Tuesday, May 27, 2008

പുതിയ പാഠ്യപദ്ധതി കൊണ്ടുവന്നത്‌ ക്രൈസ്‌തവ പുരോഹിതര്‍-കെ.എന്‍. ഗണേഷ്‌

കോഴിക്കോട്‌: ക്രിട്ടിക്കല്‍ പെഡഗോഗി എന്ന പേരിലറിയപ്പെടുന്ന പുതിയ പാഠ്യപദ്ധതി കൊണ്ടുവന്നത്‌ ക്രൈസ്‌തവ പുരോഹിതരാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേന്ദ്ര നിര്‍വാഹകസമിതിയംഗം ഡോ. കെ.എന്‍. ഗണേഷ്‌ പറഞ്ഞു. പരിഷത്ത്‌ സംഘടിപ്പിച്ച 'കേരള പാഠ്യപദ്ധതി-വളര്‍ച്ചയും തുടര്‍ച്ചയും' ശില്‌പശാലയില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പലരും പ്രചരിപ്പിക്കുന്നതുപോലെ ക്ലാസ്‌മുറിയില്‍ നിരീശ്വരവാദവും രാഷ്ട്രീയവും പ്രചരിപ്പിക്കുന്നതല്ല പുതിയ വിദ്യാഭ്യാസ പദ്ധതി. അത്തരം വാദങ്ങള്‍ അറിവില്ലായ്‌മയില്‍ നിന്നുത്ഭവിക്കുന്നതാണ്‌. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കുട്ടികളെ പഠിപ്പിക്കാന്‍ അവിടത്തെ ക്രൈസ്‌തവ പുരോഹിതന്മാര്‍ രൂപം നല്‍കിയ വിദ്യാഭ്യാസപരിപാടിയാണ്‌ പിന്നീട്‌ ക്രിട്ടിക്കല്‍ പെഡഗോഗി എന്ന പേരില്‍ ലോകമെങ്ങും വ്യാപിച്ചത്‌. അതാണ്‌ ഇവിടെ നടപ്പാക്കുന്നതും. കുട്ടികളെ അവരുടെ ചുറ്റുപാടുകളില്‍ തന്നെ നിര്‍ത്തി വിദ്യാഭ്യാസം നല്‍കുകയെന്നതാണ്‌ പദ്ധതിയുടെ കാതലായ ലക്ഷ്യമെന്ന്‌ സംസ്ഥാന കരിക്കുലം പരിഷ്‌കരണ കമ്മിറ്റി അംഗം കൂടിയായ ഗണേഷ്‌ പറഞ്ഞു.പല ജീവിത സാഹചര്യങ്ങളില്‍നിന്ന്‌ വരുന്ന കുട്ടികള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവങ്ങളുണ്ടാകും. സ്വന്തം നിലയില്‍ കിട്ടുന്ന സ്വാഭാവിക ധാരണകളെ ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെടുത്താന്‍ കുട്ടിക്ക്‌ കഴിയുന്നില്ല. ചില കുട്ടികള്‍ ബുദ്ധിമാന്മാരെന്നും മറ്റുചിലര്‍ മണ്ടന്മാരെന്നും സ്ഥാപിക്കുന്ന ഐ.ക്യു. സിദ്ധാന്തത്തെ പുതിയ പാഠ്യപദ്ധതി തള്ളിക്കളയുന്നു. കുട്ടികളുടെ കഴിവ്‌ വളരാനുള്ള സാഹചര്യങ്ങള്‍ ജീവിതപരിസരങ്ങളില്‍ ഇല്ലാത്തതുകൊണ്ടാണ്‌ ചിലര്‍ പഠനത്തില്‍ പിന്നാക്കം പോകുന്നതെന്ന്‌ തിരിച്ചറിയണം. പുതിയ പാഠ്യപദ്ധതിയില്‍ അധ്യാപകന്‍ പഠനക്രിയയിലെ പങ്കാളിയാണ്‌. കുട്ടികളോടൊപ്പം പഠിക്കാന്‍ അധ്യാപകരും തയ്യാറാകണമെന്ന്‌ കെ.എന്‍. ഗണേഷ്‌ ആവശ്യപ്പെട്ടു.ശില്‌പശാല ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ടി. രാധാകൃഷ്‌ണന്‍, വി. രാമന്‍കുട്ടി, സി. മധുസൂദനന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സബ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ശിവദാസന്‍ സ്വാഗതവും കണ്‍വീനര്‍ കെ. രാജീവന്‍ നന്ദിയും പറഞ്ഞു

2 comments:

  1. ബല്യ കാര്യായി പോയി, പോടേ.. മാഷന്‍മാരേ..
    കള്ള ചാരന്‍മാരല്ലെ നിങ്ങള്‍... പുരോഗമനത്തിന്റെ മുഖംമൂടിയുമണിഞ്ഞ്‌ ഞെളിഞ്ഞു നടക്കുന്നവര്‍...
    ആഗോളവല്‍ക്കരണത്തിന്റെ നടത്തിപ്പുകാര്‍....
    നിങ്ങളുടെ എല്ലാ നിലപാടുകളും സൂക്ഷ്‌മമായി വിശകലനം ചെയ്‌താല്‍ മനസ്സിലാവില്ലെ നിങ്ങളുടെ കള്ള പരിപാടി.

    ReplyDelete
  2. എല്ലാ നിലപാടുകളും സൂക്ഷ്മമായി വിശകലനം
    ചെയ്യൂ അനോണീ....
    അപ്പൊ മനസിലാവും.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക