങളും കുറിപ്പുകളും തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയായി ശാസ്ത്രത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് ലോകത്ത് മറ്റെങ്ങും കാണാത്ത ഉദാഹരണമാണ് യുറീക്ക മാസിക. യുറീക്ക എല്ലാ വര്‍ഷവും പുറത്തിറക്കുന്ന പ്രത്യേകപതിപ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഗാഡമായ അറിവ് നല്‍കുന്നു. വാക്സിന്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് സൂക്ഷ്മജീവിപ്പതിപ്പ് ഇറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. “രോഗാണു സിദ്ധാന്തത്തെ സംശയിക്കുന്നവര്‍ പിള്ളേരുടെ ഈ മാസികയെങ്കിലും വാങ്ങി വായിക്കടേ” എന്ന് സോഷ്യല്‍മീഡിയയില്‍ കണ്ട ഒരു കമന്റ് പതിപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. “ഇത്തിരക്കുഞ്ഞന്മാരുടെ പെരും സത്യം” എന്ന ആമുഖപ്പാട്ടിന്റെ തലക്കെട്ടില്‍ ചെറിയ കല്ലുകടിയുണ്ടെങ്കിലും പാട്ടിന്റെ വരികള്‍ ഗംഭീരം തന്നെയാണ്. തീയിലും തണുപ്പിലും തൂണിലും തുരുമ്പിലും കുടികൊള്ളുന്ന സൂഷ്മമ ജീവികളുടെ അത്ഭുത പ്രപഞ്ചം പ്രശസ്ത ശാസ്ത്രസാഹിത്യകാരന്‍ കെ.കെ. കൃഷ്ണകുമാര്‍ കുട്ടികളെ മനോഹരമായി പാടിക്കേള്‍പ്പിക്കുന്നു. കുഞ്ഞുകൂട്ടാളികള്‍ എന്ന ആദ്യലേഖനം പലതരം സൂക്ഷ്മജീവികളെക്കുറിച്ച് ഒരു പ്രാഥമിക ധാരണ നല്‍കുന്നുണ്ട്. തുടര്‍ന്നുള്ള സൂക്ഷ്മജീവി വിശേഷങ്ങള്‍ക്ക് നല്ലൊരു ആമുഖം. നമ്മുടെ ചുറ്റുവട്ടത്തും നമ്മുടെ ശരീരത്തിലും ഒളിഞ്ഞിരിക്കുന്ന ഇത്തിരിക്കുഞ്ഞന്മാരെ കാണണമെങ്കില്‍ മൈക്രോസ്കോപ്പ് കൂടിയേ തീരൂ. മൈക്രോസ്കോപ്പിന്റെ ആദ്യരൂപം നിര്‍മ്മിച്ച ആന്‍റണി വാന്‍ ലീവെന്‍ഹൂക്ക് എന്ന ഡച്ച് ശാസ്ത്രജ്ഞനെക്കുറിച്ചുള്ള ഡോ. കെ. പി. അരവിന്ദന്‍റെ ലേഖനം, കാലത്തിന് മുന്‍പേ നടക്കുന്ന പ്രതിഭകളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്ന്‍ കൂടി പറയുന്നുണ്ട്. അന്ന് വരെ ഭൂതത്തിന്റെയും പിശാചിന്റെയും കളിയായിരുന്ന രോഗങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന്റെ ആദ്യപടി തന്റെ മൈക്രോസ്കോപ്പ് നല്‍കിയ സൂഷ്മദൃഷ്ടികൊണ്ട് ലീവെന്‍ഹൂക്ക് തുറന്നുതന്നു. സൂക്ഷ്മദര്‍ശിനികള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലെന്‍സുകളുടെ പിന്നിലെ ശാസ്ത്രം രസകരമായി പറയുന്നു പാപ്പുട്ടി മാഷുടെ ലേഖനം. ഒപ്പം സൂക്ഷ്മദര്‍ശിനികളുടേയും ദൂരദര്‍ശിനികളുടേയും ചരിത്രവും പ്രതിപാദിക്കുന്നു. കീടാണു പരസ്യങ്ങളുടെ ആധിക്യം കൊണ്ട് മൈക്രോബുകള്‍ എല്ലാം ഭീകരന്മാരാണ് എന്നൊരു പൊതുധാരണ ഉണ്ടായിട്ടുണ്ട്. ഈ തെറ്റിദ്ധാരണ പൊളിച്ചുകളയുകയാണ് മൈക്രോബും നമ്മളും തമ്മില്‍ എന്ന ലേഖനം. അച്ചാറുണ്ടാക്കാനും ഭക്ഷണം ദഹിപ്പിക്കാനും മരുന്നുകള്‍ നിര്‍മ്മിക്കാനും മാലിന്യങ്ങള്‍ തിന്ന് പരിസരം ശുചിയാക്കാനുമെല്ലാം സൂക്ഷ്മജീവികള്‍ വേണമെന്ന് ഇത് വായിച്ചാല്‍ നമുക്ക് മനസ്സിലാകും. ഒപ്പം ഇവയുണ്ടാക്കുന്ന അസുഖങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും ആകെയുള്ളതില്‍ അഞ്ചുശതമാനത്തില്‍ താഴെ സൂക്ഷ്മജീവികള്‍ മാത്രമാണ് അപകടകാരികള്‍ എന്നറിയുമ്പോള്‍ തീര്‍ച്ചയായും ആശ്വാസം തോന്നും.


ത്വക്കിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ള ലേഖനം വിയര്‍പ്പിന്‍റെ രസതന്ത്രവും മനുഷ്യ-സൂക്ഷ്മജീവി സഹജീവനത്തിന്റെ കഥകളും പറയുന്നു. ദഹനത്തെ സഹായിക്കാനായി വയറെന്ന അടുക്കളയില്‍ പാചകസഹായികളായി നില്‍ക്കുന്ന സൂഷ്മ ജീവികളേതൊക്കെയെന്നും ഈ പതിപ്പ് വിശദീകരിക്കുന്നു. നെപ്പോളിയനെ യുദ്ധത്തില്‍ തോല്‍പ്പിച്ച സൂക്ഷ്മജീവികളുടെ രഹസ്യമറിയാന്‍ സി.കെ. അനിതയുടെ ലേഖനം വായിച്ചാല്‍ മതി. ശാസ്ത്രം കഥയിലൂടെ ലളിതമായി ഈ ലേഖനത്തില്‍ ആവിഷ്കരിക്കുന്നു. പയറും ഈന്തും ബാക്ടീരിയകളുമായി ചങ്ങാത്തം കൂടുന്നതെന്തിനെന്ന്‍ സസ്യങ്ങളും സൂക്ഷ്മജീവികളും എന്ന കുറിപ്പില്‍ പറയുന്നു. ‘അതിനു പിന്നില്‍ ഞങ്ങളാ’ എന്ന കുറിപ്പ് ഇത്തിരിക്കുഞ്ഞന്‍മാരുടെ വമ്പത്തത്തെക്കുറിച്ചുള്ള ചിത്രകഥയാണ്. ചെറിയജീവികളുടെ വലിയ ലോകം ചിത്രങ്ങള്‍ സഹിതം സൂക്ഷ്മജീവി രഹസ്യങ്ങള്‍ പങ്കുവെക്കുന്നു. അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞന്മാര്‍ സ്വയം ഗിനിപ്പന്നികളായി, അള്‍സര്‍ ചികിത്സയിലുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചുള്ള ലേഖനവും കൂട്ടത്തിലുണ്ട്. രോഗവും രോഗപ്രതിരോധവും ചികിത്സയുടെ ചരിത്രത്തിലെ നാള്‍വഴികള്‍ ഓര്‍മ്മിപ്പിക്കുന്നു. 

അടുക്കളയിലെയും മണ്ണിലേയും കടലിലെയും സൂക്ഷ്മജീവികളുടെ രഹസ്യങ്ങളും പ്രത്യേകപതിപ്പിലുണ്ട്. Eureka-Fortnightlyഒരു കാലിഡോസ്കോപ്പുപോലെ മനോഹരമായ വര്‍ണ്ണങ്ങളില്‍ ചാലിച്ച സൂഷ്മജീവിപ്പതിപ്പിനെ ജീവത്താക്കുന്നത് അവയിലെ ചിത്രങ്ങളും വര്‍ണ്ണവിന്യാസവും തന്നെയാണ്. വായിക്കാതെ മറിച്ചു നോക്കുന്നവര്‍ക്ക് പോലും ശത്രുക്കളും മിത്രങ്ങളുമായ സൂഷ്മജീവികളെ പരിചയപ്പെടുത്തുന്നു ഈ വരകള്‍. വെങ്കിയും സതീഷും രാജീവ് എന്‍.ടി യും സചീന്ദ്രന്‍ കാറഡുക്കയുമാണ് ഈ പതിപ്പില്‍ സൂഷ്മലോകത്തെ വരച്ചുകാട്ടിയിരിക്കുന്നത്. പ്രത്യേക പതിപ്പിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ച ഷിനോജ് രാജും അതിനെ ഇവ്വിധം സംവിധാനം ചെയ്ത എഡിറ്റര്‍ സി.എം. മുരളീധരനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പാഠപുസ്തകങ്ങള്‍ മനപാഠമാക്കലല്ല, പുറത്തെ ലോകത്തേക്ക് കണ്ണും കാതും തുറക്കലാണ് വേണ്ടത്. അറിവുകള്‍ ശേഖരിച്ച് വെക്കലിനപ്പുറം അത് സമൂഹത്തിന് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടതും. ഒരിക്കലെങ്കിലും യുറീക്ക വായിച്ചവര്‍ക്ക് ഈ രഹസ്യം മനസ്സിലാകാതെ പോകുകയുമില്ല. യുറീക്ക ആദ്യം കാണുന്ന കുട്ടിക്ക് ഇത് കഥപ്പുസ്തകമല്ല എന്ന തോന്നലുണ്ടാക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ആ ഫീലിംഗ് തുടരണോ എന്ന് ചിന്തിക്കേണ്ടത് പത്രാധിപ സമിതിയാണ്. പക്ഷേ, സൂഷ്മജീവിപ്പതിപ്പില്‍ നിറയെ കഥകളാണ്. യഥാര്‍ത്ഥ ലോകത്തെക്കുറിച്ചുള്ള മനോഹരമായ കഥകള്‍. കൊച്ചു കുട്ടികള്‍ക്കാണെങ്കില്‍ അവ പരിചയപ്പെടുത്തിക്കൊടുക്കാന്‍, കഥപുസ്തകങ്ങള്‍ മാത്രമല്ല ഇത്തരം പുസ്തകങ്ങളും നിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഒരു താല്പര്യം മുതിര്‍ന്നവരും കാണിക്കണമെന്ന് മാത്രം. 

സൂഷ്മജീവിപ്പതിപ്പിലൂടെ കടന്നുപോകുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ആരും ആഗ്രഹിക്കുന്ന ഒന്നായിരിക്കും കേരളത്തിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും യുറീക്കയെ പരിചയപ്പെടുത്താനാകണമേ എന്നത്. മുഴുവന്‍ കുട്ടികള്‍ക്കുമായില്ലെങ്കിലും മുഴുവന്‍ ക്ലാസ്സുകളിലേക്കുമെങ്കിലും യുറീക്ക എത്തിക്കാനുള്ള പദ്ധതി പത്രാധിപ സമിതി തയ്യാറാക്കുന്നതായാണ് വിവരം. അതിനോട് സഹകരിക്കാനും സൂഷ്മജീവിപ്പതിപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും യുറീക്ക മാനേജിംഗ് എഡിറ്ററെ തന്നെ 9400583200 എന്ന നമ്പരില്‍ നിങ്ങള്‍ക്ക് വിളിക്കാം