Monday, May 12, 2008

ഹയര്‍ സെക്കന്‍ഡറിയില്‍ ഭൗതിക സാഹചര്യം ഒരുക്കണം -പരിഷത്ത്‌


കണ്ണൂര്‍:ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക്‌ ആവശ്യത്തിന്‌ ഭൗതിക സാഹചര്യമില്ലാത്തതാണ്‌ ഈ മേഖലയിലെ പ്രധാന വെല്ലുവിളിയെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സെമിനാര്‍. ഹയര്‍ സെക്കന്‍ഡറി മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

ഇടുങ്ങിയ ക്ലാസ്‌മുറികളില്‍ 60ഓളം കൗമാരക്കാരായ കുട്ടികള്‍ തിങ്ങിയിരുന്ന്‌ പഠിക്കുന്ന അവസ്ഥയാണ്‌ ജില്ലയിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും. കൗമാരക്കാലത്ത്‌ കുട്ടികള്‍ക്ക്‌ അവശ്യം വേണ്ടുന്ന കായിക വിദ്യാഭ്യാസത്തിനുള്ള സാധ്യത നിലവിലില്ല. പല സ്‌കൂളുകളിലും അജ്ഞതയും അവ്യക്തതയും കാരണം മാഗസിന്‍ ഫണ്ടടക്കമുള്ള സ്‌പെഷ്യല്‍ ഫീസ്‌ ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഹയര്‍ സെക്കന്‍ഡറി ഭരണരംഗം കുത്തഴിഞ്ഞ രീതിയിലാണെന്നതിന്‌ പ്രത്യക്ഷത്തില്‍ത്തന്നെ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നും സെമിനാറില്‍ പറയുന്നു.

വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാന്‍ സി.പി.ഹരീന്ദ്രന്‍ അധ്യക്ഷനായി. ഇ.ചന്ദ്രന്‍, കെ.സുരേന്ദ്രന്‍, പി.പി.ബാബു, കെ.രമേശ്‌ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.കെ.സുധാകരന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക