Friday, November 6, 2009

ഡോ. സി.ആര്‍. സോമന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. സി.ആര്‍ സോമന്‍(72) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില ആശങ്കാജനകമായി തുടരുകയായിരുന്നു. ഇന്ന് പകല്‍ മൂന്നുമണിയോടെയായിരുന്നു അന്ത്യം.



ലോകം ആദരിക്കുന്ന കേരള മോഡല്‍ ആരോഗ്യപരിരക്ഷാരീതികളെ പുതിയ തലങ്ങളിലേക്ക് നയിച്ച ഡോ. സി.ആര്‍ സോമന്‍ എന്നും ജനപക്ഷത്ത് നില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തനായിരുന്നു. അദ്ദേഹം തുടക്കമിട്ട 'ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍' എന്ന സന്നദ്ധ സംഘടന ഇന്ന് കേരളമെമ്പാടും ആരോഗ്യ വിദ്യാഭ്യാസ, ഗവേഷണ മേഖലയിലും സാമൂഹികാരോഗ്യമേഖലയിലും മികച്ച പ്രവര്‍ത്തനം നടത്തുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1962 ല്‍ വൈദ്യശാസ്ത്ര ബിരുദം നേടി. 1966 ല്‍ ബയോകെമിസ്ട്രിയില്‍ എം.ഡിയും പൂര്‍ത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ലക്ചററായി ചേര്‍ന്നു. 1976 ല്‍ മെഡിക്കല്‍ കോളേജില്‍ ന്യൂട്രീഷന്‍ വിഭാഗം തുടങ്ങിയപ്പോള്‍ അവിടെ അസോസിയേറ്റ് പ്രഫസറായി. 81 മുതല്‍ 92 ല്‍ വിരമിക്കുന്നതുവരെ അവിടെ പ്രഫസറും വകുപ്പ് മേധാവുമായി തുടര്‍ന്നു.

ഇതിനിടെ 1978 ല്‍ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പ് ലഭിച്ചു. അങ്ങനെ ലണ്ടനില്‍ പോയി ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദമെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം, മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ചയുടന്‍ 1993 ല്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് തുടക്കമിട്ടു. 16 വര്‍ഷം പിന്നിടുന്ന സംഘടനയുടെ ചെയര്‍മാനായി മരണംവരെ തുടര്‍ന്നു. മികച്ച ഗവേഷകനും അധ്യാപകനുമായ ഡോ. സി.ആര്‍ സോമന്‍ അഞ്ചു ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്വിസ് മാസ്റ്റര്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.


ഡോ.ഏലിയാമ്മയാണ് ഭാര്യ. മക്കള്‍ രാജീവ് സോമന്‍, രാജേഷ് സോമന്‍.

കടപ്പാട്-മാതൃഭൂമി

5 comments:

  1. അദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

    ReplyDelete
  2. മികച്ച ഒരു ജനകീയാരോഗ്യ പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ക്ക്
    ആദരാഞ്ജലികള്‍

    ReplyDelete
  3. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

    ജനകീയ അരോഗ്യപക്ഷത്തിന്
    അദ്ദേഹത്തിന്റെ മാതൃക കരുത്തേകും..എന്നും

    ReplyDelete
  4. സീ.ആറിനെ സ്നേഹിച്ചിരുന്ന എല്ലാവരെയും ദു:ഖത്തിലാഴ്തിയ വാര്‍ത്ത...

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക