തൃശ്ശൂര്‍: ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ആണവോര്‍ജത്തേക്കാള്‍ അഭികാമ്യം പരമ്പരാഗത ഊര്‍ജസ്രോതസ്സുകളാണെന്ന് ആണവശാസ്‌ത്രജ്ഞനും ചിന്തകനുമായ ഡോ. എം.പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ സര്‍ക്കാരിന്റെ പ്ലാനിങ് കമ്മീഷന്റെ ഊര്‍ജനയരൂപവത്‌കരണ കമ്മിറ്റി 2031ല്‍ ഇന്ത്യയ്‌ക്ക് വേണ്ടത് 7,78,000 മെഗാവാട്ട് വൈദ്യുതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന് പ്രഥമ പരിഗണനകൊടുത്തത് താപോര്‍ജത്തിനാണ്- 6 ലക്ഷം മെഗാവാട്ട്. 9 ശതമാനം വൈദ്യുതിമാത്രമാണ് ആണവോര്‍ജത്തില്‍നിന്ന് ലക്ഷ്യമിട്ടത്. ഇതാണ് നയമെന്നിരിക്കെ, ആണവോര്‍ജം പരമപ്രധാനമെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്? പ്രകടമായി വിഡ്‌ഢിത്തം പറയുന്നതില്‍ എ.പി.ജെ. അബ്ദുള്‍കലാമിനുപോലും മടിയില്ല. ത്രീമൈല്‍ ഐലന്‍ഡ് ദുരന്തത്തിനുശേഷം അമേരിക്കപോലും ആണവനിലയം സ്ഥാപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുന്നേറിയത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇന്ത്യയെക്കൊണ്ട് യുറേനിയം ശേഖരം മുഴുവന്‍ വാങ്ങിപ്പിക്കാനുള്ള താത്‌പര്യം അമേരിക്കയ്‌ക്ക് കരാറിന് പിന്നിലുണ്ട്. സ്വന്തമായി യുറേനിയം ഖനനം ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം ഉപേക്ഷിച്ചത് 1992 ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായപ്പോഴാണ് എന്നതും യാദൃച്ഛികമല്ല. യുറേനിയം ഇറക്കുമതിചെയ്‌താല്‍ത്തന്നെ 10000 മെഗാവാട്ടിന്റെ നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ആറുവര്‍ഷം പിടിക്കും. എന്‍ ടി പി സി ക്ക് നാലുകൊല്ലം കൊണ്ട് കല്‍ക്കരി ഉപയോഗിച്ച് ഇത്രയും വൈദ്യുതിയുണ്ടാക്കാം. ഊര്‍ജകമ്മിക്ക് പരിഹാരം കല്‍ക്കരിയാണ്.
ഇന്ത്യ എണ്ണവിപണിയില്‍ ശക്തമായി പ്രത്യക്ഷപ്പെടുന്നത് അമേരിക്കയ്‌ക്ക് ആശങ്കയുളവാക്കുന്നു. ആണവോര്‍ജത്തിലേക്ക് നമ്മെ തിരിച്ചുവിടേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. അമേരിക്കയുമായി ബന്ധപ്പെട്ട ആര്‍ക്കും നഷ്ടമല്ലാതെ ഒന്നുമുണ്ടായിട്ടില്ലെന്നത് ചരിത്രപാഠമാണ്- പരമേശ്വരന്‍ പറഞ്ഞു.
ഇനി പറഞ്ഞിട്ടും പ്രസംഗിച്ചിട്ടും കാര്യമില്ലല്ലോ, ഈ കരാര്‍ നടപ്പിലാക്കാതിരിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
ReplyDeleteനന്ദി മാഷെ...
ReplyDelete