Thursday, May 20, 2010

ബാലവേദി പ്രവര്‍ത്തനങ്ങള്‍ - കവി പി.കെ.ഗോപി ഉല്‍ഘാടനം ചെയ്യും.

സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പ്രധാന പ്രവര്‍ത്തന മേഖല കളിലൊന്നാണ് ബാലവേദികള്‍ എന്നറിയാമല്ലോ? കുട്ടികളില്‍ ശാസ്ത്രാഭിരുചിയും, പാരിസ്ഥിതികാവബോധവും, സാമൂഹ്യബോധവും, രാജ്യസ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷത്ത് ബാലവേദി രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. വിവിധങ്ങളായ പ്രവര്‍ത്തങ്ങള്‍ (ചങ്ങാതിക്കൂട്ടം, പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന) ഈ രംഗത്ത് നടത്തി വരുന്നു.

2010 മെയ് 21നു വെള്ളിയാഴ്ച, ഉച്ചക്ക് 2.30ന്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയാണ്.
അതിഥികളായെത്തുന്ന കവി. പി.കെ.ഗോപിയും, ടി.ഗംഗാധരന്‍ മാഷും (കേരള ശാസ്ത്രസാഹിത്യ പരിഷത് മുന്‍ ജനറല്‍ സെക്രട്ടറി.) ഈ ചടങ്ങിനെ ധന്യമാക്കുന്നു.

കുട്ടികളുമൊത്ത് പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിണമെന്നഭ്യര്‍ത്ഥിക്കുന്നു.
ദയവായി താങ്കളുടെ സുഹൃദ് വലയത്തിലും ഈ വിവരം അറിയിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 06-5725810 അല്ലെങ്കില്‍ 050-3097209 വിളിക്കുക.സ്നേഹത്തോടെ ...


ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഷാര്‍ജ ചാപ്റ്റര്‍.

പ്രസിഡണ്ട്
അഡ്വഃ ശ്രീകുമാരി

കോര്‍ഡിനേറ്റര്‍
വേണു മുഴൂര്‍.

Wednesday, May 19, 2010

ഭൂമി പൊതുസ്വത്ത് - സെമിനാര്‍


പ്രിയ സുഹൃത്തേ,ജനകീയ സമരങ്ങളിലൂടെ ഭൂ ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് കേരളത്തില്‍ വലിയ തോതില്‍ ഭൂമി കേന്ദ്രീകരിക്കപ്പെടുകയാണ്. ലാഭാധിഷ്ഠിതമായ ഭൂ വിനിയോഗമാണ് ഭൂ കേന്ദ്രീകരണ പ്രവണതയുടെ മുഖ്യ ചാലകശക്തി. സമൂഹത്തിലെ ഉല്പാദന വ്യവസ്ഥകള്‍ നിലനില്‍ക്കണമെങ്കില്‍, ബഹുഭൂരിപക്ഷത്തിന്റെയും ജീവനോപാധികള്‍ സംരക്ഷിക്കണമെങ്കില്‍, ഭൂമി ഊഹക്കച്ചവടോപാധിയാക്കുന്നതിനെ ചെറുത്ത് തോല്പിച്ചേ മതിയാകൂ.‘ഭൂമി പൊതുസ്വത്ത്’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് നടത്തി വരികയാണ്, അതിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ബുധനാഴ്ച്ച വൈകീട്ട് 8.00 മണിക്ക് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു.- ഭൂമി പണം നിക്ഷേപിക്കാനും ഊഹക്കച്ചവടത്തിലൂടെ പണം പെരുപ്പിക്കാനുള്ള കേവലം വില്പന ചരക്കല്ല.


  • ഭൂമി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്പാദനം സംഘടിപ്പിക്കാനുള്ള അടിസ്ഥാന വിഭവമാണ്.

  • ഭൂവുടമസ്ഥതയെന്നാല്‍ ഭൂമിയില്‍ എന്തും ചെയ്യാനുള്ള അവകാശമല്ല.

  • കുന്നുകള്‍ ഇടിക്കാനും, വയലുകള്‍ നികത്താനും, പാതാളം വരെ കുഴിക്കാനും, ആകാശം മുട്ടെ പണിയാനുമുള്ള അവകാശമല്ല.

  • വികസനമെന്നാല്‍ മെഗാ പദ്ധതികളും, കൂറ്റന്‍ കെട്ടിടങ്ങളുമല്ല.

  • മനുഷ്യന്റെ നിലനില്‍പ്പിനാധാരമായ ഭൂ പ്രകൃതിയെയും ജൈവ പ്രകൃതിയേയും സംരക്ഷിക്കുന്നതാകണം വികസനം.

  • വരും തലമുറയില്‍ നിന്നും കടം കൊണ്ടതാണീ ഭൂമി,

അവതാരകന്‍ : ടി.ഗംഗാധരന്‍


(മുന്‍ ജനറല്‍ സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്)


വേദി: കേരള സോഷ്യള്‍ സെന്റര്‍, അബുദാബി.


സമയം: 2010 മെയ് 19, വൈകീട്ട് 8.൦൦ മണി.


സെമിനാറിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
അഭിവാദനങ്ങളോടെ!

പ്രസിഡണ്ട്

മണികണ്ഠന്‍

കോര്‍ഡിനേറ്റര്‍

‍ജയാനന്ദ്

Monday, May 17, 2010

ആറാം വാര്‍ഷികം

ഫ്രണ്ട്സ്‌ ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ആറാം വാര്‍ഷിക സമ്മേളനം ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായ ശ്രീ ടി. ഗംഗാധരന്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.

ജനപക്ഷ നിലപാടുകള്‍ ആണ് പരിഷത്തിന്റെ രാഷ്ട്രീയം എന്നും, ജനവിരുദ്ധ നിലപാടുകള്‍ ഏതു ഗവര്‍ന്മെന്റ് സ്വീകരിച്ചാലും പരിഷത്ത് എതിര്‍ക്കാറുണ്ട് എന്ന് ഉദാഹരണ സഹിതം ഗംഗാധരന്‍ മാസ്റ്റര്‍ ചൂണ്ടി കാട്ടി. ഭൂമി പൊതു സ്വത്താക്കി പ്രഖ്യാപിച്ച് ഭൂമിയുടെ മേലുള്ള നിര്‍മാണം അടക്കമുള്ള എല്ലാ ഇടപെടലുകള്‍ക്കും കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറാവണം എന്ന് കേരളത്തിന്റെ ഭൂവിനിയോഗവും വികസനവുംഎന്ന ചര്‍ച്ചാ ക്ലാസ്സില്‍ അദ്ദേഹം ആവശ്യപെട്ടു. ഈ മുദ്രവാക്ക്യം ഉയര്‍ത്തി പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥക്ക് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ച പെടുത്താന്‍ മുന്ഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആശംസ പ്രസംഗത്തില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ മേധാവി അഡ്വക്കേറ്റ് നജീദ് സൂചിപ്പിച്ചു.

ചൊവ്വാദൌത്യപദ്ധതിയെക്കുറിച്ചും പഠനത്തിനുപയോകിക്കുന്ന ഉപകരണങ്ങളുടെ പ്രത്യേകതകളെ കുറിച്ചും വിശദമായി പ്രതിപാദിച്ച് ദുബായ് അസ്ട്രോണമി ഗ്രൂപ്പ്‌ സി ഇ ഒ ഹസന്‍ അഹമ്മദ് അല്‍ ഹരിരി നടത്തിയ ക്ലാസ്സ്‌ സമ്മേളനത്തെ കൂടുതല്‍ സജീവമാക്കി. പ്രശസ്ത കവി പി കെ ഗോപിയുടെ അനുമോദനങ്ങളും പുഴ എന്ന കവിതയുടെ ആലാപനവും പ്രതിനിധികള്‍ ഏറെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

പ്രസിഡന്റ്‌ ഇക്ബാല്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ മുരളി റിപ്പോര്‍ട്ടും അനീഷ്‌ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മനോജ്‌ - പ്രസിഡണ്ട്‌ , അഡ്വഃ ബിനി സരോജ് - വൈസ് പ്രസിഡന്റ്‌, ബിജു - കോഓര്‍ഡിനറ്റര്‍, അരുണ്‍ പരവൂര്‍ - ജോയിന്റ് കോഓര്‍ഡിനറ്റര്‍, അനീഷ്‌ - ട്രഷറര്‍, ജോസഫ്‌ - ഓഡിറ്റര്‍ എന്നിവരെയും 18 അംഗ നിര്‍വാഹകസമിതിയെയും തിരഞ്ഞെടുത്തു.


Monday, May 10, 2010

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി (യു..എ.ഇ)യുടെ ആറാം വാര്‍ഷികം

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ ആറാം വാര്‍ഷികം മെയ് 14 -ന് വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു. രാവിലെ 9 മണിക്കാരംഭിക്കുന്ന സമ്മേളനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ. ടി.ഗംഗാധരന്‍ മാസ്റ്റര്‍ പങ്കെടുക്കും.

ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി മെമ്പര്‍ കൂടിയാണ് ശ്രീ. ടി.ഗം ഗാധരന്‍ മാസ്റ്റര്‍. ‍അബുദാബി, ദുബായ്, ഷാര്‍ജ ചാപ്റ്ററുകളിലെ മുന്നൂറോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 90 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും എന്ന വിഷയത്തില്‍ ടി.ഗം ഗാധരന്‍ മാഷുടെ പ്രഭാഷണവും തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
06-5725810
050-3097209