Showing posts with label വാര്‍ഷികം. Show all posts
Showing posts with label വാര്‍ഷികം. Show all posts

Wednesday, March 23, 2011

വിദ്യാഭ്യാസ സെമിനാര്‍

പ്രിയ സുഹൃത്തെ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ദുബായ് ചാപ്റ്റര്‍
ഏഴാം വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടിയായി
വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു

സ്ഥലം : ഗള്‍ഫ് മോഡല്‍ സ്കൂള്‍ , ഖിസൈസ്, ദുബായ്.
സമയം : 2011 മാര്‍ച്ച് 25, വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്

അവതാരകന്‍ : ശ്രീ. കെ.കെ. ശിവദാസന്‍ മാസ്റ്റര്‍
(ജില്ലാ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ - കോഴിക്കോടു്)

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉത്തമ പൌരനെ സൃഷ്ടിക്കുകയാണോ?
ഇതൊരു പഴയ ചോദ്യമാണു്.

വിവര വിസ്ഫോടനത്തിന്റെ വര്‍ത്തമാന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക്
ലഭിക്കുന്നത് ഉത്തമ മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണോ? എന്നത് ഏതൊരു
രക്ഷിതാവിനെയും അലട്ടുന്നതാണു്.

മാറിയ സാഹചര്യത്തിലെ വെല്ലുവിളികളെ നേരിടുന്നതിനു് അടുത്ത തലമുറയെ
സജ്ജരാക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന്
ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പറുകള്‍ :
050-395 17 55 അല്ലെങ്കില്‍ 050-488 90 76

ഈ അറിയിപ്പ് താങ്കളുടെ സുഹൃത്തുക്കളെയും അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു


സ്നേഹാദരങ്ങളോടെ
എ.എം.റിയാസ്
കോ-ഓര്‍ഡിനേറ്റര്‍
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ദുബായ് ചാപ്റ്റര്‍

Monday, May 17, 2010

ആറാം വാര്‍ഷികം

ഫ്രണ്ട്സ്‌ ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ആറാം വാര്‍ഷിക സമ്മേളനം ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായ ശ്രീ ടി. ഗംഗാധരന്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.

ജനപക്ഷ നിലപാടുകള്‍ ആണ് പരിഷത്തിന്റെ രാഷ്ട്രീയം എന്നും, ജനവിരുദ്ധ നിലപാടുകള്‍ ഏതു ഗവര്‍ന്മെന്റ് സ്വീകരിച്ചാലും പരിഷത്ത് എതിര്‍ക്കാറുണ്ട് എന്ന് ഉദാഹരണ സഹിതം ഗംഗാധരന്‍ മാസ്റ്റര്‍ ചൂണ്ടി കാട്ടി. ഭൂമി പൊതു സ്വത്താക്കി പ്രഖ്യാപിച്ച് ഭൂമിയുടെ മേലുള്ള നിര്‍മാണം അടക്കമുള്ള എല്ലാ ഇടപെടലുകള്‍ക്കും കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറാവണം എന്ന് കേരളത്തിന്റെ ഭൂവിനിയോഗവും വികസനവുംഎന്ന ചര്‍ച്ചാ ക്ലാസ്സില്‍ അദ്ദേഹം ആവശ്യപെട്ടു. ഈ മുദ്രവാക്ക്യം ഉയര്‍ത്തി പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥക്ക് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ച പെടുത്താന്‍ മുന്ഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആശംസ പ്രസംഗത്തില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ മേധാവി അഡ്വക്കേറ്റ് നജീദ് സൂചിപ്പിച്ചു.

ചൊവ്വാദൌത്യപദ്ധതിയെക്കുറിച്ചും പഠനത്തിനുപയോകിക്കുന്ന ഉപകരണങ്ങളുടെ പ്രത്യേകതകളെ കുറിച്ചും വിശദമായി പ്രതിപാദിച്ച് ദുബായ് അസ്ട്രോണമി ഗ്രൂപ്പ്‌ സി ഇ ഒ ഹസന്‍ അഹമ്മദ് അല്‍ ഹരിരി നടത്തിയ ക്ലാസ്സ്‌ സമ്മേളനത്തെ കൂടുതല്‍ സജീവമാക്കി. പ്രശസ്ത കവി പി കെ ഗോപിയുടെ അനുമോദനങ്ങളും പുഴ എന്ന കവിതയുടെ ആലാപനവും പ്രതിനിധികള്‍ ഏറെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

പ്രസിഡന്റ്‌ ഇക്ബാല്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ മുരളി റിപ്പോര്‍ട്ടും അനീഷ്‌ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മനോജ്‌ - പ്രസിഡണ്ട്‌ , അഡ്വഃ ബിനി സരോജ് - വൈസ് പ്രസിഡന്റ്‌, ബിജു - കോഓര്‍ഡിനറ്റര്‍, അരുണ്‍ പരവൂര്‍ - ജോയിന്റ് കോഓര്‍ഡിനറ്റര്‍, അനീഷ്‌ - ട്രഷറര്‍, ജോസഫ്‌ - ഓഡിറ്റര്‍ എന്നിവരെയും 18 അംഗ നിര്‍വാഹകസമിതിയെയും തിരഞ്ഞെടുത്തു.






Monday, May 10, 2010

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി (യു..എ.ഇ)യുടെ ആറാം വാര്‍ഷികം

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ ആറാം വാര്‍ഷികം മെയ് 14 -ന് വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു. രാവിലെ 9 മണിക്കാരംഭിക്കുന്ന സമ്മേളനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ. ടി.ഗംഗാധരന്‍ മാസ്റ്റര്‍ പങ്കെടുക്കും.

ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി മെമ്പര്‍ കൂടിയാണ് ശ്രീ. ടി.ഗം ഗാധരന്‍ മാസ്റ്റര്‍. ‍അബുദാബി, ദുബായ്, ഷാര്‍ജ ചാപ്റ്ററുകളിലെ മുന്നൂറോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 90 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും എന്ന വിഷയത്തില്‍ ടി.ഗം ഗാധരന്‍ മാഷുടെ പ്രഭാഷണവും തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
06-5725810
050-3097209

Tuesday, June 9, 2009

അഞ്ചാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആമുഖം

കേരള ശാസ്ത്ര സഹിത്യ പരിഷത്തിന്റെ യു.എ.ഇ. ഘടകമായ ഫ്രണ്ട്സ് ഒഫ് കേരള
ശാസ്ത്രസഹിത്യ പരിഷത്തിന്റ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന
മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടനാക്കമ്മിറ്റിക്കുവേണ്ടി അഭിവാദ്യം
ചെയ്യുന്നു.



ജോലി, വരുമാനം, നിയമ പരിമിതികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട ഗള്‍ഫ്
ജീവിതത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പരിമിതമാണെന്ന്
പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ സജീവതകളില്‍ പോലും,
ആയാസകരമായ വഴികള്‍ മാത്രം സാദ്ധ്യമായ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്ക്
വ്യാപാരാധിഷ്ഠിതമായ സമൂഹത്തിലെ ഇടപെടല്‍ സാധ്യതകള്‍ തീര്‍ത്തും
പരിമിതമാണ്. എങ്കിലും പഠന, ബാലവേദി, പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെ
യു.എ.ഇ-യിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യം അടയാളപ്പെടുത്താന്‍
പരിഷത്തിന് കഴിയുന്നുവെന്നത് ആഹ്ലാദകരമാണെന്ന് വിനയപൂര്‍വ്വം
രേഖപ്പെടുത്തട്ടെ.



സഹജീവികളുടെ അദ്ധ്വാനം ചൂഷണം ചെയ്ത്, സമ്പത്തിന്റെ ധാരളിത്തം
നിര്‍മ്മിച്ചെടുത്ത്, ഊഹക്കച്ചവടത്തിലഭിരമിക്കുന്ന സമ്പദ്‌വ്യവസ്ഥ ഇന്ന്
സ്വയം നിര്‍മ്മിച്ച പരിമിതികള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കുന്നു.
അദ്ധ്വാനിക്കുന്നവന്റെ നികുതി പണം കൊണ്ട് ഊഹക്കച്ചവടത്തിന്റെ, കൃത്യമായി
പറഞ്ഞാല്‍ ചൂതാട്ടത്തിന്റെ, നഷ്ടം നികത്തുന്ന വിചിത്രവും മനുഷ്യത്വ
രഹിതവുമായ ചികിത്സകള്‍ പോലും ഫലപ്രദമാകാത്ത വിധത്തില്‍ സമ്പദ്‌വ്യവസ്ഥ
മുതലക്കൂപ്പ്കുത്തുന്ന കാഴ്ച്ച ലോകം അമ്പരപ്പോടെ ദര്‍ശിക്കുന്നു.
പാപ്പരാകുന്ന സമ്പദ്‌വ്യവസ്ഥ തൊഴില്‍ മേഖലകളില്‍ ഏല്പിക്കുന്ന ആഘാതം
ചെറുതല്ല. യു.എ.ഇ-യിലും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രതിദിനം
വര്‍ദ്ധിക്കുകയാണ്. സ്വാഭാവികമായും മലയാളികളും പ്രതിസന്ധി നേരിടുന്നു.
സാമ്പത്തികമാന്ദ്യം സാമൂഹ്യ, സംഘടനാ പ്രവര്‍ത്തന ത്തേയും
നിര്‍ജ്ജീവമാക്കുന്നു. ഫലപ്രദമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന
വിപണികളില്‍ മാന്ദ്യത്തിന്റെ തോത് ഗണനീയമാം വിധം പരിമിതമാണെന്നത് സവിശേഷ
ശ്രദ്ധയര്‍ഹിക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ സജീവസാന്നിദ്ധ്യമായ ഇന്ത്യന്‍
സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത് നില്‍ക്കുന്നുവെന്ന
കാര്യം ഉദാഹരണം. എല്ലാം സ്വതന്ത്രമാക്കുന്ന, എല്ല്ലാത്തിനെയും
തുറന്നുവിടുന്ന വിപണിമൂലധന വ്യവസ്ഥ ശാശ്വതമല്ലെന്ന വീക്ഷണത്തിന്
യാഥാര്‍ത്ഥ്യത്തിന്റെ കൈയൊപ്പ്.



നാളിതുവരെയുള്ള മനുഷ്യചരിത്രം പ്രകൃതിയിലും, സമൂഹത്തിലുമുള്ള
ഇടപെടലുകളുടെയും മാറ്റിതീര്‍ക്കലിന്റെയുമാണ്. ഇടപെടലുകള്‍ക്കും,
നിര്‍മ്മിതികള്‍ക്കും, മാറ്റിത്തീര്‍ക്കലുകള്‍ക്കും ചാലക ശക്തിയാകുന്നത്
അറിവും അറിവിന്റെ കൃത്യമായ പ്രയോഗവു മാണ്. പഠനത്തിലൂടെയും
അനുഭവത്തിലൂടെയും മാത്രമേ അറിവ് സമാഹരിക്കാനാവൂ. ശ്രദ്ധാപൂര്‍വ്വമായ,
പഠനത്തിലൂന്നിയ സജീവ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് സംഘടനയേയും സമൂഹത്തേയും
പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. സാമൂഹീക ഇടപെടലുകള്‍ക്ക് പരിമിത മായ
തലത്തിലെങ്കിലും പ്രചോദനമാകുമെന്ന വിശ്വാസത്തോടെ, സജീവവും പാരിഷത്തീകവുമായ
ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്തുകൊണ്ട് 2008-09 പ്രവര്‍ത്തന
വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

Tuesday, May 26, 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം

പ്രിയ സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം 2009മെയ് 28, 29 (വ്യാഴം, വെള്ളി) തിയ്യതികളിലായി ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുകയാണ്.
കേരള ശാസ്ത്രസാഹിത്യ സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ട്, മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും, പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ.കെ.കൃഷ്ണകുമാര്‍ ആണ് ഈ വര്‍ഷം മാതൃസംഘടനയെ പ്രതിനിധീകരിച്ച് വാര്‍ഷികത്തില്‍ പങ്കെടുക്കുന്നത്.
വിവിധ എമിരേറ്റ്സുളില്‍നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെയും , അനുബന്ധപരിപാടികളുടെയും വിജയകരമായ നടത്തിപ്പിന് താങ്കളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പാരിഷത്തികാഭിവാദനങ്ങളോടെ,
അഡ്വഃ മാത്യു ആന്റണി.
പ്രസിഡണ്ട്,
050-63 61 285

ഐ.പി.മുരളി.
കോ-ഓഡിനേറ്റര്‍,
050-67 64 556


സമ്മേളനത്തിന്റെ അനുബന്ധപരിപാടികളായി അബുദാബി, ദുബായ്, ഷാര്‍ജ എമിരേറ്റ്സുളില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.
ജൂണ്‍ 5 -ന് വൈകീട്ട് ഷാര്‍ജയില്‍ ബാലവേദി
ജൂണ്‍ 5 -ന് വൈകീട്ട് ദുബായില്‍ സെമിനാര്‍
ജൂണ്‍ 6 -ന് വൈകീട്ട് അബുദാബി കെ.എസ്.സി. യില്‍