Saturday, February 13, 2010

സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകള്‍

മലപ്പുറം: മാറുന്ന ലോകക്രമത്തില്‍ സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകളായി മാറുകയാണെന്ന് പശ്ചിമ ബംഗാള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. മാലിനി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ആഗോളീകരണത്തിന്റെ ഫലമായി സ്ത്രീകള്‍ പരമ്പരാഗത ചുറ്റുപാടുകളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്നാണ് ധാരണയെങ്കിലും ഉപഭോഗ സംസ്‌കാരത്തിന്റെയും കമ്പോളത്തിന്റെയും ബന്ധനങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് 47-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.


സാംസ്‌കാരിക ശീലങ്ങളെയും ആചാരങ്ങളെയും കമ്പോളവത്കരിക്കുകയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍.അവ സംഘടിത കോര്‍പ്പറേറ്റ് വ്യവസായമായി മാറിയിരിക്കുകയാണിപ്പോള്‍. സാംസ്‌കാരിക ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും വന്‍തോതില്‍ വാണിജ്യവത്കരിക്കുകയും ആഗോളവ്യാപാരവുമായി കണ്ണിചേര്‍ക്കപ്പെടുകയുമാണ്.
ആഗോളീകരണത്തില്‍ സാംസ്‌കാരിക വിപണിയെ നിയന്ത്രിക്കുന്നത് സമ്പന്ന രാജ്യങ്ങളാണ്. ഇവര്‍ ദരിദ്രരാജ്യങ്ങള്‍ക്ക് മേല്‍ ഒരു സാംസ്‌കാരിക മൂല്യവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ്. ലിംഗ പദവി എന്നത് സ്വാഭാവികമോ ജന്മസിദ്ധമോ എന്നതിലുപരി സാംസ്‌കാരികവും മനുഷ്യഭാഷയിലൂടെ രൂപപ്പെടുന്ന ബന്ധങ്ങളെ പ്രതിനിധാനം ചെയ്യുന്നതുമാണ്. ലിംഗ പദവി മനുഷ്യനിര്‍മ്മിതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസപരവും തൊഴില്‍പരവുമായും സ്ത്രീകള്‍ മുന്നേറിയെങ്കിലും അവരുടെ മാനസീക അടിമത്തത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന വിദ്യാഭാസ നിലവാരത്തില്‍പോലും ജ്യോതിഷവും ജാതകവും കുടുംബ പീഡനവും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നു. വിവാഹംപോലും കമ്പോളവത്കരിച്ചിരിക്കുകയാണ്. പുതിയ വിഭവങ്ങള്‍ക്ക് കമ്പോളസാധ്യത ഉണ്ടാക്കുന്നതിന് ഇത് വഴിയൊരുക്കുകയാണ്. ദരിദ്രര്‍ക്കും പ്രാന്തവത്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടി ലക്ഷ്യബോധത്തോടെയുള്ള ചെറുത്ത് നില്‍പ്പ് അനിവാര്യമാണെന്നും അതിന് ഇടത് സംഘടനകള്‍ മുമ്പോട്ട് വരണമെന്നും മാലിനി ഭട്ടാചാര്യ ഓര്‍മ്മിപ്പിച്ചു
ചടങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവന്‍ എം.പി, അഡ്വ .എം. ഉമ്മര്‍ എം.എല്‍.എ, പ്ലാനിങ് ബോര്‍ഡ് അംഗം സി.പി. നാരായണന്‍, പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. മല്ലിക എ ന്നിവര്‍ പ്രസംഗിച്ചു. ജന. കണ്‍വീനര്‍ കെ.കെ. ജനാര്‍ദ്ദന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വിജയന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജന. സെക്രട്ടറി വി.വിനോദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി. രവി പ്രകാശ് വരവുചെലവുകണക്കും അവതരിപ്പിച്ചു.


മലപ്പുറം: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 47-ാം വാര്‍ഷികസമ്മേളനം മലപ്പുറം ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസം ഉദ്ഘാടനസമ്മേളനവും തുടര്‍ന്ന് പ്രതിനിധി സമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ബാലകൃഷ്ണന്‍(തിരുവനന്തപുരം), അഡ്വ. ശിവന്‍(കൊല്ലം), ജി. സ്റ്റാലിന്‍(പത്തനംതിട്ട), പ്രൊഫ. ബാബു ചെറിയാന്‍(കോട്ടയം), പി. രവീന്ദ്രന്‍(ഇടുക്കി), അഡ്വ. സുജിത്ത്(ആലപ്പുഴ), എം.ഡി. യമുന, രാധാകൃഷ്ണക്കുറുപ്പ്(എറണാകുളം), പ്രദീപ്കുമാര്‍(തൃശ്ശൂര്‍), എന്‍.എം. ഗീത(പാലക്കാട്), ജിജി വര്‍ഗീസ്(മലപ്പുറം), എ.പി. പ്രേമാനന്ദ്(കോഴിക്കോട്), കെ.വി. രാജു(വയനാട്), ബി. വേണു(കണ്ണൂര്‍), വി.എസ്. ബാബു(കാസര്‍കോട്) എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് മലപ്പുറം നഗരത്തില്‍ ശാസ്ത്രജാഥയും നടത്തി.
ശാസ്ത്രമാസികാ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ 10ന് 'ജീനോമിക ഗവേഷണം-സാധ്യതകള്‍' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സിലെ ഡോ. വിനോദ് സ്‌കറിയ ക്ലാസെടുക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് 3.30ന് 'ശാസ്ത്രവും ജനാധിപത്യവും' എന്ന വിഷയത്തില്‍ ഡോ. രാജന്‍ ഗുരുക്കള്‍ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക പ്രഭാഷണം നടത്തും.

2 comments:

  1. ഭയങ്കരം തന്നെ. സമ്മതിച്ചിരിക്കുന്നു. കി കി കി

    ReplyDelete
  2. ആഗോളീകരണത്തിന്റെ ഒരു ഇരയെ കാണാന്‍‌ പയ്യനൂരു ചെന്നാ മതി.ചിത്രലേഖ.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക