Monday, February 15, 2010

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം

മലപ്പുറം: ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിപുലമായ പ്രചാരണപരിപാടികള്‍ക്ക് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തുടക്കം കുറിക്കും. പരിഷത്തിന്റെ 47-ാം സംസ്ഥാന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഭൂനയവും പരിസ്ഥിതിനയവും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കണമെങ്കില്‍ ഭൂമി പൊതുസ്വത്താണെന്ന സമീപനവും നടപടികളും വേണം. വ്യക്തികള്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണെന്ന് നിയമം മൂലം വ്യക്തമാക്കണം. അതിന്റെ സ്വഭാവം മാറ്റാന്‍ വ്യക്തികള്‍ക്കവകാശം നല്‍കരുത്. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശ പ്രഖ്യാപനരേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

നമുക്ക് കിട്ടിയിട്ടുള്ള ഭൂമിയുടെ അവകാശം അത് ഭദ്രമായിത്തന്നെ അടുത്ത തലമുറകള്‍ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കൂടിയാണ്. വ്യക്തികള്‍ക്ക് ലഭിച്ചിട്ടുള്ള ഭൂമി ഉദ്ദിഷ്ട കാര്യത്തിന് ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ ആ ഭൂമി കമ്പോളവിലയ്ക്ക് സര്‍ക്കാരിന് തിരിച്ചുനല്‍കുക, ഭൂവിനിമയങ്ങളും സ്വകാര്യ കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഭൂവിനിമയ ബാങ്ക് രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവകാശ പ്രഖ്യാപന രേഖയില്‍ പറയുന്നു.



വനിതാദിനത്തിന്റെ ആറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ത്രീ ശാക്തീകരണം, ലിംഗനീതി ഉറപ്പാക്കല്‍ എന്നിവ പ്രധാനപ്രവര്‍ത്തനങ്ങളായി പരിഷത്ത് നടത്തും.
ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, ശുചിത്വപരിപാടി, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ പ്രചാരണം, കലാജാഥ, സംവാദയാത്ര എന്നീ പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലെ ബി.ഒ.ടി വത്കരണം ഉപേക്ഷിക്കുക, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി സമഗ്ര നിയമനിര്‍മ്മാണം നടത്തുക, വിവാഹാനന്തരം ജീവിത പങ്കാളികള്‍ ആര്‍ജിക്കുന്ന സ്വത്തില്‍ തുല്യാവകാശം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍, പി.വി. വിനോദ്, കെ.എം. മല്ലിക, കെ.കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

സമാപനദിനത്തില്‍ സ്ത്രീപദവി പഠനത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ എന്‍. ശാന്തകുമാരിയും പൊതുവികസന നയത്തെക്കുറിച്ച് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനും വിഷയങ്ങള്‍ അവതരിപ്പിച്ചു. ടി.പി. ശ്രീശങ്കര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ സമാപന പ്രസംഗം നടത്തി.

1 comment:

  1. ഒരുപാടുപ്രതീക്ഷകള്‍- വച്ചിരുന്ന പ്രസ്ഥാനമാണ്.ഇന്നത്തെ പത്രത്തില്‍‌ വാര്‍‌ത്ത കണ്ടിരുന്നു.വാര്‍‌ത്തമാത്രമായി ഒതുങ്ങരുതെയെന്നാശംസിക്കുന്നു.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക