Saturday, May 31, 2008

കേരളം ഭ്രാന്തുല്‌പാദനകേന്ദ്രം -യു.കലാനാഥന്‍

കണ്ണൂര്‍: സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്‌ വിളിച്ച കേരളം ഇന്ന്‌ ഭ്രാന്തലയം മാത്രമല്ല, ഭ്രാന്തുല്‌പാദനകേന്ദ്രംകൂടിയാണെന്ന്‌ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്‌ യു.കലാനാഥന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി അന്ധവിശ്വാസികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനജാഗ്രതാ യാത്ര സ്റ്റേഡിയം കോര്‍ണറില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രബോധവും യുക്തിചിന്തയും വളര്‍ത്താതെ അന്ധവിശ്വാസികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും എതിരെ പോരാടാനാവില്ല. ആത്മീയശക്തികള്‍, രാഷ്ട്രീയ ശക്തികള്‍, സാമ്പത്തിക മേധാവിത്വം, ഭരണവര്‍ഗം എന്നിവരുടെ സംഘടിത നീക്കമാണ്‌ ആത്മീയ കച്ചവടത്തിന്‌ പിന്നിലുള്ളത്‌.
മകരജ്യോതിയുമായി ബന്ധപ്പെട്ട സത്യം വെളിവാക്കാന്‍ പലതവണ സര്‍ക്കാരുമായും ദേവസ്വം ബോര്‍ഡ്‌ അധികാരികളുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ മകരജ്യോതി മനുഷ്യന്‍ തെളിയിക്കുന്നതാണെന്ന്‌ ബന്ധപ്പെട്ടവര്‍ സമ്മതിച്ചിരിക്കുന്നു. ഈ സത്യം ഇത്രയും കാലം ജനങ്ങളില്‍നിന്ന്‌ എന്തിനുവേണ്ടി മറച്ചുവെച്ചുവെന്നും കലാനാഥന്‍ ചോദിച്ചു.
പഠിച്ച ആളുകളുടെ വിവരക്കേടാണ്‌ ഇന്ന്‌ കേരളം നേരിടുന്ന പ്രതിസന്ധി. ആള്‍ദൈവങ്ങളുടെ വക്താക്കളായി രംഗത്തുവരുന്നത്‌ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നത്‌ അത്ഭുതകരമാണ്‌-യു.കലാനാഥന്‍ പറഞ്ഞു.
പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ അധ്യക്ഷതവഹിച്ചു. കെ.പി.എ.റഹിം, കെ.സി.വര്‍ഗീസ്‌, ടി.ഗംഗാധരന്‍, ഗംഗന്‍ അഴീക്കോട്‌, പി.സന്തോഷ്‌, അഡ്വ. പി.അജയകുമാര്‍, കെ.ലീല, പ്രേമാനന്ദ്‌ ചമ്പാട്‌ എന്നിവര്‍ സംസാരിച്ചു. ടി.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. ജനജാഗ്രതാ യാത്ര 29, 30 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. വ്യാഴാഴ്‌ച ശ്രീകണുപുരം, തളിപ്പറമ്പ്‌, പിലാത്തറ, മാതമംഗലം, പയ്യന്നൂര്‍, പഴയങ്ങാടി, പുതിയതെരു എന്നിവിടങ്ങളിലാണ്‌ പര്യടനം.

3 comments:

 1. including yukthivaadeeees. haa ha ah

  ReplyDelete
 2. കണ്ണൂരില്‍ യുക്തിവാദ സംഘവുമായും , ശാസ്ത്രസാഹിത്യപരിഷത്തുമായും ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . യു.കലാനാഥനുമായി സംസാരിക്കാന്‍ ഒരിക്കല്‍ അവസരം കിട്ടിയത് ഇപ്പോഴും ഓര്‍ക്കുന്നു . "പഠിച്ച ആളുകളുടെ വിവരക്കേടാണ്‌ ഇന്ന്‌ കേരളം നേരിടുന്ന പ്രതിസന്ധി." എന്ന കലാനാഥന്റെ നിരീക്ഷണം ഏറ്റവും ശരിയാണ് . ഇക്കാലത്ത് ജോലിക്ക് വേണ്ടിയാണ് ആളുകള്‍ കുട്ടികളെ പഠിപ്പിക്കുന്നതും , പഠിക്കുന്നതും . പഠിക്കുന്ന വിഷയങ്ങള്‍ ആര്‍ക്കും ആവശ്യമില്ല . ആളുകള്‍ക്ക് വേണ്ടത് ജ്യോതിഷവും വാസ്തുവും തുടങ്ങി അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞും പ്രചരിച്ചും വരുന്ന കാര്യങ്ങളാണ് . അത്തരം ആശയവാദങ്ങള്‍ക്ക് ഇന്നത്തെ പുത്തന്‍ തലമുറ ഒരു ഓമനപ്പേരും കണ്ടെത്തിയിട്ടുണ്ട് ഭാരതീയശാസ്ത്രം എന്ന് . എന്നാല്‍ പിന്നെ ചെയ്യാന്‍ പോകുന്ന തൊഴിലും ഈ ഭാരതീയശാസ്ത്രവും സ്കൂളുകളിലും കോളേജുകളിലും എല്ലാം പഠിപ്പിച്ചാല്‍ പോരേ ? എന്തിനാണ് പതിനായിരക്കണക്കിന് അദ്ധ്യാപികാദ്ധ്യാപകന്മാര്‍ ഇക്കണ്ട രസതന്ത്രവും ഊര്‍ജ്ജതന്ത്രവും ജീവശാസ്ത്രവും മറ്റ് ശാസ്ത്രവിഷയങ്ങളും വെറുതെ മെനക്കെട്ട് പഠിപ്പിക്കുന്നത് ? എന്തിനാണ് കുട്ടികള്‍ വെറുതെ ഉറക്കമിളച്ച് കാണാപ്പാഠം പഠിക്കുന്നത് ?

  മുഴുവന്‍ യുക്തിചിന്തകന്മാരും , ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകന്മാരും , പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ക്കാരും എല്ലാം ചേര്‍ന്ന് ഒരു സാംസ്കാരിക ഐക്യമുന്നണി രൂപീകരിച്ച് മാസ്സ് ഹിസ്റ്റീരിയ എന്നോ ഭ്രാന്ത് എന്നോ മാനസികരോഗം എന്നോ വിശേഷിപ്പിക്കേണ്ടത് എന്നറിയാത്ത ഈ സാമൂഹ്യവിപത്തിനെതിരെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു .

  ReplyDelete
 3. "പഠിച്ച ആളുകളുടെ വിവരക്കേടാണ്‌ ഇന്ന്‌ കേരളം നേരിടുന്ന പ്രതിസന്ധി."

  എന്തുണ്ടായിട്ടെന്താ അന്തം വേണ്ടേ!
  കള്ള ആത്മീയതക്കെതിരെ കല്ലെറിയാനാര്

  ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക