Sunday, September 7, 2008

പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം: ഡോ. അനിത റാംപാല്‍

ആലപ്പുഴ: ദേശീയതലത്തിലും കേരളത്തിലും തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ മികവു നിലനിര്‍ത്തി ഇനിയും മെച്ചപ്പെടുത്തണമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അനിതാ റാംപാല്‍ പറഞ്ഞു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മുഹമ്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദേശീയ തലത്തില്‍ പുതിയ പാഠ്യപദ്ധതി ചട്ടക്കുടിനു രൂപം കൊടുത്തത് എന്‍സിഇആര്‍ടിയാണ്. എന്നാല്‍ അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയില്‍ തന്നെയാണ്. കുട്ടി എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കളും സ്വീകരിക്കാത്തതാണ് ഇതിനു കാരണം. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം. പാഠപുസ്തക രചന ശ്രമകരമായ പ്രവര്‍ത്തനമാണ്. ഏറ്റവും പ്രഗത്ഭയായ ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുള്ള ചരിത്ര പാഠപുസ്തകം രചിക്കുക വെല്ലുവിളിയാണ്. വിഷയത്തിലെ വിദഗ്ധരും ബോധനശാസ്ത്രത്തില്‍ അവഗാഹമുള്ളവരും അധ്യാപന പരിചയമുള്ളവരും ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണസ്വഭാവമുള്ള പ്രവര്‍ത്തനത്തില്‍ രൂപം കൊള്ളുന്നതാകണം അത്. കുട്ടി സാമൂഹികമായി എങ്ങനെയാണ് അറിവു നിര്‍മിക്കുന്നതെന്ന് മനസ്സിലാക്കിയവരാകണം പാഠപുസ്തകം എഴുതേണ്ടത്. പാഠപുസ്തക രചനയിലും പരീഷാരീതിയിലും കേരളം വികസിപ്പിച്ചെടുത്ത മാതൃകകള്‍ ശ്രദ്ധേയമാണ്്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം ഇനിയും മുന്നോട്ടുപോകണം. അറിവു വിദഗ്ധരില്‍ മാത്രം ഒതുങ്ങുന്നില്ല. പാടത്തും പറമ്പിലും ഗ്രാമീണജീവിതത്തിന്റെ എല്ലാ മേഖലകളിലും പലവിധ അറിവുകളുണ്ട്. ഇവയുമായി ഉദ്ഗ്രഥിച്ചുകൊണ്ടാകണം ശാസ്ത്രീയമായ അറിവിന്റെ നിര്‍മാണം. തര്‍ജമയിലെ പ്രശ്നങ്ങള്‍ ഭീകരമാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭാഷാനയം ഉണ്ടാകണം- അവര്‍ പറഞ്ഞു. പി വി പുരുഷോത്തമന്‍ രചിച്ച വിഗോട്സ്കിയും വിദ്യാഭ്യാസവും എന്ന പുസ്തകം ഡോ. കെ എന്‍ ആനന്ദനു നല്‍കി അനിതാ റാംപാല്‍ പ്രകാശിപ്പിച്ചു. പരിഷത്ത് പ്രസിഡന്റ് പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഭാസ്കരന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കവീനര്‍ പി വി വിനോദ് നന്ദിയും പറഞ്ഞു. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന 25 പുസ്തകങ്ങളടങ്ങിയ പുസ്തകമഴ 25 കൊച്ചുകുട്ടികള്‍ക്ക് പുസ്തകം നല്‍കി ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രകാശിപ്പിച്ചു. ബാലസാഹിത്യകാരി വിമലാ മേനോന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. രാജലക്ഷ്മി അധ്യക്ഷയായിരുന്നു. ഡി എം മുരളീധരന്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി.

2 comments:

  1. എന്‍സിഇആര്‍ടിയാണ്. എന്നാല്‍ അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയില്‍ തന്നെയാണ്. കുട്ടി എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കളും സ്വീകരിക്കാത്തതാണ് ഇതിനു കാരണം. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം. പാഠപുസ്തക രചന ശ്രമകരമായ പ്രവര്‍ത്തനമാണ്. ഏറ്റവും പ്രഗത്ഭയായ ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുള്ള ചരിത്ര പാഠപുസ്തകം രചിക്കുക വെല്ലുവിളിയാണ്. വിഷയത്തിലെ വിദഗ്ധരും ബോധനശാസ്ത്രത്തില്‍ അവഗാഹമുള്ളവരും അധ്യാപന പരിചയമുള്ളവരും ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണസ്വഭാവമുള്ള പ്രവര്‍ത്തനത്തില്‍ രൂപം കൊള്ളുന്നതാകണം അത്. കുട്ടി സാമൂഹികമായി എങ്ങനെയാണ് അറിവു നിര്‍മിക്കുന്നതെന്ന് മനസ്സിലാക്കിയവരാകണം പാഠപുസ്തകം എഴുതേണ്ടത്. പാഠപുസ്തക രചനയിലും പരീഷാരീതിയിലും കേരളം വികസിപ്പിച്ചെടുത്ത മാതൃകകള്‍ ശ്രദ്ധേയമാണ്്......

    ReplyDelete
  2. ശരിയാണ് റഫീക്ക് മാഷേ...

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക