Showing posts with label പാലക്കാട്. Show all posts
Showing posts with label പാലക്കാട്. Show all posts

Tuesday, March 3, 2009

കേരളം നേരിടുന്ന മറ്റ് വെല്ലുവിളികള്‍

(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് - അവസാന ഭാ‍ഗം)
ആത്മഹത്യ
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്കുള്ള പ്രദേശമാണ് കേരളം. ഒരു ലക്ഷത്തില്‍ 32 പേര്‍ ഒരു വര്‍ഷം ഇവിടെ ആത്മഹത്യചെയ്യുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് കൂടി വരികയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ലക്ഷത്തിന് 28 ആയിരുന്നു. ലോക ശരാശരി ഒരു ലക്ഷത്തിന് 14.5 ഉം ഇന്ത്യന്‍ ശരാശരി 11.2 ഉം ആണ്. ഇന്ത്യന്‍ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ ആത്മഹത്യാനിരക്ക് എന്നതും ശ്രദ്ധേയമാണ്.

യഥാര്‍ത്ഥ ആത്മഹത്യയേക്കാള്‍ ഭീതിദമാണ് കേരളത്തിലെ ആത്മഹത്യ പ്രവണത. ഒരു മണിക്കൂറില്‍ 20 പേരെന്നോണം ആത്മഹത്യക്ക് ശ്രമിക്കുന്ന പ്രദേശമാണത്രെ കേരളം. നാം ഇടപെട്ടുകൊണ്ടിരിക്കുന്നവരില്‍ നല്ലൊരു ഭാഗം ആത്മഹത്യക്കുള്ള മാനസികാവസ്ഥയിലാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് പ്രധാന കാരണം - 22 ശതമാനം. 14 ശതമാനത്തിന്റെ കാരണം കടഭാരമാണ്. മറ്റൊരു 14 ശതമാനം രോഗികളാണ്. 9% മാനസിക വിഭ്രാന്തി മൂലമാണ്. തൊഴിലില്ലായ്മയടക്കം മറ്റ് ഒട്ടേറെ കാര്യങ്ങള്‍ചേര്‍ന്നതാണ് ബാക്കി 41%.
ആത്മഹത്യ ചെയ്യുന്നവരില്‍ 39.2 ശതമാനവും 28 നും 45 നും വയസ്സിനിടയിലുള്ളവരാണ്. 24.4 ശതമാനത്തിന് 50 വയസ്സില്‍ കൂടുതലാണ്. വിദേശങ്ങളില്‍ 60 വയസ്സില്‍ കൂടുതലുള്ള വൃദ്ധരിലാണ് ആത്മഹത്യ കൂടുതലെങ്കില്‍ ഇവിടെ യുവാക്കുളുടെ ജീവനാണ് ബലികഴിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ മൂന്നിരട്ടിയാണ് സ്ത്രീകളിലെ ആത്മഹത്യ. കുടുംബ പീഡന (Domestic violence) മാണത്രെ ഇതിന്റെ പ്രധാന കാരണം. 80% കുടുംബങ്ങളിലും ഏതെങ്കിലും തരത്തില്‍ കുടുംബ പീഡനങ്ങള്‍ ഉണ്ടെന്നാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. കേരളത്തില്‍ മൂന്ന് മിനിറ്റില്‍ ഒരു സ്ത്രീ കടന്നാക്രമിക്കപ്പെടുന്നതായും കണക്കുകള്‍ പറയുന്നു.
മാനസിക രോഗം
മാനസിക രോഗികള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്നു. മാനസ്സിക രോഗം ഒരു പ്രധാന മരണകാരണമല്ലെന്നതിനാല്‍ ഇതിന് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ല. എന്നാല്‍ സമൂഹത്തിന്റെ ഉള്‍ക്കാമ്പും ആള്‍ശേഷിയും ഫലപ്രാപ്തിയുമെല്ലാം ഗണ്യമായി കുറച്ചുകൊണ്ടിരിക്കുന്ന ഒര്‍ പ്രധാന സാമൂഹ്യ പ്രശ്നമായി മാനസ്സികരോഗത്തെ കാണേണ്ടിയിരിക്കുന്നു.കേരളത്തിലെ 50-75% വരെ മാനസ്സിക രോഗികള്‍ ചെറുപ്പക്കാരണ്. ചെറുപ്രായത്തില്‍ തന്നെ നമ്മുടെ ജനങ്ങളില്‍ നല്ലൊരു പങ്ക് മാനസ്സികപ്രശ്നങ്ങള്‍ക്കടിപ്പെടുന്നു. ലോകത്താകെയുള്ള മാനസ്സിക രോഗികളില്‍ 12% ഇന്ത്യയിലാണത്രെ, 4.5 കോടി ജനങ്ങള്‍ ഇവിടെ മാനസ്സിക രോഗികളാണ്. മാനസ്സിക രോഗികളായ പുരുഷന്മാരില്‍ മൂന്നാം സ്ഥാനവും, സ്ത്രീകളില്‍ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. എങ്കിലും ഈ പ്രശ്നത്തിന് മാത്രമായി സര്‍ക്കാര്‍ പണമൊന്നും ചെലവാക്കുന്നില്ല. ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ കുറഞ്ഞതുക ആരോഗ്യ രംഗത്തിനു വേണ്ടി പൊതുവില്‍ മാറ്റിവെച്ചിരിക്കയാണെന്ന് മത്രം.

കേരളത്തില്‍ പി.എച്ച്.സി. കളില്‍ ചികിത്സക്കായി എത്തുന്നവരില്‍ അഞ്ചിലൊന്ന് പേര്‍ മാനസ്സിക പ്രശ്നങ്ങളുള്ളവരെന്ന് പറയുന്നു. ഇവരില്‍ 10% പേര്‍ക്ക് സാധാരണ കാണാറുള്ള വളരെ ചെറിയ പ്രശ്നങ്ങളാണെങ്കില്‍ ഒരു ശതമാനം മാരകമായ രോഗത്തിനടിമകളാണ്. കേരളത്തിലെ നാലിലൊന്ന് വീടുകളില്‍ ഒന്നോ രണ്ടോ മാനസ്സിക രോഗികള്‍ ഉള്ളതായി കണക്കാക്കുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ ജീവിതശൈലിയാക്കിയവരില്‍ നാലില്‍ ഒന്നും മാനസ്സിക രോഗികളാണ്.ഇന്ത്യയില്‍ മൊത്തം ചിലവാകുന്ന മാനസ്സികരോഗ ഔഷധങ്ങളില്‍ മൂന്നിലൊന്നോളം വാങ്ങി കഴിക്കുന്നത് കേരളീയരാണ് എന്നുകൂടി ബോധ്യപ്പെടുമ്പോഴാണ് പ്രശ്നത്തിന്റെ തീവ്രത നമ്മെ വല്ലാതെ വേദനിപ്പിക്കുന്നത്.
റോഡപകടങ്ങള്‍
ഇന്ത്യയില്‍ റോഡപകടങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ദിവസത്തില്‍ ശരാശരി എട്ടു പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. ആയിരങ്ങള്‍ നിത്യരോഗികളാകുന്നു. ധാരാളം കുടുംബങ്ങള്‍ ഇതോടെ അനാഥമാവുകയായി, പലരും നിത്യ ദുരിതത്തിലും കടത്തിലും അകപ്പെടുന്നു. ജീവിതസംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇന്ന് കേരളത്തിലെ റോഡപകടങ്ങള്‍.സംസ്ഥാനത്തെ മരണ കാരണങ്ങളില്‍ മൂന്നാമത്തേതായി റോഡപകടം മാറിയിരിക്കുന്നു. 98% അപകടങ്ങളും അശ്രദ്ധ കൊണ്ടാണെന്നാണ് പറയുന്നത്. അപകടങ്ങളില്‍ കൂടുതലും ഇരുചക്ര വാഹനങ്ങള്‍ക്കാണ്.സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധന, വാഹനം ഓടിക്കുന്നതിലെ വൈദഗ്ധ്യ/ശ്രദ്ധക്കുറവ്, മദ്യപാനം, റോഡുകളുടെ ശോച്യാവസ്ഥ, ആപ്പീസ്സ്/വിദ്യാലയ സമയങ്ങള്‍ ഒന്നാണെന്ന സ്ഥിതി, പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത, വര്‍ദ്ധിച്ച ഉപഭോഗത്വര എന്നിവയെല്ലാം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കാനിടയാക്കുന്നുണ്ട്. വാഹനങ്ങളുടെ പെരുപ്പത്തിനനുസരിച്ച് റോഡുകള്‍ വികസിക്കുകയോ ഗുണനിലവാരം മെച്ചപ്പെടുകയോ ചെയ്യുന്നില്ല. അശ്രദ്ധ കൊണ്ടും, അവഗണന കൊണ്ടും, അഹങ്കാരം കൊണ്ടും ഉണ്ടാകുന്ന ഒരു തരം നരഹത്യകളാണ് റോഡപകടങ്ങള്‍. ഇവിടെയും നഷ്ടപ്പെടുന്നവരില്‍ നല്ലൊരുഭാഗം യുവാക്കള്‍ തന്നെ.

പ്രതിദിനം 2200 ഡ്രൈവിങ് ലൈസന്‍സുകളാണത്രെ കേരളത്തില്‍ നല്‍കുന്നത്. വേണ്ടത്ര പരിശോധനയില്ലതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സും ഇവിടെ സുലഭമാണ്.റോഡിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുക, ട്രാഫിക് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, നിയമം കര്‍ശ്ശനമാക്കുക, ശിക്ഷ ഉറപ്പാക്കുക, കാല്‍നടയാത്രക്കാര്‍ക്കുള്ള സൌകര്യം വര്‍ദ്ധിപ്പിക്കുക, സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക, വൈകീട്ട് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനാലിസിസിന് വിധേയരാക്കുക. മദ്യപാനം ഇല്ലെന്നുറപ്പാക്കുക എന്നിവയൊക്കെ റോഡപകടം കുറയ്ക്കാന്‍ സഹായിക്കും.
സ്വര്‍ണ്ണഭ്രമം.
കേരളത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു സാമൂഹ്യ പ്രശ്നമാണ് സ്വര്‍ണ്ണത്തിനോടുള്ള അമിതാസക്തിയും വര്‍ദ്ധിച്ച തോതിലുള്ള ഉപഭോഗവും. വിവാഹവുമായി ബന്ധപ്പെട്ട്, സ്വര്‍ണ്ണം ഒരു സാമൂഹ്യ പദവി നിര്‍ണ്ണയ ഉപാധിയായി മാറുന്നു. ഇതുണ്ടാക്കുന്ന വിസ്മയവും ഭ്രമവും എല്ലാ വിഭാഗം ജനങ്ങളെയും (ജാതി-മത, ദരിദ്ര-ധനിക ഭേദമന്യേ) സ്വാധീനിച്ചിരിക്കയാണ്. അതുകൊണ്ട് തന്നെ ദരിദ്ര-ഇടത്തരം ജനങ്ങളില്‍ സ്വര്‍ണ്ണം വലിയൊരു കടബാധ്യതയായി മാറുന്നു. ഈ കടബാധ്യതവഴി ജീവിതം കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്ന ഘടകമായും സ്വര്‍ണ്ണം മാറുന്നു.

ഇന്ത്യയില്‍ ആകെ വിറ്റഴിക്കുന്ന സ്വര്‍ണ്ണത്തില്‍ (ആഭരണങ്ങളായും ഉരുപ്പടികളായും) 20% കേരളത്തിലാണ്. അതേപോലെ ലോകത്താകെ ചെലവാകുന്ന സ്വര്‍ണ്ണത്തില്‍ 20% ഇന്ത്യയിലാണ്. അതായത് ലോകത്തില്‍ മൊത്തത്തില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ 4% കൊച്ചു കേരളത്തിലാണ്. 50 വര്‍ഷമായി ഈ നില ഏറെക്കുറെ സ്ഥിരമാണത്രെ.മാറുന്ന സാമ്പത്തില സാഹചര്യത്തില്‍ സ്വര്‍ണ്ണം ഒരു പ്രധാന സമ്പാദ്യ മാര്‍ഗ്ഗമായും കണക്കാക്കുന്നു. തകരുന്ന സാമൂഹ്യസുരക്ഷ/കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ച, അക്ഷയ തൃതീയ പോലുള്ള വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഉപഭോഗം എന്നിവ സ്വര്‍ണ്ണത്തിന്റെ ഡിമാന്റില്‍ ഈയിടെയായി വലിയ വര്‍ദ്ധന ഉണ്ടാക്കുന്നുണ്ട്. ഇടത്തരക്കാരുടെ പ്രധാന സങ്കല്പം തന്നെ ഒരു നല്ല വീട്, കുറെയേറെ ആഭരണം എന്നതാണ്. റിയല്‍ എസ്റ്റേറ്റ് സമ്പാദ്യങ്ങളേക്കാള്‍ എളുപ്പത്തില്‍ പണമാക്കാവുന്നതും, ആവശ്യാനുസരണം വില്‍ക്കാവുന്നതുമാണ് സ്വര്‍ണ്ണം എന്നതും ഇതിന്റെ പ്രചാരം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. അടുത്തിടെയായി ഓഹരി വിലസൂചികയില്‍ വരുന്ന തകര്‍ച്ച സുരക്ഷയുള്ള നിക്ഷേപം എന്ന നിലയിലേക്ക് സ്വര്‍ണ്ണത്തെ മാറ്റിയിട്ടുണ്ട്.

World Gold Council എന്ന സംഘടന ലോകത്തെ സ്വര്‍ണ്ണക്കച്ചവടത്തിന്റെ കണക്കുകള്‍ വര്‍ഷാവര്‍ഷം ലഭ്യമാക്കാറുണ്ട്. Gold Demand Trend എന്നാണ് ഈ റിപ്പോര്‍ട്ട് അറിയുന്നത്. ഇതനുസരിച്ച് 2007 ല്‍ 769 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയില്‍ കച്ചവടം നടന്നത്. ഇതില്‍ 552 ടണ്‍ ആഭരണമായും 217 ടണ്‍ ഉരുപ്പടികളുമായിരുന്നു. 2008 ലെ പൊതുസ്ഥിതി കണക്കിലെടുത്താല്‍ ഏതാണ്ട് 1000 ടണ്‍ സ്വര്‍ണ്ണമെങ്കിലും പ്രചരിക്കേണ്ടതാണ്. ഇതിന്റെ 20% കേരളത്തിലാണെങ്കില്‍ 200 ടണ്‍ എങ്കിലും കേരളത്തില്‍ പ്രചരിച്ചിട്ടുണ്ടാകും. ഗ്രാമിന് ശരാശരി 1000 രൂപ കണക്കാക്കിയാല്‍ ഇത് 20,000 കോടി രൂപയുടെ കച്ചവടമായിട്ടുണ്ടാകും. കേരളത്തില്‍ ഏതാണ്ട് 5000 സ്വര്‍ണ്ണക്കടകള്‍ ഉള്ളതായി കണക്കാക്കുന്നു.നിത്യേനയുള്ള യാത്രയില്‍ കൂടുതല്‍ ആഭരണം ധരിക്കുന്നത് ഇപ്പോള്‍ കുറഞ്ഞു വരുന്നതായാണ് അനുഭവം. അന്യ പ്രദേശങ്ങളില്‍ ജോലിചെയ്യുന്നവരാകട്ടെ അവിടേക്ക് ആഭരണം കൊണ്ടുപോകുന്നുമില്ല. അതുകൊണ്ടു തന്നെ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതലായും ബാങ്ക് ലോക്കറുകളില്‍ വിശ്രമിക്കുകയാണ്. കേരളത്തിലെ ഉല്പാദന/തൊഴില്‍ രംഗങ്ങളുടെ വികസനത്തിന് ഉപയോഗിക്കാമായിരുന്ന കോടിക്കണക്കിന് രൂപ ഈ 'മഞ്ഞലോഹ' രൂപത്തില്‍ ഉറക്കത്തിലാണ്. മറുഭാഗത്താകട്ടെ ഇതു കൊണ്ടുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, കടം, ജീവിത സംഘര്‍ഷങ്ങള്‍ എന്നിവ കൂടിക്കൊണ്ടിരിക്കുകയുമാണ്.
ഭൂപ്രശ്നം
ഭൂമി ഇന്ന് കേരളത്തിലെ ഒരു സംഘര്‍ഷ മേഖലയാണ്. ഉല്പാദന/ഉപജീവന ഉപാധി എന്നതിലുപരി ഒരു ഊഹക്കച്ചവട ഉപാധിയായി ഭൂമി മാറിക്കഴിഞ്ഞു. സാധാരണ ജനങ്ങളുടെ വാസസ്ഥലം, കൃഷിസ്ഥ‌ലം, കളിസ്ഥ‌ലം എന്നീ നിലകളില്‍ നിന്നെല്ലാം മാറി ഒരുപിടി ആള്‍ക്കാരുടെ കച്ചവട സ്ഥലമായി ഭൂമി മാറുന്നു. ഈ മാറ്റത്തിന്റെ ഭാഗമായി നിര്‍ബന്ധിത പുറംതള്ളല്‍, തൊഴിലില്ലായ്മ, വരുമാനക്കുറവ്, ഭക്ഷ്യലഭ്യതക്കുറവ്, മാനസ്സികപ്രയാസങ്ങള്‍ എല്ലാം ഈട്ടം കൂടിവരുന്നു. ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ കേരളത്തില്‍ വിവിധ തലങ്ങളിലേക്കെത്തിയിരിക്കയാണ്. തോട്ടവിള കൃഷിയുടെ വ്യാപനം നഗര മാതൃകയിലുള്ള വളര്‍ച്ച എന്നിവയൊക്കെ കൂടിവരികയാണ്.
എന്തും വിറ്റ് കാശാക്കുന്ന പ്രാകൃത രീതിയാണ് ശക്തിപ്പെടുന്നത്. ഈ നീക്കത്തിന്റെ പ്രധാന ഇരകളാകുന്നതാകട്ടെ, മണ്ണും മനുഷ്യനും പ്രകൃതി വിഭവങ്ങളുമാണ്. ഇവിടുത്തെ മണ്ണ്, കല്ല്, പാറ, മണല്‍, വെള്ളം, കാട് എന്നിവയെല്ലാം കൈയ്യേറിക്കൊണ്ടിരിക്കുകയോ വന്‍‌തോതില്‍ സംഭരിച്ച് വില്‍ക്കുകയോ ചെയ്യുന്നു. ഇത് വികസന പ്രക്രിയയേയും പ്രകൃതിയുടെ സന്തുലനത്തേയും ദുര്‍ബ്ബലപ്പെടുത്തും. അടിത്തറ തകര്‍ക്കുന്ന ഈ വികസന രീതി സുസ്ഥിര വികസനത്തിന് നേരെ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.ഭൂമാഫിയയുടെ നീരാളിപ്പിടുത്തം എല്ലാ രംഗത്തും ശക്തിപ്പെടുകയാണ്. മാഫിയയുടെ പിടിയില്‍ നിന്നും, കച്ചവട താല്പര്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഭൂവിനിയോഗ രീതിയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് സഹായിക്കുന്ന സമഗ്രമായ ഭൂവിനിയോഗ നിയമം അത്യാവശ്യമായിരിക്കുന്നു.

ഭൂമി ആത്യന്തികമായി ആരുടെയും സ്വകാര്യ സ്വത്തല്ല. ഭൂമിയുടെ ഉടമസ്ഥത എന്നത് തികച്ചും താല്‍ക്കാലികമാണ്. നോക്കി നടത്തിപ്പിനും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. ഭൂവുടമസ്ഥത എവിടെയും എന്തും എങ്ങിനെയും ചെയ്തുകൂട്ടാനുള്ള അവകാശമല്ല. അതുകൊണ്ടു തന്നെ പാടം നികത്താനോ, മണ്ണ് അമിതമായി കുഴിച്ചെടുക്കാനോ, വന്‍ കെട്ടിടങ്ങള്‍ പണിയാനോ, ഉപയോഗിക്കാതെ കാടുപിടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ ഒന്നും ആര്‍ക്കും അവകാശമില്ലെന്നത് ഭൂവിനിയോഗ നിയമം വഴി ഉറപ്പാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയായാലും, വീടായാലും ഗുണഭോക്താക്കള്‍ക്ക് ഇഷ്ടംപോലെ വില്‍ക്കാനോ കൈമാറാനോ അവകാശം ഉണ്ടാകരുത്. കൃഷിചെയ്യാനും, താമസിക്കാനും പരിപാലിക്കാനും ഉപയോഗിക്കാനും മാത്രമെ പാടുള്ളൂ. ഭൂമി മനുഷ്യന്‍ ഉണ്ടാക്കിയതല്ല. വരും തലമുറക്ക് ഭൂമിയും അതിലെ വിഭവങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.
മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍
മുകളില്‍ പറഞ്ഞവയോടൊപ്പം പരിശോധിക്കേണ്ട മറ്റ് ചില സാമൂഹ്യപ്രശ്നങ്ങളുമിണ്ട്. വര്‍ഗ്ഗീയത, മതവല്‍ക്കരണം, ഉപഭോഗത്വര, രാഷ്ട്രീയത്തിലെ ക്രിമിനലീകരണം, അഴിമതി എന്നിങ്ങനെ നീണ്ടൊരു പട്ടികതന്നെ ഇതില്‍പ്പെടും. ഈ പ്രശ്നങ്ങള്‍ പലയിടത്തായി ചര്‍ച്ച ചെയ്യുന്നതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളാല്‍ ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബ്ബലപ്പെടുകയാണ്. സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്കേറ്റ തിരിച്ചടിയും അതിന്റെ പ്രത്യാഘാതങ്ങളും ഇവക്കൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്ന ആത്മവിശ്വാസ തകര്‍ച്ചയാണ് യുക്തിചിന്തയില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കിന്ന് ആക്കം കൂട്ടുന്നത്.കമ്പോളമാകട്ടെ ഇത്തരം സാമൂഹികാവസ്ഥയെ മുതലെടുത്തുകൊണ്ട് വിശ്വാസത്തെ നല്ലൊരു കച്ചവടച്ചരക്കാക്കി മാറ്റുന്നു. ഇക്കൂട്ടര്‍ ശാസ്ത്രത്തിന്റെ ഉല്പന്നങ്ങളുടെ കച്ചവടം വിപുലപ്പെടുത്തുന്നു. എന്നാല്‍ ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളേണ്ട ശാസ്ത്രത്തിന്റെ രീതിയെ തള്ളിക്കളയുന്നു.
മതസംഘടനകളാകട്ടെ അവരുടേതായ ‘തനത്’ പ്രസ്ഥാനങ്ങളുണ്ടാക്കി സ്വന്തം മതക്കാര്‍ ‘ബാഹ്യചിന്ത’ കള്‍ക്ക് വശംവദരാകരുതെന്ന വാശിയിലാണ്. അഴിമതി അവസാനിപ്പിക്കാനായി ശ്രദ്ധേയമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെങ്കിലും അഴിമതി ഇന്നും കേരള സമൂഹത്തിലെ ഒരു പ്രധാന പ്രശ്നം തന്നെ. പണവും സ്വാധീനവും ഉള്ളവര്‍ക്ക് മാത്രമെ കാര്യങ്ങള്‍ നടക്കുന്നുള്ളൂ. ഇവയെല്ലാം ചേര്‍ന്ന് പൊതുഇടങ്ങള്‍ക്കും കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സാധ്യത ഗണ്യമായി ചോര്‍ത്തിക്കളയുന്നു.സാംസ്കാരിക ഉല്പന്നങ്ങള്‍ കച്ചവടച്ചരക്കുകളാകുന്നതും ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ ചുറ്റിപ്പറ്റി വ്യാപാരം ശക്തിപ്പെടുന്നതും ഈയൊരു പാശ്ചാത്തലത്തിലാണ്. ഇവിടെ വേണ്ടത് ശാസ്ത്രബോധ പ്രചാരണവും പ്രവര്‍ത്തനങ്ങളുമാണ്.
സാമ്പത്തിക പ്രതിസന്ധി കേരളത്തെ കൂടുതല്‍ പ്രയാസപ്പെടുത്തുകയാണ്. മുരടിച്ച ഉല്പാദന മേഖല, പൊട്ടിത്തകരുന്ന ഊഹക്കച്ചവട കുമിളകള്‍, ഗള്‍ഫ് മലയാളികളുടെ ഗണ്യമായ തിരിച്ചുവരവ്; ഇവയെല്ലാം ചേര്‍ന്ന് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

കേരളം കൈവരിച്ച നേട്ടങ്ങളെ കാണാതെ, സംസ്ഥാനത്തെ നെഗറ്റീവ് ആയ ചില കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. കേരളം സമരം ചെയ്ത് നേടിയ അവകാശങ്ങളേയും, കൈവരിച്ച സാമൂഹ്യനേട്ടങ്ങളേയും കാര്‍ന്നു തിന്നുന്നവയാണ് മുകളില്‍ വിവരിച്ച ദുഷ്പ്രവണതകളെല്ലാം തന്നെ. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ സാമൂഹ്യ നേട്ടങ്ങളുടെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാവും എന്നതുകൊണ്ടാണ് ഇവ ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.മുകളില്‍ വിശദീകരിച്ച ദുഷ്പ്രവണതകള്‍ കൂടി അടങ്ങിയതാണ് കേരളീയ ജീവിതം. അതുകൊണ്ടാണ് ജീവിത ഗുണസൂചികയില്‍ മേന്മ കാണിക്കുമ്പോഴും കേരളീയരില്‍ ദാരിദ്ര്യം ഒരു പ്രധാന പ്രശ്നമായി നിലനില്‍ക്കുന്നത്. ഉപജീവനത്തിനുള്ള ഭക്ഷണം കിട്ടിയതുകൊണ്ട് മാത്രം ഒരു സമൂഹത്തിന്റെ ദാരിദ്ര്യം ഇല്ലാതാകുന്നില്ല. ജീവിതഗുണത ഉറപ്പാക്കണമെങ്കില്‍, ഒരു സമൂഹം അവശ്യജീവിത ഉപാധികളായി പൊതുവില്‍ കണക്കാക്കുന്ന കാര്യങ്ങള്‍ ആ സമൂഹത്തില്‍ ആര്‍ക്കും നിഷേധിക്കരുത്.ജീവിത ഉപാധികള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് സ്വന്തം അറിവും കഴിവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയില്ല. സ്വന്തം കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും തൃപ്തികരമായി ജീവിക്കാനും എല്ലാവര്‍ക്കും കഴിയുന്ന സ്ഥിതിയാണ് പരിഷത് വിഭാവനം ചെയ്യുന്നത്. ഇതാകട്ടെ വലിയൊരു പോരാട്ടത്തിലൂടെ മാത്രമെ സാധ്യമാകൂ. ഈ പോരാട്ടം വിജയിക്കണമെങ്കില്‍ നല്ലൊരു നാളയെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കണം, ദുഷ്പ്രവണതകള്‍ ഇല്ലാതാകണം. 46-‌ം സമ്മേളന ചര്‍ച്ചകള്‍ മൂര്‍ത്തമാക്കി സാമൂഹ്യമാറ്റത്തിന്റെ പ്രചാരകരകാന്‍ ഓരോ പരിഷത്ത് പ്രവര്‍ത്തകനും കഴിയണം.
പ്രതീക്ഷയോടെ,
ടി.പി.കുഞ്ഞിക്കണ്ണന്‍
‍പ്രസിഡന്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്.

Thursday, February 26, 2009

കേരളത്തിന്റെ മദ്യാസക്തി

(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് ഒരു ഭാ‍ഗം)
കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകര്‍ക്കുന്ന പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. പ്രതിവര്‍ഷം 9 ലിറ്റര്‍ ആണെന്നാണ് പുതിയ കണക്ക്. അതായത് 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2%വും മദ്യപാനികളാണ്. ഇന്ത്യന്‍ ശരാശരി 31.9% ആണ്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് 7500 കോടി രൂപയുടെ ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗികമായ കണക്ക്. 2007-2008 ല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം വിറ്റുവരവ് 3670 കോടി രൂപയാണ്. മുന്‍‌വര്‍ഷത്തേക്കാള്‍ 527 കോടിരൂപ കൂടുതലാണിത്. അതായത് 17% വര്‍ദ്ധന. 2008-09 ല്‍ ചുരുങ്ങിയത് 20% വര്‍ദ്ധന കണക്കാക്കിയാല്‍ ഏതാണ്ട് 3750 കോടി രൂപയോളം സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യത്തിനായി ജനങ്ങള്‍ ചിലവാക്കുന്നു. ഇതിനുപുറമെ പട്ടാള ക്യാന്റീന്‍ വഴിയുള്ളതും, കള്ള്, കള്ളവാറ്റ്, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7500 കോടി രൂപയോളമായേക്കും. കേരളത്തിലെ ഇപ്പോഴത്തെ അരിക്കച്ചവടം വര്‍ഷത്തില്‍ 2880 കോടി രൂപയുടേതാണ്.കേരളത്തില്‍ മദ്യപാനത്തിന്റെ തീവ്രത കൂടികൊണ്ടിരിക്കയാണ്. 20 വര്‍ഷം മുന്‍പ് 300 ല്‍ ഒരാളാണ് കേരളത്തില്‍ മദ്യപാനിയെന്നുണ്ടെങ്കില്‍ ഇപ്പോഴത് 20 ല്‍ ഒരാളായി വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986 ല്‍ 19 വയസ്സായിരുന്നത് 1990 ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇത് വീണ്ടും കുറഞ്ഞ് 13 ആയിരിക്കുന്നു.

കേരളത്തിലെ ഔദ്യോഗിക മദ്യവില്പനയുടെ കുത്തക, സംസ്ഥാന ബീ
വറേജസ് കോര്‍പ്പറേഷനാണ്. 1984-ലാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഇതിന്റെ വിറ്റുവരവ് ഓരോവര്‍ഷവും ഗണ്യമായി കൂടികൊണ്ടിരിക്കയാണ്. 1984-ല്‍ 55 കോടി രൂപയായിരുന്നത് ഇപ്പോള്‍ 3750 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ കെ.എസ്.ബി.സി.യുടെ 16 മൊത്തവിതരണ കേന്ദ്രങ്ങളും 330 ചില്ലറ വിതരണ കേന്ദ്രങ്ങളും, കണ്‍സ്യൂമര്‍ ഫെഡിന്ന് 46 ചില്ലറ കേന്ദ്രങ്ങളുമുണ്ട്. ഇതിനുപുറമെ പട്ടാളകേന്റീനുകള്‍ സ്വകാര്യബാറുകള്‍ കെ.ടി.ഡി.സി.ബിയര്‍ പാര്‍ലറുകള്‍, സ്വകാര്യ ക്ലബ്ബുകള്‍, അസംഖ്യം അനധികൃത വില്പനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ മദ്യവില്പനാ സംവിധാനം. ഇതിനുപുറമെ ധാരാളം കള്ള് ഷാപ്പുകളും ഉണ്ട്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ കള്ളിന്റെ അളവില്‍ യാതൊരു പൊരുത്തവുമില്ല. കള്ളിന്റെ ഉല്പാദനത്തേക്കാള്‍ എത്രയോ കൂടുതലാണ് വില്പന.
റോഡപകടങ്ങളില്‍ 60% വും മദ്യപാനം മൂലമാണത്രെ. മദ്യഷാപ്പുകളുടെ ഒഴിവുദിനങ്ങളില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളുടെ അപകടം വളരെ കുറയുന്നതായി കണക്കുകള്‍ കാണിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിത ശൈലീരോഗത്തിന്റെ നിരക്കാകട്ടെ വളരെ കൂടുതലുമാണ് - 63% പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31% പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണെന്നും അറിയുന്നു. അതിനാല്‍ മദ്യപാനികള്‍ക്ക് വലിയൊരു തുക ചികിത്സക്കായി കണ്ടെത്തേണ്ടി വരുന്നു. ഇത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പിന്നെയും മോശമാക്കുന്നു.

കേരളത്തില്‍ സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, ഗൃഹപ്രവേശം, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷ ദിവസങ്ങള്‍, ഉത്സവം
എന്നിങ്ങനെ. കൈക്കൂലി വാങ്ങുന്നവര്‍ക്കിടയിലെ മദ്യ ഉപഭോഗവും, കൈക്കൂലിയായി ‘കുപ്പി’ നല്‍കുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങള്‍ പോലും ആഘോഷദിനങ്ങളായി മാറികൊണ്ടിരിക്കുകയാണ്. മദ്യവില്പന തിമിര്‍ക്കുന്ന ദിവസങ്ങളാണിവ.അമിത മദ്യപാനം ഒരു ആരോഗ്യ പ്രശ്നമാണെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലും പ്രധാനമാണ് അതുണ്ടാക്കുന്ന കുടുംബപ്രശ്നങ്ങള്‍. ഇത് അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കുട്ടികള്‍ക്ക് പഠിക്കാനും വളരാനും വേണ്ട പണം കുടിച്ചു കളയുന്നു എന്നത് മാത്രമല്ല, മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗാര്‍ഹിക അന്തരീക്ഷം തന്നെ മദ്യപാനം വഴി ഇല്ലാതാകുന്നു.

കേരളത്തിലെ മദ്യലോബി വളരെ ശക്തമാണ്. മദ്യലോബിക്ക് സ്വാധീനമില്ലാത്ത മേഖല വളരെ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മദ്യപാനത്തിനെതിരാണെങ്കിലും, അവയെല്ലാം ബോധവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുന്നുവെങ്കിലും ഒരു പാര്‍ട്ടിയും മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഒരു പ്രധാന പ്രവര്‍ത്തനമായി ഏറ്റെടുക്കുന്നില്ല. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് ഏതാനും അരാഷ്ട്രീയ വാദികളുടെയും മത മേലദ്ധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്.

Wednesday, February 18, 2009

പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു

പാലക്കാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാംജന്മവാര്‍ഷികാചരണത്തിന്റെയും പശ്ചാത്തലത്തില്‍ വിപുലമായ ശാസ്ത്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഗവേഷണ സ്ഥാപനങ്ങളിലും പൊതുവേദികളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ബഹുജനസംഘടനകള്‍, ക്ളബുകള്‍, വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, അയല്‍ക്കുട്ടങ്ങള്‍ തുടങ്ങിയവയെ സംഘടിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും ശാസ്ത്രവര്‍ഷ സമിതികള്‍ രൂപീകരിക്കും. ഏപ്രില്‍ 5ന് സംസ്ഥാനവ്യാപകമായി ശാസ്ത്രപ്രചാരണദിനം ആചരിക്കും. വാനോത്സവം, തെരുവോര സിഡി പ്രദര്‍ശനം, ശാസ്ത്ര വണ്ടിപ്രയാണം, ടെലിസ്കോപ്പ് നിര്‍മാണ ശില്‍പ്പശാല, നക്ഷത്രനിരീക്ഷണം, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, വിജ്ഞാനോത്സവം, ശാസ്ത്രപുസ്തക മാസിക പ്രചാരണം, ശാസ്ത്ര സാംസ്കാരികോത്സവം, ബാലവേദി പരിപാടികള്‍, യുവസംഗമങ്ങള്‍,ഗലീലിയോ നാടകാവതരണം എന്നിവ സംഘടിപ്പിക്കും. 10,000 ശാസ്ത്രക്ളാസുകള്‍ നടത്തും. അത്ഭുതകരമായ ആകാശം, മാനുഷരെല്ലാരും ഒന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളിലാണ് ക്ളാസുകള്‍. മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കവന്‍ഷനും യൂണിറ്റ് കവന്‍ഷനും വിളിച്ചുചേര്‍ക്കും. വിദ്യാഭ്യാസരംഗത്ത് നൂതന മാതൃകകള്‍ക്കായുള്ള അന്വേഷണം തുടരും. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകരുടെ വിപുലമായ കൂട്ടായ്മ ഉണ്ടാക്കുക, ജനകീയാരോഗ്യ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക, വികസനരംഗത്ത് പുതിയ അന്വേഷണങ്ങള്‍ നടത്തി മാതൃകകള്‍ സൃഷ്ടിക്കുക, പ്രാദേശികമായ ഇടപെടലുകള്‍ നടത്തുക, ശ്രദ്ധേയമായ പരിസര പ്രശ്നങ്ങളില്‍ പദ്ധതികളുടെ പാരിസ്ഥിതികാഘാതം, ഭൂപരിവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ആഴത്തില്‍ പഠിച്ച് ഇടപെടുക, സ്ത്രീപദവി പഠനം പൂര്‍ത്തീകരിക്കുക, കൌമാരക്കാരുടെ ഇടയില്‍ ജെന്റര്‍ സെന്‍സിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രാദേശിക പ്രതിരോധ കൂട്ടായ്മകള്‍ രൂപീകരിക്കുക, സ്വതന്ത്രസോഫ്റ്റ്വെയര്‍ വ്യാപകമാക്കുക, മലയാളം കംപ്യൂട്ടിങ് വ്യാപകമാക്കുക തുടങ്ങിയ മറ്റ് പ്രവര്‍ത്തന നിര്‍ദേശങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ഡോ. ആര്‍വിജി മേനോന്‍, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. കെ പി അരവിന്ദന്‍ എന്നിവര്‍ ശാസ്ത്ര വര്‍ഷം പരിപാടി വിശദീകരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഭാവി പരിപാടി അവതരിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം മേധാവി ഡോ. പി ആര്‍ മനീഷ്കുമാര്‍ ഡിഎന്‍എ സാങ്കേതികവിദ്യയെക്കുറിച്ച് ക്ളാസെടുത്തു.
മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം തുടങ്ങും.
പാലക്കാട്: മദ്യാസക്തിയില്‍ കേരളം മുന്നിലെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കേരളീയസമൂഹം നേരിടുന്ന ഗുരുതര ഭവിഷ്യത്തിലേക്കാണ് പ്രമേയം വിരല്‍ചൂണ്ടുന്നത്. അപകടകരമായ മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. 30 കോടി ലിറ്ററോളം മദ്യം കേരളം ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2 ശതമാനവും മദ്യപാനികളാണ്. വര്‍ഷത്തില്‍ ഏതാണ്ട് 7,500 കോടി രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗിക കണക്ക്. 2007-08ല്‍ ബിവറേജസ് കോര്‍പറേഷന്റെ മാത്രം വിറ്റുവരവ് 3,670 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 527 കോടി രൂപ കൂടുതലാണിത്. 17 ശതമാനത്തിന്റെ വര്‍ധന. പട്ടാള കാന്റീന്‍ വഴിയുള്ളതും കള്ള്, വ്യാജവാറ്റ്, വ്യാജമദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7,500 കോടി രൂപയോളം 2008ല്‍ ആയേക്കും. കേരളത്തില്‍ 20 വര്‍ഷം മുമ്പ് 300ല്‍ ഒരാളായിരുന്നു മദ്യപാനി .ഇപ്പോഴത് 20ല്‍ ഒരാളായി വര്‍ധിച്ചു. മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986ല്‍ 19 വയസായിരുന്നത് 1990ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോഴത് 13 ആണ്. റോഡപകടങ്ങള്‍ 60 ശതമാനവും മദ്യപാനം മൂലമാണ് ഉണ്ടാകുന്നത്. മദ്യഷാപ്പുകളുടെ ഒഴിവുദിനത്തില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ അപകടം കുറയുന്നതായി കണക്കുകള്‍ പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിതശൈലീരോഗത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. 63 ശതമാനം പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണ്. സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, വീടുപണി, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷദിവസങ്ങള്‍, ഉത്സവം എന്നിങ്ങനെ എല്ലാറ്റിനും മദ്യ ഉപയോഗിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങളില്‍പോലും മദ്യവില്‍പ്പന തിമിര്‍ക്കുന്ന ദിവസങ്ങളായിരിക്കുന്നു. മദ്യം ഉണ്ടാക്കുന്നകുടുംബപ്രശ്നങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അമിത ലഹരി ഉപയോഗത്തെ ഇല്ലാതാക്കാന്‍ അതിബൃഹത്തായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇതിന് മുന്‍കൈ എടുക്കണമെന്ന് കേരളത്തിലെ എല്ലാ ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.
(ദേശാഭിമാനി ദിനപത്രം 16-02-2009)