Thursday, February 26, 2009

കേരളത്തിന്റെ മദ്യാസക്തി

(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് ഒരു ഭാ‍ഗം)
കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകര്‍ക്കുന്ന പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. പ്രതിവര്‍ഷം 9 ലിറ്റര്‍ ആണെന്നാണ് പുതിയ കണക്ക്. അതായത് 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2%വും മദ്യപാനികളാണ്. ഇന്ത്യന്‍ ശരാശരി 31.9% ആണ്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് 7500 കോടി രൂപയുടെ ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗികമായ കണക്ക്. 2007-2008 ല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം വിറ്റുവരവ് 3670 കോടി രൂപയാണ്. മുന്‍‌വര്‍ഷത്തേക്കാള്‍ 527 കോടിരൂപ കൂടുതലാണിത്. അതായത് 17% വര്‍ദ്ധന. 2008-09 ല്‍ ചുരുങ്ങിയത് 20% വര്‍ദ്ധന കണക്കാക്കിയാല്‍ ഏതാണ്ട് 3750 കോടി രൂപയോളം സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യത്തിനായി ജനങ്ങള്‍ ചിലവാക്കുന്നു. ഇതിനുപുറമെ പട്ടാള ക്യാന്റീന്‍ വഴിയുള്ളതും, കള്ള്, കള്ളവാറ്റ്, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7500 കോടി രൂപയോളമായേക്കും. കേരളത്തിലെ ഇപ്പോഴത്തെ അരിക്കച്ചവടം വര്‍ഷത്തില്‍ 2880 കോടി രൂപയുടേതാണ്.കേരളത്തില്‍ മദ്യപാനത്തിന്റെ തീവ്രത കൂടികൊണ്ടിരിക്കയാണ്. 20 വര്‍ഷം മുന്‍പ് 300 ല്‍ ഒരാളാണ് കേരളത്തില്‍ മദ്യപാനിയെന്നുണ്ടെങ്കില്‍ ഇപ്പോഴത് 20 ല്‍ ഒരാളായി വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986 ല്‍ 19 വയസ്സായിരുന്നത് 1990 ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇത് വീണ്ടും കുറഞ്ഞ് 13 ആയിരിക്കുന്നു.

കേരളത്തിലെ ഔദ്യോഗിക മദ്യവില്പനയുടെ കുത്തക, സംസ്ഥാന ബീ
വറേജസ് കോര്‍പ്പറേഷനാണ്. 1984-ലാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഇതിന്റെ വിറ്റുവരവ് ഓരോവര്‍ഷവും ഗണ്യമായി കൂടികൊണ്ടിരിക്കയാണ്. 1984-ല്‍ 55 കോടി രൂപയായിരുന്നത് ഇപ്പോള്‍ 3750 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ കെ.എസ്.ബി.സി.യുടെ 16 മൊത്തവിതരണ കേന്ദ്രങ്ങളും 330 ചില്ലറ വിതരണ കേന്ദ്രങ്ങളും, കണ്‍സ്യൂമര്‍ ഫെഡിന്ന് 46 ചില്ലറ കേന്ദ്രങ്ങളുമുണ്ട്. ഇതിനുപുറമെ പട്ടാളകേന്റീനുകള്‍ സ്വകാര്യബാറുകള്‍ കെ.ടി.ഡി.സി.ബിയര്‍ പാര്‍ലറുകള്‍, സ്വകാര്യ ക്ലബ്ബുകള്‍, അസംഖ്യം അനധികൃത വില്പനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ മദ്യവില്പനാ സംവിധാനം. ഇതിനുപുറമെ ധാരാളം കള്ള് ഷാപ്പുകളും ഉണ്ട്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ കള്ളിന്റെ അളവില്‍ യാതൊരു പൊരുത്തവുമില്ല. കള്ളിന്റെ ഉല്പാദനത്തേക്കാള്‍ എത്രയോ കൂടുതലാണ് വില്പന.
റോഡപകടങ്ങളില്‍ 60% വും മദ്യപാനം മൂലമാണത്രെ. മദ്യഷാപ്പുകളുടെ ഒഴിവുദിനങ്ങളില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളുടെ അപകടം വളരെ കുറയുന്നതായി കണക്കുകള്‍ കാണിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിത ശൈലീരോഗത്തിന്റെ നിരക്കാകട്ടെ വളരെ കൂടുതലുമാണ് - 63% പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31% പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണെന്നും അറിയുന്നു. അതിനാല്‍ മദ്യപാനികള്‍ക്ക് വലിയൊരു തുക ചികിത്സക്കായി കണ്ടെത്തേണ്ടി വരുന്നു. ഇത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പിന്നെയും മോശമാക്കുന്നു.

കേരളത്തില്‍ സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, ഗൃഹപ്രവേശം, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷ ദിവസങ്ങള്‍, ഉത്സവം
എന്നിങ്ങനെ. കൈക്കൂലി വാങ്ങുന്നവര്‍ക്കിടയിലെ മദ്യ ഉപഭോഗവും, കൈക്കൂലിയായി ‘കുപ്പി’ നല്‍കുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങള്‍ പോലും ആഘോഷദിനങ്ങളായി മാറികൊണ്ടിരിക്കുകയാണ്. മദ്യവില്പന തിമിര്‍ക്കുന്ന ദിവസങ്ങളാണിവ.അമിത മദ്യപാനം ഒരു ആരോഗ്യ പ്രശ്നമാണെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലും പ്രധാനമാണ് അതുണ്ടാക്കുന്ന കുടുംബപ്രശ്നങ്ങള്‍. ഇത് അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കുട്ടികള്‍ക്ക് പഠിക്കാനും വളരാനും വേണ്ട പണം കുടിച്ചു കളയുന്നു എന്നത് മാത്രമല്ല, മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗാര്‍ഹിക അന്തരീക്ഷം തന്നെ മദ്യപാനം വഴി ഇല്ലാതാകുന്നു.

കേരളത്തിലെ മദ്യലോബി വളരെ ശക്തമാണ്. മദ്യലോബിക്ക് സ്വാധീനമില്ലാത്ത മേഖല വളരെ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മദ്യപാനത്തിനെതിരാണെങ്കിലും, അവയെല്ലാം ബോധവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുന്നുവെങ്കിലും ഒരു പാര്‍ട്ടിയും മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഒരു പ്രധാന പ്രവര്‍ത്തനമായി ഏറ്റെടുക്കുന്നില്ല. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് ഏതാനും അരാഷ്ട്രീയ വാദികളുടെയും മത മേലദ്ധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്.

3 comments:

  1. ഹാ ഹാ...ഹാ.....
    മാഷെ, നമ്മുടെയൊക്കെ പാര്‍ട്ടിയെ ചലിപ്പിക്കുന്നത്‌ മദ്യമല്ലേ.
    ആഗോളവല്‍ക്കരണ കാലത്ത്‌ ആളെ കിട്ടണമെങ്കില്‍ മദ്യം വേണ്ടേ
    (എത്ര വീട്ടമ്മമാര്‍ കണ്ണീരു കുടിക്കുന്നുവെന്ന കാര്യം നമുക്കു മറക്കാം)

    ReplyDelete
  2. "ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് ഏതാനും അരാഷ്ട്രീയ വാദികളുടെയും മത മേലദ്ധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്."

    മതത്തിലെ പ്രധാനികളെല്ലാം മദ്യരാജാക്കന്മാരാണ്.....
    ചോദിക്കുമ്പോള്‍ കണക്കു പറയാതെ സംഭാവന കൊടുക്കുന്നത് അവര്‍ മാത്രമേയുള്ളൂ ....

    ReplyDelete
  3. ഇതിലൊരു തുള്ളി കേരളത്തിൽ ഉണ്ടാക്കുന്നില്ല.

    ?????????? കള്ളിന്റെ ലൈസൻസ് എടുത്ത് കളയുമോ

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക