തൊടുപുഴ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നേതൃത്വംനല്‍കുന്ന ജില്ലയിലെ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന് 27, 28 തീയതികളില്‍ തുടക്കമാകും. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 131 പഞ്ചായത്തുകളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാണ് ഉത്സവം നടക്കുക. ഇതിന്റെ ഭാഗമായി തൊടുപുഴ മേഖലയിലെ മണക്കാട് പഞ്ചായത്തില്‍ 27 നും ഇളംദേശം മേഖലയിലെ വണ്ണപ്പുറം പഞ്ചായത്തില്‍ 28 നും പരിപാടിയുടെ ഉദ്‌ഘാടനം നടക്കും.
സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരായവരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘങ്ങള്‍ രൂപവത്‌കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ മുഖ്യരക്ഷാധികാരിയും വത്സ ജോണ്‍ ചെയര്‍പേഴ്‌സണും എ.എന്‍.സോമദാസ് ജനറല്‍ കണ്‍വീനറുമായി മണക്കാട് പഞ്ചായത്തിലെ സ്വാഗതസംഘവും റോയി കെ. പൗലോസ്, ശോഭരാജന്‍, ഇന്ദു സുധാകരന്‍, രാജീവ് ഭാസ്‌കരന്‍, കെ.എം.സോമന്‍ എന്നിവര്‍ രക്ഷാധികാരികളും, ഷൈനി അഗസ്റ്റിന്‍ ചെയര്‍പേഴ്‌സണും എം.എസ്.സുധാകരന്‍ ജനറല്‍ കണ്‍വീനറുമായി വണ്ണപ്പുറം പഞ്ചായത്തിലെ സ്വാഗതസംഘവുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. മണക്കാട് പഞ്ചായത്തിലെ സാംസ്‌കാരികോത്സവത്തിന്റെ ഉദ്‌ഘാടനം 27ന് വൈകീട്ട് 5ന് പ്രൊഫ. ജോസഫ് അഗസ്റ്റിനും വണ്ണപ്പുറം പഞ്ചായത്തിലെ ഉദ്‌ഘാടനം 28ന് വൈകീട്ട് 5ന് സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദനും നിര്‍വ്വഹിക്കും. ഒരു മാസത്തെ പരിപാടിയുടെ ഭാഗമായി സംവാദങ്ങള്‍, കുടുംബശ്രീ കൂട്ടായ്‌മ, നാടന്‍ കലാപരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടക്കും.
പത്രസമ്മേളനത്തില്‍ പരിപാടിയുടെ കണ്‍വീനര്‍മാരായ എം.എസ്.സുധാകരന്‍, എ.എന്‍.സോമദാസ്, ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി.സുരേഷ്, ഡി.ഗോപാലകൃഷ്‌ണന്‍, മേഖലാ സെക്രട്ടറി പി.ഡി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക