Tuesday, September 9, 2008

സ്വാശ്രയ വിദ്യാഭ്യാസത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അനുകൂലിക്കുന്നുവെന്ന പ്രചാരണം തെറ്റ്

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വാര്‍ത്തകള്‍

(മാതൃഭൂമി)
പുതിയ വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപംനല്‍കും -ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌
ചേര്‍ത്തല: സമഗ്രമായ പുതിയൊരു വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപംനല്‍കാനും നവ ലിബറല്‍ ആശയങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രാദേശികമായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്താന്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കാനും മുഹമ്മയില്‍ ചേര്‍ന്ന കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ തീരുമാനിച്ചു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗത്ത്‌ കഴിഞ്ഞ ദശകങ്ങളിലുണ്ടായ മാറ്റങ്ങളും വിലയിരുത്തിക്കൊണ്ടാണ്‌ വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപം നല്‍കുന്നത്‌. കേരളത്തില്‍ വിദ്യാഭ്യാസം കച്ചവടവത്‌കരിക്കാനും വര്‍ഗീയവത്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ഏറെ ശക്തമാണ്‌. ഇതര ജാതി-മതങ്ങളില്‍പ്പെട്ട സമപ്രായക്കാരോട്‌ സംസാരിക്കാന്‍പോലും വിദ്യാര്‍ഥികള്‍ക്ക്‌ ഇടനല്‍കാതെയാണ്‌ ജാതി-മത കക്ഷികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഗുണഭോക്താക്കള്‍തന്നെ വിദ്യാഭ്യാസത്തിന്റെ ചെലവ്‌ വഹിക്കണമെന്ന ലോകബാങ്ക്‌ ആശയമാണ്‌ സ്വാശ്രയ കോളേജുകളിലൂടെ നടപ്പാക്കുന്നതെന്ന്‌ ക്യാമ്പ്‌ വിലയിരുത്തി.

തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ്‌ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്‌. ഒപ്പം ശാസ്‌ത്ര ക്ലാസുകള്‍, പുസ്‌തകപ്രചാരണം, പ്രദര്‍ശനങ്ങള്‍ എന്നിവയും നടത്തും. നാടന്‍കലകള്‍, നാട്ടിലെ ഉത്‌പന്നങ്ങള്‍, കളികള്‍, കരകൗശല വിദ്യകള്‍, സാങ്കേതിക സംരംഭങ്ങള്‍, പണിയായുധങ്ങള്‍, ഭക്ഷണരീതി എന്നിവയിലെ വൈവിധ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കാലികമായ പരിഷ്‌കരണ സാധ്യതകള്‍ ആരായുകയും സംരക്ഷിക്കുകയും ചെയ്യും. 2008 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്‌ ശാസ്‌ത്ര-സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്‌.

സ്വാശ്രയ വിദ്യാഭ്യാസത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അനുകൂലിക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണ്‌. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ചര്‍ച്ചാരേഖ സമൂലമായ മാറ്റങ്ങള്‍വരുത്തി പരിഷ്‌കരിക്കണമെന്നതാണ്‌ പരിഷത്തിന്റെ അഭിപ്രായം. പരിഷത്തിന്റെ പ്രതികരണം അടുത്ത ദിവസംതന്നെ സമര്‍പ്പിക്കും.

ബീഹാര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളും സംഘടനകളും ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന്‌ ക്യാമ്പ്‌ അഭ്യര്‍ഥിച്ചു. മെഡിക്കല്‍ ടീമിനെ അയയ്‌ക്കാനും ഔഷധങ്ങള്‍ സംഭരിക്കാനും സാമ്പത്തിക സമാഹരണം നടത്താനും ക്യാമ്പ്‌ തീരുമാനിച്ചു.

(ദേശാഭിമാനി)

പരിഷത്ത് സാംസ്കാരികോത്സവം സംഘടിപ്പിക്കും

ആലപ്പുഴ: പ്രാദേശികമായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തില്‍ ഒരു മാസത്തെ സാംസ്കാരിക പരിപാടിക്കൊപ്പം ശാസ്ത്ര ക്ളാസും പുസ്തക പ്രചാരണവും പ്രദര്‍ശനവും നടത്തും. മുഹമ്മയില്‍ മൂന്നു ദിവസമായി ചേര്‍ന്ന പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് പരിപാടിക്ക് രൂപം നല്‍കി. പ്രാദേശിക സംസ്കാരങ്ങളെ തകര്‍ത്തും കമ്പോളവല്‍ക്കരിച്ചും ചേക്കേറുന്ന നവലിബറല്‍ നയങ്ങളെ പ്രതിരോധിക്കേണ്ടത് പ്രാദേശിക ഇടപെടല്‍ വഴിയും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചുമാകണമെന്ന് പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി വി വിനോദും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനുള്ള ചില ശക്തികളുടെ ശ്രമം കേരളത്തില്‍ ശക്തമാണ്. ഇതോടൊപ്പം കമ്പോള താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കുന്ന നവലിബറല്‍ കടന്നാക്രമണം കൂടിയാകുമ്പോള്‍ എല്ലാ മൂല്യബോധവും തകരും. ഗുണഭോക്താക്കള്‍തന്നെ വിദ്യാഭ്യാസത്തിന്റെ ചെലവ് വഹിക്കണമെന്ന ലോകബാങ്ക് ആശയമാണ് സ്വാശ്രയ കോളേജുകളിലൂടെ നടപ്പാകുന്നത്. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന് പരിഷത്തിന്റെ പിന്തുണ എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ മാറ്റവും വിലയിരുത്തി സമഗ്രമായ പുതിയ വിദ്യാഭ്യാസ രേഖയ്ക്ക് പരിഷത്ത് രൂപം നല്‍കും. ബിഹാറില്‍ പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കാനും പരിഷത്ത് തീരുമാനിച്ചു.

(മനോരമ)
പുതിയ വിദ്യാഭ്യാസരേഖയ്ക്കു പരിഷത്ത് രൂപം നല്‍കും(മനോരമ)

മുഹമ്മ: കേരളത്തിലെ വിദ്യാഭ്യാസ രംഗം കച്ചവടവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ളശ്രമങ്ങള്‍ മറ്റെന്നത്തെക്കാളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ പുതിയൊരു വിദ്യാഭ്യാസ രേഖയ്ക്കു രൂപം കൊടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രവര്‍ത്തക ക്യാംപ് തീരുമാനിച്ചു. വിദ്യാഭ്യാസ രംഗത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ഉണ്ടായ മാറ്റങ്ങളും വിലയിരുത്തിയായിരിക്കും വിദ്യാഭ്യാസ രേഖ തയാറാക്കുക.

സ്വാശ്രയ വിദ്യാഭ്യാസത്തിനു പരിഷത് എതിരാണ്. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കരടുരേഖ പരിഷ്കരിക്കണമെന്നാണു പരിഷത്തിന്റെ നിലപാട്. നവലിബറല്‍ ആശയങ്ങളുടെ കടന്നാക്രമണത്തിനെതിരെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ശാസ്ത്ര സാംസ്കാരികോല്‍സവം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി വി. വിനോദ് എന്നിവര്‍ പറഞ്ഞു.

-ദേശാ‍ഭിമാനി

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസരേഖ തയ്യാറാക്കും
ആലപ്പുഴ:
വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള വലിയ മാറ്റം കണക്കിലെടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയ വിദ്യാഭ്യാസ രേഖ തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്് പ്രൊഫ.ടി പി കുഞ്ഞിക്കണ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഹമ്മയില്‍ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം കരട് തയ്യാറാക്കി പൊതുചര്‍ച്ചക്ക് നല്‍കും. ക്യാമ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌസിലിന്റെ കരട് രേഖയിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് കൌസില്‍ സെക്രട്ടറി പ്രൊഫ. തോമസ് ജോസഫ് ക്ളാസ് എടുത്തു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വൈവിധ്യവല്‍ക്കരണം, സ്കൂള്‍തല മൂല്യനിര്‍ണയം, സ്കൂള്‍ വിദ്യാഭ്യാസവ്യവസ്ഥയുടെ വികേന്ദ്രീകരണവും ജനാധിപത്യവല്‍ക്കരണവും, പാഠ്യപദ്ധതിയും പാഠപുസ്തകവും എന്നീ വിഷയങ്ങള്‍ യഥാക്രമം ടി പി കലാധരന്‍, പി വി പുരുഷോത്തമന്‍, ടി ഗംഗാധരന്‍, സി മധുസൂതനന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചകളിലെ നിഗമനങ്ങള്‍ ഡോ. കെ എന്‍ ഗണേശ് ക്രോഡീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൌസിലിന്റെ കരട് രേഖയോട് പൊതുവെ യോജിപ്പ് പ്രകടിപ്പിച്ച പ്രതിനിധികള്‍ രേഖ അപര്യാപ്തമാണെന്നും കൂടുതല്‍ സമഗ്രമാക്കണമെന്നും നിര്‍ദേശിച്ചു. അടുത്ത ആറുമാസത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. നവംബറില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ എല്ലാ മേഖലയിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള പ്രാദേശിക കൂട്ടായ്മകളായ ശാസ്ത്ര സാംസ്കാരിക ഉത്സവങ്ങളാണ് പ്രധാന ഭാവി പരിപാടി. പ്രവര്‍ത്തക ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

-മാതൃഭൂമി

മതന്യൂനപക്ഷങ്ങള്‍ക്ക്‌ കച്ചവടക്കണ്ണെന്ന്‌. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ പരിഷത്തിന്റെ പിന്തുണ

മുഹമ്മ (ആലപ്പുഴ): സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പിന്തുണ. കേരളത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ സ്വാശ്രയവിദ്യാഭ്യാസം ഒഴിവാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ്‌ പരിഷത്ത്‌. പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച കരടുനയം സംബന്ധിച്ച ചര്‍ച്ചയിലാണീ നിര്‍ദേശങ്ങള്‍. ഫിബ്രവരിയില്‍ പാലക്കാടു ചേരുന്ന പരിഷത്ത്‌ വാര്‍ഷികസമ്മേളനത്തില്‍ കരടുരേഖ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്തും.

മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനക്യാമ്പ്‌ ചര്‍ച്ച ചെയ്‌തു. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത്‌ ന്യൂനപക്ഷങ്ങളാണ്‌. ഇപ്പോള്‍ അവര്‍ കച്ചവടക്കണ്ണോടെ വിദ്യാഭ്യാസമേഖലയെ ചൂഷണം ചെയ്യുകയാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. യു.ആര്‍. ആനന്ദമൂര്‍ത്തി ചെയര്‍മാനായി തയ്യാറാക്കിയ കരടുരേഖ ചര്‍ച്ചയില്‍ പ്രധാനവിഷയമായി. സ്ഥാപനങ്ങളുടെ ഭരണം, പ്രവേശനം, ഫീസ്‌ പിരിവ്‌ എന്നിവയില്‍ കച്ചവടക്കണ്ണാണ്‌ ഉള്ളതെന്നാണ്‌ കരടുരേഖയിലുള്ളത്‌. നൂനപക്ഷം എന്നതിന്‌ മതം, സാമ്പത്തികം എന്നിവ പരിഗണിച്ച്‌ പ്രത്യേക നിര്‍വചനം വേണമെന്നാണ്‌ പരിക്ഷത്തിന്റെ നിലപാട്‌.

പ്രധാനമായി 12 ഇനവിഷയങ്ങളാണ്‌ സംസ്ഥാനക്യാമ്പ്‌ ഗ്രൂപ്പുചര്‍ച്ചക്കു വച്ചത്‌. കരടുരേഖയിലെ വിഷയങ്ങളിന്മേല്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയില്ല എന്നാണ്‌ ക്യാമ്പ്‌ അംഗങ്ങള്‍ നല്‍കുന്ന വിശദീകരണം. വിഷയങ്ങളോട്‌ പൂര്‍ണമായ യോജിപ്പുണ്ടോ എന്ന ചോദ്യത്തിന്‌ പാലക്കാട്ടെ ക്യാമ്പുകഴിട്ടെ എന്നായി വിശദീകരണം.

കരടുരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ.

വരുന്ന മൂന്നുകൊല്ലത്തിനകം വിദ്യാഭ്യാസത്തിനായി ചെലവാക്കുന്ന സംസ്ഥാന ബജറ്റ്‌ വിഹിതം 30 ശതമാനമായി വര്‍ധിപ്പിക്കണം.

ഗസ്റ്റ്‌, കോണ്‍ട്രാക്ട്‌ അധ്യാപകനിയമം സമ്പ്രദായം നിര്‍ത്തലാക്കണം. ബിരുദതലത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണം. ഗ്രേഡിങ്‌, സെമസ്റ്റര്‍, ക്രെഡിറ്റ്‌, ആന്തരിക തുടര്‍മൂല്യനിര്‍ണയം വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍ എന്നിവ പരിഗണിച്ചുവേണം ഇത്‌.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവരാവകാശനിയമം നടപ്പാക്കണം. സര്‍ക്കാര്‍, എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌ എന്നിവയെ ഭരണപരമായും സ്ഥലപരമായും പരസ്‌പരം വേര്‍പെടുത്തണം.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കോളേജ്‌ ക്ലസ്റ്ററുകള്‍ ആരംഭിക്കണം. സര്‍വകലാശാലകളില്‍ അക്കാദമിക്‌ സ്റ്റാഫ്‌ കോളേജുകള്‍ ആരംഭിക്കണം.

വിദൂര വിദ്യാഭ്യാസം, പ്രൈവറ്റൈസേഷന്‍, തുടര്‍വിദ്യാഭ്യാസം മാത്രമായി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കണം.

ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌ ഏര്‍പ്പെടുത്തണം.

അധ്യാപകനിയമനത്തിനായി കോളേജ്‌ സര്‍വീസ്‌ കമ്മീഷന്‍ രൂപവത്‌കരിക്കണം.

വിദ്യാര്‍ത്ഥിപ്രവേശനത്തിനായി സര്‍വകലാശാലകള്‍ കേന്ദ്രീകൃതസംവിധാനം നടപ്പിലാക്കണം.

സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും പുതുക്കണം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി തോമസ്‌ ജോസഫ്‌ വിഷയം അവതരിപ്പിച്ചു. പരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ജന. സെക്രട്ടറി വി. വിനോദ്‌, സെക്രട്ടറി ശ്രീശങ്കര എന്നിവര്‍ പ്രസംഗിച്ചു.

-കേരളാ കൌമുദി
പാഠപുസ്തകങ്ങള്‍ മെച്ചപ്പെടണം
മാരാരിക്കുളം : ദേശീയ തലത്തിലും കേരളത്തിലും തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകങ്ങള്‍ അവയുടെ മികവുകള്‍ നിലനിറുത്തിക്കൊണ്ട് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അനിതാ റാംപാല്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മുഹമ്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. അനിത. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം കൊടുത്തത് എന്‍. സി. ഇ. ആര്‍.ടി.യാണെങ്കിലും അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയിലുള്ളതാണ്. കുട്ടി എങ്ങനെ പഠിക്കുന്നുവെന്നത് സംബന്ധിച്ച് അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കള്‍ക്കും ഇല്ല. വിദ്യാഭ്യാസം എന്നത് വിജ്ഞാനം കുത്തിനിറയ്ക്കലാണെന്ന് പഴയ ധാരണ കൈവിടാന്‍ പലരും തയ്യാറല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്- ഡോ. അനിതാ റാംപാല്‍ പറഞ്ഞു. പ്രഗത്ഭയായ ഒരു ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുവേണ്ടി ഒരു ചരിത്ര പുസ്തകം ഉണ്ടാക്കുക വെല്ലുവിളിയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പലവിധ അറിവുകളുണ്ട്. ഇത് സംയോജിപ്പിച്ച് വേണം പുസ്തകം നിര്‍മ്മിക്കാന്‍-ഡോ. അനിത പറഞ്ഞു. ചടങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. സി.കെ. ഭാസ്ക്കരന്‍ സ്വാഗതവും പി.വി. വിനോദ് നന്ദിയും പറഞ്ഞു.

-മാതൃഭൂമി
കേരളത്തില്‍ ദേശസ്‌നേഹത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‌കുന്നില്ല -ഡോ. അനിത റാംപാല്‍
മുഹമ്മ (ആലപ്പുഴ): കേരളത്തിലെ പാഠപുസ്‌തകങ്ങളില്‍ ദേശസ്‌നേഹം, ലൈംഗിക വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ മുന്‍തൂക്കം നല്‌കുന്നില്ലെന്ന്‌ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പുമേധാവി ഡോ. അനിതാ റാംപാല്‍. കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ മുഹമ്മയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കുട്ടികളില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടാക്കുന്ന വിദ്യാഭ്യാസമാണ്‌ ഉണ്ടാകേണ്ടത്‌. കുട്ടികള്‍ ജീവിക്കുന്നത്‌ എവിടെയാണ്‌ സമൂഹം എങ്ങിനെയാണ്‌ എന്നൊന്നും അവര്‍ അറിയുന്നില്ല. രസതന്ത്രവും ഭൗതിക ശാസ്‌ത്രവും സാമൂഹ്യപാഠവും കുട്ടികള്‍ക്കറിയാം. പക്ഷേ സമൂഹത്തെ അവര്‍ കാണുന്നില്ല. പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ കേരളത്തിലാണ്‌ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാഠപുസ്‌തകം നിര്‍മിക്കല്‍ എന്നത്‌ വളരെ വിഷമകരമായ കാര്യമാണ്‌. ഓരോ പാഠഭാഗവും 15ഉം 20ഉം തവണ മാറ്റി എഴുതേണ്ടിവരും. കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയാണ്‌ പ്രധാനം. പാഠപുസ്‌തക നിര്‍മാണത്തില്‍ കൂട്ടായ്‌മക്കും പങ്കുണ്ട്‌. 30 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ഇക്കാര്യങ്ങള്‍ തനിക്കു വ്യക്തമായി അറിയാമെന്നും അനിത പറഞ്ഞു. തര്‍ജമയുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വേറെയും. വിദ്യാഭ്യാസകാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികമായി ഇടപെടുന്നത്‌ ശരിയല്ല. വിമര്‍ശനങ്ങള്‍ ഗുണകരമാകണം -അവര്‍ പറഞ്ഞു.

അധ്യാപകര്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ജീവനക്കാരാകുകയല്ല വേണ്ടത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുകയാണ്‌ ചെയ്യേണ്ടത്‌. പഠനത്തില്‍ കുട്ടികള്‍ക്ക്‌ സംശയങ്ങള്‍ ഏറെ ഉണ്ടാകണം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ അധ്യാപകര്‍ക്കു കഴിയണം. സംശയങ്ങള്‍ ഉണ്ടാക്കാനും ചോദ്യങ്ങള്‍ ഉണ്ടാകാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ്‌ യഥാര്‍ത്ഥ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനായി പ്രത്യേക ഭാഷാനയം തന്നെ ഉണ്ടാകണമെന്നും അനിതാ റാംപാല്‍ പറഞ്ഞു. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു.

2 comments:

  1. താങ്കള്‍ക്ക് നന്ദി.സ്വാശ്രയ കോളേജുകളെ പരിഷത് അനുകൂലിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടു കൂടിയാണ്‌ വായിച്ചത്.ഉടനെ തന്നെ തോന്നി അതിന്‌ ഒരു സാധ്യതയുമില്ലല്ലോ എന്ന്.താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ സംശയം തീര്‍ന്നു.

    ReplyDelete
  2. http://harithabooks.blogspot.com/

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക