Wednesday, November 18, 2009

ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള്‍ പറഞ്ഞു കൊണ്ടുവരുന്നത്?

1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ആദ്യമായി കണ്ടത്. അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു. ദൈവത്തിന്റെ പരമോന്നതസൃഷ്ടികളായ മനുഷ്യനും ഭൂമിയും പ്രപഞ്ചകേന്ദ്രത്തില്‍, സമ്പൂര്‍ണതയുള്ള സ്വര്‍ഗം ആകാശത്തില്‍, നരകം ഭൂമിക്കുള്ളിലും-ഈ സഭാവിശ്വാസത്തെയാണ് ഗലീലിയോ തകര്‍ത്തത്. തന്റെ ചെറുകുഴലിലൂടെ അദ്ദേഹം സ്വര്‍ഗത്തെ ഉന്മൂലനംചെയ്തു. ഗലീലിയോവിന് സമൂഹത്തിലുണ്ടായിരുന്ന വമ്പിച്ച അംഗീകാരവും ആദരവും കാരണം ആദ്യം സഭ മടിച്ചുനിന്നു. ബ്രൂണോയെ ചുട്ടുകൊന്നതിന്റെ പേരുദോഷം അപ്പോഴും സഭയെ പിന്‍തുടരുന്നുണ്ടായിരുന്നു. പക്ഷേ, മതവിചാരണക്കാര്‍ വിട്ടില്ല. അവര്‍ ചോദിച്ചു
"ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള്‍ പറഞ്ഞു കൊണ്ടുവരുന്നത്. ജനങ്ങള്‍ അത് വിശ്വസിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഈ സഭയ്ക്ക് എന്താണ് പ്രസക്തി. സഭയ്ക്ക് പ്രസക്തിയില്ലെങ്കില്‍ പിന്നെ പുരോഹിതനും മാര്‍പാപ്പയ്ക്കും വത്തിക്കാനും എന്താണ് പ്രസക്തി?''

ഈ ചോദ്യം സഭാധികാരികളെ വിറളി പിടിപ്പിച്ചു. അവര്‍ അദ്ദേഹത്തെ കുറ്റവിചാരണ നടത്തി. ഏകാന്തത്തടവ് വിധിച്ചു. അദ്ദേഹത്തിന്റെ പുസ്തകം നിരോധിച്ചു. മരിച്ചപ്പോള്‍ തെമ്മാടിക്കുഴി വിധിച്ചു.

പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ ശാസ്ത്രജ്ഞന്റെ ജീവിതകഥ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ നാടകകൃത്ത് ബെര്‍ത്തോള്‍ട് ബ്രഹ്റ്റ് നാടകരൂപത്തില്‍ ആവിഷ്കരിച്ചു. ആറ് പതിറ്റാണ്ടിന് ശേഷം കേരളത്തിന്റെ വര്‍ത്തമാനകാല പരിസരത്തു നിന്നുകൊണ്ടു കേരളശാസ്ത്രസാഹിത്യ പരിഷത്ത് ഗലീലിയോയുടെ ജീവിതകഥ അരങ്ങിലെത്തിക്കുകയാണ്. ബ്രഹ്റ്റിന്റെ നാടകത്തിന്റെ സ്വതന്ത്രപുനരാവിഷ്കാരം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകപ്രവര്‍ത്തകനായ പ്രൊഫ. പി ഗംഗാധരനാണ്. സമൂഹത്തില്‍ ശാസ്ത്രബോധം പ്രചരിപ്പിക്കാനും ശാസ്ത്രസംസ്കാരം വളര്‍ത്താനുംവേണ്ടി ശാസ്ത്രവര്‍ഷത്തില്‍ പരിഷത്ത് നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നാടകയാത്ര.
നാലുനൂറ്റാണ്ടുമുമ്പാണ് ഗലീലിയോ ജീവിച്ചതെങ്കിലും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ക്ക് അത്യന്തം പ്രസക്തി കേരള സമൂഹത്തില്‍ ഇന്നുണ്ട്. ജാതിമതശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ ശക്തമാണ്. സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിച്ചു വരികയാണ്. കമ്പോളത്തിന്റെ പിന്‍ബലത്തോടെ പുതിയ ആചാരങ്ങളും വിശ്വാസങ്ങളും നാടെങ്ങും പടരുകയാണ്. സാമൂഹ്യ നീതിയും അവസരസമത്വവും എല്ലാ രംഗത്തും തിരസ്കരിക്കപ്പെടുന്നു. കേരളം എന്നും കാത്തു സംരക്ഷിച്ചുപോന്ന മതനിരപേക്ഷതയ്ക്ക് ഭംഗമേല്‍പ്പിക്കുന്ന പ്രസ്താവനകളും ആഹ്വാനങ്ങളും മതപുരോഹിതന്മാര്‍ മത്സരിച്ചു നടത്തുന്നു. സ്വന്തം കഴിവിലുള്ള വിശ്വാസത്തില്‍നിന്ന് അവിശ്വാസത്തിലേക്കും അതില്‍നിന്ന് അന്ധവിശ്വാസത്തിലേക്കും മനുഷ്യര്‍ വഴുതി വീണുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തില്‍ ശുഭാപ്തിവിശ്വാസം പ്രസരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് അത്യാവശ്യമായിട്ടുള്ളത്. അതിന് സഹായകമാണ് അറിവിന്റെ ശാസ്ത്രത്തിന്റെ അന്തിമവിജയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഗലീലിയോഗലീലിയുടെ ജീവിതകഥ. ഈ നാടകയാത്ര ശക്തമായ ഒരു ശാസ്ത്ര പ്രവര്‍ത്തനമാണ്, സാംസ്കാരിക ഇടപെടലാണ്. ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും.

ഡോ. കാവുമ്പായി ബാലകൃഷ്ണന്‍

Saturday, November 14, 2009

ടെലിസേ്കാപ്പ് നിര്‍മാണ പരിശീലനവും ശാസ്ത്രക്ലാസും

മഞ്ചേരി: ഗലീലിയോ നാടകയാത്രയോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരീക്കോട് മേഖലയുടെ ആഭിമുഖ്യത്തില്‍ ടെലിസ്‌കോപ്പ് നിര്‍മാണ പരിശീലനവും ശാസ്ത്രക്ലാസും സംഘടിപ്പിക്കുന്നു. 18ന് ഗലീലിയോ നാടകത്തെ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു.

അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ആലിക്കുട്ടിയെ ചെയര്‍മാനായും പി. കൃഷ്ണനുണ്ണിയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.
ചടങ്ങില്‍ ഇ. കൃഷ്ണന്‍, സി.പി. സുരേഷ്ബാബു, പാടുകണ്ണി സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, November 13, 2009

ഗലീലിയോ

ഗലീലിയോ നാടകയാത്ര പെരിന്തൽമണ്ണയിൽ
നവംബർ 19 വൈകുന്നേരം 6മണിക്ക്
പെരിന്തൽമണ്ണ നഗരസഭ ടൌൺഹൾ


അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ശില്പശാല


മലപ്പുറം: ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ശില്പശാല സംഘടിപ്പിക്കുന്നു. 15ന് 10ന് മലപ്പുറം ഗവ. കോളേജില്‍ പരിശീലനം നടക്കും. വിശദവിവരങ്ങള്‍ക്ക്‌ഫോണ്‍: 9446063767.

Friday, November 6, 2009

ഡോ. സി.ആര്‍. സോമന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. സി.ആര്‍ സോമന്‍(72) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില ആശങ്കാജനകമായി തുടരുകയായിരുന്നു. ഇന്ന് പകല്‍ മൂന്നുമണിയോടെയായിരുന്നു അന്ത്യം.



ലോകം ആദരിക്കുന്ന കേരള മോഡല്‍ ആരോഗ്യപരിരക്ഷാരീതികളെ പുതിയ തലങ്ങളിലേക്ക് നയിച്ച ഡോ. സി.ആര്‍ സോമന്‍ എന്നും ജനപക്ഷത്ത് നില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തനായിരുന്നു. അദ്ദേഹം തുടക്കമിട്ട 'ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍' എന്ന സന്നദ്ധ സംഘടന ഇന്ന് കേരളമെമ്പാടും ആരോഗ്യ വിദ്യാഭ്യാസ, ഗവേഷണ മേഖലയിലും സാമൂഹികാരോഗ്യമേഖലയിലും മികച്ച പ്രവര്‍ത്തനം നടത്തുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1962 ല്‍ വൈദ്യശാസ്ത്ര ബിരുദം നേടി. 1966 ല്‍ ബയോകെമിസ്ട്രിയില്‍ എം.ഡിയും പൂര്‍ത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ലക്ചററായി ചേര്‍ന്നു. 1976 ല്‍ മെഡിക്കല്‍ കോളേജില്‍ ന്യൂട്രീഷന്‍ വിഭാഗം തുടങ്ങിയപ്പോള്‍ അവിടെ അസോസിയേറ്റ് പ്രഫസറായി. 81 മുതല്‍ 92 ല്‍ വിരമിക്കുന്നതുവരെ അവിടെ പ്രഫസറും വകുപ്പ് മേധാവുമായി തുടര്‍ന്നു.

ഇതിനിടെ 1978 ല്‍ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പ് ലഭിച്ചു. അങ്ങനെ ലണ്ടനില്‍ പോയി ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദമെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം, മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ചയുടന്‍ 1993 ല്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് തുടക്കമിട്ടു. 16 വര്‍ഷം പിന്നിടുന്ന സംഘടനയുടെ ചെയര്‍മാനായി മരണംവരെ തുടര്‍ന്നു. മികച്ച ഗവേഷകനും അധ്യാപകനുമായ ഡോ. സി.ആര്‍ സോമന്‍ അഞ്ചു ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്വിസ് മാസ്റ്റര്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.


ഡോ.ഏലിയാമ്മയാണ് ഭാര്യ. മക്കള്‍ രാജീവ് സോമന്‍, രാജേഷ് സോമന്‍.

കടപ്പാട്-മാതൃഭൂമി

ഗലീലിയോ നാടകയാത്ര

നിലമ്പൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രവര്‍ഷാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗലീലിയോ നാടകയാത്ര 17ന് നിലമ്പൂരില്‍ എത്തും. വൈകീട്ട് ആറിന് ഗവ. യു.പി. സ്‌കൂള്‍ മൈതാനിയില്‍ പരിപാടി അവതരിപ്പിക്കും.

പുസ്തകപ്രചാരണം, ശാസ്ത്രക്ലാസുകള്‍ എന്നിവ നടത്തും. സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കാന്‍ എം.എ. റസാഖ്, ആര്യാടന്‍ ഷൗക്കത്ത്, പി.ടി. ഉമ്മര്‍(രക്ഷാധികാരികള്‍), നിലമ്പൂര്‍ ആയിഷ(ചെയര്‍ പേഴ്‌സണ്‍), പി.എസ്. രഘുറാം(ജന. കൗണ്‍.) എന്നിവരെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപവത്കരിച്ചു.