Showing posts with label യുറീക്ക. Show all posts
Showing posts with label യുറീക്ക. Show all posts

Friday, September 4, 2009

സ്‍നേഹപൂര്‍വ്വം ഭൂമി

ഓര്‍മ്മയുണ്ടെനിക്ക് ആ നാളുകള്‍ …

വ്യവസായ വിപ്ളവത്തിന്റെ നല്ല ദിനങ്ങള്‍ !

പുതിയ യന്ത്രങ്ങളുടെ കണ്ടുപിടുത്തം …

പുതിയ ജീവിത രീതികള്‍ ….

എന്തൊരുണര്‍വ്വായിരുന്നു !

എന്തൊരുത്സാഹമായിരുന്നു !!

എന്റെ ഉള്ളറകളില്‍ നിന്ന് കുഴിച്ചെടുത്ത കല്‍ക്കരിയും എണ്ണയും ഉപയോഗിച്ച് നിങ്ങള്‍ ഇരുമ്പുരുക്കാനും ആവിയന്ത്രം ചലിപ്പിക്കാനും തുടങ്ങി. അറിയാം, ഫോസില്‍ ഇന്ധനങ്ങളെന്നാണ് നിങ്ങളവയെ വിളിക്കുന്നത്.

18 -ാം നൂറ്റാണ്ട് ….

പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ …

പിന്നീട് …..

ജനസംഖ്യ വര്‍ധിച്ചു. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിയന്ത്രണമില്ലാതായി. കൂടുതല്‍ കൂടുതല്‍ വാഹനങ്ങള്‍ … ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം … വികസന പ്രവര്‍ത്തനങ്ങള്‍ …

എല്ലാം എന്നെ മറന്നുള്ളതായിരുന്നു …..

നിങ്ങള്‍ക്കാവശ്യത്തിനുള്ളതെല്ലാം എന്നിലുണ്ടായിരുന്നു. എന്നിട്ടും ചങ്ങാതിമാരേ, നിങ്ങളെന്തേ അത്യാഗ്രഹികളായത് ?

വികിസിത രാജ്യങ്ങള്‍ അമിതമായി പുറത്തു വിട്ട ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ , ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‍സൈഡ്, ഇവയെല്ലാം ചേര്‍ന്ന് എന്നിലെത്തുന്ന സൂര്യകിരണങ്ങളെ തിരിച്ചു പോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ പിടിച്ചു നിര്‍ത്തുന്നു. അതിന്റെ ഫലമോ ? ചൂട് ! അടങ്ങാത്ത ചൂട്! … കാലാവസ്ഥാമാറ്റങ്ങള്‍ !

എന്നാണിതിനൊരവസാനം ?

എന്താണിതിനൊരു പരിഹാരം ?

നിങ്ങള്‍ ചിന്തിക്കണം കൂട്ടുകാരേ.

അഹന്തയും അത്യാഗ്രഹവുമുപേക്ഷിച്ച് ധനിക ദരിദ്രഭേദമന്യേ എല്ലാ രാജ്യങ്ങളും ഇതിനു വേണ്ടി പ്രവര്‍ത്തിക്കണം.

അന്തരീക്ഷ മലിനീകരണത്തിനിടയാക്കാത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനും ഉപയോഗിക്കാനുമാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണം... ഇല്ലെങ്കില്‍ …...

അല്ല, എനിക്കു വിശ്വാസമുണ്ട്. നിങ്ങള്‍ ശാസ്ത്രബോധമുള്ള കുഞ്ഞുങ്ങളാണ്. വളരുമ്പോള്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം നിങ്ങള്‍ പരിഹാരം കാണും. കാരണം നിങ്ങളെന്നെ സ്‍നേഹിക്കുന്നുണ്ട്. ഒരു പാട് ! ഒരുപാടൊരുപാട് !!



സ്‍നേഹപൂര്‍വ്വം ഭൂമി



അനിത സി കെ

യുറീക്ക 2009 ആഗസ്റ്റ് 1 ലക്കം

വായിക്കുക വരിക്കാരാകുക
യുറീക്ക, ശാസ്‍ത്ര കേരളം, ശാസ്‍ത്രഗതി
Reblog this post [with Zemanta]

Monday, September 22, 2008

രചനയുടെ പുതുവഴികള്‍തേടി ബാലസാഹിത്യസംഗമം


തിരൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റിയും യുറീക്കാ മാസികയും ചേര്‍ന്ന്‌ തിരൂര്‍ പച്ചാട്ടിരി എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായി. പച്ചാട്ടിരി ഗ്രാമബന്ധു ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. പരിഷത്ത്‌ ജില്ലാപ്രസിഡന്റ്‌ കെ.വിജയന്‍ അധ്യക്ഷതവഹിച്ചു. യുറീക്ക എഡിറ്റര്‍ ജനു, എം.എം.സചീന്ദ്രന്‍, രാധാമണി അയിങ്കലത്ത്‌, ഇ.എം.സുരജ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വംനല്‍കി. ബി.ജി.വി.എച്ച്‌ അഖിലേന്ത്യാ ഭാരവാഹി വി.കെ.ജയ്‌സോമനാഥന്‍ ഉപഹാരങ്ങള്‍ നല്‍കി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി.രമേശ്‌കുമാര്‍, എ.അബ്ദുള്‍കബീര്‍, എ.ശ്രീധരന്‍, വി.വി.മണികണുന്‍, പി.കൃഷ്‌ണന്‍കുട്ടി, ജി.പി.കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

Monday, July 21, 2008

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

ഹാരോള്‍ഡ് ചായപ്പെന്‍സിലുമായി ഇറങ്ങിയിരിക്കുകയാണ്. കുട്ടികളുടെ മനസ്സിലായിരുന്നു ക്രോക്കറ്റ് ജോണ്‍സണ്‍ ഹാരോള്‍ഡും ചായപ്പെന്‍സിലുമായി വര തുടങ്ങിയത്. ഇപ്പോള്‍ ഹാരോള്‍ഡ് കടന്നു വരികയാണ് അത്ഭുതപ്പെന്‍സിലുമായി യുറീക്കയില്‍. ജൂലൈ ൧൬ യുറീക്കയിലെ മൂന്നിലൊന്നും ഹാരോള്‍ഡ് നിറഞ്ഞു നില്‍ക്കുന്നു. വായിച്ചും കണ്ടും തന്നെ അതറിയണം. എല്ലാ പേജിലും അവരുണ്ട് ഹാരോള്‍ഡും ചായപ്പെന്‍സിലും.
ഏഴാം ക്ളാസ് പാഠപുസ്തം എഡിറ്റോറിയലിലൂടെ യുറീക്കയിലും എത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിന്‍റെ കാഴ്ചപ്പാടിലൂടെ , പ്രേമലേഖനം എന്ന കഥയിലൂടെ ആകാശമിഠായിയും സാറാമ്മയും കേശവന്‍ നായരും ഒരിക്കല്‍ക്കൂടി അനുഭവിക്കാം.

ചില ചാന്ദ്രദിന ശങ്കകളിലൂടെ ശങ്ക തീരാത്ത ശങ്കരന്‍ വീണ്ടും നമ്മെ ചിന്തിപ്പിക്കുന്നു. ചന്ദ്രനും ചൊവ്വയും എല്ലാം കുട്ടികളിലൂടെ, മാഷിലൂടെ പാപ്പൂട്ടി മാഷ് അവതരിപ്പിക്കുന്നു.
ഷിജു കാട്ടിമൂലയുടെ സൈനുവിന് ചിരിക്കാന്‍ വയ്യ ഇന്നത്തേയും കാഴ്ചകളാണ്...കുട്ടികളുടെ മനസ്സില്‍ നന്മയുടെ ഒരു കൊച്ചു തിരിനാളം തെളിയാക്കാന്‍ ഈ കഥക്കാവും.
ISBN എന്ന പുസ്തക സൂചകം ശാന്ത കുമാരി പരിചയപ്പെടുത്തുന്നു, എന്താണ് ഐ.എസ്.ബി.എന്‍. എന്ന ലേഖനത്തിലൂടെ.
കുസൃതിക്കുറുമ്പി എന്ന പൂച്ചയെ കുട്ടികള്‍ക്ക് ഇഷ്ടമാവും തീര്‍ച്ച. കളിക്കാന്‍ വിളിച്ചില്ലായിരുന്നെങ്കിലോ എന്ന കഥയിലൂടെ സി.എ. രഞ്ജിത്ത് മൂത്തകുന്നം ഒരു കുട്ടിക്കഥ പറയുകയാണ്.
൦൮-൦൮-൦൮ എന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ചൈനയില്‍ ദീപം തെളിയുന്ന ഒളിമ്പിക്സിന്‍റെ ചരിത്രം അണ്ണന്‍ ഒളിമ്പിക്സിന്‍റെ വിജയഗാഥയിലൂടെ വിശദീകരിക്കുന്നു.
കുട്ടികളുടെ സ്വന്തം പംക്തിയായ ചുവടുകള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പുതുതലമുറയെ പരിചയപ്പെടുത്തുന്നു. ഹിശങ്കര്‍ പി.ആര്‍ ന്‍റെ സ്വാതന്ത്ര്യ ദിനത്തലേന്ന് സ്വാതന്ത്ര്യമില്ലാത്ത വളര്‍ത്തു മൃഗങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിക്കുന്നു. കവിത മനോഹര്‍ എഴുതിയ ഒരു നെല്‍വയലിന്‍റെ ആത്മനൊമ്പരങ്ങള്‍ സമകാലീന സമൂഹത്തിന്‍റെ കണ്ണുതുറപ്പിച്ചെങ്കില്‍ എന്ന് അറിയാതെ ഓര്‍ത്തു പോകുന്നു.
വിഷ്ണു എം വി യുടെ ഇരുള്‍ എന്ന കവിതയും ചുവടുകളുടെ മാറ്റ് കൂട്ടുന്നു. രതീഷ് കാളിയാടന്‍റെ ഞായറിന്‍റെ വില ചരിത്രവും ശാസ്ത്രവും കൃഷിയും എല്ലാം പങ്കുവയ്ക്കുന്നു. ലളിതമായും സരസമായും അവതരിപ്പിച്ചിരിക്കുന്നു.
ആമിനക്കുട്ടിയുടെ ആവലാതി പുസ്തകം പതിവു പോലെ കുട്ടികളുടെ ആവലാതികള്‍ പങ്കുവയ്ക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പി. രാധാകൃഷ്ണന്‍ എഴുതുന്ന പരമ്പരയാണിത്.മനോഹരന്‍ കെ മാമൂക്കോയ എഴുതിയ കവിതയെ പരിചയപ്പെടുത്തുന്നു അനുഭവങ്ങളുടെ ചൂടുകൊണ്ട് അടയിരുന്നാല്‍ മാത്രമേ കവിതയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയൂ..
എത്ര ശരിയെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാവും.

പിന്നെ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്‍റെ ജാതി എന്ന കവിത, പദപ്രശ്നം, എം കൃഷ്ണദാസിന്‍റെ കടങ്കഥ പയറ്റ്, ദൂരദര്‍ശിനി എന്ന സുരഭിവചനയുടെ പത്രം, സിന്ധു എന്‍.പി യുടെ മാമ്പഴക്കാലം എന്ന കവിത,ചിത്രകൌതുകം,ഡി.സുചിത്രന്‍റെ കുന്നുമൊഴി എന്ന കവിത, രാമകൃഷ്ണന്‍ കുമാരനെല്ലൂരിന്‍റെ കാവ്യരേണുക്കള്‍ , സതീഷിന്‍റെ കാര്‍ട്ടൂണ്‍ പംക്തി മണിമുത്തുകള്‍ എന്നിവയും ഈ ലക്കത്തിലുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ യുറീക്കയോട് പറയുന്ന കത്തുകള്‍ കുട്ടികളുടെ മനസ്സിന്‍റെ നിഷ്കളങ്കത എടുത്തു കാണിക്കുന്നു.

ഇനിയുമുണ്ട് യുറീക്കക്ക് നിങ്ങളോടു പറയാന്‍......
വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..