Showing posts with label പ്രവര്‍ത്തക ക്യാമ്പ്. Show all posts
Showing posts with label പ്രവര്‍ത്തക ക്യാമ്പ്. Show all posts

Wednesday, September 14, 2011

പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

മറ്റൊരു കേരളത്തിനായ്

വിപുലമായ വികസന കാമ്പയിന്‍ സംഘടിപ്പിക്കും

മീനങ്ങാടി : 'വേണം മറ്റൊരു കേരളം' എന്ന പേരില്‍ വിപുലമായമായൊരു വികസന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനിച്ചു. കേരളത്തില്‍ ഇന്നു പ്രചരിച്ചു വരുന്ന വികസന നിലപാടും പ്രവര്‍ത്തനങ്ങളും, സംസ്ഥാനം നേരിടുന്ന ഉദ്പ്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയങ്ങള്‍, മാഫിയാവത്കരണം, പ്രകൃതി വിഭവധൂര്‍ത്ത് എന്നിവയൊന്നും പരിഹരിക്കാന്‍ സഹായകമല്ല. മാത്രമല്ല ഇന്നത്തെ രീതി ജീവിത സംഘര്‍ഷങ്ങളും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതുമാണ്. വികസനത്തെ സാമ്പത്തിക വളര്‍ച്ചാനിരക്കുമായി മാത്രം ബന്ധപ്പെടുത്തി നേട്ട കോട്ടങ്ങള്‍ കണക്കാക്കുന്നതിന് പകരം ജനങ്ങളുടെ മൊത്തത്തിലുള്ള സാമൂഹ്യ സാംസ്കാരിക പ്രക്രിയായി കാണണമെന്ന് പരിഷത്ത് കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.

കേരളത്തിലെ മണ്ണും സംസ്കാരവും വലിയതോതില്‍ കടന്നാക്രമിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുകയാണ്. ഇന്നത്തെ നവലിബറല്‍ നയങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം വര്‍ധിപ്പിക്കുന്നു. പുറം വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്നതും ഉപഭോഗത്തിലും ഊഹക്കച്ചവടത്തിലും ഊന്നുന്നതുമായ ഇന്നത്തെ വികസന സമീപനം സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളെയും അധ്വാനശേഷിയേയും ശാസ്ത്രീയമായി വികസിപ്പിക്കുകയോ വിന്യസിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തുകയാണ് പരിഷത്ത് കാമ്പയിന്റെ മുഖ്യലക്ഷ്യം.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നതാണ് വികസന കാമ്പയിന്റെ ഒന്നാം ഘട്ടം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 31ന് തൃശൂരില്‍ നടക്കും. കേരളപ്പിറവി ദിനത്തില്‍ പരിഷത്തിന്റെ 136 മേഖലാതലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗൃഹസന്ദര്‍ശനം, പ്രാദേശിക വികസന പ്രശ്നങ്ങള്‍ കണ്ടെത്തല്‍, പ്രശ്നപഠനം, ജനകീയ ഇടപെടല്‍, ശാസ്ത്രപുസ്തക- മാസികാ പ്രചരണം, പ്രാദേശിക ജാഥകള്‍, വീട്ടുമുറ്റക്ലാസുകള്‍, കലാജാഥ എന്നിയൊക്കെ ഇക്കാലയളവില്‍ നടത്തും.

സംസ്ഥാന പദയാത്ര: വികസന കാമ്പയിന്റെ ഭാഗമായി 2012 ജനുവരിയില്‍ സംസ്ഥാനതലത്തിലുള്ള പദയാത്ര സംഘടിപ്പിക്കും. വളരെ വിപുലമായ രണ്ടു കാല്‍നട പ്രചരണ ജാഥകളാണ് നടത്തുന്നത്. കാസര്‍ക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നാരംഭിച്ച് എറണാകുളത്തു സമാപിക്കുന്നതായിരിക്കും പദയാത്ര. കേരളത്തിന്റെ ഇന്നത്തെ പോക്ക് ശരിയല്ലെന്ന് കരുതുന്ന എല്ലാ കലാ-സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകരേയും ഈ കാമ്പയിനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും.

സെപ്തംബര്‍ മൂന്നു മുതല്‍ മൂന്നു ദിവസമായി നടന്നുവന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. വികസന കാമ്പയിന്റെ ആസൂത്രണം, ശാസ്ത്രപ്രചരണം സംബന്ധിച്ച ക്ലാസ്, സംഘടനാ അവലോകനം, ശാസ്ത്രത്തിന്റെ സാമൂഹ്യ ധര്‍മം എന്ന ജെ ഡി ബര്‍ണാലിന്റെ ഗ്രന്ഥത്തെ പരിചയപ്പെടുത്തല്‍ എന്നിവയെല്ലാം ക്യാമ്പില്‍ നടക്കുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രൊ കെ പാപ്പുട്ടി, ഡോ എം പി പരമേശ്വരന്‍, ഡോ കെ എന്‍ ഗണേഷ്, ടി ഗംഗാധരന്‍, പ്രൊ ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ക്യാമ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

കെ ടി രാധാകൃഷ്ണന്‍ ടി പി ശ്രീശങ്കര്‍

പ്രസിഡന്റ് ജനറല്‍ സെക്രട്ടറി



Sunday, September 21, 2008

പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തകക്യാമ്പ്‌

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തകക്യാമ്പ്‌ സപ്‌തംബര്‍ 21ന്‌ മലപ്പുറം പരിഷത്ത്‌ഭവനിലും എകൈ്‌സസ്‌ ഭവനിലുമായി നടക്കും. കേന്ദ്രനിര്‍വാഹക സമിതിയംഗം പ്രൊഫ. കാവുമ്പായി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്യും.

Sunday, September 7, 2008

പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം: ഡോ. അനിത റാംപാല്‍

ആലപ്പുഴ: ദേശീയതലത്തിലും കേരളത്തിലും തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ മികവു നിലനിര്‍ത്തി ഇനിയും മെച്ചപ്പെടുത്തണമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അനിതാ റാംപാല്‍ പറഞ്ഞു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മുഹമ്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദേശീയ തലത്തില്‍ പുതിയ പാഠ്യപദ്ധതി ചട്ടക്കുടിനു രൂപം കൊടുത്തത് എന്‍സിഇആര്‍ടിയാണ്. എന്നാല്‍ അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയില്‍ തന്നെയാണ്. കുട്ടി എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കളും സ്വീകരിക്കാത്തതാണ് ഇതിനു കാരണം. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം. പാഠപുസ്തക രചന ശ്രമകരമായ പ്രവര്‍ത്തനമാണ്. ഏറ്റവും പ്രഗത്ഭയായ ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുള്ള ചരിത്ര പാഠപുസ്തകം രചിക്കുക വെല്ലുവിളിയാണ്. വിഷയത്തിലെ വിദഗ്ധരും ബോധനശാസ്ത്രത്തില്‍ അവഗാഹമുള്ളവരും അധ്യാപന പരിചയമുള്ളവരും ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണസ്വഭാവമുള്ള പ്രവര്‍ത്തനത്തില്‍ രൂപം കൊള്ളുന്നതാകണം അത്. കുട്ടി സാമൂഹികമായി എങ്ങനെയാണ് അറിവു നിര്‍മിക്കുന്നതെന്ന് മനസ്സിലാക്കിയവരാകണം പാഠപുസ്തകം എഴുതേണ്ടത്. പാഠപുസ്തക രചനയിലും പരീഷാരീതിയിലും കേരളം വികസിപ്പിച്ചെടുത്ത മാതൃകകള്‍ ശ്രദ്ധേയമാണ്്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം ഇനിയും മുന്നോട്ടുപോകണം. അറിവു വിദഗ്ധരില്‍ മാത്രം ഒതുങ്ങുന്നില്ല. പാടത്തും പറമ്പിലും ഗ്രാമീണജീവിതത്തിന്റെ എല്ലാ മേഖലകളിലും പലവിധ അറിവുകളുണ്ട്. ഇവയുമായി ഉദ്ഗ്രഥിച്ചുകൊണ്ടാകണം ശാസ്ത്രീയമായ അറിവിന്റെ നിര്‍മാണം. തര്‍ജമയിലെ പ്രശ്നങ്ങള്‍ ഭീകരമാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭാഷാനയം ഉണ്ടാകണം- അവര്‍ പറഞ്ഞു. പി വി പുരുഷോത്തമന്‍ രചിച്ച വിഗോട്സ്കിയും വിദ്യാഭ്യാസവും എന്ന പുസ്തകം ഡോ. കെ എന്‍ ആനന്ദനു നല്‍കി അനിതാ റാംപാല്‍ പ്രകാശിപ്പിച്ചു. പരിഷത്ത് പ്രസിഡന്റ് പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഭാസ്കരന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കവീനര്‍ പി വി വിനോദ് നന്ദിയും പറഞ്ഞു. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന 25 പുസ്തകങ്ങളടങ്ങിയ പുസ്തകമഴ 25 കൊച്ചുകുട്ടികള്‍ക്ക് പുസ്തകം നല്‍കി ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രകാശിപ്പിച്ചു. ബാലസാഹിത്യകാരി വിമലാ മേനോന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. രാജലക്ഷ്മി അധ്യക്ഷയായിരുന്നു. ഡി എം മുരളീധരന്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി.

Tuesday, September 2, 2008

വിദ്യാഭ്യാസ ജാഥ

മാവേലിക്കര: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്‌ മുന്നോടിയായി സംഘടിപ്പിച്ച വിദ്യാഭ്യാസ ജാഥ മാവേലിക്കര മേഖലയിലെ ചെട്ടികുളങ്ങര, തട്ടാരമ്പലം, മാവേലിക്കര ടൗണ്‍, മാങ്കാംകുഴി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം ജഗജീവന്‍, ജില്ലാ പ്രസിഡന്റ്‌ എസ്‌.മധുകുമാര്‍, ജോയിന്റ്‌ സെക്രട്ടറി റെജി ശാമുവല്‍, മേഖലാ പ്രസിഡന്റ്‌ പി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, September 1, 2008

വേമ്പനാട്‌ സംരക്ഷണ കണ്‍വെന്‍ഷന്‍

മുഹമ്മ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായി വേമ്പനാട്‌ കായല്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഡോ. കെ.എസ്‌. മനോജ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. കര്‍മ പരിപാടി പ്രഖ്യാപനം പ്രൊഫ. എം.കെ. പ്രസാദ്‌ നടത്തി. തുടര്‍ന്ന്‌ അഖിലകേരള ധീവരസഭ പ്രസിഡന്റ്‌ വി. ദിനകരന്‍, എ. ശിവരാജന്‍, ജലജ ചന്ദ്രന്‍ എന്നിവരും പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഇ.കെ. ഭാസ്‌കരന്‍, എ.എം. ഹനീഫ്‌, കെ.കെ. ചെല്ലപ്പന്‍, കെ. ഷാനിമോന്‍ എന്നിവര്‍ പ്രതികരണം നടത്തി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി. ജയരാജ്‌, സ്വാഗതസംഘം കണ്‍വീനര്‍ സി.ഡി. ഷാജികുമാര്‍ നന്ദിയും പറഞ്ഞു.