Monday, June 17, 2013

കേരളത്തിന്റെ വികസനനയം പൊളിച്ചെഴുതണംനിര്‍മാണമേഖലയെയും കച്ചവടത്തെയും അടിസ്ഥാനമാക്കി നിലവില്‍ മുന്നേറുന്ന കേരള വികസനം സ്ഥായിയല്ലെന്നും സമീപകാലത്തു തന്നെ പ്രതിസന്ധി നേരിടുമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ അഭിപ്രായപ്പെട്ടു. മുന്‍കാല പരിഷത്ത് പ്രവര്‍ത്തകരുടെ യു. എ. ഇയിലെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

നിര്‍മാണമേഖലയുടെ ആവശ്യത്തിന് മണ്ണ്, മണല്‍, ജലം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം പാരിസ്ഥിതികമായ വന്‍തകര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. തൊഴിലും വരുമാനവും സൃഷ്ടിക്കാന്‍ ഉതകുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്ലാത്തതുമായ കൃഷിയും ചെറുകിട ഉല്പാദനമേഖലയെയും വീണ്ടെടുക്കുവാനുള്ള ശ്രമമാണ് വേണ്ടത്. വിദേശമലയാളികളുടെ നിക്ഷേപങ്ങള്‍ അത്തരം മേഖലകളിലേക്ക് തിരിച്ചുവിടാനാണ് സര്‍ക്കാറും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞു

ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. അഡ്വ. മാത്യൂ ആന്‍റണി വാര്‍ഷികറിപ്പോര്‍ട്ടും ഗഫൂര്‍ കണക്കും മനോജ്കുമാര്‍ ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. മാധവഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കുടിവെള്ള സ്വകാര്യവത്കരണം പിന്‍വലിക്കുക, പ്രവാസി തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുക എന്നീപ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. കെ. എം. പ്രസാദ് സ്വാഗതം ആശംസിച്ചു. അരുണ്‍ കെ. ആര്‍. നന്ദി പറഞ്ഞു.

ഭാരവാഹികള്‍ :-

പ്രസിഡണ്ട്: ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ - 056-7976978

വൈസ് പ്രസിഡണ്ട്: അഡ്വ. മാത്യൂ ആന്‍റണി - 055-5130350

കോ-ഓര്‍ഡിനേറ്റര്‍ : അരുണ്‍ പരവൂര്‍ - 050-7491368

ജോയിന്‍റ് കോ-ഓര്‍ഡിനേറ്റര്‍ : മനോജ് കുമാര്‍ - 050-6598442

ട്രഷറര്‍ : അഡ്വ. ശ്രീകുമാരി ആന്‍റണി -050-3097209

കൂടുതൽ ചിത്രങ്ങൾക്ക് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക

Wednesday, June 12, 2013

ഒൻ‌പതാം സംഘടനാ വാർഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 50 വർഷം പിന്നിടുകയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് 
കേരളത്തിലെ ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പുറം‌ലോകം ശ്രദ്ധിച്ച നിരവധി ആശയങ്ങളും പ്രവർത്തനങ്ങളും കേരളത്തിനു സംഭാവന ചെയ്യാൻ പരിഷത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാറിലെ സമരം തുടങ്ങിയവ
പാരിസ്ഥിതിക രംഗത്തെ ഇടപെടലുകൾക്ക് 
ആധികാരികതയും സാമൂഹിക അംഗീകാരവും നൽകി.
പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, ബയോഗ്യാസ് പ്ലാന്റ്
തുടങ്ങിയ ഊർജസംരക്ഷണ ഉപാധികൾ,
പതിനായിരക്കണക്കിനു ശാസ്ത്രപുസ്തകങ്ങൾ, ബദൽ വിദ്യാഭ്യാസ മാതൃക, ഇവയൊക്കെ പരിഷത്ത് കേരളസമൂഹത്തിനു നൽകിയ സംഭാവനകളാണ്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം എന്നിവയുടെ നിർവഹണത്തിന് പരിഷത്ത് നേതൃപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ‌കാല പ്രവർത്തകരുടെ
യു.എ.ഇ-യിലെ കൂട്ടായ്മയാണ്
ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി.
അനൗപചാരിക വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി
എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയുടെ
  ഒൻപതാം വാർഷികം  
ജൂൺ 14 നു ഷാർജ എമിറേറ്റ്സ് നാഷണൽസ്കൂളിൽ രാവിലെ 9 മണിക്ക്
പരിഷത്ത് മുൻ ജനറൽസെക്രട്ടറി ശ്രീ.റ്റി.കെ.ദേവരാജൻ
ഉദ്ഘാടനം നിർവ്വഹിക്കും.

തദവസരത്തിലേക്ക് എല്ലാ പരിഷത്ത് സുഹൃത്തുക്കളേയും
സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 056 - 14 24 900.

പാരിഷത്തികാഭിവാദനങ്ങളോടെ

ഡോ.കെ.പി ഉണ്ണികൃഷ്ണൻ  (പ്രസിഡണ്ട്)
അഡ്വ.മാത്യൂ ആന്റണി (കോർഡിനേറ്റർ)
കെ.എം.പ്രസാദ് (സംഘാടക സമിതി കൺ‌വീനർ)