Wednesday, February 18, 2009

വികസനപദ്ധതികള്‍ സംബന്ധിച്ച്‌ ജനം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു

പാലക്കാട്‌: വികസനപദ്ധതികള്‍ സംബന്ധിച്ച്‌ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. വികസനം ആര്‍ക്കുവേണ്ടിയാണോ അവരോട്‌ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കണമെന്നാണ്‌ പരിഷത്ത്‌ നിര്‍ദേശിക്കുന്നത്‌. പരിഷത്തിന്റെ പുതിയ സംസ്ഥാനനേതൃത്വം പത്രസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. എസ്‌.എസ്‌.എ. ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ താളം തെറ്റിയപോക്കിനെയും ബി.ഒ.ടി.യും എക്‌സ്‌പ്രസ്‌ ഹൈവേ പുതിയപേരില്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങളെയും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

എസ്‌.എസ്‌.എ., വിദ്യാഭ്യാസ്‌ വകുപ്പ്‌, ക്യു.ഐ.പി., എസ്‌.ഐ.ഇ.എം.എ.ടി. ഡയറ്റ്‌, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തി ഇതുവരേക്കും ഏകോപിപ്പിക്കാനായിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിമര്‍ശമുണ്ട്‌.

പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പശ്ചാത്തലസൗകര്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയും പരിഷ്‌കരിക്കപ്പെടാത്തത്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുന്നുണ്ടെന്നും എസ്‌.എസ്‌.എ.യിലൂടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പലതും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ പാതിവഴിക്ക്‌ പൊലിഞ്ഞുതീരുന്നുവെന്നും വിദ്യാഭ്യാസ നവീകരണശ്രമങ്ങള്‍ സാധാരണക്കാര്‍ക്ക്‌ വേണ്ടത്ര ഗുണപരമായില്ലെന്നും പരിഷത്ത്‌ ആശങ്ക പ്രകടിപ്പിക്കുന്നു.

ക്ലസ്റ്റര്‍പരിശീലനങ്ങള്‍ വെറും ചടങ്ങുകളായി മാറിയെന്നുള്ള പ്രതിപക്ഷാനുകൂല അധ്യാപക സംഘടനകളുടെ ഏറെക്കാലത്തെ വിമര്‍ശം ശാസ്‌ത്രസാഹിത്യപരിഷത്തും ഇതോടെ ശരിവെക്കുകയാണ്‌. ഗ്രേഡിങ്‌ സമ്പ്രദായം പിഴവുകള്‍തീര്‍ത്ത്‌ മെച്ചപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ദേശീയപാതാവികസന പദ്ധതിയില്‍ സര്‍ക്കാര്‍ ബി.ഒ.ടി. വത്‌കരണം നടപ്പാക്കുന്നത്‌ ചെറുത്തുതോല്‌പിക്കണമെന്ന്‌ മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്‌.

എക്‌സ്‌പ്രസ്‌ ഹൈവേ തെക്കുവടക്ക്‌ ഇടനാഴിയെന്ന പേരില്‍ പുനരവതരിപ്പിക്കുന്നതിനെതിരെയും പരിഷത്ത്‌ പ്രമേയത്തില്‍ നിലപാട്‌ വ്യക്തമാക്കുന്നു. സമഗ്ര ഭൂവിനിയോഗനിയമം നടപ്പിലാക്കുക, ദേശീയ ജൈവ, സാങ്കേതികവിദ്യാ നിയന്ത്രണ നിയമം പിന്‍വലിക്കുക, തണ്ണീര്‍ത്തടങ്ങള്‍ ഏറ്റെടുക്കാന്‍വേണ്ടി കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുക, കേരള വിദ്യാഭ്യാസനിയമം സമഗ്രമായി പരിഷ്‌കരിക്കുക, ശബ്ദമലിനീകരണനിയന്ത്രണ നിയമവും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുള്‍ക്കൊള്ളുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചിട്ടുണ്ട്‌. മൂന്നുദിവസങ്ങളിലായി ഗവ. വിക്ടോറിയ കോളേജില്‍ നടന്ന സംസ്ഥാന സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.

ശാസ്‌ത്രവര്‍ഷം ആചരിക്കും
ജ്യോതിശാസ്‌ത്ര വര്‍ഷാചരണത്തിന്റെയും ചാള്‍സ്‌ ഡാര്‍വിന്റെ 200-ാം ജന്മ വാര്‍ഷികാചരണത്തിന്റെയും ഭാഗമായി പരിഷത്ത്‌ ശാസ്‌ത്രവര്‍ഷാചരണം നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും തുടര്‍ന്ന്‌ യൂണിറ്റ്‌ കണ്‍വെന്‍ഷനുകളും നടത്തും.
അത്‌ഭുതകരമായ ആകാശം, മാനുഷരെല്ലാം ഒന്നുപോലെ, കാലംതെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി 10,000 ശാസ്‌ത്ര ക്ലാസുകള്‍ സംഘടിപ്പിക്കും. ബഹുജന സംഘടനകളുടെ സഹായത്തോടെ ബോധവത്‌കരണ ക്ലാസുകള്‍, യുവസംഗമം, ഗലീലിയോ നാടകാവതരണം എന്നിവ നടത്തും.
പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ സംഘടനാരേഖ അംഗീകരിച്ചു. ഡോ.ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. കെ.പി. അരവിന്ദന്‍, ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി.ആര്‍. മനീഷ്‌കുമാര്‍ ഡി.എന്‍.എ. സാങ്കേതികവിദ്യയെക്കുറിച്ച്‌ ക്ലാസെടുത്തു.

പാലക്കാട്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി ഡോ. കാവുമ്പായി ബാലകൃഷ്‌ണനെയും (തൃശ്ശൂര്‍), ജനറല്‍ സെക്രട്ടറിയായി വി. വിനോദിനെയും (മലപ്പുറം) തിരഞ്ഞെടുത്തു.
കെ.എം. മല്ലിക, ഡോ. കെ. വിജയകുമാര്‍ (വൈ.പ്രസി.), പി.വി. വിനോദ്‌, പി.എ. തങ്കച്ചന്‍ , പി.വി. സന്തോഷ്‌ (സെക്ര.), ടി.പി. ശ്രീധരന്‍ (ഖജാ.), ഡോ. ആര്‍ വി ജി മേനോന്‍ (പത്രാധിപര്‍ ശാസ്‌ത്രഗതി), പ്രൊഫ. കെ. പാപ്പുട്ടി (പത്രാധിപര്‍ ശാസ്‌ത്രകേരളം), കെ.ബി. ജനാര്‍ദനന്‍ (പത്രാധിപര്‍ യുറീക്ക) എന്നിവരെയും തിരഞ്ഞെടുത്തു. തൃശ്ശൂര്‍ കേരളവര്‍മ കോളേജ്‌ അധ്യാപകനാണ്‌ കാവുമ്പായി ബാലകൃഷ്‌ണന്‍ സെക്രട്ടറി വിനോദ്‌ ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്‌.
(മാതൃഭൂമി ദിനപത്രം 16-02-2009)

2 comments:

  1. പരിഷത്തിനു എല്ലം മനസ്സിലാകുന്നതു കൊണ്ട് കുഴപ്പമില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒക്കെ അങ്ങനെയങ്ങ് അംഗീകരിക്കാന്‍ തുടങ്ങിയൊ? പണ്ടൊക്കെ ചില പ്രത്യെക കക്ഷികള്‍ പ്രതിപക്ഷ്ത്തിരിക്കുമ്പോഴേ നമ്മള്‍ അങ്ങിനെ ചെയ്തിരുന്നുള്ളൂ.
    നമുക്കു ബി ഒ റ്റി ഒന്നും വേണ്ട, നമുക്കു സര്‍ക്കാരിനെക്കൊണ്ട് എല്ലാം ചെയ്യിച്ച് അഴിമതി കുളങ്ങള്‍ നിര്‍മ്മിക്കാം, കാശില്ലാത്ത സര്‍ക്കാര്‍ പഴയ തലക്കരവും മുലക്കരവും ഒക്കെ വീണ്ടും കൊണ്ടുവരട്ടെ.

    ReplyDelete
  2. പണ്ട് നയനാര്‍ ഭരിക്കുന്ന കാലത്തായിരുന്നു പരിഷത്ത് സൈലന്റ് വാലീ പദ്ധതിക്കെതിരെ സമരം നടത്തിയത്.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക