Sunday, July 20, 2008

പ്രതിഷേധം അക്രമമാകരുത്‌

നിലമ്പൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന പ്രതിഷേധം അക്രമത്തിന്റെ മാര്‍ഗത്തിലാകരുതെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ നിലമ്പൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പി.എസ്‌. രഘുറാം അധ്യക്ഷതവഹിച്ചു. സി. ബാലഭാസ്‌കരന്‍, കെ. അരുണ്‍കുമാര്‍, പി.കെ. ശ്രീകുമാര്‍, എന്‍.പി. കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.


പ്രധാനാധ്യാപകന്റെ മരണം: പ്രതിഷേധം വ്യാപകം

മലപ്പുറം: കിഴിശ്ശേരിയില്‍ നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ്‌ അഗസ്റ്റിന്‍ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതിനെത്തുടര്‍ന്ന്‌ മരിക്കാനിടയായ സംഭവത്തില്‍ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. രാഷ്ട്രീയ, സാമൂഹിക, അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെമ്പാടും പ്രകടനങ്ങള്‍ നടത്തി.

സംഭവത്തെ കെ.ജി.ഒ.എ ജില്ലാകമ്മിറ്റി അപലപിച്ചു. സംഭവത്തിനുത്തരവാദികളെ പിടികൂടി ശിക്ഷിക്കണമെന്ന്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ എം.എ. ലത്തീഫ്‌ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി. നാരായണന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അനിത പി.ഡി, കീരന്‍കുട്ടി എന്‍.പി എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂരില്‍ അധ്യാപകനായ ജയകൃഷ്‌ണനെ കൊലപ്പെടുത്തിയശേഷം കേരളത്തില്‍ നടന്ന ദാരുണ സംഭവമാണ്‌ കിഴിശ്ശേരിയില്‍ ഉണ്ടായതെന്ന്‌ ദേശീയ അധ്യാപക പരിഷത്ത്‌ സംസ്ഥാനസമിതിയംഗം സി. പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനാധ്യാപകനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.എഫ്‌.പി.ഇ ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധപരിപാടികളില്‍ മുഴുവന്‍ തപാല്‍ ജീവനക്കാരോടും പങ്കെടുക്കാന്‍ എന്‍.എഫ്‌.പി.ഇ അഭ്യര്‍ഥിച്ചു.

വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ പി.ഡി.പി ജില്ലാ സെക്രട്ടറി യു. കുഞ്ഞിമുഹമ്മദ്‌ പറഞ്ഞു. യൂത്ത്‌ലീഗ്‌ സമരാഭാസങ്ങള്‍ക്ക്‌ ലീഗ്‌ നേതൃത്വം കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റി അപലപിച്ചു. ഇതിനെതിരെ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യൂത്ത്‌ലീഗ്‌ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി.

ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രമേശ്‌കുമാര്‍, പി. വാമനന്‍, എ. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന്‌ വി. വിജിത്‌, വി.ആര്‍. പ്രമോദ്‌, പി.സി. ശോഭനകുമാരി, ടി.കെ. വിമല എന്നിവര്‍ നേതൃത്വം നല്‍കി.

മുസ്‌ലിംലീഗ്‌ ജില്ലയെ കലാപഭൂമിയാക്കുകയാണെന്ന്‌ സി.പി.ഐ ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്‌ണന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ യൂത്ത്‌ലീഗ്‌ നേതൃത്വത്തിനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാലില്ലാപ്പുഴ സംഭവത്തെ കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാകമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന്‌ ജില്ലാകമ്മിറ്റി സെക്രട്ടറി പി.കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനാധ്യാപകന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ എഫ്‌.എസ്‌.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും മലപ്പുറത്ത്‌ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനകമ്മിറ്റിയംഗം എം.കെ. ശ്രീധരന്‍ സംസാരിച്ചു.

5 comments:

  1. പ്രതിഷേധിക്കുന്നു. അതിന് എന്തിനാ ഹര്‍ത്താല്‍ നടത്തുന്നത് ?

    ഈ ബന്ദിനോടും പ്രതിഷേധിക്കുന്നു. നാട്ടില്‍ ഒരു മാസത്തെ ലീവിന് വന്നിട്ട് ഇതിപ്പോള്‍ 5 ഹര്‍ത്താലാണ് പലപലയിടത്തായി നടക്കുന്നത്.

    ആ അദ്ധ്യാപകനെ ആദരിച്ചുകൊണ്ട് 24 മണിക്കൂര്‍ മഴയും വെയിലും കൊണ്ട് വഴിയരുകില്‍ കൂട്ടമായി കിടന്ന് അനുശോചിക്കാനും പ്രതിഷേധിക്കാനും എത്ര ഹര്‍ത്താല്‍ അനുഭാവികള്‍ തയ്യാറാകും.

    ReplyDelete
  2. പ്രതിഷേധിക്കുന്നു.

    ReplyDelete
  3. റൊബിന്‍ തോട്ടുപുറത്തിന്റെ
    സാമൂഹികദ്രോഹികളുടെ സമരാഭാസം ഒരു നിമിഷത്തെക്കെങ്കിലും അഹ്ലാദിച്ചു. ഒരു മരണമെങ്കിലും ഇവര്‍ക്കു സല്‍ബുദ്ധി തൊന്നിച്ചല്ലൊ ഈനു കരുതി. വായിച്ചപ്പൊഴോ?!!

    ReplyDelete
  4. മത,രാഷ്ട്രീയ ഷ്ണ്ഡന്മാരുടെ ആജ്ഞക്കനുസരിച്ച് പാഠപുസ്തകങ്ങള്‍ ചുട്ടെരിക്കുന്ന,
    നെറികേടിന്റെ നാരായംകൊണ്ട് ഗുരുവിന്റെ ജീവനെടുക്കുന്ന,നേതാക്കന്മാരുടെ വാഗ്ധോരണിയാല്‍ വരിയുടക്കപ്പെട്ട് അവരുടെ എച്ചിലു തിന്നു ജീവിക്കുന്ന ഈ തെരുവു പട്ടികള്‍ക്ക് മനുഷ്യത്വം വയ്ക്കണമെങ്കില്‍ ഇവറ്റയ്ക്ക് വേദന എന്തെന്നറിയണം.

    ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്കെല്ലാം മതിയാവോളം കടിച്ചു വലിച്ചൂറ്റി ചിറിനക്കി രസിക്കാന്‍ ഒരിരയെ കിട്ടി.എന്നും ചോര കുടിച്ചു യൗവ്വനം നിലനിര്‍ത്തുന്ന രാഷ്ട്രീയത്തിനൊരു രക്തസാക്ഷിയേയും കിട്ടി.
    എന്തെങ്കിലും നഷ്ടപ്പെട്ടത് പുത്രനെ,ഭര്‍ത്താവിനെ,അച്ഛനെ നഷ്ടപ്പെട്ട ഏതാനും ചിലര്‍ക്കാണ്.അവരുടെ വേദനയില്‍ നിശ്ശബ്ദം പങ്കുചേരാനല്ലാതെ എന്തു ചെയ്യാന്‍.

    മതത്തിന്റെ രാഷ്ട്രീയത്തിന്റെ മേലങ്കികള്‍ വലിച്ചെറിഞ്ഞ് മനുഷ്യനായി എല്ലാവരും ജീവിക്കുന്ന ഒരു ദിവസം പുലരുമെന്നു പ്രത്യാശിക്കാം.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക