Sunday, August 31, 2008

മനുഷ്യന്റെ ആര്‍ത്തിയേറിയ വികാരം ലോകജനതയെ തകര്‍ക്കും -ഡോ: എം.പി. പരമേശ്വരന്‍

കാലടി: ആര്‍ത്തിയേറിയ മനുഷ്യന്റെ വികാരം, സമീപഭാവിയില്‍ ലോകജനതയെ തകര്‍ക്കാന്‍ കാരണമാകുമെന്ന്‌ ഡോ: എം.പി. പരമേശ്വരന്‍ പറഞ്ഞു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജനകീയ കലാസംഗമ സെമിനാര്‍ നീലീശ്വരം എസ്‌.എന്‍.ഡി.പി. സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ: ജോസ്‌ തെറ്റയില്‍ എം.എല്‍.എ. സംഗമം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കലാജാഥ ചെയര്‍മാന്‍ കാവുമ്പായി ബാലകൃഷ്‌ണന്‍, കവി മുല്ലനേഴി, കൊടക്കാട്‌ ശ്രീധരന്‍, വി.വി. ശ്രീനിവാസന്‍, എം.എം. സജീന്ദ്രന്‍, വി.കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

സംഗമം ഞായറാഴ്‌ച സമാപിക്കും. വൈകീട്ട്‌ 3ന്‌ നടക്കുന്ന സമാപന സമ്മേളനം മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സേവ്യര്‍ വടക്കുഞ്ചേരി ഉദ്‌ഘാടനം ചെയ്യും. 1977 മുതല്‍ 2007 വരെ കലാജാഥകളുടെ അവതരണത്തില്‍ പങ്കാളികളായ കലാകാരന്മാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

ഗ്രേഡിങ്‌: പരിഷത്ത്‌ സംവാദം ഇന്ന്‌

കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളേജ്‌തലത്തില്‍ ഗ്രേഡിങ്‌ സമ്പ്രദായത്തെപ്പറ്റി ഞായറാഴ്‌ച സംവാദം നടത്തും. രണ്ട്‌ മണിക്ക്‌ പരിഷത്ത്‌ ഭവനില്‍ നടക്കുന്ന സംവാദത്തില്‍ ഡോ. കെ.എന്‍.ഗണേഷ്‌, ഡോ. എം.പി.കണ്ണന്‍, ഡോ. എ.പി.കുട്ടികൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൊന്നോണക്കൂട്ടങ്ങളുടെ പരിശീലനം ഇന്ന്‌

മലപ്പുറം: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഓണക്കാലത്ത്‌ സംഘടിപ്പിക്കുന്ന പൊന്നോണക്കൂട്ടങ്ങളുടെ പരിശീലനം ഞായറാഴ്‌ച രാവിലെ 10 മുതല്‍ മലപ്പുറം ബസ്‌സ്റ്റാന്‍ഡിന്‌ സമീപമുള്ള പരിഷത്ത്‌ ഭവനില്‍ നടക്കും. കുരുത്തോലകള്‍ ഉപയോഗിച്ച്‌ വിവിധ അലങ്കാര വസ്‌തുക്കള്‍ നിര്‍മിക്കുന്ന കുരുത്തോലക്കളരിക്ക്‌ പി.വി. ഗോവിന്ദനുണ്ണി നേതൃത്വംനല്‌കും. ഒറിഗാമി, പസിലുകള്‍ എന്നിവയ്‌ക്ക്‌ ശ്രീധരനും നേതൃത്വംനല്‍കും. പൊന്നോണക്കൂട്ടങ്ങളുടെ പ്രവര്‍ത്തന മൊഡ്യൂളുകള്‍ ബാലവേദി ജില്ലാ കണ്‍വീനര്‍ പി. വിനയന്‍ അവതരിപ്പിച്ചു. പരിശീലന താത്‌പര്യമുള്ള ബാലവേദി പ്രവര്‍ത്തകരും അധ്യാപകരും രാവിലെ 10ന്‌ മുമ്പായി പരിഷത്ത്‌ ഭവനില്‍ എത്തിച്ചേരണമെന്ന്‌ ജില്ലാ സെക്രട്ടറി പി. രമേശ്‌കുമാര്‍ അറിയിച്ചു. ഫോണ്‍: 9447974767.

പരിഷത്ത്‌ സാംസ്‌കാരികോത്സവം 14 കേന്ദ്രങ്ങളില്‍

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ശാസ്‌ത്ര-സാംസ്‌കാരികോത്സവം നടത്തും. സാംസ്‌കാരികസംഘടനകളുടെ സഹായത്തോടെയാണിത്‌. ജില്ലാതല ഉദ്‌ഘാടനം ചക്കരക്കല്ലില്‍ സപ്‌തംബര്‍ ആദ്യവാരം നടക്കും. ഗ്രാമോത്സവം, ബോധവത്‌കരണക്ലാസുകള്‍, ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്ററി നിര്‍മാണം, കലാജാഥ എന്നിവയുണ്ടാകും.

ആണവക്കരാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും: ഡോ. പി. മുഹമ്മദ്‌ഷാഫി

മലപ്പുറം: ഇന്ധനവും ഉപകരണങ്ങളും ഇറക്കുമതിചെയ്‌ത്‌ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ ലാഭം കൊയ്യാനും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനുമേ ആണവക്കരാര്‍ ഉപകരിക്കൂവെന്ന്‌ കോഴിക്കോട്‌ സര്‍വകലാശാല രസതന്ത്രവിഭാഗം മേധാവി ഡോ. പി.മുഹമ്മദ്‌ ഷാഫി പറഞ്ഞു. 'ആണവക്കരാര്‍ നാടിനാപത്ത്‌' എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആരംഭിച്ച വാഹനപ്രചാരണജാഥ മലപ്പുറത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Saturday, August 30, 2008

മരങ്ങള്‍ സംരക്ഷിക്കാന്‍

കൊല്ലം:ആശ്രാമം മുതല്‍ കടപ്പാക്കട വരെയുള്ള മരങ്ങള്‍ സംരക്ഷിച്ച്‌ നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ സായാഹ്നധര്‍ണ നടത്തി. വികസിതരാഷ്ട്രങ്ങള്‍പോലും നഗരങ്ങളിലെ പച്ചപ്പുകള്‍ പരമാവധി സംരക്ഷിച്ചുകൊണ്ടാണ്‌ നഗരവികസനം നടത്തുന്നതെന്നും കൊല്ലം കോര്‍പ്പറേഷനും അത്തരം സമീപനം സ്വീകരിക്കണമെന്നും ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത അന്താരാഷ്ട്രാ പരിസ്ഥിതിസംരക്ഷണസമിതി പ്രതിനിധി ഡോ. എസ്‌.ഫൈസി അഭിപ്രായപ്പെട്ടു.

പരിഷത്ത്‌ ജില്ലാ സെക്രട്ടറി മടന്തകോട്‌ രാധാകൃഷ്‌ണന്‍, കേന്ദ്ര നിര്‍വാഹകസമിതിയംഗം ജി.രാജശേഖരന്‍, പരിസര സബ്‌കമ്മിറ്റി ചെയര്‍മാന്‍ ഡോ. ക.കെ.അപ്പുക്കുട്ടന്‍, പ്രൊഫ.എന്‍.രവി എന്നിവര്‍ സംസാരിച്ചു. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ പി.എസ്‌. സാനു അധ്യക്ഷത വഹിച്ചു. പരിസര സബ്‌ കമ്മിറ്റി കണ്‍വീനര്‍ ഡോ. എഫ്‌.ജോര്‍ജ്ജ്‌ ഡിക്രൂസ്‌ സ്വാഗതവും വികസന സബ്‌കമ്മിറ്റി കണ്‍വീനര്‍ വി.കെ.മധുസൂദനന്‍ നന്ദിയും പറഞ്ഞു. ധര്‍ണയ്‌ക്കുമുമ്പ്‌ പരിഷത്ത്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിനും ധര്‍ണയ്‌ക്കും എസ്‌.രാജശേഖരവാര്യര്‍, വി.ജോണ്‍, ഉണ്ണിക്കൃഷ്‌ണന്‍, ജി.രാജു, വി.ചന്ദ്രശേഖരന്‍, ലില്ലി കര്‍ത്ത എന്നിവര്‍ നേതൃത്വം നല്‍കി.

Friday, August 29, 2008

ശാസ്‌ത്രസാംസ്‌കാരികോത്സവം

തൃശ്ശൂര്‍-തിരുവില്വാമല:കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ശാസ്‌ത്രസാംസ്‌കാരികോത്സവം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ തിരുവില്വാമലയില്‍ നടത്താന്‍ തീരുമാനിച്ചതായി ചേലക്കര മേഖലാ സെക്രട്ടറി എം.ആര്‍.ഗോപി അറിയിച്ചു.

പരിഷത്ത്‌ സംവാദം 31ന്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി 'ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍' എന്ന വിഷയത്തില്‍ 31ന്‌ സംവാദം നടത്തും. ഉച്ചയ്‌ക്ക്‌ 2.30ന്‌ പരിഷത്ത്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.പി.കണ്ണന്‍, ഡോ. എ.പി.കുട്ടികൃഷ്‌ണന്‍, ഡോ. കെ.എന്‍.ഗണേഷ്‌ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

പരിഷത്ത്‌ വാഹനജാഥയ്‌ക്ക്‌ സ്വീകരണം

മലപ്പുറം-എടപ്പാള്‍: 'ആണവക്കരാര്‍ നാടിനാപത്ത്‌' എന്ന മുദ്രാവാക്യവുമായി മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുന്ന പരിഷത്ത്‌ വാഹനജാഥയ്‌ക്ക്‌ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കാന്‍ പൊന്നാനി മേഖലാകമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്‌ച 9.30 പൊന്നാനി, 11.00 മാറഞ്ചേരി, 12.30 എടപ്പാള്‍ എന്നിങ്ങനെയാണ്‌ സ്വീകരണം. പാനല്‍ പ്രദര്‍ശനം, പുസ്‌തക പ്രചാരണം എന്നിവയും നടക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ കെ.വിജയന്‍ അറിയിച്ചു.

Thursday, August 28, 2008

ആണവക്കരാര്‍ നടപ്പാക്കുന്നത്‌ തെറ്റ്‌ -എം.പി. പരമേശ്വരന്‍

വടകര: ആണവ റിയാക്ടര്‍ സ്ഥാപിച്ച്‌ വൈദ്യുതി ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ ഊര്‍ജക്കമ്മി ഉയര്‍ത്തിക്കാട്ടി ആണവക്കരാറിലേര്‍പ്പെടാനുള്ള അത്യുത്സാഹം ദുരുപദിഷ്ടമാണെന്ന്‌ ആണവ ശാസ്‌ത്രജ്ഞന്‍ ഡോ. എം.പി. പരമേശ്വരന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതുവര്‍ഷം ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ച്‌ ചെയര്‍മാന്‍സ്ഥാനം പോലും ഉപേക്ഷിച്ച്‌ കേരളത്തില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്‌ ആണവോര്‍ജത്തിന്‌ ഇനി ഭാവിയില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍പ്പോലും 30 വര്‍ഷമായി പുതിയ ആണവ റിയാക്ടര്‍ സ്ഥാപിക്കാതിരിക്കുന്നതും അവര്‍ സൂര്യരശ്‌മിയില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുമൊക്കെയാണ്‌ ഇന്ത്യ മാതൃകയാക്കേണ്ടത്‌.

മണലില്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. കൊടക്കാട്‌ ശ്രീധരന്‍ സംസാരിച്ചു. പി. ബാലന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

മാനസികസംഘര്‍ഷം-അതിജീവനം എങ്ങനെ

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി അധ്യാപകര്‍ക്കായി 30ന്‌ 10 മണിക്ക്‌ മാടായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശീലന പരിപാടി നടത്തുന്നു. 'വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം-അതിജീവനം എങ്ങനെ' എന്ന വിഷയത്തിലാണ്‌ പരിശീലനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫ. ഡോ. മോഹന്റോയി നേതൃത്വംനല്‍കും.

Wednesday, August 27, 2008

ആണവക്കരാറിനെതിരെ പരിഷത്തിന്റെ വാഹനജാഥകള്‍

മലപ്പുറം:ആണവക്കരാറിന്റെ ദൂഷ്യവശങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ജില്ലയില്‍ വാഹനജാഥകള്‍ സംഘടിപ്പിക്കുന്നു. രണ്ട്‌ ജാഥകളാണ്‌ ജില്ലയില്‍ പര്യടനം നടത്തുകയെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റ്‌ കെ. വിജയനാണ്‌ ഒരുജാഥയുടെ ക്യാപ്‌റ്റന്‍. ജില്ലാ സെക്രട്ടറി പി. രമേഷ്‌കുമാര്‍ രണ്ടാമത്തെ ജാഥ നയിക്കും. 28ന്‌ വൈകീട്ട്‌ നാലുമണിക്ക്‌ മലപ്പുറം കെ.എസ്‌.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത്‌ രണ്ടുജാഥകളും ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ഡോ. ബി. ഇക്‌ബാല്‍ മുഖ്യപ്രഭാഷണം നടത്തും.

29, 30 തീയതികളില്‍ ജാഥ പര്യടനം പൂര്‍ത്തിയാക്കും. 29നാണ്‌ ജാഥകള്‍ പുറപ്പെടുക. ഒന്നാം ജാഥ പറപ്പൂര്‍ പാറയില്‍ തുടങ്ങി 30ന്‌ പാണ്ടിക്കാട്‌ സമാപിക്കും. രണ്ടാം ജാഥ എടവണ്ണപ്പാറയില്‍ തുടങ്ങി അങ്ങാടിപ്പുറത്ത്‌ സമാപിക്കും.

ആണവക്കരാര്‍ ഇന്ത്യയുടെ ഭാവി ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്‌തമല്ലെന്ന്‌ പരിഷത്ത്‌ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദ്ദനന്‍ പറഞ്ഞു. ആണവോര്‍ജം സുരക്ഷിതമാണെന്ന വാദം ശാസ്‌ത്ര വിരുദ്ധമാണ്‌. ഈ കാര്യങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാനാണ്‌ ജാഥകള്‍ സംഘടിപ്പിക്കുന്നത്‌.

ജില്ലാ പ്രസിഡന്റ്‌ കെ.വിജയന്‍, എ. ശ്രീധരന്‍, ടി.കെ. വിമല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Monday, August 25, 2008

സ്‌കൂള്‍തല വിജ്ഞാനോത്സവം 27ന്‌

മലപ്പുറം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന സ്‌കൂള്‍തല വിജ്ഞാനോത്സവം 27ന്‌ പകല്‍ രണ്ടുമുതല്‍ നടക്കും. അന്താരാഷ്ട്ര ഭൗമ വര്‍ഷാചരണത്തിന്റെ ഭാഗമായി ഇത്തവണ ഭൗമോത്സവമായാണ്‌ പരിപാടി നടത്തുക. ഭൂമി, കാലാവസ്ഥ, പരസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്‌ സ്‌കൂള്‍ തലത്തിലുണ്ടാകുക. എല്‍.പി. വിഭാഗത്തില്‍നിന്ന്‌ മൂന്ന്‌ കുട്ടികളും യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍നിന്ന്‌ 10 കുട്ടികളും അടുത്ത തലത്തിലേക്ക്‌ ഓരോ വിദ്യാലയത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെടും.

വിജ്ഞനോത്സവത്തിന്റെ ജില്ലാപരിശീലനം പൂര്‍ത്തിയായി. പാഠപുസ്‌തകസമിതി അംഗം വി. രാമന്‍കുട്ടി വിഷയമവതരിപ്പിച്ചു. പി. വാമനന്‍, കെ.പി. മനോജ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്‌ത്‌ 25-ഓടുകൂടി സബ്‌ജില്ലാതല പരിശീലനങ്ങള്‍ പൂര്‍ത്തിയാകും. ഇതില്‍ വെച്ച്‌ സ്‌കൂളുകള്‍ക്കുള്ള മൊഡ്യൂളുകള്‍ വിതരണം ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.

വണ്ടൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം സ്‌കൂള്‍തലം 27ന്‌ നടക്കും. സബ്‌ജില്ലാതല പരിശീലനം 25ന്‌ 10 മണിമുതല്‍ പോരൂര്‍ പഞ്ചായത്ത്‌ ഹാളില്‍ നടക്കും. ഒരു വിദ്യാലയത്തില്‍നിന്ന്‌ എച്ച്‌.എസ്‌, യു.പി, എല്‍.പി വിഭാഗങ്ങളില്‍നിന്നായി ഓരോ അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കണം.

Sunday, August 24, 2008

വിദ്യാഭ്യാസജാഥ

ആലപ്പുഴ-ചെട്ടികുളങ്ങര:കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിനോടനുബന്ധിച്ചുള്ള വിദ്യാഭ്യാസജാഥ മാവേലിക്കരയില്‍ ഞായറാഴ്‌ച നടക്കും. രാവിലെ 9.30ന്‌ ചെട്ടികുളങ്ങര ക്ഷേത്രജംഗ്‌ഷന്‍, 11ന്‌ തട്ടാരമ്പലം, 11.45ന്‌ മാവേലിക്കര, ഒന്നിന്‌ മാങ്കാംകുഴി എന്നിവിടങ്ങളില്‍ പര്യടനം നടക്കും.

Friday, August 22, 2008

യുറീക്കാ വിജ്ഞാനോത്സവം

മലപ്പുറം-നിലമ്പൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിക്കുന്ന യുറീക്കാ വിജ്ഞാനോത്സവത്തിന്റെ സ്‌കൂള്‍തല മത്സരം ആഗസ്‌ത്‌ 27ന്‌ നടക്കും. ഇതിന്റെ മുന്നോടിയായുള്ള അധ്യാപക പരിശീലനവും ചോദ്യപേപ്പര്‍ വിതരണവും 22ന്‌ നിലമ്പൂര്‍ ബി.ആര്‍.സിയില്‍ നടക്കും. ഉപജില്ലയിലെ എല്‍.പി, യു.പി. ഹൈസ്‌കൂളുകളില്‍ നിന്നുള്ള ഓരോ അധ്യാപകര്‍ വീതം പങ്കെടുക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എടപ്പാള്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌നടത്തുന്ന യുറീക്ക - ശാസ്‌ത്രകേരളം വിജ്ഞാനോത്സവം അന്താരാഷ്ട്ര ഭൗമവര്‍ഷമായി ആചരിക്കുന്നു. ഈ വര്‍ഷം ഭൗമോത്സവമായി നടത്തുന്നു.

ഇതിന്റെ ഭാഗമായുള്ള സ്‌കൂള്‍തല വിജ്ഞനോത്സവം 27ന്‌ നടക്കും. നടത്തിപ്പിനായി അധ്യാപകര്‍ക്കുള്ള പരിശീലനം 22ന്‌ 2ന്‌ എടപ്പാള്‍ ബി.ആര്‍.സിയില്‍ നടക്കും. ഒരു വിദ്യാലയത്തില്‍ നിന്നും ഒരധ്യാപന്‍ പങ്കെടുക്കണം.

Wednesday, August 20, 2008

ജനകീയ കലാസംഗമം

അങ്കമാലി മേഖല, നീലീശ്വരം യൂണിറ്റ്.
ജനകീയ കലാസംഗമം
(സംസ്ഥാന തലം)
ആഗസ്റ്റ് 30,31 ശനി ഞായര്‍ തീയ്യതികളില്‍

നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂളില്‍ വച്ച് നടക്കുന്നു.

പിന്നിട്ട കാല്‍ നൂറ്റാണ്ടുകളായി ശാസ്ത്രസാംസ്കാരിക കലാ ജാഥകള്‍ വഴി ജനങ്ങളെ ബോധ വത്ക്കരിക്കുവാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്തു വരുന്ന ബോധന രീതിയാണ് ജനകീയ കലാജാഥകള്‍.

തെരുവു നാടകങ്ങള്‍, സംഗീത ശില്‍പ്പങ്ങള്‍, വില്ലടിച്ചാന്‍ പാട്ട്, കാവ്യരംഗാവിഷ്കാരം എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളിലായി ഇക്കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി പരിഷത്ത് ജനകീയ കലാജാഥകള്‍ വഴി ഗ്രാമ-നഗരവാസികളെ ആശയസംവാദത്തിന് പ്രേരിപ്പിക്കുകയുണ്ടായി. ഇതിനെ ഒരു മാറ്റം വരുത്തുന്നതിനു വേണ്ടിയാണ് നീലീശ്വരത്ത് നടക്കുന്ന കലാസംഗമം. പരിഷത്ത് പ്രവര്‍ത്തകര്‍, മറ്റ് പുരോഗമന-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഈ ക്യാമ്പില്‍ ഒത്തു ചേരുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍റെ സമരാരംഭകരില്‍ പ്രമുഖനായ ഡോ.എം.പി. പരമേശ്വരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതാണ്. കാവുമ്പായി ബാലകൃഷ്ണന്‍, സംസ്കാരകേരളം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

പരിഷത്ത് സംസ്ഥാന ക്യാമ്പിന് കലാജാഥ കണ്‍വീനര്‍ ശ്രീ. കൊടക്കാട് ശ്രീധരന്‍ നേതൃത്വം നല്‍കുന്നു. പരിഷത്ത് ഭാരവാഹികളായ സര്‍വ്വശ്രീ കെ.കെ കൃഷ്ണകുമാര്‍, എന്‍. യു മാത്യു, എസ്.എസ് മധു എന്നിവര്‍ ക്യാമ്പിന്‍റെ സംഘാടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നു. ഇരുന്നൂറ് ജനകീയ കലാജാഥാ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. അങ്കമാലി എം.എല്‍.എ ജോസ് തെറ്റയില്‍ ചെയര്‍മാനായും വി.കെ ഷാജി ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.

'ഭൂമിക്ക്‌ പരിക്കേല്‍ക്കുമ്പോള്‍'

കണ്ണൂര്‍:ഭൗമവര്‍ഷാചരണത്തിന്റെ ഭാഗമായി ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി 'ഭൂമിക്ക്‌ പരിക്കേല്‍ക്കുമ്പോള്‍' എന്ന വിഷയത്തില്‍ നടത്തുന്ന പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠനഗ്രൂപ്പുകള്‍ക്കായി പ്രോജക്ട്‌ ശില്‌പശാല നടത്തും.

24ന്‌ 10 മണിക്ക്‌ കണ്ണൂര്‍ പരിഷദ്‌ഭവനിലാണ്‌ പരിപാടി. പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0497 2700424, 9447007325, 9446533830

Friday, August 15, 2008

സാംസ്‌കാരികോത്സവവുമായി പരിഷത്ത്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സാംസ്‌കാരികോത്സവം സംഘടിപ്പിക്കും.

ആഗോള വത്‌കരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശാസ്‌ത്രബോധം വളര്‍ത്താനും പ്രാദേശികകൂട്ടായ്‌മ വളര്‍ത്തിയെടുക്കാനുമാണിത്‌. നവംബറില്‍ നടക്കുന്ന പരിപാടിക്ക്‌ മുന്നോടിയായി ജില്ലയില്‍ കൂടാളിമേഖല കേന്ദ്രീകരിച്ച്‌ പൈലറ്റ്‌പരിപാടി നടത്തും. കൂടാളി, അഞ്ചരക്കണ്ടി, എളയാവൂര്‍, പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണിത്‌. വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ പരിപാടികള്‍ നടക്കുക. ശാസ്‌ത്രക്ലാസുകള്‍, ബോധവത്‌കരണ പരിപാടി, ഫിലിം ഷോ, പ്രാദേശിക പഠനം, ഡോക്യുമെന്ററി നിര്‍മാണം. കലാജാഥകള്‍, യുവസംഗമം, ഗ്രാമോത്സവം തുടങ്ങിയവയുണ്ടാകും.

Thursday, August 14, 2008

സംവാദം

ശ്രീകണുപുരം: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ശ്രീകണുപുരം മേഖലാ കമ്മിറ്റി 'ആണവക്കരാറും ഊര്‍ജ്ജ പ്രതിസന്ധിയും' എന്ന വിഷയത്തില്‍ സംവാദം നടത്തി. ടി.വി.നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.ഹരിദാസന്‍ അധ്യക്ഷനായി. സോമസുന്ദരന്‍, കെ.സി.ബാലകൃഷ്‌ണന്‍, ടി.ഷിജു, പി.രഘൂത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, August 13, 2008

ആണവക്കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

തേഞ്ഞിപ്പലം: കേരള ശാസ്‌ത്രപരിഷത്ത്‌ പെരുവള്ളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ആണവക്കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാക്ലാസ്‌ സംഘടിപ്പിച്ചു. കെ. ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. കെ. ശശികുമാര്‍, സി.സി. നിഷാദ്‌, കെ. ജോഷി, ടി. കൃഷ്‌ണന്‍, എ.പി. അബ്ദുള്‍സമദ്‌, ഷൈജു തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, August 10, 2008

വരുന്നു ഭൗമോത്സവങ്ങള്‍


മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന 'വിജ്ഞാനോത്സവം 2008' ഭൗമോത്സവമായി ആഘോഷിക്കും.

സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആഗസ്‌ത്‌ 24നാണ്‌. അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയുടെ ആഹ്വാനപ്രകാരം ഈ വര്‍ഷം ഭൗമവര്‍ഷമായി ആചരിക്കുന്നതിനാലാണ്‌ വിജ്ഞാനോത്സവം ഭൗമോത്സവമാക്കിയത്‌. സ്‌കൂള്‍തലത്തില്‍ മുന്നൊരുക്കം എന്ന നിലയില്‍ മുന്‍കൂട്ടി ചെയ്‌തുവരേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന പോസ്റ്ററുകള്‍ വിദ്യാലയങ്ങളില്‍ എത്തിക്കും. എല്‍.പി.തലത്തില്‍ കാലവര്‍ഷത്തെക്കുറിച്ചും യു.പി, ഹൈസ്‌കൂള്‍തലങ്ങളില്‍ ഭൂമിയുടെ മാതൃകകള്‍ നിര്‍മിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ്‌ മുന്‍കൂട്ടി ചെയ്യേണ്ടത്‌. ഇതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങള്‍ 22ന്‌ ഉപജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.

സ്‌കൂളിനകത്തും പുറത്തും നടക്കുന്ന ജ്ഞാനനിര്‍മിതികള്‍ ശാസ്‌ത്രീയമാക്കുകയും കുട്ടികള്‍ക്ക്‌ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹായം ലഭ്യമാക്കുകയും ചെയ്യുന്ന മാതൃകയിലാണ്‌ ഭൗമോത്സവം നടത്തുക. പഞ്ചായത്തുതല ഭൗമോത്സവം നവംബര്‍ എട്ട്‌, ഒമ്പത്‌ തീയതികളിലായിരിക്കും.

Saturday, August 9, 2008

യൂറിക്ക മാസിക പ്രചാരണ ഉദ്‌ഘാടനം

കോഴിക്കോട്-പാലാഴി: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഒളവണ്ണ പഞ്ചായത്ത്‌തല യൂറിക്ക മാസിക പ്രചാരണ ഉദ്‌ഘാടനം പാലാഴിയില്‍ പി.അജിത്ത്‌ എന്ന വിദ്യാര്‍ഥിയെ വരിസംഖ്യ ചേര്‍ത്തിക്കൊണ്ട്‌ പ്രൊഫ. ഡി.കെ. ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത്‌ കണ്‍വീനര്‍ യു. അഖിലേഷ്‌, സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിക്ക്‌ യൂണിറ്റ്‌സെക്രട്ടറി ടി. പ്രകാശന്‍ പ്രസിഡന്റ്‌ കെ.ടി. സുരേശന്‍, അരുണ്‍ പി. എന്നിവര്‍ നേതൃത്വം നല്‍കി.

Friday, August 8, 2008

ബഹിരാകാശ ക്വിസ്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മേഖലാ കമ്മിറ്റി 'ബഹിരാകാശക്വിസ്‌' നടത്തും. യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ്‌ മത്സരം. പാപ്പിനിശ്ശേരി ഉപജില്ലാ, കണ്ണൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ ഓരോ സ്‌കൂളില്‍നിന്ന്‌ രണ്ട്‌വീതം യു.പി. വിദ്യാര്‍ഥികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം. ഒമ്പതിന്‌ 9.30 മുതല്‍ കണ്ണൂര്‍ പരിഷത്ത്‌ഭവനിലാണ്‌ പരിപാടി. വിവരങ്ങള്‍ക്ക്‌ 9995324733, 2700424 നമ്പറുകളില്‍ ബന്ധപ്പെടാം.

Thursday, August 7, 2008

ആണവക്കരാറില്‍ ചൈനയുടെ താത്‌പര്യവും -ഡോ. ആര്‍.വി.ജി.മേനോന്‍

കണ്ണൂര്‍: ആണവക്കരാറില്‍ ഇന്ത്യ ഒപ്പിടുന്നതിനെ എതിര്‍ക്കുന്നവര്‍ ചൈനയെ അനുകൂലിക്കുന്നവരാണെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ ഡോ. ആര്‍.വി.ജി.മേനോന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്‌ത്രമാസം ക്ലാസുകള്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കരാറില്‍ ഒപ്പിടുക വഴി ആണവായുധ വികസനത്തെ പരിമിതപ്പെടുത്താം. ചൈനയുടെ താത്‌പര്യം ഇതാണ്‌. ഇന്ത്യ ചൈനയ്‌ക്ക്‌ ആണവ ബദല്‍ ആവില്ലെന്ന്‌ കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്‌.

ചൈന ആഗ്രഹിക്കുന്നതും ഇതുതന്നെ. ആണവക്കരാറില്‍ ചൈന ഒപ്പിട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ നിബന്ധനകളൊന്നുമില്ല. ആത്മാഭിമാനമുള്ള രാജ്യത്തിന്‌ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്‌ ഇക്കാര്യം. 123 കരാറില്‍ മാത്രമാണ്‌ ഒപ്പിടുന്നതെന്നാണ്‌ നമ്മുടെ ഭരണാധികാരികള്‍ പറയുന്നത്‌. ഹൈഡ്‌ ആക്ട്‌ ബാധകമല്ലെന്ന്‌ ഇവര്‍ പറയുന്നു. 123 കരാറിന്‌ നിയമസാധുതയുള്ളത്‌ ഹൈഡ്‌ ആക്ട്‌ ഉള്ളതുകൊണ്ട്‌ മാത്രമാണ്‌-അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍ സ്വാഗതവും എം.പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

Wednesday, August 6, 2008

പരിഷത്ത്‌ പരിസ്ഥിതിപഠന പരിപാടി നടത്തും

കണ്ണൂര്‍: ഭൗമവര്‍ഷാചരണത്തിന്റെ ഭാഗമായി പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക പരിസ്ഥിതിപഠന പരിപാടി സംഘടിപ്പിക്കും. ഭൂമിക്ക്‌ പരിക്കേ'ുമ്പോള്‍ എന്നതാണ്‌ പഠന വിഷയം. പരമാവധി 5 പേരടങ്ങുന്ന ഗ്രൂപ്പായാണ്‌ പഠനം നടത്തേണ്ടത്‌. പങ്കെടുക്കുന്നവര്‍ 10നകം കണ്ണൂര്‍ പരിഷത്ത്‌ഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700424. പഠനഗ്രൂപ്പുകള്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ക്ക്‌ ഡോ.ഖലീല്‍ ചൊവ്വ(9447300189), പ്രൊഫ.എം.ഭാസ്‌കരന്‍(0497 2867500), ടി.വി.നാരായണന്‍(9447007325), എ.രാഘവന്‍(9446533830) എന്നിവരെ ബന്ധപ്പെടാം.

Tuesday, August 5, 2008

ആര്‍.വി.ജി.മേനോന്റെ ക്ലാസ്‌ ആറിന്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ശാസ്‌ത്ര മാസം ക്ലാസുകളുടെ ഉദ്‌ഘാടനവും പ്രഭാഷണവും ആറിന്‌ നടക്കും. വൈകിട്ട്‌ നാലിന്‌ കണ്ണൂര്‍ ടി.കെ.ബാലന്‍ സ്‌മാരക ഹാളില്‍ ഡോ.ആര്‍.വി.ജി.മേനോന്‍ ഉദ്‌ഘാടനംചെയ്യും.

Monday, August 4, 2008

കത്തിയമര്‍ന്ന റ്റോമോ, കൂടെ സമൂഹമനസാക്ഷിയും..

നമ്മുടെ സ്വപ്നങ്ങള്‍ എരിഞ്ഞു വീഴുന്ന ദിനങ്ങള്‍..
നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദിനം..

അങ്ങിനെയൊരു ദിനത്തെക്കുറിച്ച് ആരും അന്ന് ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് അതിന് സമയമുണ്ടായിരുന്നില്ല. കളിയും ചിരിയുമായി ആ അപൂര്‍വ്വ വിദ്യാലയം റ്റോമോ തലയുയര്‍ത്തി നിന്നിരുന്നു. ജപ്പാനില്‍.തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന്‍ പഠിച്ചത് അവിടെയായിരുന്നു. കൊബായാഷി മാസ്റ്ററുടെ ശിക്ഷണത്തില്‍ കളിയും ചിരിയുമായി അവര്‍ നേടിയത് സമൂഹത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളായിരുന്നു.എന്നാല്‍ യുദ്ധത്തിന്‍റെ കെടുതികളില്‍, മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന നായാട്ടില്‍ , ആ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തി?..

തെത്സുകോ കുറോയോനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്..


......റ്റോമോ എരിഞ്ഞു വീണു. അത് സംഭവിച്ചത് രാത്രിയിലാണ്. മിയോചാനും അവരുടെ സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍ നിന്നും കുഹോന്‍ബസ്തു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി. 29 ബോംബറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ളാസ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹുംകാരശബ്ദത്തോടെ പതിച്ചു. ഹെഡ് മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്നിരുന്ന വിദ്യാലയം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരു പാട് സ്നേഹിച്ച, കുഞ്ഞിച്ചിരികളുടേയും ചിലയ്കലുകളുടേയും സ്വരഭേദങ്ങള്‍ക്കു പകരം, വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി. ശമനമില്ലാത്ത അഗ്നി അതിന്‍റെ ശിലാതലത്തോളം എരിയിച്ചു കളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുണര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്‍റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു. എപ്പോഴത്തേയും പോലെ തന്നെ അദ്ദേഹം തന്‍റെ ഏറെ നരച്ചു പോയ കറുത്ത സ്യൂട്ടണിഞ്ഞിരുന്നു. കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു........

ഇനിയും വേണമോ നമുക്കീ യുദ്ധങ്ങള്‍, ഹിരോഷിമകള്‍ നാഗസാക്കികള്‍...?
ആഗസ്റ്റ് ൬ ഹിരോഷിമ ദിനം

വിദ്യാഭ്യാസ ധര്‍ണ

കോഴിക്കോട്‌: കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഒളവണ്ണ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തീരാങ്കാവ്‌ അങ്ങാടിയില്‍ വിദ്യാഭ്യാസ സംരക്ഷണ ധര്‍ണ നടത്തി. മണലില്‍ മോഹനന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. പി.എം.വിനോദ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. യു.അഖിലേഷ്‌ സംസാരിച്ചു. ടി.അനൂപ്‌ സ്വാഗതവും വി.ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി

മാസികാ പ്രചരണ ദിനം.

കിടങ്ങൂര്‍: അങ്കമാലി മേഖലയിലെ തുറവൂര്‍ യൂണിറ്റ് മാസികാ പ്രചരണ ദിനമായ ആഗസ്റ്റ് 3 ന് മാസികാ പ്രചരണത്തിന് വിവിധയിടങ്ങളില്‍ ഇറങ്ങി.യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ ചേര്‍ക്കാന്‍ യൂണിറ്റ് അംഗങ്ങള്‍ വിവിധ സ്ക്വാഡുകളായി ആണ് ഇറങ്ങിയത്.യൂണിറ്റിലെ 12 അംഗങ്ങള്‍ ഞായറാഴ്ച മുഴുവന്‍ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. മാസികകള്‍ക്ക് നിരവധി ആവശ്യക്കാര്‍ ഉണ്ടായി എന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും മാസികാ പ്രചരണവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും. യുറീക്കക്ക് 140ഉം ശാസ്ത്രകേരളത്തിനും ശാസ്ത്രഗതിക്കും 100 ഉം വീതമാണ്
വാര്‍ഷിക വരിസംഖ്യ. താത്പര്യമുള്ളവര്‍ ഏതെങ്കിലും പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുമല്ലോ.

വിജ്നാനോത്സവം 2008Saturday, August 2, 2008

വിജ്ഞാനോത്സവം 2008


2008ആഗസ്റ്റ് 27 ന്

ഒരുങ്ങുക

വിഷയം - ഭൂമി