Thursday, September 4, 2008

ടെര്‍മിനല്‍ പരീക്ഷ: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്‌ പരിഷത്ത്‌

മാനന്തവാടി: പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ നിരാകരിച്ച്‌ ടെര്‍മിനല്‍ പരീക്ഷാരീതി നടപ്പാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ലാസ്‌മുറി അനുഭവങ്ങളുടെ ഭാഗമായിത്തന്നെ നടക്കുന്ന നിരന്തര മൂല്യനിര്‍ണയത്തില്‍ ഓരോ കുട്ടിയുടെയും പ്രകടനം കൃത്യമായി നിര്‍ണയിക്കുവാന്‍ അധ്യാപകര്‍ക്ക്‌ കഴിയും. അനുഭവക്രമത്തില്‍ ആവശ്യമായ മാറ്റവും വരുത്താം. സാമ്പ്രദായിക രീതിയിലുള്ള വിലയിരുത്തലായി മൂല്യനിര്‍ണയത്തെ കാണുന്നവര്‍ക്കാണ്‌ ടെര്‍മിനല്‍ പരീക്ഷ നടത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ളത്‌. ക്ലാസ്‌മുറിയിലെ അധ്യയനസമയം വര്‍ധിപ്പിക്കാനും കൂടി ഉദ്ദേശിച്ചാണ്‌ ദേശീയ-സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട്‌ വര്‍ഷത്തില്‍ രണ്ടു ടെര്‍മിനല്‍ മൂല്യനിര്‍ണയം മതി എന്ന്‌ നിര്‍ദേശിച്ചത്‌. അതനുസരിച്ച്‌ ഒന്നാം ടെര്‍മിനല്‍ മൂല്യനിര്‍ണയം ഒക്ടോബറില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കാനിരിക്കുകയാണ്‌. അതിനുമുമ്പ്‌ ഓണപ്പരീക്ഷയെന്ന ഓമനപ്പേരിലുള്ള പരീക്ഷാ നടത്തിപ്പിന്റെ പിന്നില്‍ സാമ്പത്തികലക്ഷ്യമുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, പി.പി. ബാലചന്ദ്രന്‍, കെ.ടി. ശ്രീവത്സന്‍, ടി.പി. സന്തോഷ്‌, പി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

5 comments:

 1. പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ നിരാകരിച്ച്‌ ടെര്‍മിനല്‍ പരീക്ഷാരീതി നടപ്പാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ലാസ്‌മുറി അനുഭവങ്ങളുടെ ഭാഗമായിത്തന്നെ നടക്കുന്ന നിരന്തര മൂല്യനിര്‍ണയത്തില്‍ ഓരോ കുട്ടിയുടെയും പ്രകടനം കൃത്യമായി നിര്‍ണയിക്കുവാന്‍ അധ്യാപകര്‍ക്ക്‌ കഴിയും. അനുഭവക്രമത്തില്‍ ആവശ്യമായ മാറ്റവും വരുത്താം. സാമ്പ്രദായിക രീതിയിലുള്ള വിലയിരുത്തലായി മൂല്യനിര്‍ണയത്തെ കാണുന്നവര്‍ക്കാണ്‌ ടെര്‍മിനല്‍ പരീക്ഷ നടത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ളത്‌.

  ReplyDelete
 2. പ്രിയ റഫീക്ക്,

  പരിഷത്തു വാര്‍ത്തകളാണിതു, അത് അറിയാഞ്ഞിട്ടല്ല.

  എങ്കിലും ചോദിച്ചോട്ടെ, ഇതൊരുതരം തീവ്രവാദം അല്ലെ?
  ക്ലാസ്സ് ടെസ്റ്റുകള്‍ ആവാം, ടെര്‍മിനല്‍ പരീക്ഷ വേണ്ട. ഒരു തരം പിടിവാശി പോലെ തോന്നുന്നു.

  നമ്മുടെ പല മുഖ്യധാരാ പ്രസ്ഥാനങ്ങളും ഈ പ്രവണത കാണിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണമായാലും പ്ലാസ്റ്റിക് നിരോധനമായലും എല്ലാം ഒരുതരം എക്സ്ടീം നിലപാടുകള്‍. പ്രായോഗിക സമീപനമാകില്ലെ കൂ‍ടുതല്‍ നന്നാവുക?

  കുട്ടിയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ത്തുന്നതോടൊപ്പം ചില കാര്യങ്ങള്‍ എങ്കിലും കുട്ടിക്കു കാണാതെ പഠിക്കാതെ പറ്റുമോ?

  ചുമ്മാ ചില കാര്യങ്ങള്‍ ചോദിച്ചെന്നു മാത്രം. ഇതൊന്നും ഇവിടെ ആരും ചര്‍ച്ച ചെയ്യാറില്ല, ആരുടേയും മക്കള്‍ സര്‍ക്കാര്‍ മേഖലയില്ലെന്നതു തന്നെ കാര്യം.

  ReplyDelete
 3. പ്രിയ അനില്‍ജി,
  പുതിയ രീതിയില്‍ മൂല്യനിര്‍ണ്ണയം എന്നെങ്കിലും ഒരു ദിവസം നടത്തേണ്ടതല്ല. നിരന്തരം നടക്കേണ്ടതാണ്.
  വിദ്യാഭ്യാസവകുപ്പ് അധ്യായന ദിവസങ്ങള്‍ നഷടപെടുത്തി പരീഷ നടത്തേണ്ട എന്നു പറയുന്നതാണോ കടും പിടുത്തം. അതോ ആര് പറഞ്ഞാലും ഞങ്ങള്‍ പരീഷ നടത്തിയേ അടങ്ങൂ എന്നു പറയുന്നതാണോ കടും പിടുത്തം? കാണാതെ പഠിക്കേണ്ടവ പഠിക്കേണ്ടന്ന് ഇവിടേ ആരും പറഞ്ഞില്ലല്ലൊ.
  (അഭിപ്രായം വ്യക്തിപരം)

  ReplyDelete
 4. പ്രിയ റഫീക്ക്,

  കാലാകാലങ്ങളായി ചര്‍ച്ച ചെയ്തു തഴമ്പിച്ച വിഷയമാണ്, എങ്കിലും ചോദിക്കാതെ വയ്യ, നിലനിലക്കുന്ന ഒരു സമ്പ്രദായത്തില്‍ നിന്നും മറ്റൊന്നിലേക്കു മാറുമ്പോള്‍ വ്യക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. അതുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി വിജയത്തിലെത്തുകയുള്ളൂ.ഡി.പി.ഇ.പി. കാലം മുതല്‍ നമ്മള്‍ ഇതിന്റെ പ്രശ്നങ്ങള്‍ കാണുന്നതാണ്. കേവലം പഠന ദിവസങ്ങള്‍ മാത്രം നഷ്ടപ്പെടും എന്ന കാരണമല്ല ഇതിന്റെ പുറകിലെന്നു ചിന്തിച്ചു പോകാനു ഇടയാകുന്നതപ്പോഴാണ്. പഠന ദിനങ്ങള്‍ നഷ്ടപ്പെടുക എന്നതു ഒരു വലിയ കാര്യമല്ല നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലെന്നതു ആര്‍ക്കാണറിഞ്ഞു കൂടാത്തതു.

  ഈ നിയമങ്ങളൊന്നും ബാധിക്കാത്ത മറ്റൊരു വിഭാഗം സ്കൂളുകളും നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്.“സവര്‍ണ്ണ വിധ്യാ‍ലയങ്ങള്‍ “, പണമുള്ളവനു പഠിക്കാനുള്ള സ്ഥാപനങ്ങള്‍. അത്താഴപ്പട്ടിണിക്കാരന്‍ പോലും കടം വാങ്ങിയും തങ്ങളുടെ മക്കളെ അവിടെ അയക്കാന്‍ വ്യഗ്രത കാട്ടുന്നതു ഇംഗ്ലീഷ് പഠിക്കാന്‍ മാത്രമല്ല, പഠനം, അച്ചടക്കം മുതലായവയെക്കുറിച്ചുള്ള വ്യവസ്ഥാപിത സങ്കള്‍പ്പങ്ങള്‍ മാറാത്തതുകൊണ്ടാണ്.

  ആശംസകള്‍

  ReplyDelete
 5. അനില്‍ജി,
  തീര്‍ച്ചയായും,
  ബോധവല്‍ക്കരണം മുകളറ്റം മുതല്‍ താഴെതട്ടുവരെ ആവശ്യമാണ്.

  ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക