Showing posts with label ചങ്ങാതിക്കൂട്ടം. Show all posts
Showing posts with label ചങ്ങാതിക്കൂട്ടം. Show all posts

Wednesday, July 21, 2010

ചങ്ങാതിക്കൂട്ടം 2010 - സമാപിച്ചു

ശാസ്ത്രവും, കലയും, സംസ്കാരവും, വിനോദവും സമന്വയിപ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ ജൂലൈ 13 മുതല്‍ 16 വരെ നടന്ന പരിപാടിക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആര്‍ത്തുല്ലസിച്ച കൂട്ടുകാര്‍ക്ക് സുകുമാരന്‍ മാസ്റ്റര്‍, ദിവാകരന്‍, നിര്‍മ്മല്‍ കുമാര്‍, ഗണേഷ് എന്നിവരെ കൂടാതെ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തകരും നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കളും ചങ്ങാതിക്കൂട്ടത്തിന്റെ രസം നുകര്‍ന്നു. നാലു വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടി വിനോദം എങ്ങിനെ വിജ്ഞാനപ്രദമാക്കാമെന്നതിന്റെ മനോഹരമായ ഒരു രേഖാചിത്രമായിരുന്നു.കളിമൂലയിലെ കൊച്ചു കൊച്ചു കളികളിലൂടെ നിരീക്ഷണപാഠവം എങ്ങിനെ വളര്‍ത്തിയെടുക്കാമെന്ന് കൂട്ടുകാരെ ബോധ്യപ്പെടുത്തി. അറിവും വിജ്ഞാനവും നിത്യജീവിതത്തില്‍ പ്രയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് പകര്‍ന്ന് നല്‍കിയ ശാസ്ത്രപരീക്ഷണങ്ങള്‍ ശാസ്ത്രമൂലയെ ശ്രദ്ധേയമാക്കി. ശാരീരിക മാനസീക ഭാവങ്ങള്‍ എങ്ങിനെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്നും നടനത്തിന്റെ പ്രായോഗിക സാധ്യതകളെന്താണെന്നും അന്വേഷിച്ച അഭിനയമൂല വ്യക്തിത്വ വികാസത്തിന്റെ പരീക്ഷണ ശാലയായി. ശാസ്ത്രത്തെ പരിപോഷിപ്പിച്ച, പുനര്‍നിര്‍മ്മിച്ച ശാസ്ത്രജ്ഞരേയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തിയ പ്രദര്‍ശനം കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി. ഷാഹുല്‍, ഭൂഷണ്‍, ഗണേഷ്, സുനില്‍ എന്നീ കലാകാരന്മാര്‍ ചേര്‍ന്ന് വരമൂലയെ അര്‍ത്ഥവത്താക്കി. തികച്ചും ശാസ്ത്രീയമായ ഒരു പാഠ്യപദ്ധതിയിലൂടെ മാത്രമെ ആരോഗ്യപരമായ ഒരു സമൂഹത്തെ വളര്‍ത്തിയെടു ക്കാനാവൂ എന്നും അപരന്റെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ സ്വന്തം വിശ്വാസത്തിന്റെ മഹത്വം ബോധ്യപ്പെടൂ എന്നും രക്ഷാകതൃസദസ്സില്‍ സുകുമാരന്‍ മാസ്റ്റര്‍ നിരീക്ഷിച്ചു. ശാസ്ത്രീയമായൊരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്തരം ചങ്ങാതിക്കൂട്ടങ്ങളെന്ന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

“ആദ്യദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ മകള്‍ ഇന്നുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി” എന്ന ഒരു രക്ഷിതാവിന്റെ പ്രതികരണം സംഘാടകര്‍ക്കാവേശമായി. വര്‍ഷത്തിലൊരിക്കലല്ല മാസത്തിലൊരിക്കലെങ്കിലും ഇത്തരം ചങ്ങാതിക്കൂട്ടം വേണമെന്ന ആവശ്യവും സദസ്സില്‍ നിന്നുയര്‍ന്നു.

Thursday, July 2, 2009

ഷാര്‍ജ ചങ്ങാതിക്കൂട്ടത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം


ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നണ് ബാലവേദി. കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കാനും അവരുടെ പഠനത്തില്‍ സഹായിച്ചുകൊണ്ട് കൂടുതല്‍ നല്ല അന്വേഷകരാകാനും, പരസ്പര സ്നേഹവും, ത്യാഗമനോഭാവവും വളര്‍ത്തി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശം നല്‍കാനും ബാലവേദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാസികളായ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ അന്യമായ ഒരു മേഖലയായണ് അനുഭവം. ഗള്‍ഫിലെ പ്രത്യേക സാഹചര്യങ്ങളില്‍ ബാലവേദി പ്രവര്‍ത്തനം വളരെ പരിമിതമാണ്, എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍, ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. സംഘടിപ്പിച്ചു വരുന്ന വേനലവധിക്കാലത്തെ ഏകദിന ബാലവേദി ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' ഇതിനകം തന്നെ രക്ഷിതാക്കളുടെയും, കുട്ടികളുടെയും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.





ചാള്‍സ് ഡാര്‍വ്വിന്റെ ഇരുനൂറാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന പുസ്തകത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികവും, ഗലീലിയോ ടെലിസ്കോപ്പിന്റെ നാനൂറാം വാര്‍ഷികവും, ഹോമി ജെ ഭാഭയുടെ നൂറാം ജന്മവാര്‍ഷികവും ജെ.സി.ബോസിന്റെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികവും ഒത്തുചേര്‍ന്ന് വരുന്ന 2009 ലെ ചങ്ങാതിക്കൂട്ടം ജൂലൈ 10 – ന് വെള്ളിയാഴ്ച്ച ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് രാവിലെ 9മുതല്‍ വൈകീട്ട് 5 വരെ നടത്തുകയാണ്.

ഡാര്‍വ്വിന്റെയും ഗലീലിയോയുടെയും കെപ്ലറുടെയും ഭാഭയുടെയും ഒക്കെ ജീവിതാനുഭവങ്ങളില്‍ നിന്ന്, ഇന്നു ശാസ്ത്രവും, സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുന്ന നിരവധി സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അവര്‍ നേരിട്ട വെല്ലുവിളികളുടെയും വിശദവിവരങ്ങള്‍ സമൂഹത്തിലെത്തിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടു ത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ഇവരുടെ ശാസ്ത്ര സംഭാവനകള്‍ അക്കമിട്ടു കണാപ്പാഠം പഠിക്കുക മാത്രമായി നമ്മുടെ ശാസ്ത്രപഠനം ഒതുങ്ങിപോകാറുണ്ട്. അതിനപ്പുറം കടന്ന് അവര്‍ എങ്ങിനെയുള്ള മനുഷ്യരായിരുന്നു, അവര്‍ എങ്ങിനെയാണ് ശാസ്ത്രത്തിന്റെ വഴി തെരെഞ്ഞെടുത്തത്, അതില്‍ അവര്‍ നേരിട്ട എതിര്‍പ്പുകളും തടസ്സങ്ങളും എന്തൊക്കെയായിരുന്നു, അവരുടെ കണ്ടെത്തലുകളെ സമൂഹം എങ്ങിനെയാണ് സ്വീകരിച്ചത്, അവയെ അവര്‍ എങ്ങിനെ മറികടന്നു, അവരുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങനെയാണ് മാറ്റിമറിച്ചത് എന്നിവയൊക്കെ ഈ രംഗത്തു മുന്നോട്ടുപോകാന്‍ ഓരോ ശാസ്ത്രകുതുകിയേയും സഹായിക്കുന്ന അറിവുകളാണ്.

... ചങ്ങാതിക്കൂട്ടത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം ...

ഈ ഏകദിന ബാലോത്സവത്തില്‍ പങ്കെടുക്കുവാനും,
കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
050-4550751 ഷോബിന്‍
050-4889076/06-5329014 അഞ്ജലി